Wednesday 12 May 2021 03:48 PM IST

കിടപ്പുമുറിയിൽ ഫർണിച്ചർ കുറയ്ക്കാം; പരാഗങ്ങളുള്ള ചെടികൾ ഒഴിവാക്കാം: ശ്വാസകോശ ആരോഗ്യം സംരക്ഷിക്കാൻ വീടൊരുക്കേണ്ടത് ഇങ്ങനെ...

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

homeclean5353

ശ്വാസകോശങ്ങൾ ആരോഗ്യത്തോടെയിരിക്കാനുള്ള ആദ്യ ചുവടുവയ്പ് ആരംഭിക്കേണ്ടതു വീട്ടിൽ തന്നെയാണ്. വീടു കരുതലോടെ ഒരുക്കിയാൽ  പ്രതിരോധത്തിനു നല്ല തുടക്കമായി.

കരുതലോടെ മുറികൾ

 ∙ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നതു കിടപ്പുമുറിയിലാണ്. കിടപ്പുമുറിയിൽ വളരെ കുറച്ചു ഫർണിച്ചറുകൾ മതി. വൃത്തിയാക്കാവുന്നതും വാക്വം ക്ലീനിങ് ചെയ്യാവുന്നതുമായ ബെഡ് വേണം. ബെ‌‌ഡ്ഡിന്റെ കവർ പൊടിയും അഴുക്കും തങ്ങി നിൽക്കുന്നതാകരുത്. സിന്തറ്റിക് വൂൾ , അക്രിലിക് പോലുള്ള തുണിത്തരങ്ങളിൽ പൊടി ധാരാളമായി തങ്ങി നിൽക്കും. തൂവൽ, പഞ്ഞി പോലുള്ളവ നിറച്ച തലയണകൾ ഒഴിവാക്കണം.

ബെഡ് കവർ, ബെഡ് ഷീറ്റ് , തലയണ കവർ  ഇവ ആഴ്ചയിലൊരിക്കൽ കഴുകണം. ഇതിലൂടെ പൊടിെച്ചള്ളുകളെയും ഫംഗസിനെയും പ്രതിരോധിക്കാം. കിടപ്പുമുറിയിൽ തുണികൾ കൂട്ടിയിടരുത്. അതിൽ നനവു തങ്ങി നിന്നാലും പൂപ്പൽബാധയുണ്ടാകാം. കിടപ്പുമുറിയോടു ചേർന്നുള്ള ബാത്റൂമിൽ നനവുള്ള ഏരിയ, ഉണങ്ങിയ ഏരിയ എന്നീ വേർതിരിവു വേണം. 

∙വീട്ടിലെ വാഡ്രോബുകൾക്കു  വായുസഞ്ചാരമുള്ള വലിയ വാതിലുകൾ വേണം. അല്ലെങ്കിൽ പൂപ്പൽബാധ ഉണ്ടാകാം. വാഡ്രോബ് പൂപ്പൽ പിടിക്കാത്ത തരം മെറ്റീരിയൽ കൊണ്ടുള്ളതാകണം. പെയിന്റും ഉപയോഗിക്കണം. പൂപ്പൽ ശ്വാസകോശ അലർജിക്കു കാരണമാകാം. 

∙ മുറികളിൽ നല്ല ഉയരവും വീതിയും ഉള്ള വലിയ ജനാലകൾ ഉണ്ടായിരിക്കണം. കർട്ടനുകൾ, ചവിട്ടികൾ  ഇവ ഇടയ്ക്കിടെ കഴുകി വെയിലത്ത് ഉണക്കണം. 

∙   ലിവിങ് റൂമിലും എളുപ്പത്തിൽ വൃത്തിയാക്കാവുന്ന ഫർണിച്ചറുകൾ മതി. ഹെവി അപ്ഹോൾസ്റ്ററി വർക് ചെയ്ത ഫർണിച്ചറുകളും  കാർപെറ്റുകളും ഒഴിവാക്കാം.

∙ ആസ്മ അല്ലെങ്കിൽ അലർജിയിലേക്കു നയിക്കുന്നതാണ് വീട്ടിലെ പെയിന്റ്. ഫോർമാലിൻ ചേരാത്തതരം പെയിന്റുകൾ ഉപയോഗിക്കണം. പോളിഷ്, വാർണിഷ് ഇവ അപകടകാരികളായ ഘടകങ്ങൾ ചേരാത്തതായിരിക്കണം. 

* കഴിയുന്നതും ദിവസവും എല്ലാ മുറികളും ചൂലു കൊണ്ട് അടിക്കുക. അടിക്കുമ്പോൾ ജനലുകളും വാതിലുകളും തുറന്നിടണം. ആഴ്ചയിലൊരിക്കൽ  വാക്വം ക്ലീൻ  ചെയ്യണം. വാക്വം ക്ലീനിങ് സാധിക്കാത്തവർ മുറികൾ  നന്നായി നനച്ചു തുടയ്ക്കണം. നനവുള്ള മോപ്പ് കൊണ്ടു തുടച്ചാൽ പൊടി പറക്കാതിരിക്കും. അടിക്കുമ്പോഴും തുടയ്ക്കുമ്പോഴും രോഗ സാധ്യതയുള്ളവർ അവിടെ നിന്നു മാറി നിൽക്കണം.

അടുക്കളയിലും ശ്രദ്ധ

∙ അടുക്കള ഇടുങ്ങിയതാകരുത്.  

വിറകടുപ്പ്  ഉണ്ടെങ്കിൽ പ്രത്യേകമായി വേർതിരിക്കണം. നല്ല കാറ്റും വെളിച്ചവും കിട്ടുന്ന സ്ഥലത്തായിരിക്കണം  വിറകടുപ്പ്. ശ്വാസകോശ  പ്രശ്നങ്ങളുള്ളവർ വിറകടുപ്പ് ഒഴിവാക്കണം. വറുക്കുക, പൊരിക്കുക പോലെ പാകം ചെയ്യുമ്പോളുണ്ടാകുന്ന രൂക്ഷഗന്ധം  പുറത്തു പോകാനുള്ള സംവിധാനം –എക്സ്ഹോസ്‌‌റ്റ് അല്ലെങ്കിൽ വെന്റിലേഷൻ ഉണ്ടാകണം. പുക  പെട്ടെന്ന് ഒഴിവാക്കാനുള്ള സംവിധാനവും വേണം.  ധാന്യങ്ങളും പരിപ്പു വർഗങ്ങളും  മറ്റും പൂപ്പൽബാധയുണ്ടാകാതെ സൂക്ഷിക്കണം. വായു കടക്കാത്ത ഭരണികളിലും പാത്രങ്ങളിലും ഇവ സൂക്ഷിക്കണം. 

ചെടികളും അരുമകളും

∙ പൂമ്പൊടിയും പരാഗങ്ങളും  കൂടുതലുണ്ടാക്കുന്ന ചെടികൾ പൂന്തോട്ടത്തിൽ ഒഴിവാക്കണം. അക്കേഷ്യ, മൈമോസ പോലെയുള്ള ചെടികൾ ഒഴിവാക്കുക. ലോൺ ഒരുക്കാനുപയോഗിക്കുന്ന പുല്ല് പൂക്കാനിടയാക്കരുത്. വീട്ടിനകത്തു ചെടികൾ വളർത്തുമ്പോൾ പൂവിടാൻ സാധ്യതയില്ലാത്തവ തിരഞ്ഞെടുക്കുക. ഉദാ. കള്ളിച്ചെടി.

∙ നായ്ക്കളെയും പൂച്ചകളെയും രോമം പൊഴിക്കാത്തവയെ തിരഞ്ഞെടുക്കാം. രോമത്തേക്കാൾ അപകടം അവയുടെ ചർമത്തോടു ചേർന്നുണ്ടാകുന്ന ഡാൻഡർ  എന്ന ശൽക്കങ്ങളാണ്. ഡാൻഡർ  ഉണ്ടാക്കുന്നതരം നായ് വിഭാഗങ്ങളെ ഒഴിവാക്കുക.

∙ വീട്ടിനുള്ളിൽ പാറ്റയെ അകറ്റാനുള്ള  ട്രീറ്റ്മെന്റ് ചെയ്യണം. വീട്ടിൽ കീടനാശിനികൾ പോലുള്ളവ ഉപയോഗിക്കുമ്പോൾ അലർജി, ആസ്മ, മറ്റു ശ്വാസകോശ പ്രശ്നങ്ങൾ എന്നിവയുള്ളവരുടെ സാന്നിധ്യം ഒഴിവാക്കണം. അലർജി സാധ്യത ഉള്ളവരിൽ പ്രശ്നം വർധിപ്പിക്കുന്ന ഘടകങ്ങളാണ് ട്രിഗറുകൾ. വീടിനുള്ളിൽ സിഗരറ്റ് പുകയ്ക്കുന്നതും  രൂക്ഷഗന്ധമുള്ള പെർഫ്യൂം ഉപയോഗിക്കുന്നതും  ക്ലീനറുകളും ലോഷനുകളുമൊക്കെ ചിലരിൽ പ്രശ്നമാകാറുണ്ട്. അതുപോെല ആഘോഷവേളകളിൽ ഉപയോഗിക്കുന്ന ക്രാക്കേഴ്സും.  

എസി ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല. ഉണങ്ങിയതും ശുദ്ധവുമായ വായു ആണ് എ സി പുറത്തു വിടുന്നത്. എന്നാൽ കൃത്യമായി സർവീസിങ്  ചെയ്യണം. വീട്ടിലെ ഫാനുകൾ, എക്സ്ഹോസ്റ്റ് എല്ലാം പൊടി തുടച്ച് വയ്ക്കണം. മാറാല മാറ്റണം. ദിവസവും കുറേ സമയം ജനാലകൾ തുറന്നിട്ട് കാറ്റും വെളിച്ചവും കടത്തി വിടണം. 

വിവരങ്ങൾക്കു കടപ്പാട്

ഡോ. സുധീർ കുമാർ കെ.

സീനിയർ കൺസൽറ്റന്റ് പൾമണോളജിസ്‌റ്റ്

ചെസ്‌റ്റ് ഹോസ്പി‌റ്റൽ, കോഴിക്കോട്

Tags:
  • Manorama Arogyam
  • Health Tips