Wednesday 05 August 2020 03:21 PM IST

കോവിഡ് ടെസ്റ്റിങ്: കേരളത്തിന്റെ സ്ഥിതി എന്ത്? കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് അഷീൽ സംസാരിക്കുന്നു

Asha Thomas

Senior Sub Editor, Manorama Arogyam

asheelstory5678

ടെസ്റ്റ്....ടെസ്റ്റ്....ടെസ്റ്റ് എന്നതാണ് കോവിഡ് വ്യാപനം തടയുന്നതിന് ലോകാരോഗ്യസംഘടനയുടെ മന്ത്രം. ശാസ്ത്രീയവും ആസൂത്രിതവുമായ പരിശോധന രോഗവ്യാപനം തടയാൻ സഹായിക്കുമെന്ന് ആഗോളതലത്തിൽ നാം കണ്ടുകഴിഞ്ഞു. കോവിഡ് പോലൊരു മഹാവ്യാധിയുടെ കാര്യത്തിൽ ടെസ്റ്റിങ് സ്ട്രാറ്റജിയുടെ ലക്ഷ്യം എന്നു പറയുന്നത് മരണങ്ങൾ കുറയ്ക്കുക, രോഗവ്യാപനം നിയന്ത്രിക്കുക എന്നതാണ്. വളരെ ശാസ്ത്രീയമായി, ലഭ്യമായ റിസോഴ്സസ് വച്ച് വളരെ കൃത്യമായി വേണം ഈ സ്ട്രാറ്റജി പ്ലാൻ ചെയ്തെടുക്കാൻ. അതെങ്ങനെയെന്നും ടെസ്റ്റിങ് മതിയായ നിരക്കിലാണെന്ന് എങ്ങനെ തിരിച്ചറിയാമെന്നും കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് അഷീൽ സംസാരിക്കുന്നു.

ടെസ്റ്റിങ് മതിയായ നിരക്കിലാണെന്ന് എങ്ങനെയാണ് മനസ്സിലാക്കുന്നത്?

പരിശോധനകൾ മതിയായ നിരക്കിലാണോ എന്നറിയാനുള്ള ഒരു പ്രധാന സൂചകം ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് ആണ്. എത്ര ടെസ്റ്റുകൾ നടത്തുമ്പോഴാണ് ഒരു പൊസിറ്റീവ് കേസ് കാണുന്നത് എന്നാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ലോകാരോഗ്യസംഘടന ശുപാർശ ചെയ്യുന്നത് ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് 10ൽ താഴെ ആണെങ്കിൽ നല്ലതാണെന്നും മൂന്നിൽ താഴെ നിർത്താൻ പറ്റിയാൽ മാതൃകാപരമാണെന്നും ആണ്. അതായത് 100 പേരെ ടെസ്റ്റ് ചെയ്യുമ്പോൾ മൂന്നു പേരിൽ താഴെ ആണെങ്കിൽ ടെസ്റ്റിങ് നിരക്ക് പകർച്ചവ്യാധിയുടെ തോതിന് ആനുപാതികമാണ് എന്നാണ്. അതിൽ കൂടുതൽ പൊസിറ്റീവ് ആകുന്നുണ്ടെങ്കിൽ പരിശോധനകളുടെ എണ്ണം കൂട്ടുക തന്നെ വേണം.

കേരളത്തിന്റെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഏപ്രിൽ ആദ്യവാരം 0.53 ആയിരുന്നു. ജൂൺ ആദ്യവാരം 2.21 . ജൂലൈ 17–ാം തീയതിയിലെ ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് 2.47 ആണ്. അതായത് 100 പേരെ ടെസ്റ്റ് ചെയ്യുമ്പോൾ മൂന്നിൽ താഴെ ആളുകളാണ് പൊസിറ്റീവ് ആയിരുന്നത്. അതിനർഥം നമ്മുടെ ടെസ്റ്റിങ് സംവിധാനം ശരിയായ ദിശയിൽ തന്നെയാണ് പോകുന്നതെന്നാണ്. സൗത്ത് കൊറിയയെ പോലെ കോവിഡിനെ വിജയകരമായി നേരിട്ട രാജ്യങ്ങളൊക്കെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് രണ്ടിനു താഴെയായാണ് നിർത്തുന്നത്. നമ്മുടെയും ലക്ഷ്യം അതു തന്നെയാണ്. 

പക്ഷേ, ആഗസ്റ്റ് രണ്ടിലെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 4.77 ശതമാനം ആണ്?

ജൂലൈ അവസാന ആഴ്ച മുതലാണ് തിരുവനന്തപുരത്ത് കേസുകൾ വല്ലാതെ വർധിച്ചത്. അതുകൊണ്ടു തന്നെ ആഗസ്റ്റ് രണ്ടിലെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 4.77 ശതമാനം ആയിട്ടുണ്ട്. അതിനർഥം പരിശോധനകൾ ഇനിയും വർധിപ്പിക്കണമെന്നാണ്. പ്രത്യേകിച്ച് ക്ലസ്റ്റർ ഏരിയകളിൽ. എങ്കിലേ ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് താഴ്ത്തിക്കൊണ്ടു വരാനാകൂ. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് രണ്ടിൽ താഴെ കൊണ്ടുവരാനാണ് നമ്മുടെ ശ്രമം. തീർച്ചയായും അതിനുവേണ്ടുന്ന കാര്യങ്ങൾ ചെയ്യുന്നുണ്ട്.

ഈ ഡേറ്റ എത്രമാത്രം വിശ്വസനീയമാണ്?

ഇന്ത്യൻ സംസ്ഥാനങ്ങളിലെ കോവിഡ് ഡേറ്റയുടെ സുതാര്യതയും ലഭ്യതയും (transparency and accessibility) സംബന്ധിച്ച് സ്റ്റാൻഫോഡ് യൂണിവേഴ്സിറ്റി ഗവേഷകർ ഒരു പഠനം നടത്തിയിരുന്നു. മേയ് 19 നും ജൂൺ 1നും ഇടയിലുള്ള ഡേറ്റയാണ് നിരീക്ഷിച്ചത്. ഒാരോ സംസ്ഥാനങ്ങളിലും നിന്നുള്ള ഡേറ്റ എത്രമാത്രം സുതാര്യവും ലഭ്യവും ഉപയോഗപ്രദവും ആക്സസബിളും ആണെന്നാണ് പരിശോധിച്ചത്. ഇക്കാര്യത്തിൽ കേരളം രണ്ടാം സ്ഥാനത്തുണ്ട്.

ടെസ്റ്റിങ് മതിയായതാണോ എന്ന കാര്യത്തിൽ എന്തുകൊണ്ടാണ് ടെസ്റ്റ് പേർ മില്യൺ പ്രസക്തമല്ല എന്നു പറയുന്നത്?

പൊതുജനാരോഗ്യ ഗവേഷകരെല്ലാം തന്നെ പറയുന്നത്, പരിശോധന മതിയായ നിരക്കിലാണോ എന്ന് തീർച്ചപ്പെടുത്താൻ ടെസ്റ്റ് പേർ മില്യണേക്കാളും ( ഒരു സ്ഥലത്തെ ജനസംഖ്യയ്ക്ക് ആനുപാതികമായി എത്ര ടെസ്റ്റ് നടത്തി എന്നതിലേക്ക് വെളിച്ചം വീശുന്നു) മികച്ച സൂചകം ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് ആണ് എന്നാണ്. . കാരണം ഒരു പകർച്ചവ്യാധിയെ സംബന്ധിച്ച് ജനസംഖ്യയ്ക്ക് ആനുപാതികമായ പരിശോധന എന്നുള്ളതിലും പ്രസക്തം പകർച്ചവ്യാധിയുടെ വ്യാപ്തിക്ക് (Epidemic volume) ആനുപാതികമായുള്ള പരിശോധന എന്നതാണ്. മാത്രമല്ല ലോകമെമ്പാടും നിന്നുള്ള ഉദാഹരണങ്ങൾ നോക്കിയാൽ തന്നെ എല്ലാവരിലും പരിശോധന നടത്തുന്നത് അനാവശ്യമാണെന്നു കാണാം. അതുകൊണ്ട് വെറുതെ കുറേ ടെസ്റ്റ് നടത്തുകയല്ല നമ്മൾ ചെയ്യുന്നത്, ആസൂത്രിതമായ പരിശോധനയാണ്. ഈ ആസൂത്രിത പരിശോധനയുടെ ഗുണം എന്താണെന്നു വച്ചാൽ ടെസ്റ്റിങ് പൊസിറ്റീവ് ആകാൻ കൂടുതൽ സാധ്യതയുള്ള ആളുകളിലാണ് നമ്മൾ പരിശോധന നടത്തുന്നത്. എന്നിട്ടും നമ്മൾക്ക് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് രണ്ടിൽ താഴെ നിർത്താൻ സാധിച്ചിരുന്നു. ഇപ്പോൾ ടിപിആർ വീണ്ടും കൂടിയിരിക്കുകയാണ്. അതിനനുസരിച്ച് ടെസ്റ്റിങ് വീണ്ടും വർധിപ്പിക്കുകയാണ്.

ഈ ആസൂത്രിത പരിശോധനയേക്കുറിച്ച് വിശദമാക്കാമോ?

കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടം മുതലേ വളരെ ആസൂത്രിതമായാണ് പരിശോധനകൾ നടത്തുന്നത്. രോഗസാധ്യതയുള്ളവരെ ട്രെയ്സ് ചെയ്ത് ക്വാറന്റീൻ ചെയ്യുക, അവരിൽ തന്നെ രോഗലക്ഷണമുള്ളവരെ പരിശോധിക്കുക, ഐസൊലേറ്റ് ചെയ്ത് ചികിത്സിക്കുക (Trace, quarantine, test, isolate, treat) ഇതായിരുന്നു നമ്മുടെ സ്ട്രാറ്റജി. ഇതാണ് കോവിഡിന്റെ കാര്യത്തിൽ സഹായിച്ചത്. പൊസിറ്റീവായവരുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തി ക്വാറന്റീൻ ചെയ്ത് അവരിൽ ലക്ഷമമുള്ളവരെ പരിശോധിക്കുകയാണ് റുട്ടീൻ ആയി ചെയ്യുന്നത്.

ഇതു കൂടാതെ സെന്റിനൽ ടെസ്റ്റിങ് അഥവാ ആരോഗ്യപ്രവർത്തകർ, കച്ചവടക്കാർ, പൊതുപ്രവർത്തകർ എന്നിങ്ങനെ സാമൂഹിക ഇടപെടലുകൾ കൂടുതലുള്ളവരെ പ്രത്യേകമായി പരിശോധിക്കുക,

സർവെലിയൻസ് പൂൾ ടെസ്റ്റിങ്, ഒാഗ്മെന്റഡ് ടെസ്റ്റിങ് (പ്രായമായവർ, ഗർഭിണികൾ എന്നിങ്ങനെ രോഗസങ്കീർണതകൾക്ക് സാധ്യത കൂടുതലുള്ളവരിലെ പരിശോധന) എന്നിവയും നടത്തുന്നു.

രോഗവ്യാപന സ്വഭാവത്തിന് അനുസരിച്ചാണ് ടെസ്റ്റിങ് സ്ട്രാറ്റജി സ്വീകരിക്കാറ്. ക്ലസ്റ്ററുകൾക്കിടയിൽ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് കൂടുതലായാൽ അവിടെ കൂടുതൽ ഫോക്കസ്ഡ് പരിശോധനകൾ നടത്തുന്നു. സമൂഹവ്യാപനം നടന്നു എന്നു സംശയമുള്ള സ്ഥലങ്ങളിൽ ടെസ്റ്റിങ് സ്ട്രാറ്റജി വ്യത്യസ്തമാണ്. അവിടങ്ങളിൽ‌ പ്രായമായവരെയും മരണസാധ്യത കൂടുതലുള്ളവരെയും തിരഞ്ഞെടുത്ത് പ്രത്യേകം ടെസ്റ്റ് ചെയ്യുന്നു.

(ആഗസ്റ്റ് രണ്ടുവരെയുള്ള കണക്ക് അനുസരിച്ച് ആകെ 8,34,215 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 26873 എണ്ണം പൊസിറ്റീവ് ആയി. ഇതിൽ 4,000,29 റുട്ടീൻ ടെസ്റ്റുകളും 4414 സെന്റിനൽ ടെസ്റ്റുകളും 1, 22, 819 പൂൾ സെന്റിനൽ ടെസ്റ്റുകളും 1,94,891 ആന്റിജൻ അസ്സെ പരിശോധനകളും 4014 സിബി–നാറ്റ് പരിശോധനകളും ഉൾപ്പെടുന്നു. )

Tags:
  • Manorama Arogyam
  • Health Tips