മുട്ടുവേദന കുറയണമെന്നുണ്ടെങ്കിൽ ശരീരഭാരം കുറച്ചേ പറ്റൂ എന്നു ഡോക്ടർ കർശനമായി പറഞ്ഞു. ആ സമയത്താണ് അറുപതുകാരിയായ ആ റിട്ട. അധ്യാപിക വണ്ണം കുറയ്ക്കാനുള്ള ഹെർബൽ സപ്ലിമെന്റ് എന്ന പരസ്യം കണ്ടത്. പൊടി വെള്ളത്തിൽ കലക്കി കഴിച്ചു തുടങ്ങിയതോടെ വിശപ്പ് നന്നേ കുറഞ്ഞു. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു കുറഞ്ഞതോടെ അവരുടെ വണ്ണവും കുറഞ്ഞുവന്നു. സംഗതി കൊള്ളാമല്ലോ എന്നു തോന്നി അവർ ചില ബന്ധുക്കൾക്കും പൊടി നിർദേശിച്ചു. അങ്ങനെയിരിക്കെ നടത്തിയ മെഡിക്കൽ ചെക്കപ്പിലാണ് കരളിന് ഗുരുതരമായ പ്രശ്നങ്ങളുള്ളതായി കണ്ടത്. കരൾ മാറ്റിവയ്ക്കേണ്ടുന്ന അവസ്ഥയിലായി. വിശദ പരിശോധനകളിൽ വണ്ണം കുറയ്ക്കാൻ കഴിച്ച സപ്ലിമെന്റാണ് വില്ലനെന്നു കണ്ടു.
∙ ‘ഈ ക്ലിനിക്കിൽ ചികിത്സ തേടുന്നവർ ഗർഭം ധരിക്കുമെന്നതിന് 100 ശതമാനം ഗ്യാരന്റി. ചികിത്സ ഫലിച്ചില്ലെങ്കിൽ കാശ് തിരികെ നൽകുന്നതാണ്’. ഉത്തരേന്ത്യയിലെ ഒരു ഐവിഎഫ് ക്ലിനിക്കിന്റെ പരസ്യം ആയിരുന്നു ഇത്. പൊതുജനങ്ങളുടെ പരാതിയെ തുടർന്ന് ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് ആക്ട് പ്രകാരം ഈ ക്ലിനിക്കിനെതിരെ കേസ് എടുക്കുകയും വെബ്സൈറ്റിലെ അവകാശവാദങ്ങൾ നീക്കം ചെയ്തു.
∙ 2018 ഏപ്രിലിൽ കേരളത്തിലെ പ്രധാന പത്രങ്ങളിലെല്ലാം ഒരു തുള്ളിമരുന്നിനെക്കുറിച്ചുള്ള പരസ്യം വന്നിരുന്നു. പ്രമേഹവും അർബുദവും പോലുള്ള മാരക രോഗങ്ങൾ ഉൾപ്പെടെ 21 രോഗങ്ങൾ സുഖമാക്കുന്ന തുള്ളിമരുന്നിനെക്കുറിച്ചായിരുന്നു പരസ്യം.
ആരോഗ്യപ്രവർത്തകർ ചേർന്ന് മനുഷ്യാവകാശ കമ്മീഷന് കേസ് കൊടുത്തു. ഡോക്ടർ ഇനി പരസ്യം കൊടുക്കരുതെന്ന് കമ്മിഷനും തിരുവിതാംകൂർ മെഡിക്കൽ കൗൺസിലും വിലക്കി. പക്ഷേ, ഇതേ പരസ്യം തന്നെ പത്രങ്ങളിൽ വീണ്ടുംവന്നു. രണ്ടാമതും പരാതി വന്നതോടെ ഡോക്ടർക്ക് സസ്പെൻഷൻ നൽകി.
അദ്ഭുതമല്ല, തട്ടിപ്പ്
മാറാരോഗങ്ങൾ പോലും പൂർണമായും സുഖമാക്കാം, ലൈംഗികശേഷി വർധിപ്പിക്കാം, വണ്ണം കുറയ്ക്കാം, മദ്യപാനി പോലും അറിയാതെ കുടി നിർത്താം, എത്ര പഴക്കമുള്ള പ്രമേഹവും മാറ്റാം, പൈൽസിൽ നിന്നു മുക്തി നേടാം...എന്നിങ്ങനെ ‘അദ്ഭുത മരുന്നുകളെ’ക്കുറിച്ചുള്ള പരസ്യങ്ങൾക്ക് ഒരു ക്ഷാമവുമില്ല. രോഗം കൊണ്ട് ദുരിതമനുഭവിക്കുന്നവർക്ക് ഇത്തരം പരസ്യങ്ങൾ പ്രതീക്ഷയുടെ കച്ചിത്തുരുമ്പാണ്. ‘എങ്ങാനും രോഗം മാറിയാലോ’ എന്ന തോന്നലിൽ ഇത്തരം വ്യാജമരുന്നുകളുടെ പിന്നാലെ പോയി കാശും മാനവും നഷ്ടമാകുന്നവർ ധാരാളമുണ്ട്.
‘‘ മരുന്ന് കഴിച്ചാൽ ഫലം കിട്ടണമെന്നില്ല. പക്ഷേ, പറ്റിയ അബദ്ധം ആരും പുറത്തു പറയാത്തത് വ്യാജന്മാർക്ക് വളമാകുന്നു. മാത്രമല്ല പ്രമേഹം പോലുള്ള ചില രോഗങ്ങൾക്ക് മറ്റു മരുന്നുകളോടൊപ്പം കഴിക്കാവുന്ന സപ്ലിമെന്റുകളാണ് ഉള്ളത്. ഇവയ്ക്ക് പാർശ്വഫലങ്ങളുണ്ടായാൽ തന്നെ വേർതിരിച്ചറിയാൻ പ്രയാസമാണ്’’ സ്യൂഡോസയൻസ് പ്രചാരണങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന കാപ്സ്യൂൾ എന്ന സംഘടനയുടെ പ്രവർത്തകൻ എം.പി. അനിൽകുമാർ പറയുന്നു.
എന്താണ് ഇത്തരം മരുന്നുകളിലെ കൂട്ടുകളെന്ന് ഉണ്ടാക്കുന്നവർക്ക് മാത്രമേ അറിയൂ എന്ന അവസ്ഥയാണ്. പച്ചിലമരുന്നുകളോടൊപ്പം ചില അലോപ്പതി മരുന്നുകളും ചേർത്താണ് ഇത്തരം ‘അദ്ഭുത കൂട്ടുകൾ’ മിക്കവയും തയാറാക്കുന്നതത്രെ. ഉദാഹരണത്തിന് ലൈംഗികബലഹീനതയ്ക്കുള്ള മരുന്നിൽ കുറഞ്ഞ അളവിൽ വയാഗ്രയും ആന്റി ഡിപ്രസന്റ് മരുന്നുകളും ചേർക്കുന്നു. ഇത് കഴിച്ചാൽ രോഗം മാറുകയൊന്നുമില്ല. പക്ഷേ, കുറച്ചൊരു ഉണർവ് ലഭിക്കും. അതോടെ മരുന്നിനോട് ഒരു വിശ്വാസം വരും.
അദ്ഭുത മരുന്നുകളിൽ സ്റ്റിറോയ്ഡ് ഉണ്ട് എന്ന ആരോപണം ശക്തമായിരുന്നു. അത് കണ്ടുപിടിക്കുമെന്നായപ്പോൾ സ്റ്റിറോയ്ഡ് പരിപാടി നിർത്തിയെന്നാണ് വിവരം.
പച്ചമരുന്നിന് പാർശ്വഫലം?
മാജിക് മരുന്നുകളിൽ കൂടുതലും ഹെർബൽ മെഡിസിനെന്ന പേരിലാണ് വിൽക്കുന്നത്. ഗ്രീൻ ടീയിലൊക്കെയുള്ള പോളിഫിനോൾ പോലുള്ള സസ്യഘടകങ്ങൾ പോലും അമിതമായാൽ കരളിന് വിഷകരമാകും. ‘‘ഇത്തരം വ്യാജമരുന്ന് കഴിച്ച് പ്രശ്നങ്ങളുണ്ടായി കഴിയുമ്പോൾ പുറത്തു പറയുന്നത് ആയുർവേദ മരുന്നു കഴിച്ചതാണെന്നാണ്. പക്ഷേ, ഇവയൊന്നും യഥാർഥ ആയുർവേദ മരുന്നുകളല്ല. പച്ചമരുന്നല്ലേ, പാർശ്വഫലങ്ങളുണ്ടാകില്ല എന്ന അബദ്ധ ധാരണ മൂലമാണ് പലരും ഇത്തരം പരീക്ഷണങ്ങൾക്ക് തലവയ്ക്കുന്നത്. ആയുർവേദ മരുന്നായാലും വെറുതേ വാങ്ങിച്ചു കഴിക്കരുത്. അംഗീകാരമുള്ള ഒരു ഡോക്ടറെ കണ്ട് പരിശോധിച്ച് വേണ്ടുന്ന മരുന്ന് നൽകുമ്പോൾ മാത്രമാണ് പാർശ്വഫലങ്ങളുടെ പ്രശ്നമില്ലാതിരിക്കുക.’’ കേരള ആയുർവേദ ഗവ. മെഡിക്കൽ ഒാഫിസേഴ്സ് അസോസിയേഷൻ രക്ഷാധികാരി ഡോ. എം. ഷർമദ്ഖാൻ പറയുന്നു.
ചില മരുന്നുകൾ നെറ്റ്‌വർക്കിങ് മാർക്കറ്റിങ് രീതിയിലാണ് വിതരണം. ചിലത് കേന്ദ്രഗവൺമെന്റിന്റെ ആയുഷ് പ്രോഡക്റ്റ് എന്ന പേരിലാണ് മാർക്കറ്റ് ചെയ്യുന്നത്. യഥാർഥത്തിൽ ഈ മരുന്നുകൾ ആയുഷ് അംഗീകാരമുണ്ടാവില്ല.
ശരിയായ ചികിത്സ വൈകും
വ്യാജമരുന്നുകളുടെ പിറകേ പോയാൽ ശരിയായ ചികിത്സയ്ക്കുള്ള സമയം വൈകും. പൈൽസ് പോലുള്ള രോഗ ലക്ഷണങ്ങൾക്ക് തട്ടിപ്പു ചികിത്സകളുടെ പിറകേ പോയി സമയം നഷ്ടമാക്കുമ്പോൾ കാത്തിരിക്കുന്നത് മാരക രോഗങ്ങളാകാം.
ഉദാഹരണത്തിന് വൻകുടൽ–മലാശയ അർബുദത്തിന് പൈൽസിന്റേതിനു സമാനമായ ലക്ഷണങ്ങളാണ്. തുടക്കത്തിൽ കണ്ടെത്തിയാൽ പൂർണമായും ഭേദമാക്കാനാകും. പക്ഷേ, പൈൽസാണെന്നു കരുതി വ്യാജചികിത്സയ്ക്ക് പോയി വരുമ്പോഴേക്കും ഈ വിലപ്പെട്ട സമയം നഷ്ടമായിരിക്കും.
‘‘ഈ മരുന്നുകൾ ഗുണം ചെയ്യുമെന്നതിനു തെളിവില്ല. ശാസ്ത്രീയ പഠനങ്ങളും ക്ലിനിക്കൽ ട്രയലുകളുമൊന്നും നടത്താതെ അശാസ്ത്രീയമായി നിർമിക്കുന്ന ഈ മരുന്നുകളിൽ വിഷപദാർഥങ്ങൾ കാണാനും സാധ്യതയേറെയാണ്.
രക്തസമ്മർദത്തിലും തലച്ചോറിലേക്കുള്ള രക്തയോട്ടത്തിലും മാറ്റം വരുത്താനും ഹൃദയപ്രവർത്തനത്തെ തകരാറിലാക്കാനുമൊക്കെ ഇവ കാരണമാകാം. അംഗീകൃത ഡോക്ടറുടെ നിർദേശമില്ലാതെ ഒരു മരുന്നും കഴിക്കരുത്’’ കോലഞ്ചേരി എംഒഎസ്‌സി മെഡി. കോളജിലെ മെഡിസിൻ പ്രഫസർ ഡോ. ടി.എസ്. ഫ്രാൻസിസ് പറയുന്നു.
ഡിമാൻഡ് ലൈംഗികശേഷിക്കുറവിന്
പത്രങ്ങളിലെ തട്ടിപ്പു മരുന്നു പരസ്യങ്ങളേക്കുറിച്ച് ‘കാപ്സ്യൂൾ’ നടത്തിയ പഠനത്തിന്റെ ഫലം ഞെട്ടിക്കുന്നതാണ്. 2019 ഡിസംബർ മാസത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ 272 പരസ്യങ്ങളാണ് വന്നത്. ദിവസവും 80–90 എണ്ണം വീതം. അതിൽ 48 ശതമാനം ലൈംഗികബലഹീനതകൾക്കുള്ളതായിരുന്നു. പ്രമേഹം 11, കുടിനിർത്തൽ 18, പൈൽസ് 6, വാതരോഗങ്ങൾ 5.25, മുടികൊഴിച്ചിൽ 7.36, സൗന്ദര്യപ്രശ്നങ്ങൾ 7.8 ശതമാനം വീതവുമായിരുന്നുപരസ്യങ്ങളുടെ എണ്ണം.
‘‘2018 ലാണ് ഞങ്ങൾ ഇത്തരം പരസ്യങ്ങളുടെ കാര്യത്തിൽ ഇടപെട്ട് തുടങ്ങിയത്. ആദ്യ പഠനത്തിൽ തിരുവനന്തപുരം ജില്ലയിൽ മാത്രം ഒരാഴ്ച വിവിധ പത്രങ്ങളിലായി വന്നത് 571 പരസ്യങ്ങളായിരുന്നു. മൂന്നാമത്തെ പഠനമായപ്പോഴേക്കും അത് 271 ആയി കുറഞ്ഞു.’’ അനിൽകുമാർ പറയുന്നു.
വ്യാജമരുന്നു കമ്പനികളെ പിടിക്കാനുള്ള സംവിധാനം ദുർബലമാണ്. പലതും വാടകയ്ക്കെടുത്ത രണ്ടുമുറി കെട്ടിടത്തിലാകും പ്രവർത്തിക്കുന്നത്. പരാതിയും അന്വേഷണവും വരുമ്പോഴേക്കും ആള് മുങ്ങും. നിലവിൽ ഇത്തരം മരുന്നുകളെ സൗജന്യമായി പരിശോധിക്കാനുള്ള സംവിധാനം ഇല്ല. പരാതി ലഭിക്കുമ്പോഴാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധിക്കുക.ഇത്തരം നിയമലംഘനത്തിനുള്ള ശിക്ഷ വളരെ കുറവാണെന്നതാണ് മറ്റൊരു പ്രശ്നം.
വ്യാജമരുന്നു കമ്പനികൾ മുതലെടുക്കുന്നത് നിസ്സഹായരുടെ ജീവിതപ്രതീക്ഷകളെയാണ്. ഇതു തടയാൻ സർക്കാർ കർശനമായ നിയമനടപടികളുമായി മുന്നോട്ടു വന്നേ മതിയാകൂ.
വിവരങ്ങൾക്ക് കടപ്പാട്;
ഡോ. എം. ഷർമദ്ഖാൻ
രക്ഷാധികാരി, കേരള ആയുർവേദ ഗവ. മെഡിക്കൽ ഒാഫിസേഴ്സ് അസോസിയേഷൻ
ഡോ. ടി.എസ്. ഫ്രാൻസിസ്
മെഡിസിൻ വിഭാഗം
എം ഒ എസ് സി മെഡിക്കൽ കോളജ്, കോലഞ്ചേരി
എം.പി. അനിൽ കുമാർ
കാപ്സ്യൂൾ (ക്യാംപൈൻ എഗയിൻസ്റ്റ് സ്യൂഡോസയൻസ് യൂസിങ്
ലോ ആൻഡ് എത്തിക്സ്)