നാവിന്റെ രുചി നമുക്ക് പ്രധാനമാണ്. എന്നാൽ ആമാശയത്തെ മറന് നാവിന്റെ രുചിക്കു പിന്നാലെ പോയാലോ? അതു അപകടമാണ്.
ഭക്ഷണ വിഭവങ്ങളുടെ കോമ്പിനേഷനുകളും കഴിക്കുന്ന രീതിയും എല്ലാം അപകടം ക്ഷണിച്ചു വരുത്തും. എന്തു കാര്യമായാലും അടുക്കും ചിട്ടയോടും കൂടി ചെയ്താൽ നല്ല ഫലം ലഭിക്കും. അതുപോലെ തന്നെയാണ് ഭക്ഷണത്തിന്റെ കാര്യത്തിലും . നമ്മുടെ ആരോഗ്യത്തിന് ഗുണകരമായ രീതികൾ മനസ്സിലാക്കാം.
• പ്ലേറ്റിലെ വിഭവങ്ങൾ വാരിവലിച്ചു കഴിക്കരുത്. ഇതു ദഹനക്കേടിന് കാരണമാകും. ഭക്ഷണം ചവയ്ക്കാതെ വിഴുങ്ങുന്നതും ആമാശയത്തിനു ദോഷം തന്നെ. ഭക്ഷണം സാവധാനം ചവച്ചരച്ച് കഴിക്കണം . ചവയ്ക്കുമ്പോൾ വായിൽ ഉണ്ടാകുന്ന ഉമിനീര് ഭക്ഷണത്തെ പകുതി ദഹിപ്പിക്കാൻ സഹായിക്കുന്നു. പെട്ടെന്നു കഴിക്കുന്നതു കൊണ്ട് നമുക്ക് വേണ്ടതിലും കൂടുതൽ അളവ് ഭക്ഷണം അകത്തു ചെല്ലും.
• ഭക്ഷണത്തിനിടെ ധാരാളം വെള്ളം കുടിക്കുന്നത് ദഹനത്തെ ബാധിക്കുമെന്നാണ് പുതിയ കണ്ടെത്തലുകൾ. ഇടയ്ക്ക് വെള്ളം കുടിക്കുന്നത് ദഹനത്തിന് സഹായിക്കുന്ന എൻസൈമുകളുടെ പ്രവർത്തനത്തെ മന്ദഗതിയിലാക്കും. അങ്ങനെ ദഹനപ്രക്രിയ വൈകുന്നു. ഭക്ഷണശേഷം വെള്ളം കുടിക്കുന്നതാണ് ഉത്തമം.
• നല്ല വിശപ്പുണ്ടെങ്കിലും വയർ നിറയെ ഭക്ഷണം കഴിക്കുന്നത് ദോഷകരമാണ്. വയർ 80 ശതമാനം നിറഞ്ഞാൽ മതിയെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വയർ നിറഞ്ഞാൽ ദഹനേന്ദ്രിയങ്ങളുടെ ജോലിഭാരം കൂടും. അങ്ങനെ ദഹനം വൈകും.
• ഭക്ഷണം കഴിക്കാൻ സമയം പാലിക്കുന്നത് നല്ലതു തന്നെ. എന്നാൽ രാവിലെ വൈകി പ്രാതൽ കഴിച്ച് ഊണ് 12 മണിക്ക് കഴിക്കുന്നതും ശരിയല്ല. സാധാരണ ഭക്ഷണം ദഹിക്കാൻ രണ്ടര മണിക്കൂർ വേണം. ചപ്പാത്തിയോ ചോറോ ആണെങ്കിൽ നാല് മണിക്കൂറും. ഭക്ഷണം ദഹിപ്പിക്കാനുള്ള സമയം നൽകാതെ വീണ്ടും വീണ്ടും കഴിച്ചു കൊണ്ടിരുന്നാൽ ദഹിക്കാൻ പ്രയാസമാകും. വിശക്കുമ്പോൾ മാത്രം കഴിക്കുക. പക്ഷെ മൂന്നു നേരത്തെ പ്രധാന ഭക്ഷണത്തിന്റെ സമയം തെറ്റാതെ നോക്കുക. ഇതിനിടെ വിശക്കുകയാണെങ്കിൽ സ്നാക്ക്സ് കഴിക്കാം. പഴങ്ങളോ നട്സോ പോലെ എന്തെങ്കിലും.
• ഇരുന്നു തന്നെ കഴിക്കണം. സോഫയിൽ കിടന്നുകൊണ്ട് ഭക്ഷണം കൊറിക്കുന്ന ശീലം വേണ്ട. നന്നായി നിവർന്ന് ഇരുന്നു വേണം കഴിക്കാൻ.
• നന്നായി ചവച്ചരച്ച് കഴിക്കുന്നതു പോലെ പ്രധാനമാണ് വായ് അടച്ചു പിടിച്ചു ചവയ്ക്കുന്നതും. വായ് തുറന്നു ചവയ്ക്കുമ്പോൾ അന്തരീക്ഷത്തിലെ വായു കൂടി ഭക്ഷണത്തിനൊപ്പം അകത്തു കടക്കും. ഇതു വയറിൽ ഗ്യാസ് നിറഞ്ഞതായുള്ള പ്രതീതി ജനിപ്പിക്കും.