എന്നെ അറിയുമോ?... ഒരു വിവാഹചടങ്ങിൽ വച്ച് ഏതാണ്ട് അറുപതിനോടടുത്ത് പ്രായമുള്ള ഒരു സ്ത്രീ മുന്നിൽ വന്നു ചോദിച്ചു. ഓർമകളിൽ എത്ര പരതിയിട്ടും അയാൾക്ക് ആളിനെ പിടികിട്ടുന്നില്ല. പക്ഷേ എവിടെയോ കണ്ടിട്ടുണ്ട്. ആ കണ്ണുകളിൽ തെളിഞ്ഞുനിൽക്കുന്ന പരിചയഭാവം ചിന്താക്കുഴപ്പത്തിലാക്കി. ‘‘എനിക്കറിയാം.. പക്ഷേ ഓർമ വരുന്നില്ല’’–തോൽവി സമ്മതിച്ചു കൊണ്ടു പറഞ്ഞു.
‘‘എടാ.. ഞാൻ അശ്വിനിയാണ്, നിന്റെ ഒപ്പം കോളേജിൽ പഠിച്ചത്’’. അവൾ അതു വെളിപ്പെടുത്തിയപ്പോൾ ഞെട്ടിപ്പോയി, വല്ലാത്ത കുറ്റബോധം തോന്നി. കാരണം കോളജുകാലത്തെ പ്രിയപ്പെട്ട കൂട്ടുകാരായിരുന്നു അശ്വിനിയും ആനന്ദും. അന്ന് കോളജിലെ അറിയപ്പെടുന്ന പ്രണയജോഡികൾ. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പഠനം കഴിഞ്ഞ ഉടനെ തന്നെ അവർ ഒളിച്ചു പോയി വിവാഹവും കഴിച്ചു. തുടർന്ന് കേരളം വിട്ടു. ഡൽഹിയിലും മുംബൈയിലും ഒക്കെയായിരുന്നു എന്നു കേട്ടു. പിന്നീട് അവരുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. കുറച്ചുവർഷങ്ങൾ കഴിഞ്ഞ് എങ്ങനെയോ അറിഞ്ഞു ആനന്ദ് അപകടത്തിൽ മരിച്ചുവെന്ന്. അശ്വിനിയെക്കുറിച്ച് സുഹൃത്തുക്കൾ അന്വേഷിച്ചുവെങ്കിലും വിവരമൊന്നും കിട്ടിയില്ല. കോളജ് പഠനം കഴിഞ്ഞ് 20 വർഷത്തിനു ശേഷമാണ് ഇപ്പോൾ കാണുന്നത്.
ഇത്രയും അടുത്ത കൂട്ടുകാരിയെ തിരിച്ചറിയാതെ പോയതിൽ അയാൾ അവളോടു മാപ്പുപറഞ്ഞു. പക്ഷേ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു, ‘‘മൂന്നു വർഷം മുന്‍പാണ് നാട്ടിലേക്കു വന്നത്. എന്നെ കണ്ട അമ്മ പോലും തിരിച്ചറിയാൻ പാടുപെട്ടു. പിന്നല്ലേ നീ.. എന്റെ ജീവിതം അങ്ങനെ ആയിരുന്നെടാ.’’. അവൾ സങ്കടത്തെ ചിരിയിലൊളിപ്പിച്ചു പറഞ്ഞു.
ആനന്ദിന്റെ മരണം ഏൽപ്പിച്ച ആഘാതം, ജോലിയില്ലാതെ രണ്ടു കുട്ടികളേയും വളർത്തണ്ടിവന്ന അവസ്ഥ, സഹായിക്കാൻ ആരുമില്ലാത്ത സാഹചര്യം, ആത്മഹത്യയെക്കുറിച്ച് വരെ ആലോചിച്ച നാളുകൾ.. പിന്നെ പടിപടിയായി ബാധിച്ച പ്രമേഹം, അങ്ങനെ നൊമ്പരപ്പെടുത്തുന്ന ഒരുപാടുകാര്യങ്ങൾ...അവൾ പറഞ്ഞു. അശ്വിനിയുെട യഥാർത്ഥ പ്രായത്തെക്കാൾ പതിനഞ്ച്് –ഇരുപത് വയസ്സെങ്കിലും അവർക്ക് കൂടുതൽ തോന്നിക്കും.

മനസ്സിെന്റ കയ്യൊപ്പ്
അശ്വിനിയുെട രൂപവും ഭാവവും അവളുെട യഥാർഥ പ്രായത്തിന്റേതല്ല. മനസ്സിനെ ബാധിച്ച വാർധക്യം ശരീരത്തിലേൽപിക്കുന്ന അടയാളങ്ങളാണ് അവ. ഇതുപോലെ ചെറുപ്പത്തിലേ തന്നെ മനസ്സുകൊണ്ട് പ്രായമേറിപ്പോകുന്നവരുണ്ട്. എന്നാൽ വാർധക്യമെത്തിയിട്ടും യുവാക്കളെ പോലെ ചുറുചുറുക്കും യൗവനഭാവങ്ങളുമായി ജീവിക്കുന്നവരുമുണ്ട്. എന്താണ് അവരുടെ യൗവന രഹസ്യം?.
മനസ്സിൽ തീരുമാനിക്കുന്നതാണ് നമ്മുെട പ്രായം. തീരുമാനം മാത്രം പോരാ. അതിൽ വിശ്വസിക്കണം, ആ വൈകാരികാനുഭവം മനസ്സിലേക്ക് കൊണ്ടുവരണം. അപ്പോൾ ശരീരവും ചുറ്റുപാടുകളും അതിനനുസൃതമായി മാറുന്നതു കാണാം. കൂടുതൽ വ്യായാമം ചെയ്യാനും, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാനും മനസ്സിനെ ആനന്ദത്താൽ നിറയ്ക്കാനും ഒക്കെയുള്ള ശ്രമങ്ങൾ അപ്പോഴുണ്ടാകും. ഒപ്പം ശരീരസൗന്ദര്യം വളരെ പ്രധാനമാണെന്ന് സ്വയം വിശ്വസിക്കുക. അതിനനുസരിച്ച് മാറ്റങ്ങളുണ്ടാകും.
പ്രായം നാലുവിധം
എത്ര പ്രായമായി? എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമാണ് നമുക്കുള്ളത്. ശാസ്ത്രീയമായി വിലയിരുത്തിയാൽ പ്രായം നാലു വിധത്തിലുണ്ട്.
1. ക്രോണോളജിക്കൽ ഏജ് (കാലികമായ പ്രായം): ഒരു വ്യക്തി ജനിച്ചിട്ട് എത്ര വർഷം ആയി എന്നുള്ളതാണ് ക്രോണോളജിക്കൽ ആയ പ്രായം. ജനനതീയതി മുതൽ ഇന്നേയ്ക്ക് ആയ വയസ്സ്. എന്നാൽ അതേ പ്രായത്തിലുള്ള എല്ലാവരും കാഴ്ചയിൽ ഒരുപോലല്ല, ആരോഗ്യത്തിലും ചുറുചുറുക്കിലും ആയുർദൈർഘ്യത്തിലുമൊന്നും ഒരുപോലല്ല. അപ്പോൾ ഒരാളുെട യഥാർഥപ്രായം ജനനതീയതി വച്ചു മാത്രം കണക്കാക്കുന്നത് ഉചിതമാകില്ല.
2. ഇമോഷണൽ ഏജ് (വൈകാരികമായ പ്രായം): ഒരു വ്യക്തിയുടെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹം എങ്ങനെ പെരുമാറുന്നു എന്നതിനെ അടിസ്ഥാനമാക്കി മറ്റുള്ളവർക്കു തോന്നുന്ന പ്രായമാണ് വൈകാരികമായ പ്രായം.
3. ബയോളജിക്കൽ ഏജ് (ജീവശാസ്ത്രപരമായ പ്രായം): നമ്മുടെ ശരീരം ആന്തരികമായി എത്ര ആരോഗ്യത്തോടെ പ്രവർത്തിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയുള്ള പ്രായമാണ് ബയോളജിക്കൽ ഏജ്. ആന്തരികാവയവങ്ങളുെട പ്രവർത്തനശേഷി അളക്കുന്നതിലൂെട ഈ പ്രായം നിർണയിക്കാനാകും. വ്യായാമം, ധ്യാനം, ശരിയായ ഭക്ഷണരീതി, രോഗപ്രതിരോധം തുടങ്ങിയ ആരോഗ്യപരമായ പ്രവർത്തനങ്ങളിലൂടെ 10 മുതൽ 15 വർഷം വരെയെങ്കിലും നമ്മുടെ ബയോളജിക്കൽ ഏജിനെ പിന്നോട്ടു കൊണ്ടുപോകാനാകും.
4.സൈക്കോളജിക്കൽ ഏജ് (മാനസിക പ്രായം): എത്ര പ്രായം ഉണ്ട് എന്ന് നമുക്ക് സ്വയം തോന്നുന്നു എന്നുള്ളതാണ് സൈക്കോളജിക്കൽ ഏജ്. നമ്മുടെ വിശ്വാസവും മനോനിലയുമൊക്കെ ഇതിന് അടിസ്ഥാനമാണ്.
ആൻറി ഏജിങ് സൈക്കോളജി വാർധക്യത്തെ നീട്ടി വയ്ക്കാൻ സഹായിക്കുന്ന മനശ്ശാസ്ത്ര മേഖലയാണ് ആൻറി ഏജിങ് സൈക്കോളജി. പൊസിറ്റീവ് സൈക്കോളജിയുടെ ഒരു ഭാഗം കൂടിയാണിത്.
ഈ പുതിയ മനശ്ശാസ്ത്ര മേഖല വാർദ്ധക്യത്തെക്കുറിച്ചും ജീവിതത്തേയും ജീവിത ലക്ഷ്യങ്ങളെയും കുറിച്ചും ശാരീരിക–മാനസിക ശേഷികളെക്കുറിച്ചുമെല്ലാം പുനർവിചിന്തനം ചെയ്യുന്നു. അതിലൂെട വാർധക്യഫലങ്ങളെ പ്രതിരോധിക്കുകയും യൗവനം തിരിച്ചുപിടിക്കാൻ സഹായിക്കുകയും ചെയ്യും. മനസ്സിലാകെ യൗവനോർജം നിറച്ച് അതിലൂടെ സൈക്കോളജിക്കൽ ഏജും തുടർന്ന് ബയോളജിക്കൽ ഏജും കുറച്ചുകൊണ്ടുവരാൻ സഹായിക്കുക എന്നതാണ് ആന്റി ഏജിങ് സൈക്കോളജിയുെട ലക്ഷ്യം.പ്രായാധിക്യത്തെ പ്രതിരോധിക്കാനും സാധിക്കുന്നു.

ആൻറി ഏജിങ് എബിസി
മനോഭാവം (ആറ്റിറ്റ്യൂഡ്), വിശ്വാസം (ബിലീഫ്) പൊരുത്തപ്പടാനുള്ള കഴിവ് (കോപ്പിങ് സ്കിൽസ്) എന്നീ മൂന്നു കാര്യങ്ങളാണ് മാനസികമായ ആന്റി ഏജിങ് പ്രക്രിയയുെട എബിസി എന്നറിയപ്പെടുന്ന അടിസ്ഥാന കാര്യങ്ങൾ.
1. ആറ്റിറ്റ്യൂഡ് (മനോഭാവങ്ങൾ):
വികസിപ്പിക്കുക എന്നതാണ് ഒന്നാമത്തെ ലക്ഷ്യം. ശുഭാപ്തിവിശ്വാസം, കൃതജ്ഞത പ്രകടിപ്പിക്കുന്നശീലം (ഗ്രാറ്റിറ്റ്യൂഡ്) എന്നിവയാണ് പ്രായത്തെ കുറയ്ക്കാൻ ഏറ്റവും സഹായിക്കുന്ന മനോഭാവങ്ങൾ. ലക്ഷ്യബോധത്തോടെ മുന്നേറുക, ജീവിതകാലം മുഴുവൻ മാറ്റങ്ങൾക്കായി പഠിച്ചുകൊണ്ടിരിക്കുക എന്നതും മനോഭാവം യൗവനമുള്ളതാക്കും.
2. വിശ്വാസം (ബിലീഫ്):
ആത്മവിശ്വാസം മാത്രമല്ല ഈശ്വരവിശ്വാസം ഉൾപ്പെടെ ഏതു വിശ്വാസവും മനസ്സിനു യൗവനം നൽകും. വിശ്വാസത്തോടെ പുതിയ സുഹൃത്തുക്കളെ സമ്പാദിക്കുക, ജീവിതകാലം മുഴുവൻ സന്തോഷത്തോടെ യും ആരോഗ്യകരമായും ജീവിക്കാൻ കഴിയുമെന്ന് വിശ്വസിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം വിശ്വാസ പരിധിയിൽ വരും.
3. കോപ്പിങ് സ്കിൽസ്:
ജീവിതത്തിലെ അനിഷ്ടകരമായ മാറ്റങ്ങൾ, നഷ്ടങ്ങൾ, പ്രിയപ്പെട്ടവരുടെ മരണം, ജോലി നഷ്ടപ്പെടൽ തുടങ്ങിയവയോട് വേഗത്തിൽ പൊരുത്തപ്പെടാനും അവയെ മാനസികമായി മറികടക്കാനുമുള്ള കഴിവാണ് കോപ്പിങ് സ്കിൽസ്. ലക്ഷ്യബോധം തന്നെ അടിക്കടി മാറിക്കൊണ്ടിരിക്കുന്നതു പോലുള്ള സാഹചര്യങ്ങളോടും പൊരുത്തപ്പെടേണ്ടതുണ്ട്. ബോധപൂർവം തന്നെ ഇത്തരത്തിൽ പൊരുത്തപ്പെടാനാകും.
ആന്റി ഏജിങ് എബിസി മെച്ചപ്പെടുത്തുന്നവരിൽ യൗവനം തിരിച്ചുവരുന്നതു കാണാം. പിരിമുറുക്കം കുറച്ചാൽപ്രായത്തെ നേരിട്ടു ബാധിക്കുന്ന പ്രധാന മാനസികഘടകം പിരിമുറുക്കമാണ്. കടുത്ത പിരിമുറുക്കം ഉണ്ടാക്കിയ മൂന്ന് സംഭവങ്ങൾ ഒരു വർഷത്തിനുള്ളിൽ ഉണ്ടായവരിൽ ഒരു പഠനം നടത്തുകയുണ്ടായി. അവയെ ഫലപ്രദമായി അതിജീവിക്കാനോ അതിനോട് പൊരുത്തപ്പെടാനോ കഴിയാതെ പോയവരുടെ ബയോളജിക്കൽ ഏജ് 10 മുതൽ 15 വർഷത്തോളം വർദ്ധിച്ചുവെന്ന് ഗവേഷകർ പറയുന്നു.
ഹോർമോൺ മുതൽ കോശങ്ങളുെട ഡിഎൻഎ യിൽ വരെ ഉണ്ടാക്കുന്ന മാറ്റങ്ങളിലൂടെയാണ് പിരിമുറുക്കവും ഉൽകണ്ഠയും പോലുള്ള പ്രശ്നങ്ങൾ പ്രായം വർദ്ധിപ്പിക്കുന്നത്. പ്രായം ഉയരുന്നതിന് കാരണമായി കണ്ടെത്തിയ ഡിഎൻഎയുടെ വാലറ്റത്തിന്റെ ചുരുക്കവേഗം പിരിമുറുക്കം അനുഭവിക്കുന്നവരിൽ കൂടുന്നതായി കണ്ടെത്തിയിട്ടുണ്ട്.
പിരിമുറുക്കം ബാധിച്ച ഒരാളുടെ ബയോളജിക്കൽ ഏജ് വർദ്ധിക്കുന്നു. ശാരീരികമായോ മാനസികമായോ ഒരു കടുത്ത പിരിമുറുക്കത്തിന് ശരീരം വിധേയമാകുമ്പോൾ. അഡ്രിനൽ ഗ്ലാൻഡ്, കോർട്ടിസോൾ പോലെയുള്ള സ്റ്റീറോയ്ഡ്സ് അധികമായി ഉൽപാദിപ്പിക്കാൻ തുടങ്ങും. മാത്രമല്ല ഡിഎൻഎയെ ബാധിക്കുന്ന ഇൻറർലൂക്കിൻ 6 എന്ന രാസപദാർത്ഥത്തിന്റെ അളവും ശരീരത്തിൽ ഉയരും.
ദീർഘകാലമായുള്ള പിരിമുറുക്കം തലച്ചോറിനെയും ബാധിക്കുന്നതായാണ് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്. അൽസ്ഹൈമേഴ്സ് പോലുള്ള രോഗസാധ്യത പിരിമുറുക്കം അനുഭവിക്കുന്ന ജോലികളിലേർപ്പെടുന്നവരിൽ വർധിക്കുന്നു. പിരിമുറുക്കത്താൽ പ്രായമേറുന്ന അവസ്ഥ സ്ത്രീകളിലാണ് കൂടുതൽ പ്രകടമെന്നു ഗവേഷണങ്ങൾ പറയുന്നു. തെറ്റായ ഭക്ഷണശീലം , വ്യായാമമില്ലായ്മ, മദ്യപാനം, പുകവലി തുടങ്ങി പ്രായം വർധിപ്പിക്കുന്ന പല ശീലങ്ങളും പിരിമുറുക്കത്തിന്റെ അനന്തരഫലമായും സംഭവിക്കാം.

ചുളിവു മാറ്റാനും ധ്യാനം
ഏതു പ്രായത്തിലും കൂടുതൽ ചെറുപ്പമായ ജീവിതത്തിലേക്കു തിരിച്ചുപോകാനുള്ള മികച്ച മാർഗങ്ങളാണ് ധ്യാനവും വ്യായാമവും. ദിവസവും പത്ത് മുതൽ മുപ്പത് മിനിട്ടുവരെ ചെയ്യുന്ന മെഡിറ്റേഷൻ അഥവാ ധ്യാനമാർഗങ്ങൾ പ്രായത്തെ പിന്നോട്ടു കൊണ്ടു പോകാൻ ഏറെ സഹായിക്കും. പ്രായമേറുന്നതിനു കാരണമാകുന്ന ഡിഎൻഎ പ്രവർത്തനത്തിെന്റ വേഗം കുറച്ചാണ് പ്രായമേറുന്ന പ്രക്രിയയെ ധ്യാനം സാവധാനത്തിലാക്കുന്നത്. ഒപ്പം ശരീരത്തിലെ ഹോർമോൺ സന്തുലനത്തിനും ഏറെ സഹായിക്കുന്നു.
ധ്യാനം ശരീരപേശികളെ റിലാക്സ് ചെയ്യുന്ന പ്രക്രിയയാണ്. ഇതു ചുളിവുകളെ അപ്രത്യക്ഷമാക്കുന്ന ബോട്ടോക്സ് ചികിത്സയ്ക്കു സമാനമായ ഫലം ദീർഘകാലം കൊണ്ടു നൽകുന്നു. ഉറക്കം മെച്ചപ്പെടുത്തുന്നു, രക്തസമ്മർദം കുറയ്ക്കുന്നു, മനസ്സിനു കൂടുതൽ സന്തോഷമേകുന്നു തുടങ്ങിയ ഗുണഫലങ്ങൾ പ്രായം കുറയ്ക്കാൻ സഹായിക്കും.