26 വയസ്സുകാരനായ യുവാവ് ഫേസ് മാസ്ക് ധരിച്ച് ഒാടിയതിനെ തുടർന്ന് ശ്വാസകോശപരാജയം സംഭവിച്ച് മരണത്തിന്റെ വക്കിലെത്തിയതായി വാർത്ത വന്നിരുന്നു. മാസ്ക് ധരിച്ച് 2.5 മൈൽ ഒാടിയതിനെ തുടർന്നാണ് ഇതു സംഭവിച്ചത്. മാസ്ക് ധരിച്ചതാണ് ഇത്തരം അപകടത്തിനെന്നു ചിലരെങ്കിലും കരുതിയിരുന്നു. എന്നാൽ ഈ അപകടത്തിന് മാസ്കുമായി യാതൊരു ബന്ധവുമില്ലെന്നാണ് കോട്ടയം മെഡിക്കൽ കോളജിലെ ഫിസിക്കൽ മെഡിസിൻ വിഭാഗം പ്രഫസർ ഡോ. ശ്രീജിത് പറയുന്നത്.
സ്പൊണ്ടേനിയസ് ന്യൂമോതൊറാക്സ് എന്ന അവസ്ഥ മൂലം സംഭവിച്ചതാണിതെന്നു വാർത്തയിൽ നിന്നു തന്നെ വ്യക്തമാണെന്നു ഡോക്ടർ പറയുന്നു. ‘‘ശ്വാസകോശത്തിൽ സിസ്റ്റുകൾ ഉള്ളവരിൽ കഠിനമായ കായികാധ്വാനത്തെ തുടർന്നു ഈ ഗുരുതരാവസ്ഥ വരാം. ഈ പ്രശ്നത്തിനു സാധ്യതയുള്ളവരിൽ ശക്തിയായി ശ്വാസമെടുക്കുന്നതോ ചുമയ്ക്കുന്നതോ പോലും ശ്വാസകോശത്തിനു മേൽ സമ്മർദമേൽപിക്കാം. ഈ മർദത്തിൽ ശ്വാസകോശം തകർന്നുപോകാം. ഇതിനു മാസ്കു ധരിക്കലുമായി നേരിട്ടു ബന്ധമില്ല. മാസ്ക് ധരിച്ചുകൊണ്ട് വ്യായാമം ചെയ്യുന്നതുകൊണ്ട് യാതൊരു ദൂഷ്യഫലങ്ങളുമില്ല.’’ ഡോക്ടർ പറയുന്നു.
കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള പ്രധാന മാർഗ്ഗമായി പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന ഉൾപ്പെടെയുള്ള വിദഗ്ധ സമിതികൾ നിർദേശിച്ചിരുന്നു.പലരും മാസ്ക് ധരിക്കുന്നത് അസ്വാസ്ഥ്യമുളവാക്കുന്നതായി പരാതിപ്പെടാറുണ്ട്. പക്ഷേ, അതിൽ ഭയക്കേണ്ടതില്ലെന്നും നിലവിലെ സാഹചര്യത്തിൽ നടക്കാനോ ഓടാനോ പോകുമ്പോൾ തുണി മാസ്ക് ധരിക്കുന്നത് തന്നെയാണ് സുരക്ഷിതമെന്നും ഡോക്ടർമാർ പറയുന്നു.