Wednesday 08 July 2020 12:43 PM IST : By ഡോ. രാജീവ് ജയദേവൻ

കോവിഡ് സാമൂഹിക വ്യാപനത്തിലേയ്ക്കോ? എങ്ങനെ തിരിച്ചറിയാം

social54645y6

സമൂഹ വ്യാപനത്തിന്റെ CDC, (സി‌.ഡി.‌സി), ഹാർ‌വാർഡ് യൂണിവേഴ്സിറ്റി നിർ‌വ്വചനങ്ങൾ‌ കൃത്യവും പ്രായോഗികവും പൊതുജങ്ങൾക്ക് ഉപകാരപ്രദവും  ആണ്. യു‌എസ്, ഓസ്‌ട്രേലിയ, UK, Ireland മുതലായ വികസിത രാജ്യങ്ങൾ ഈ നിർവചനം (definition) ഉപയോഗിക്കുന്നു.

നിർ‌വചനം: അണുബാധയുടെ ഉറവിടം അറിയാത്ത ആളുകൾ‌ കാണപ്പെടുമ്പോൾ‌, ഇത് കമ്മ്യൂണിറ്റി സ്പ്രെഡ് ആയി നിർ‌വചിക്കപ്പെടുന്നു.

എന്നു വച്ചാൽ, ഒരു രാജ്യത്ത് രോഗം പടരുന്നതു തടയാൻ കോൺടാക്റ്റ് ട്രേസിംഗ് (contact tracing) മാത്രം മതിയാകാത്ത കൃത്യമായ ആ പോയിന്റ് നിർവചിക്കുന്നു. അതായത് രോഗവാഹകരെ കണ്ടത്താൻ സമൂഹത്തിൽ കൂടുതൽ ടെസ്റ്റ് നടത്തേണ്ട അവസ്ഥ. 

പ്രഖ്യാപിക്കേണ്ടത് എന്തുകൊണ്ട്?

പൊതുജനങ്ങൾ ജോലിക്ക് പോകുമ്പോഴും പൊതു സ്ഥലങ്ങൾ സന്ദർശിക്കുമ്പോഴും മുൻകരുതലുകൾ എടുക്കാനും  ജാഗ്രത പാലിക്കാനും ഈ അറിവ് സഹായകമാവുന്നു. 

“സമൂഹ വ്യാപനമില്ല” എന്ന് അധികാരികൾ തുടർന്നും പറഞ്ഞാൽ പൊതുജനം സ്വാഭാവികമായും ചിന്തിക്കന്നത് “*നാം ജീവിക്കുന്ന സമൂഹത്തിൽ വൈറസ് ഇല്ല*” എന്നായിരിക്കും. 

നല്ല ഒരു പക്ഷം ആളുകൾ വൈറസിനെ നിസ്സാരമായി കാണാനും, മുൻകരുതലുകളെ അവഗണിക്കുകയും വ്യാപനം വഷളാക്കുകയും ചെയ്യുന്നതിന്റെ പ്രധാന കാരണം അതാണ്.

ഓസ്ട്രേലിയ 

വ്യക്തമായ ഉറവിടങ്ങളില്ലാത്ത ആദ്യത്തെ രോഗിയെ കണ്ടെത്തിയയുടനെ തന്നെ, ഓസ്‌ട്രേലിയ മാർച്ച് 2 ന് സമൂഹ വ്യാപനം ഉണ്ടെന്ന് ജനങ്ങളെ അറിയിച്ചു. ന്യൂ സൗത്ത് വെയിൽസിൽ നിന്നുള്ള 41 വയസ്സുള്ള ഒരു സ്ത്രീയിൽ ആണ് ഇങ്ങനെ കണ്ടെത്തിയത്. അക്കാലത്ത് ആ രാജ്യത്ത് വെറും 33 കേസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

അമേരിക്ക:

വ്യക്തമായ ഉറവിടങ്ങളില്ലാത്ത ആദ്യത്തെ രോഗിയെ കാലിഫോർണിയയിൽ കണ്ടെത്തിയയുടനെ തുടർന്ന്  യുഎസ് ഫെബ്രുവരി 26 ന് സാമൂഹ്യ  വ്യാപനം പ്രഖ്യാപിച്ചു. അക്കാലത്ത് ആ രാജ്യത്ത് 60 കേസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അവരൊക്കെ സാമൂഹ്യ വ്യാപനം പ്രഖ്യാപിച്ച് നാലു മാസം കടന്നു പോയിരിക്കുന്നു. ഇന്നിപ്പോൾ ജൂലൈ 6 ആയി. ഇന്ത്യയിൽ ഇപ്പോൾ 7 ലക്ഷം കേസുകളുണ്ട്, അവയിൽ ഓരോന്നിന്റെയും ഉറവിടം ഞങ്ങൾ കണ്ടെത്തിയെന്ന് ഇനിയും നടിക്കാൻ കഴിയില്ല. 

കൂടാതെ, നമ്മുടെ രാജ്യത്ത്  കമ്മ്യൂണിറ്റിയിൽ വ്യാപകമായി ടെസ്റ്റിംഗ് ഇനിയും നടന്നിട്ടില്ല. സമൂഹത്തിൽ എത്രപേർ കൂടി രോഗബാധിതരാണെന്ന് എങ്ങിനെ  അറിയും? എല്ലാവരെയും ടെസ്റ്റ് ചെയ്യാൻ സാധ്യമല്ല. അതിനാൽ മാനദണ്ഡങ്ങൾ അനുസരിച്ച് സെന്റിനെൽ ടെസ്റ്റിംഗ് വ്യാപകമാക്കേണ്ടതുണ്ട്.

മാത്രവുമല്ല, വൈറസിന് ജില്ലയോ സംസ്ഥാനമോ രാജ്യമോ ഇല്ല. അതു പടരുന്നത് ഒരു കുറച്ചിലോ പരാജയമോ ആയി കാണ്ടേണ്ടതില്ല.

ചുരുക്കിപ്പറഞ്ഞാൽ:

"ആകാശത്തു നിന്നും ധാരാളം വെള്ളത്തുള്ളികൾ താഴത്തേയ്‌ക്ക്‌ വീഴുന്നുണ്ട്, പക്ഷേ അതു മഴ ആണെന്നു ഉറപ്പിച്ചു പറയാൻ സാധിക്കുന്നില്ല" എന്നത് പോലെയാണ് ഇപ്പോഴത്തെ അവസ്ഥ.

PS. ലോകാരോഗ്യ സംഘടനയുടെ "നിർവചനം” എന്ന് വിളിക്കപ്പെടുന്ന definition അവ്യക്തമാണ്. "ഏറെ", "കൂടുതൽ", "അനവധി" മുതലായ അവ്യക്ത പദങ്ങൾ  അതിൽ പെടുത്തിയിട്ടുണ്ട്.  അതു പ്രകാരം സൗകര്യത്തിന് ആർക്കും ഉണ്ടെന്നും ഇല്ലെന്നും ആകാറായെന്നും ഒക്കെ പറയാൻ കഴിയും. മാത്രവുമല്ല WHO യുടെ ഈ definition, CDC യുടേതു പോലെ പ്രതിരോധ നടപടികൾ പുതിയ തലത്തിലേയ്ക്ക് തിരിച്ചു വിടാൻ ഉപകരിക്കുന്നതുമല്ല.

Tags:
  • Manorama Arogyam
  • Health Tips