കോവിഡ് കാലത്ത് സൗജന്യ ചികിത്സയുമായി ഇ സഞ്ജീവനി. ചെറിയ രോഗങ്ങൾക്ക് വീടിന്റെ സുരക്ഷിതത്വത്തിൽ ഇരുന്നു തന്നെ ചികിത്സ ലഭിക്കാനുള്ള സംവിധാനമാണ് ഇ സഞ്ജീവനി പോർട്ടൽ. ഒരു മൊബൈലോ കംപ്യൂട്ടറോ ഉണ്ടെങ്കിൽ ഡോക്ടറെ വിഡിയോ കോളിലൂടെ കണ്ട് ചികിത്സ തേടാം.
റജിസ്റ്റർ ചെയ്യാൻ
https://esanjeevaniopd.in/kerala എന്ന വെബ്സൈറ്റിൽ കയറി റജിസ്റ്റർ ചെയ്യാം. വെബ്കാമിലൂടെ ഡോക്ടറെ കണ്ടു സംസാരിക്കാം.
അല്ലെങ്കിൽ മൊബൈലിൽ പ്ലേ സ്േറ്റാറിൽ നിന്നും ഇസഞ്ജീവനി ആപ്പ് ഡൗൺലോഡ് ചെയ്യാം. ഒടിപി നൽകി പേരും വയസ്സും വിലാസവും ചികിത്സാരേഖകളും നൽകി റജിസ്റ്റർ ചെയ്യാം. ഓ ടി പി ലഭിച്ചില്ലെങ്കിൽ വീണ്ടും ലഭിക്കാനായി പ്രസ് ബട്ടൺ അമർത്തുക
തുടർന്ന് ജനറേറ്റ് പേഷ്യന്റ് ഐഡി ടോക്കൺ നമ്പർ എന്നതിൽ ക്ലിക്ക് ചെയ്യുക. മൊബൈലിൽ വരുന്ന ഐഡിയും ടോക്കൺ നമ്പറും ടൈപ്പ് ചെയ്യുമ്പോൾ നിങ്ങൾ വിർച്വൽ ക്യൂവിലാകും.. വലിയ തിരക്കില്ലെങ്കിൽ ഒരു മിനിറ്റിനുള്ളിൽ തന്നെ ഡോക്ടറെ കാണാം. തിരക്കുണ്ടെങ്കിൽ വീണ്ടും ലോഗിൻ ചെയ്യേണ്ട സമയം നൽകും. ആ സമയത്ത് ലോഗിൻ ചെയ്ത് ഡോക്ടറെ കാണാം. രോഗത്തിന്റെ വിശദാംശങ്ങൾ കേട്ട ശേഷം ഡോക്ടർ മരുന്നു കുറിക്കും. ആ കുറിപ്പടി ഡൗൺലോഡ് ചെയ്യാം.
രാവിലെ എട്ടു മുതൽ വൈകിട്ട് എട്ടു വരെയാണ് ഒപി സമയം. നിലവിൽ ജനറൽ മെഡിസിൻ ഒപിയാണ് പ്രധാനമായുള്ളത്. ജീവിതശൈലീരോഗങ്ങൾക്കുള്ള ഒപി സൗകര്യവും ലഭ്യമാണ്. ആർസിസി, തിരുവനന്തപുരത്തെ ഡയബറ്റിക് റിസർച്ച് സെന്റർ, മലബാർ കാൻസർ സെന്റർ, ഇംഹാൻസ് എന്നീ സ്ഥാപനങ്ങളൊക്കെ പദ്ധതിയുടെ ഭാഗമാണ്.
അതാതു ജില്ലകളിലുള്ള ഡോക്ടർമാരെ തന്നെയാണ് ചികിത്സയ്ക്ക് നിയോഗിക്കുക. ഡോക്ടർ നിർദേശിച്ചാൽ മാത്രം ആശുപത്രിയിൽ പോയാൽ മതി.
ജൂൺ ആദ്യമാണ് കേരളത്തിൽ ഈ പദ്ധതി ആരംഭിച്ചത്. ദേശീയതലത്തിലുള്ള ഈ പ്ലാറ്റ്ഫോമിൽ മിക്കവാറും എല്ലാ സംസ്ഥാനങ്ങളും ഭാഗമാണ്.
കൂടുതൽ വിവരങ്ങൾക്ക്
ദിശ നമ്പര്‍ : +91-04712552056
ടോള്‍ ഫ്രീ നമ്പര്‍ : 1056