Wednesday 27 May 2020 04:30 PM IST

രക്തം കട്ടപിടിക്കലാണോ കോവിഡ് മരണങ്ങളുടെ പിന്നിൽ! യാഥാർഥ്യം അറിയാം?

Asha Thomas

Senior Sub Editor, Manorama Arogyam

covid-bac

ഇറ്റാലിയൻ ഡോക്ടർമാർ ലോകാരോഗ്യ സംഘടനയുടെ നിർദേശം മറികടന്ന് കോവിഡ് രോഗികളിൽ പോസ്റ്റ്മോർട്ടം നടത്തിയെന്നും വൈറസ് അല്ല ബാക്ടീരിയ ആണ് രോഗകാരണം എന്നും കണ്ടെത്തി എന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റ് സോഷ്യൽ മീഡിയകളിൽ വട്ടംചുറ്റുന്നുണ്ട്. ഇതു മാത്രമല്ല, കോവിഡിന് പാരസെറ്റമോൾ, ആസ്പിരിൻ എന്നീ മരുന്നുകളാണ് ഫലപ്രദമെന്നും വെന്റിലേറ്റർ ആവശ്യമില്ലെന്നും തുടങ്ങി ഒട്ടേറെ അവകാശവാദങ്ങൾ നിരത്തപ്പെടുന്നുണ്ട്. കളമശ്ശേരി മെഡിക്കൽ കോളജിലെ ശ്വാസകോശവിഭാഗം മേധാവിയും ഒട്ടേറെ കോവിഡ് രോഗികളെ ചികിത്സിച്ചു സുഖമാക്കിയ കളമശ്ശേരി കോവിഡ് ടീം ലീഡുമായ ഡോ. ഫത്താഹുദ്ദീൻ ഇതിന്റെ യാഥാർഥ്യത്തെക്കുറിച്ച് വിശദീകരിക്കുന്നു.

കോവിഡ് 19 രോഗത്തിനു കാരണം വൈറസല്ല, ബാക്ടീരിയ ആണ്?

പൂർണമായും തെറ്റാണ് ഈ വാദം. ഉറപ്പിച്ചു പറയാം, കൊറോണ വൈറസ് കുടുംബത്തിൽ പെട്ട സാർസ് കോവ്2 എന്ന വൈറസ് തന്നെയാണ് കോവിഡ്19 നു കാരണം. കോവിഡ് രോഗബാധയെക്കുറിച്ച് ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന ഒട്ടേറെ പഠനങ്ങൾ വന്നു കഴിഞ്ഞു. അതിൽ ഏറ്റവും ആധികാരികമായ

ലാൻസെറ്റ് ജേണലിൽ വന്ന പഠനത്തിൽ കൊറോണവൈറസിന്റെ ജീനോമിക് സവിശേഷതകളും രോഗവ്യാപനപ്രത്യേകതകളുമെല്ലാം കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്. വൈറസല്ല ബാക്ടീരിയ ആണ് കോവിഡ്19 നു കാരണം എന്നു പറയുന്നതിൽ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല.

കോവിഡ് രക്തം കട്ടപിടിക്കുന്ന രോഗമാണോ? രക്തം കട്ടപിടിക്കുന്നതാണോ മരണകാരണം?

ത്രോംബോസിസ് അഥവാ രക്തം കട്ടപിടിക്കൽ കോവിഡ് രോഗികളിൽ കാണാറുണ്ട്.

കൊറോണ വൈറസ് ചെറിയ രക്തക്കുഴലുകൾ മുതൽ വലിയ രക്തക്കുഴലുകൾ വരെയുള്ളവയെ നേരിട്ടാണ് ബാധിക്കുന്നത് (Direct Invasion of Blood Vessels) . രക്തക്കുഴലുകൾക്ക് എൻഡോതീലിയം എന്ന ഒരു ആന്തര ആവരണമുണ്ട്. ആ ആവരണത്തിൽ എസിഇ2 എന്ന ഒരു സ്വീകരിണി ഉണ്ട്. കോവിഡ് വൈറസ് നേരേ ആ സ്വീകരണി (Receptor) വഴിയാണ് കോശങ്ങൾക്കുള്ളിലേക്ക് കടക്കുന്നത്. ഈ സ്വീകരിണികൾ ഏറ്റവുമധികം ഉള്ളത് ശ്വാസകോശത്തിലാണ്. ദഹനേന്ദ്രിയവ്യൂഹത്തിലും ഹൃദയത്തിലും ഇവയുണ്ട്.

സ്വീകരിണി വഴി രക്തക്കുഴലിന് അകത്തു കടക്കുന്ന കോവിഡ് വൈറസ് അണുബാധയ്ക്ക് തുടക്കമിടും. ഈ അണുബാധ മൂലം രക്തക്കുഴലുകൾക്ക് ഉള്ളിൽ നീർക്കെട്ട് (Inflammation) ഉണ്ടാകും. ഇങ്ങനെയൊരു നീർക്കെട്ട് ഉണ്ടാകുന്നതോടെ രക്തക്കുഴലുകൾക്കുള്ളിൽ ഒരു തടസ്സം (Clot) രൂപപ്പെടുകയും രക്തയോട്ടം തടസ്സപ്പെടുകയും ചെയ്യുന്നു. ഇതോടെ കോശങ്ങൾക്ക് ആവശ്യമായ പ്രാണവായു ലഭിക്കാതെ വരും.

അതുകൊണ്ടാണ് രക്തത്തിെന്റ കട്ടി കുറയ്ക്കുന്ന മരുന്ന് ചില കോവിഡ് രോഗികളിൽ നിലവിൽ നൽകുന്നുണ്ട്. ലോകാരോഗ്യസംഘടന തന്നെ ഇതു സംബന്ധിച്ച് ചികിത്സാ മാർഗനിർദേശം നൽകിയിട്ടുണ്ട്. പക്ഷേ, ഇത് എല്ലാ കോവിഡ് രോഗികൾക്കും ആവശ്യമില്ല. രണ്ടു ഘട്ടങ്ങളിലാണ് ഹെപ്പാരിൻ പ്രധാനമായും നൽകുന്നത്.

ഒന്നാമത്, ഐസിയുവിൽ അഡ്മിറ്റ് ചെയ്യപ്പെടുന്ന കോവിഡ് രോഗികളിൽ രക്തക്കുഴലുകളിൽ ക്ലോട്ട് വരുന്നത് തടയാനായി ചെറിയ ഡോസിൽ (പ്രോഫൈലാക്റ്റിക് ഡോസ്) ഹെപ്പാരിൻ എന്ന രക്തത്തിന്റെ കട്ടി കുറയ്ക്കുന്ന (Blood Thinning) മരുന്ന് നൽകുന്നു. തുടർന്ന് രക്തം കട്ടപിടിക്കലിന്റെ നിരക്ക് കൂടുന്നുണ്ടോ എന്നു നിരീക്ഷിച്ചു കൊണ്ടിരിക്കും. ഈ പരിശോധനയ്ക്ക് ഡി–ഡൈമർ (D-Dimer) ടെസ്റ്റ് എന്നാണ് പറയുക. നിരക്ക് കൂടിയാൽ ഹെപ്പാരിന്റെ നിലവിലുള്ള ഡോസ് വർധിപ്പിക്കും. ഇതോടൊപ്പം സപ്പോർട്ടീവ് തെറപ്പികളും നൽകും.

രണ്ടാമതായി. വളരെ തീവ്രമായ രോഗാവസ്ഥയിൽ വരുന്നവരിലും ഒാക്സിജൻ കുറയുന്നതിന്റേതായ ലക്ഷണങ്ങൾ കാണുകയോ സി–റിയാക്ടീവ് പ്രോട്ടീൻ നിരക്ക് കൂടുകയോ ചെയ്യുന്ന രോഗികളിലും ഉടൻ തന്നെ ഡി–ഡൈമർ പരിശോധന നടത്തി ആവശ്യമെങ്കിൽ ഹെപ്പാരിൻ നൽകാറുണ്ട്.

കോവിഡ് രോഗികളിൽ, രക്തം കട്ടപിടിച്ച് രോഗം അതീവഗുരുതരമാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നത് ഒരു പ്രധാന കാരണമാണ്. ഈ മരുന്നു കൊടുക്കുന്നതുകൊണ്ട് മരണനിരക്ക് കുറയ്ക്കാൻ സഹായിക്കും.

ആന്റിബയോട്ടിക് ചികിത്സ കൊറോണ വൈറസിനെ നശിപ്പിക്കുമോ?കോവിഡ് ചികിത്സയിൽ ആന്റിബയോട്ടിക് മരുന്നുകൾക്ക് റോളില്ല. പക്ഷേ, വൈറസ് ബാധയെ തുടർന്നു മിക്കവരിലും രണ്ടാം ഘട്ടമായി ബാക്ടീരിയൽ അണുബാധ വരാം. മിക്കവാറും എല്ലാ വൈറൽ രോഗങ്ങളിലും വൈറൽ ബാധയായി തുടങ്ങി ബാക്ടീരിയൽ അണുബാധയായി മാറാറുണ്ട്. ഈ ദ്വിതീയ ബാക്ടീരിയൽ അണുബാധയ്ക്ക് ആന്റിബയോട്ടിക് ചികിത്സ തന്നെ വേണ്ടിവരും. അല്ലാതെ ആന്റിബയോട്ടിക്കുകൾ കോവിഡ് വൈറസിനെ നശിപ്പിക്കില്ല.

കോവിഡ് രോഗിക്ക് വെന്റിലേറ്റർ ആവശ്യമുണ്ടോ?രണ്ട് കാര്യങ്ങൾക്കാണ് കോവിഡ് രോഗികൾക്ക് വെന്റിലേറ്റർ സപ്പോർട്ട് വേണ്ടിവരുന്നത്.

∙ ഒന്ന്, കോവിഡ് രോഗിയിൽ ശ്വസനനിരക്ക് വർധിക്കുമ്പോൾ തുടരെത്തുടരെ ശ്വാസമെടുക്കുന്നതു മൂലം നെഞ്ചിൻകൂട് ക്ഷീണിക്കുകയും തുടർന്നു ശ്വാസമെടുക്കാൻ ബുദ്ധിമുട്ടാവുകയും ചെയ്യും. ആ അവസ്ഥയിൽ വെന്റിലേറ്റർ വേണ്ടിവരും.

∙ രണ്ട്, ശ്വാസകോശത്തിനു പൂർണമായോ ഭാഗികമായോ സപ്പോർട്ട് നൽകുന്നതിനായി.

വെന്റിലേറ്റർ ഒാക്സിജൻ ഏറെ ശ്വാസകോശത്തിലെത്തിക്കുന്നു. അങ്ങനെ രോഗിക്കു സുഖം പ്രാപിക്കാൻ ആവശ്യമായ സമയം നീട്ടിക്കൊടുക്കുന്നു. ഇതോടൊപ്പം രോഗിയുടെ പ്രതിരോധശേഷിയും മറ്റു സപ്പോർട്ടീവ് ചികിത്സകളും കൂടി ലഭിക്കുമ്പോഴാണ് രോഗവിമുക്തി ഉണ്ടാകുന്നത്.