Wednesday 07 April 2021 03:29 PM IST

‘ശർക്കരയ്ക്കു പകരം തേൻ, കൊതി തോന്നുമ്പോൾ ഈ ഭക്ഷണം’: 92 ൽ നിന്നും 77ലേക്ക്: ദീപയുടെ മാജിക് ഡയറ്റ്

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

deepa-weight-loss

ഉടലിലും ഉയിരിലും ഒരു പോലെ നിറയുന്ന സ്വാസ്ഥ്യത്തിന്റെ ആനന്ദത്തിലാണ് ദീപാ ശരത്. ഭൂതകാലത്തിലെങ്ങോ ശരീരമാകെ തളർത്തിയ അമിതവണ്ണത്തിന്റെ അടയാളങ്ങൾ അലിഞ്ഞു പോകുന്നു. പുതിയ ആഹാരചിട്ടകൾ, ആരോഗ്യ മുൻകരുതലുകൾ... ഇപ്പോൾ ഈ 48കാരിയുടെ ജീവിതത്തിനു പുതിയൊരു സൗഖ്യതാളമുണ്ട്.

രണ്ടുവർഷങ്ങൾക്കു മുൻപാണ് തിരുവനന്തപുരം സ്വദേശിനിയും എച്ച്. ആർ. പ്രഫഷനലുമായ ദീപാ ശരത് വണ്ണം കുറയ്ക്കണം എന്നൊരു ഉറച്ച തീരുമാനമെടുത്തത്. 92 കിലോ എന്ന അമിതശരീരഭാരത്തിൽ നിന്ന് 77 കിലോയിലേക്കുള്ള യാത്രയിൽ ദീപ തിരികെ നേടിയത് ആനന്ദവും ആരോഗ്യവും നിറയുന്ന ജീവിതമാണ്.

‘‘ വണ്ണം കുറയ്ക്കലിന്റെ ആദ്യപടിയായി ഞാൻ ഒഴിവാക്കിയത് മൈദ, പഞ്ചസാര, പുറത്തു നിന്നുള്ള ആഹാരം, സോസേജ്, പനീർ ഉൾപ്പെടെ പാക്കേജ്ഡ് ഫൂഡ്, കൃത്രിമ ഭക്ഷ്യപദാർഥങ്ങൾ, പാലും പാലുൽപ്പന്നങ്ങളും , ചിക്കൻ അങ്ങനെ നീണ്ട ഒരു ലിസ്‌റ്റാണ്. ട്രാൻസ്ഫാറ്റും ട്രാൻസ്ഷുഗറും ആഹാരത്തിൽ നിന്നു നീക്കിയതോടെ വലിയ നേട്ടമുണ്ടായി. പഞ്ചസാരയ്ക്കു പകരം ശർക്കര, തേൻ എന്നിവ ഉപയോഗിച്ചു. ചിക്കറിയില്ലാതെ പൊടിപ്പിച്ച കാപ്പിപ്പൊടി കൊണ്ട് ബ്ലാക് കോഫി കുടിച്ചു തുടങ്ങിയപ്പോൾ പ്രമേഹവും ബോർഡർ ലൈനിലായി.

ആഹാര ക്രമീകരണം ജീവിതത്തിന്റെ തന്നെ ഭാഗമായി. ഒരു ചടങ്ങിൽ പങ്കെടുത്താലും അൽപം മാത്രമേ കഴിക്കൂ. ആഹാരം വേസ്റ്റാക്കില്ല എന്നൊരു തീരുമാനവുമെടുത്തു. ഇടയ്ക്ക് ആഹാരത്തോടു കൊതി തോന്നിയാൽ തട്ടുദോശ കഴിക്കും. പഴങ്കഞ്ഞി കുടിക്കും. വിശക്കുമ്പോൾ മാത്രം ആഹാരം കഴിക്കുക എന്നതാണ് മറ്റൊരു തീരുമാനം. വീട്ടിൽ എല്ലാവർക്കും ചിക്കൻ തയാറാക്കുന്നത് ഞാനാണ്. പക്ഷേ ഞാൻ അത് ടേസ്‌റ്റ് ചെയ്യുക പോലുമില്ല. എനിക്കിപ്പോൾ ആസ്മ ഇല്ല. നെബുലൈസർ ഉപയോഗിച്ചിട്ട് കാലം കുറേ ആയി. ഡോക്ടറെ കണ്ടിട്ടും കുറേ കാലമായി. ചിക്കൻ നിർത്തിയതിനു ശേഷം ഫൈബ്രോയ്ഡിന്റെ വലുപ്പം കുറഞ്ഞു. ശരീരഭാരം കുറച്ചിട്ടും അത് ചർമത്തെ ബാധിച്ചുമില്ല. ഈ വർഷത്തേയ്ക്കുള്ള എന്റെ ടാർഗറ്റ് വെയ്റ്റ് 70 ആണ് ’’- ദീപയുടെ വാക്കുകളിൽ ആത്മവിശ്വാസം നിറയുന്നു.

ഭാരം കുറയ്ക്കലിനെക്കുറിച്ചും ഡയറ്റിനെക്കുറിച്ചും ദീപ പറയുന്നതു കേൾക്കാം.

വിഡിയോ കാണാം