കോവിഡിനെതിരെ രാജ്യത്ത് പടയൊരുക്കം തുടങ്ങിയ സമയം...കണ്ണൂർ പരിയാരം മെഡി.കോളജിലെ കോവിഡ് ടീം ശരിക്കും യുദ്ധ മുഖത്തായിക്കഴിഞ്ഞിരുന്നു. കൊറോണ ബാധിച്ച ഒൻപത് ഗർഭിണികളാണ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നത്. അതിൽ രണ്ടുപേർ പ്രസവതീയതി അടുത്തവർ. അഞ്ചുപേർ ഗർഭത്തിന്റെ ആരംഭഘട്ടത്തിലുള്ളവർ. സാധാരണ ഗർഭം തന്നെ ഏതു സമയത്തും സങ്കീർണമാകാവുന്നതാണ്. അപ്പോൾ മരുന്നു പോലും കണ്ടുപിടിക്കാത്ത, എപ്പോഴാണ് രോഗസ്വഭാവം മാറുന്നതെന്ന് അറിയാത്ത ഒരു മഹാവ്യാധി ബാധിച്ച ഗർഭിണികളുടെ അവസ്ഥ എന്തായിരിക്കും?അവരെ പരിചരിക്കുന്ന ഡോക്ടർമാർ എത്രയധികം മാനസിക സമ്മർദത്തിലായിരിക്കും?
ഇന്ത്യയിൽ കൊറോണ കേസുകൾ സജീവമായി തുടങ്ങി ലോക്‌ഡൗൺ പോലുള്ള അടിയന്തിര സാഹചര്യങ്ങളിലേക്ക് പോയ സമയത്താണ് പരിയാരത്തേക്ക് കോവിഡ് ബാധിച്ച് ആദ്യത്തെ ഗർഭിണി വരുന്നത്. ഏപ്രിൽ 17–ന്. ഗർഭം 32 ആഴ്ച പിന്നിട്ട അവരുടെ ഭർത്താവ് യുഎഇയിൽ നിന്നു വന്നിട്ടുണ്ടായിരുന്നു. ആൾ കോവിഡ് പൊസിറ്റീവാണ്. ഇവർക്ക് ലക്ഷണങ്ങളൊന്നും തന്നെ ഇല്ലായിരുന്നു. പ്രൈമറി കോണ്ടാക്ട് ആയതുകൊണ്ട് പരിശോധിച്ചതാണ്. പൊസിറ്റീവാണ് എന്നറിഞ്ഞ ഉടൻ തന്നെ പരിയാരത്തേക്ക് എത്തിച്ചു. ‘‘പരിയാരം മെഡി. കോളജ് കോവിഡ് ആശുപത്രിയല്ല. സാധാരണ ഗർഭിണികൾ ഉൾപ്പെടെയുള്ള രോഗികളൊക്കെയുണ്ട്. അവർക്കാർക്കും യാതൊരു റിസ്കും വരാതെ ഈ ഗർഭിണിയെ പരിചരിക്കുക എന്നത് ഞങ്ങൾ വെല്ലുവിളിയായെടുത്തു.’’ ഗൈനക്കോളജി വിഭാഗം തലവൻ ഡോ. എസ്. അജിത് ആ ദിവസങ്ങളെക്കുറിച്ച് സംസാരിച്ചുതുടങ്ങി.
കോവിഡ് രോഗികൾക്കായി ബാത്റൂം അറ്റാച്ച്ഡ് ആയിട്ടുള്ള ഐസൊലേഷൻ മുറികൾ സജ്ജമാക്കിയിട്ടുണ്ടായിരുന്നു. അവിടേക്ക് എത്താനായി പ്രത്യേക പാത തന്നെ ഒരുക്കി. അതുവഴി സാധാരണ രോഗികളെ കടത്തിവിട്ടിരുന്നില്ല. കോവിഡ് രോഗികൾ ആ വഴി ആശുപത്രിക്കുള്ളിലേക്ക് പോയാലുടൻ ശുചീകരണ തൊഴിലാളികൾ അണുനശീകരണം നടത്തും. രോഗികൾ ഡിസ്ചാർജ് ആയിപ്പോകുമ്പോഴും ഇതു ചെയ്തിരുന്നു. കോവിഡ് ബാധിച്ച ഗർഭിണികളുടെ റൂമിന് തൊട്ടടുത്തായി തന്നെ പ്രത്യേകം
ഒാപ്പറേഷൻ തിയറ്ററും തയാറാക്കി. പ്രസവതീയതി അടുത്തതുകൊണ്ട് കൂട്ടിരിക്കാൻ ഒരു സഹായി ഉള്ളത് നല്ലതാണ്. പക്ഷേ, കോവിഡ് രോഗിക്ക് കൂട്ടിരിക്കാൻ രോഗമില്ലാത്ത ആളെ നിർത്താനാവില്ല. ഭാഗ്യമെന്നു പറയട്ടെ, ഇവരുടെ രണ്ടുപേരുടെയും ഭർത്താക്കന്മാർ കോവിഡ് പൊസിറ്റീവ് ആയിരുന്നു. അതുകൊണ്ട് പ്രസവം കഴിഞ്ഞു ആശുപത്രി വിടുംവരെ അവർ ഭാര്യമാരൊടൊപ്പം ആശുപത്രിയിൽ തന്നെ കഴിഞ്ഞു. ഗർഭകാലത്ത് സുരക്ഷിതമായ മരുന്നുകളാണ് നൽകിയത്. ചികിത്സയ്ക്കായി പ്രത്യേക പ്രോട്ടോക്കോൾ നിശ്ചയിച്ചിരുന്നു. രോഗികളോട്
വ്യക്തമായി കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കി സമ്മതം വാങ്ങിയാണ് ചികിത്സ ആരംഭിച്ചത്. രോഗികൾ സദാസമയവും മാസ്ക് ധരിച്ചിരുന്നു. ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും എല്ലാം സാധാരണ കോവിഡ് രോഗിയെ പരിശോധിക്കും പോലെ പിപിഇ ധരിച്ചാണ് പരിശോധിച്ചിരുന്നത്. വസ്ത്രങ്ങളെല്ലാം ബ്ലീച്ച് ലായനിയിൽ കഴുകി വൃത്തിയാക്കി ഉപയോഗിച്ചു. മൊബൈൽ പോലെയുള്ള സ്ഥിരം ഉപയോഗിക്കുന്ന വസ്തുക്കൾ ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്തിരുന്നു. ഭക്ഷണമെല്ലാം ആശുപത്രിയിലെ കമ്യൂണിറ്റി കിച്ചനിൽ
നിന്നു മുറിയിലെത്തിച്ചു നൽകി. പരിശോധന കരുതലോടെ ഗർഭിണികൾക്ക് ഒഴിച്ചുകൂടാനാവാത്ത പരിശോധനകളുണ്ട്. സ്കാനിങ്, കുഞ്ഞിന്റെ ഹൃദയമിടിപ്പ് അറിയാനുള്ള പരിശോധനകൾ പോലുള്ളവ. മറ്റു രോഗികൾക്ക് റിസ്ക് ഉണ്ടാകാതിരിക്കാൻ രാത്രി 10 മണി കഴിഞ്ഞാണ് സ്കാനിങ് നടത്തിയിരുന്നത്. രോഗിയെ മാസ്ക് ധരിപ്പിച്ച് സ്കാനിങ് റൂമിൽ എത്തിക്കും. സ്കാൻ ചെയ്യുന്ന ഡോക്ടറും നഴ്സുമാരും
ഉൾപ്പെടെ പിപിഇ ധരിക്കും. പരിശോധനയ്ക്കു ശേഷം സ്കാനിങ് മുറിയും ഉപകരണങ്ങളും ബ്ലീച്ച് സൊല്യൂഷൻ കൊണ്ട് അണുവിമുക്തമാക്കും. കാര്യങ്ങളെല്ലാം മുൻകൂട്ടി പ്ലാൻ ചെയ്യുന്നത് കൊണ്ട് വേണ്ടുന്ന പരിശോധനകളെല്ലാം ഒരുമിച്ച് നടത്താൻ സാധിച്ചിരുന്നു. ഒരുപാട് തവണ രോഗിയുമായി കോണ്ടാക്റ്റ് ഉണ്ടാകുന്നത് കുറയ്ക്കാൻ ഇതു സഹായിച്ചു. പിപിഇ ധരിച്ചുകഴിഞ്ഞാൽ പരിശോധനയിൽ കുഞ്ഞിന്റെ ഹൃദയമിടിപ്പ് വ്യക്തമായിരുന്നില്ല. അതുകൊണ്ട് കാർഡിയോടോക്കോഗ്രഫി മെഷീൻ ഉപയോഗിച്ചു. അഡ്മിറ്റായി 10 ദിവസം കഴിഞ്ഞപ്പോൾ തന്നെ രണ്ടുരോഗികളും കോവിഡ് നെഗറ്റീവായി. പ്ലാൻ ചെയ്ത് സിസേറിയൻ കോവിഡ് ഭേദമായ ശേഷമാണ് സിസേറിയൻ ചെയ്തതെങ്കിലും റിസ്ക് കുറവാണെന്നു പറയാനാകില്ല. 24 മണിക്കൂർ വ്യത്യാസത്തിൽ രണ്ടു ടെസ്റ്റ് ചെയ്ത് രണ്ടും നെഗറ്റീവ് ആയാലാണ് കോവിഡ് സുഖമായി എന്നു പറയാനാവുക. പിന്നെ, 14 ദിവസം ക്വാറന്റീനിൽ കഴിയണം.
ചെറിയൊരു അപകടസാധ്യത പോലും ഒഴിവാക്കാൻ മുൻകൂട്ടി എല്ലാം പ്ലാൻ ചെയ്തു. ഗർഭിണികളുടെ മുറിക്ക് തൊട്ടടുത്തായി പ്രത്യേകം ഒാപ്പറേഷൻ തിയറ്റർ തയാറാക്കി. സർജറിക്കുള്ള ടീം മുഴുവൻ പിപിഇ ധരിച്ചു. മുഖവും ചെവിയുമൊക്കെ മൂടിയിരിക്കുന്നതിനാൽ ശസ്ത്രക്രിയാ സമയത്ത് ആശയവിനിമയം പ്രയാസമായിരുന്നു, മൂടിക്കെട്ടിയിരിക്കുന്നതിന്റെ ചൂട് വേറെ. പക്ഷേ, എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് സിസേറിയൻ വിജയകരമായി പൂർത്തിയാക്കി. മൂന്നു കിലോയടുത്ത് ഭാരമുള്ള ആരോഗ്യവാനായ കുഞ്ഞ്. ഇതുവരെ പ്രസവമുറിയിൽ കേട്ട കുഞ്ഞിക്കരച്ചിലുകളേക്കാൾ മധുരമുണ്ടായിരുന്നു ആ കുരുന്നിന്റെ കരച്ചിലിന്. പുതിയൊരു ചരിത്രം കൂടി ആ നിമിഷത്തിൽ പിറന്നു. കോവിഡ് വന്ന ഗർഭിണിയിൽ കേരളത്തിൽ ആദ്യമായും ഇന്ത്യയിൽ മൂന്നാമതായും നടന്ന സിസേറിയനായിരുന്നു അത്.
ലോകത്തൊരിടത്തും തന്നെ അമ്മയിൽ നിന്നും കുഞ്ഞിന് കോവിഡ് പകർന്നതായി റിപ്പോർട്ടുകളില്ല. എങ്കിലും പരിശോധന ഒഴിവാക്കാനാകില്ല. കുഞ്ഞ് പിറന്നുവീണ ഉടനെ തന്നെ പൊക്കിൾക്കൊടിയിൽ നിന്ന് രക്തമെടുത്ത് കോവിഡ് ടെസ്റ്റിന് അയച്ചു. അമ്നിയോട്ടിക് ഫ്ളൂയിഡും ടെസ്റ്റ് ചെയ്തു. അഞ്ചു ദിവസം കഴിഞ്ഞ് സ്വാബ് എടുത്ത് ഒന്നുകൂടി പരിശോധിച്ചു. ആശ്വാസത്തിന്റെ കുളിരേകി എല്ലാ പരിശോധനകളും നെഗറ്റീവായി. കുരുന്നിനെ കയ്യിലെടുക്കാതെ സാധാരണ ഗതിയിൽ കോവിഡ് നെഗറ്റീവ് ആയാൽ വീട്ടിൽ പോയി 14 ദിവസം ക്വാറന്റീനിൽ ഇരുന്നാൽ മതി. പക്ഷേ, നവ അമ്മമാരുടെ കാര്യത്തിൽ കുഞ്ഞിനെ പരിപാലിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലെ അസൗകര്യം കണക്കിലെടുത്ത് ആശുപത്രിയിൽ തന്നെ ആ 14 ദിവസവും താമസിപ്പിച്ചു.
ക്വാറന്റീനിൽ ആണെങ്കിലും അമ്മ മാസ്ക് വയ്ക്കുകയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്താൽ കുഞ്ഞിനെ മുലയൂട്ടാം എന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. പക്ഷേ, അമ്മമാരുമായി സംസാരിച്ചപ്പോൾ ചെറിയൊരു റിസ്ക് പോലും കുഞ്ഞിനു വേണ്ട, ഫോർമുല ഫീഡ് മതി എന്നാണ് അവർ പറഞ്ഞത്. അതുകൊണ്ട് ആദ്യത്തെ രണ്ടാഴ്ച കുഞ്ഞിനെ നോക്കാൻ പ്രത്യേകം ആളെ നിർത്തി, ഫോർമുല ഫീഡ് ചെയ്തു. രണ്ടാഴ്ചയ്ക്കു ശേഷമാണ് അവർ കുഞ്ഞിനെ കയ്യിലെടുത്തത് തന്നെ. ഗർഭത്തിന്റെ ആദ്യഘട്ടത്തിൽ വന്ന അഞ്ചു പേർക്കും 31 ആഴ്ചയിൽ വന്ന ആൾക്കും അസുഖം ഭേദമായി. ഒരാൾക്ക് അബോർഷൻ ആയി. പക്ഷേ, കൊറോണ ബാധിച്ചതാണ് കാരണം എന്നു പറയാനാവില്ല. എല്ലാവരും ആശുപത്രിവിട്ടു, സുഖമായിരിക്കുന്നു. ’’
ഡോ. അജിത്തിനെ കൂടാതെ ഡോ. ജോസ് പി.വി., ഡോ. വീണ പ്രവീൺ, ഡോ. ബീന ജോ ർജ്, ഡോ. സുമംഗലി, ഡോ. ഒാമന, ഡോ. രശ്മി, ഡോ. സിമി, ഡോ. ശബ്നം, ഡോ. വിനോദ്, ഡോ. മാലിനി, ഡോ. ശിൽപ, ഡോ. അതുല്യ, ഡോ. അപർണ, ഡോ. ജെബിൻ, ഡോ. ബീന എ.വി., ഡോ. നിഖില എന്നിവരായിരുന്നു ചികിത്സാടീമിൽ ഉണ്ടായിരുന്നത്.
മാരക വൈറസിനെ തോൽപിച്ച് ഭൂമിയിലേക്ക് വന്ന ഈ ജീവന്റെ പൊടിപ്പ് ലോകമൊട്ടാകെയുള്ള ആരോഗ്യപ്രവർത്തകർക്ക് പുതിയ പ്രത്യാശയാണ്.