കൊറോണ വൈറസ് വായുവിലൂടെ പകരുന്നതിനു തെളിവുണ്ടെന്നും ഇതുപ്രകാരം കോവിഡ് മാനദണ്ഡങ്ങൾ പരിഷ്കരിക്കാൻ ലോകാരോഗ്യസംഘടന തയാറാകണമെന്നും ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ ആവശ്യപ്പെട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
കൊറോണ വൈറസ് വായുവിലൂടെയാണ് പകരുന്നതെങ്കിൽ എന്താകും അവസ്ഥ എന്ന ആശങ്കയിലാണ് എല്ലാവരും. ക്ഷയരോഗമോ ചിക്കൻപോക്സോ ന്യൂമോണിയയോ പോലെ വായു വഴി കൊറോണ പകരുവാൻ തുടങ്ങിയാൽ നമ്മുടെ നിലവിലുള്ള സാമൂഹിക ജീവിതക്രമങ്ങൾ തന്നെ മാറ്റിയെഴുതേണ്ടിവരും. രോഗിയുള്ള വീട്ടിലെ വായു ശ്വസിച്ചാൽ തന്നെ രോഗം വരാം എന്ന അവസ്ഥയാകും. തുണി മാസ്കുകൾക്ക് പകരം എൻ–95 മാസ്ക് തന്നെ വേണ്ടിവരും.
ഇത്തരം ഒട്ടേറെ ആശങ്കകൾക്ക് മറുപടിയുമായി എത്തുകയാണ് കേരളത്തിലെ പൊതുജനാരോഗ്യ രംഗത്തെ മുൻനിരയിലുള്ള രണ്ടു ഡോക്ടർമാരായ ഡോ. ബി. പദ്മകുമാറും ഡോ. ശ്രീജിത് എൻ കുമാറും.
ലോകാരോഗ്യ സംഘടനയോ ഐസിഎംആർ പോലുള്ള ഔദ്യോഗിക മെഡിക്കൽ സമിതികളോ കോവിഡ് വായുവിലൂടെ പകരുമെന്ന് ഇതുവരെ പറഞ്ഞിട്ടില്ല എന്നും ഇതേവരെ കിട്ടിയ തെളിവുകൾ വച്ച് കൊറോണ വൈറസ് ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ പുറത്തേക്കു തെറിക്കുന്ന സ്രവകണങ്ങൾ (Droplets) വഴി തന്നെയാണ് പകരുക (കോണ്ടാക്റ്റ് ട്രാൻസ്മിഷൻ) എന്നും ഡോ. ബി പദ്മകുമാർ പറയുന്നു.
എന്താണ് വ്യത്യാസം?
സ്രവകണങ്ങളിലൂടെയുള്ള രോഗപ്പകർച്ചയും വായുവിലൂടെ നേരിട്ടുള്ള പകർച്ചയും രണ്ടാണ്. സ്രവകണങ്ങൾക്ക് 50 മൈക്രോണിൽ അധികം വലുപ്പമുണ്ട്. തന്മൂലം ഒരു 60–70 സെന്റിമീറ്റർ സഞ്ചരിച്ചുകഴിയുമ്പോഴേക്കും സേരവകണങ്ങൾ നിലംപതിച്ച് പ്രതലങ്ങളിൽ വീഴും. വായുവിൽ തങ്ങിനിൽക്കില്ല. ആളുകളുമായി ഇടപഴകുമ്പോൾ ഒന്നര മീറ്ററെങ്കിലും അകലം പാലിക്കാൻ പറയുന്നത് ഈ കാരണം കൊണ്ടാണ്.
എന്നാൽ വായുവിലൂടെ നേരിട്ട് വൈറസ് പകരുന്നത് എയ്റസോൾ എന്ന ചെറുകണങ്ങൾ വഴിയാണ് . എയ്റോസോളിന് 5 മൈക്രോണിൽ താഴെയേ ഭാരമുള്ളൂ. ഒരു വ്യക്തി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ പുറത്തുവരുന്ന ഈ എയ്റോസോളുകളിൽ വൈറസ് ഉണ്ടാവും. ഈ കണങ്ങൾ ഏതാനും മണിക്കൂറുകൾ വായുവിൽ തങ്ങിനിൽക്കാം. ഭാരം കുറവായതിനാൽ ഇതു വായുവിലൂടെ ഏറെ ദൂരം സഞ്ചരിക്കും. പ്രത്യേകിച്ച് മൈതാനം പോലെ ശക്തമായ വായുപ്രവാഹം ഉള്ളിടത്ത് എത്ര ദൂരം വേണമെങ്കിലും ആ വൈറസ് കണങ്ങൾ വ്യാപിക്കാം.
അലംഭാവം പാടില്ല
‘‘ നിലവിൽ വായുവഴി പകരുമെന്നതിനു വ്യക്തമായ തെളിവില്ലാത്തതിനാൽ പരിഭ്രാന്തിയുടെ ആവശ്യമില്ല. ’’ ഡോക്ടർ പദ്മകുമാർ പറയുന്നു. പക്ഷേ, കൂടുതൽ ജാഗ്രത കൂടിയേ തീരൂ. കാരണം സ്രവകണങ്ങൾ വഴിയാണ് പകരുന്നതെങ്കിൽ പോലും ശക്തമായ വായുപ്രവാഹം ഉള്ളിടങ്ങളിൽ സ്രവകണങ്ങൾ ഒരു മീറ്ററിലധികം എത്താം.
ഈ വൈറസ് വർഷങ്ങളോളം നമ്മോടൊപ്പമുണ്ടാകുമെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും മുൻകരുതലുകളിൽ അലംഭാവം പാടില്ല. രോഗബാധ സംശയിക്കുന്നവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക. ആളുകളുമായി ഇഴപഴകുമ്പോൾ കുറഞ്ഞത് രണ്ടു മീറ്ററെങ്കിലും അകലം പാലിക്കുക.
പുതിയ കണ്ടെത്തലുകളെല്ലാം വിരൽ ചൂണ്ടുന്നത് സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ്. അത് കൃത്യമായി പാലിക്കുക. ഒപ്പം മാസ്ക് ധരിക്കാനും കൈകൾ വൃത്തിയാക്കാനും മറക്കരുത്.
ശാസ്ത്രീയ സ്ഥിരീകരണമില്ല
‘‘ ലോകം മുഴുവൻ പടർന്ന, കോടിക്കണക്കിനുള്ള ആൾക്കാരെ വ്യാപിച്ചിരിക്കുന്ന ഒരു രോഗമാണ് കോവിഡ്. അതുകൊണ്ട് തന്നെ വായുവഴി രോഗപ്പകർച്ച നടക്കുന്നതായി ഏതെങ്കിലും രാജ്യത്തിന് കൃത്യമായി വിവരം ലഭിച്ചിട്ടുണ്ടെങ്കിൽ ഇതിനോടകം തന്നെ പുതിയ മാർഗനിർദേശങ്ങൾ വരേണ്ടതാണ്. നിലവിൽ അങ്ങനെയൊന്നും വന്നിട്ടില്ല.’’ ഡോ. ശ്രീജിത് എൻ കുമാർ പറയുന്നു.
‘‘വായുവിൽ കൂടി വൈറസ് പകരുന്നോ എന്നത് ഇന്നും ഒരു വിവാദവിഷയമാണ്. ശാസ്ത്രീയമായ സ്ഥിരീകരണം ലഭ്യമല്ല. ജനലും വാതിലും തുറന്നിടുക. കഴിയുന്നിടത്തോളം വായു സഞ്ചാരം ഉറപ്പുവരുത്തുക. സാമൂഹിക അകലം പാലിക്കുക, മാസ്കിന്റെ ശരിയായ ഉപയോഗം ഉറപ്പുവരുത്തുക. ഇത്രയുമാണ് നമുക്കു ചെയ്യാനുള്ളത്. അനാവശ്യമായ പരിഭ്രാന്തിയുടെ ആവശ്യമില്ല. ’’
കോവിഡിനു കാരണം വൈറസ് അല്ലെന്ന മട്ടിലുള്ള ചില പ്രചാരണങ്ങൾ മുൻപ് നടന്നിരുന്നു. അതു ശരിയല്ലെന്നും തെളിഞ്ഞിരുന്നു. ഇതുപോലെ ദിവസവും പുതിയ വാർത്തകളും കണ്ടെത്തലുകളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ശരിയാണെന്ന് ഉറപ്പുള്ള കാര്യങ്ങൾ, ശാസ്ത്രീയമായി തെളിഞ്ഞ കാര്യങ്ങൾ മാത്രം വിശ്വസിക്കുകയാണ് കോവിഡ് കാലത്ത് നമുക്കു ചെയ്യാനാവുക.