അന്നു വലിയ തിരക്കില്ലാത്ത ദിവസമായിരുന്നു. ഇനി രോഗികളാരുമില്ല എന്നു സിസ്റ്റർ പറഞ്ഞപ്പോഴേ മനസ്സിലൊരു ലഡ്ഡു പൊട്ടി. കുറേനാളായി മക്കൾ പരാതി പറയുന്നു–പാർക്കിലും സിനിമയ്ക്കുമൊന്നും അച്ഛൻ കൂടെ വരുന്നില്ലെന്ന്. ഇന്ന് പരാതി തീർത്തുകളയാം.
അര മണിക്കൂറു കൂടി കഴിഞ്ഞിട്ട് രോഗികളൊന്നും ഇല്ലെങ്കിൽ ഇന്നത്തെ ഒ.പി. ക്ലോസ്സ് ചെയ്യാം എന്നു സിസ്റ്ററോട് പറഞ്ഞു ശട്ടംകെട്ടി. ഒരു മെഡിക്കൽ ജേണലിലേക്ക് മുഖം പൂഴ്ത്തിയപ്പോഴാണ് വാതിലിൽ മുട്ടുകേട്ടത്.
‘‘ഡോക്ടറെ ഒരു പേഷ്യന്റുണ്ട്’’
ആരാ എന്നു ചോദിക്കുംമുമ്പേ ഒരു മുഖം വാതിൽ വിടവിൽ പ്രത്യക്ഷപ്പെട്ടു. സ്ഥലം പഞ്ചായത്ത് മെമ്പറാണ്.കരുണാനിധി സ്്റ്റൈലിൽ വലിയൊരു കട്ടിക്കണ്ണട വച്ചിട്ടുണ്ട്.
ഇതാര് ജേക്കബ് ചേട്ടനോ? എന്തുപറ്റി കണ്ണടയൊക്കെ വച്ച്?
ഒാ, ഒന്നും പറയണ്ട ഡോക്ടറേ...ഇതിപ്പോൾ ഈ മാസം തന്നെ മൂന്നാമത്തെ തവണയാ ആശുപത്രീൽ കയറുന്നെ...ആദ്യം പനി, പിന്നെ തൊണ്ടവേദന, ഇപ്പോൾ കണ്ണിലസുഖം..
മെമ്പർക്ക് പ്രതിരോധശേഷി കുറവായതാണ് കാരണം. പിന്നെ എപ്പോഴും ആളുകളോട് ഇടപഴകുന്ന ജോലിയല്ലേ? അപ്പോൾ സ്വാഭാവികമായും രോഗങ്ങൾ പകരാനുള്ള സാധ്യത കൂടും.
അതെന്താ ഡോക്ടറെ ചിലർക്ക് മാത്രം പ്രതിരോധശേഷി കുറവ്?
മെമ്പറ് മുന്നോട്ടാഞ്ഞിരുന്നു...ഇന്നത്തെ സിനിമയ്ക്കുപോകലും പാർക്കുപരിപാടിയുമൊക്കെ കാൻസൽ... ഇത്ര ജിജ്ഞാസുവായ ഒരു രോഗിയെ അതും പൊതുപ്രവർത്തകനെ പിണക്കേണ്ടെന്നു കരുതി ഞാൻ പൊടുന്നനെ അധ്യാപക കുപ്പായമണിഞ്ഞു.
ഈ പ്രതിരോധശേഷി എന്നുപറയുന്നത് ഒരു പരിധിവരെ ജനിതകമായി കിട്ടുന്നതാണ്. നല്ല ആരോഗ്യവും പ്രതിരോധശേഷിയമുമുള്ള അമ്മയ്ക്കുണ്ടാകുന്ന കുട്ടിക്ക് സ്വാഭാവികമായും മികച്ച പ്രതിരോധശേഷി ഉണ്ടായിരിക്കും. ക്ഷയരോഗം, കുഷ്ഠം എന്നിവയൊക്കെ കുടുംബങ്ങളിൽ കണ്ടുവരുന്നത് ഈ ജനറ്റിക് മേക്കപ് മൂലമാണ്. ബാക്കി നല്ലൊരു ശതമാനം ആർജിച്ചെടുക്കുന്ന പ്രതിരോധശേഷിയാണ്. മുലപ്പാൽ കുടിച്ചുവളരുന്ന കുട്ടികൾക്ക് പ്രതിരോധശേഷിയായിരിക്കും. അതുകൊണ്ടാണ് ആദ്യത്തെ ആറു മാസം കുട്ടികൾക്ക് നിർബന്ധമായും മുലപ്പാൽ നൽകണമെന്നു പറയുന്നത്. നല്ല പോഷകാഹാരം കഴിച്ച് ആരോഗ്യകരമായ സാഹചര്യങ്ങളിൽ വളരുന്ന കുട്ടികളും രോഗങ്ങളേ എതിരിടാൻ കരുത്തുള്ളവരായിരിക്കും. വാക്സിനുകൾ എടുക്കുന്നതു വഴിയും ചില പ്രത്യേക രോഗങ്ങളോട് നമ്മൾ പ്രതിരോധശേഷിയുള്ളവരാകുന്നു. ഇനി, ചിക്കൻപോക്സ് പോലുള്ള ചില രോഗങ്ങൾ ഒരിക്കൽ വന്നാൽ ആ രോഗത്തിനെതിരെയുള്ള പ്രതിരോധശേഷി ശരീരം സ്വയം ആർജിച്ചെടുക്കും.
‘‘പനിക്കെതിരെയുമൊക്കെ പ്രതിരോധശേഷി ആർജിക്കാനായിരുന്നെങ്കിൽ ഈ ഡെങ്കിപ്പനിയൊന്നും രണ്ടും മൂന്നും തവണ വന്ന് ആളുകൾ മരിക്കില്ലായിരുന്നു...അല്ലേ ഡോക്ടറെ? കഴിഞ്ഞ വർഷമൊക്കെ എത്ര പേരാ മരിച്ചത്? അതും പനി വന്ന്...’’
നമ്മുടെ ശരീരത്തിനു പ്രതിരോധശേഷി കുറഞ്ഞിരുന്നാലും ചില മുൻകരുതലുകളെടുത്താൽ പകർച്ചവ്യാധികളെ പേടിക്കേണ്ട കാര്യമൊന്നുമില്ല മേമ്പറേ...
‘‘ഡോക്ടറ് എന്താ പറഞ്ഞുവരുന്നതെന്നു മനസ്സിലായി...മാലിന്യനിർമാർജനമല്ലേ? കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ടു പെരുകി പകർച്ചവ്യാധികൾ പടരുന്നതിനേക്കുറിച്ച് ഞങ്ങളും ലഘുലേഖയൊക്കെ കൊടുത്തതാ...’’
കൊതുകു പരത്തുന്ന രോഗങ്ങളെ തടയാൻ അതു മതിയാകും. പക്ഷേ, പകർച്ചവ്യാധികളെ നിയന്ത്രിക്കാൻ നമ്മൾ ചെയ്യേണ്ട വേറെ ചില ചെറിയ കാര്യങ്ങളുണ്ട്. പകർച്ചവ്യാധികൾ പകരുന്നത് പ്രധാനമായും രീതിയിലാണ്. വായുമാർഗം, രോഗബാധിതരിൽ നിന്നുള്ള തുമ്മലോ ചുമയോ വഴി സ്രവങ്ങൾ വായുവിൽ കലർന്ന്, ചർമവുമായുള്ള സ്പർശനത്തിലൂടെ, ഭക്ഷണത്തിലൂടെയും ജലത്തിലൂടെയും എലി, ചെള്ള് പോലുള്ള രോഗവാഹികൾ വഴിയും, രക്തം പോലുള്ള ശരീരദ്രവങ്ങളിലൂടെയും രോഗബാധിതരുടെ മലമൂത്ര വിസർജനങ്ങളുമായി ബന്ധപ്പെടാൻ ഇടയാകുന്നതുവഴിയും.
നമ്മുടെ പല ചീത്ത ശീലങ്ങളും ഇത്തരം മാർഗങ്ങളിലൂടെയുള്ള രോഗപ്പകർച്ചയ്ക്ക് കാരണമാകുന്നുണ്ട്. ഉദാഹരണത്തിന് തുമ്മലും ചുമയും. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും രോഗാണുക്കളടങ്ങിയ സ്രവം പുറത്തേക്കു തെറിക്കുന്നുണ്ട്. തുള്ളികളായാണെൽ ഏതാണ്ട് ഒരു മീറ്റർ ദൂരംവരെയെത്തും. ചെറു കണങ്ങൾ ഏറെ ദൂരം സഞ്ചരിക്കുമെന്നു മാത്രമല്ല മണിക്കൂറുകളോളം വായുവിൽ തങ്ങിനിൽക്കുകയും ചെയ്യും. അവ നമ്മൾ ശ്വസിക്കുന്ന വായുവിലൂടെ ഉള്ളിലെത്തി നമ്മെയും രോഗിയാക്കും.
‘‘ഇതൊക്കെ കൊച്ചുകുട്ടികൾക്കു പോലും അറിയില്ലേ? എല്ലാരും കൈ കൊണ്ട് വായ മൂടിയല്ലേ ചുമയ്ക്കാറുള്ളൂ...ഡോക്ടറെ.?’’
അവിടെയാണ് പ്രശ്നം...കൈകൊണ്ട് വായ മൂടി ചുമച്ചാലും തുമ്മിയാലും ആ അണുക്കൾ പുറത്തേക്കു പോകില്ല. എന്നാൽ, ആ കൈ കഴുകാതെയാണ് അയാൾ മെമ്പർക്ക് ഹസ്തദാനം തരുന്നതെങ്കിലോ?
ആ ട്വിസ്റ്റിന്റെ സാധ്യതയോർത്ത് മെമ്പറുടെ നെറ്റി ചുളിഞ്ഞു.
‘‘അതുകൊണ്ടാണ് എപ്പോഴും വായ ടവൽ കൊണ്ടു മൂടി ചുമയ്ക്കണമെന്നു പറയുന്നത്. ടവ്വൽ കിട്ടിയില്ലെങ്കിൽ കൈ മടക്കി മുഖത്തോട് ചേർത്തുവയ്ക്കണം. ബെൻഡ് എൽബോ ടെക്നിക് എന്നു പറയും.
ങ്ഹേ..അസുഖമുള്ളപ്പോഴല്ലേ അണുക്കളുള്ളു. അപ്പോൾ മാത്രം ശ്രദ്ധിച്ചാൽ പോരേ?
പോര. അസുഖം വരുമ്പോൾ ഒരു ശീലം. അല്ലാത്തപ്പോൾ മറ്റൊരു ശീലം എന്നു പാടില്ല. നമ്മളെന്താണോ ശീലിക്കുന്നത് അതേ എപ്പോഴും ചെയ്യൂ. രണ്ടാമത്തെ കാര്യം–അസുഖവും അണുബാധയും രണ്ടും രണ്ടാണ്. രോഗാണു കയറി രോഗലക്ഷണം പ്രകടമാകും വരെയുള്ള സമയമാണ് ഇൻക്യുബേഷൻ പീരിയഡ്. ചില രോഗങ്ങളിൽ ഈ ഇൻക്യുബേഷൻ പീരിയഡിൽ രോഗപ്പകർച്ച നടക്കാം. ഉദാഹരണത്തിന് ചിക്കൻപോക്സിന്റെ പ്രധാനലക്ഷണമായ കുമിളകൾ പുറമേക്കു പ്രകടമാകുന്നതിനു രണ്ടു ദിവസം മുമ്പേ തുടങ്ങി രോഗം പകരാം. മൂന്നാമത്തെ പ്രധാനകാര്യം നമ്മളിൽ ചിലരെങ്കിലും രോഗവാഹകരാണ് എന്നതാണ്. രോഗവാഹകർക്ക് രോഗം വരില്ല, പക്ഷേ മറ്റുള്ളവരിലേക്ക് രോഗം പടർത്താനാകും.
മെമ്പർ ടൈഫോയ്ഡ് മേരിയേക്കുറിച്ചു കേട്ടിട്ടുണ്ടോ?
ഇല്ല...19ാം നൂറ്റാണ്ടിൽ അയർലണ്ടിൽ നിന്നും അമേരിക്കയിലേക്കു കുടിയേറിയ സ്ത്രീയാണ് മേരി . പാചകജോലി ചെയ്തു നിതൃവൃത്തി കഴിച്ചിരുന്ന അവർ ജോലിചെയ്തിരുന്നിടങ്ങളിലെ ആളുകളൊക്കെ ടൈഫോയ്ഡ് രോഗം വന്നു മരിച്ചുതുടങ്ങി. ഇതേക്കുറിച്ച് കൂടുതൽ അന്വേഷിച്ച ഒരു ഹെൽത് ഇൻസ്പെക്ടർ മേരിയിൽ നിന്നുമാണ് ടൈഫോയ്ഡ് പിടിച്ചതെന്നു കണ്ടെത്തി. പക്ഷേ, അനേകംപേരെ രോഗികളാക്കിയെങ്കിലും ജീവിതത്തിലൊരിക്കലും മേരിക്ക് ടൈഫോയ്ഡ് പിടിപെട്ടുമില്ല. ഒടുവിൽ അവരെ ഒരു സ്ഥലത്ത് ഒറ്റയ്ക്ക് പാർപ്പിക്കുകയായിരുന്നു. മേരിയുടെ കേസിൽ നിന്നാണ് രോഗംപിടിപെടാത്ത രോഗവാഹികളുണ്ടെന്ന (കാരിയർ) തിരിച്ചറിവ് വൈദ്യശാസ്ത്രത്തിനുണ്ടാകുന്നത്.
ഇതേപോലെ ഇന്ത്യയിൽ മൂന്നിലൊരു ഭാഗം ടിബി അഥവാ ക്ഷയരോഗാണുക്കളുടെ വാഹകരായ ആളുകളുണ്ട്. ഇവരിൽ നിന്നും മറ്റുള്ളവരിലേക്ക് ഈ അണുക്കളെത്തി രോഗമുണ്ടാക്കാം, ഉണ്ടാക്കാതെയുമിരിക്കാം. ഇപ്പോൾ മനസ്സിലായോ രോഗമില്ലെങ്കിലും എങ്ങനെ രോഗം പകരാമെന്ന്?
മെമ്പർ അന്തംവിട്ട് ഇരിക്കുകയാണ്. പെട്ടെന്നു മൊബൈൽ ശബ്ദിച്ചു. ‘‘ങ്ഹേ..ഇല്ലില്ല..ഇന്നിനി ഒരുപരിപാടിക്കുമില്ല, ഞാനിവിടൊരു മീറ്റിങ്ങിലാണ്.. ഫോൺ ഒാഫാക്കി അൽപം മുന്നോട്ടാഞ്ഞിരുന്ന് മെമ്പർ പറഞ്ഞു–ഡോക്ടർ പറഞ്ഞോളൂ...നാളെ പഞ്ചായത്തിലൊരു മീറ്റിങ്ങുണ്ട്. ഇതെല്ലാം വച്ച് ഞാനൊരു കലക്കു കലക്കും...
അതെങ്ങനാ നാളെ പോകുന്നെ...കണ്ണിലസുഖം മാറിയില്ലല്ലോ?
അതിനല്ലേ കൂളിങ് ഗ്ലാസ്സ്...ഇന്നാളൊരു ഉദ്ഘാടനത്തിന് ലാലേട്ടൻ കണ്ണട വച്ചുപോയതിനെക്കുറിച്ച് ഡോക്ടർ വായിച്ചില്ലേ?.
നിങ്ങളെപ്പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവരൊക്കെ ഇങ്ങനെ ചെയ്താലെങ്ങനാ മെമ്പറേ? കണ്ണിലസുഖം പകരാതിരിക്കാൻ കണ്ണട വച്ചിട്ടു കാര്യമൊന്നുമില്ല. അസുഖം ഉള്ളയാൾ കണ്ണുതിരുമ്മിയിട്ട് ആ കൈകൊണ്ട് എവിടൊക്കെ പിടിക്കുന്നുവോ അവിടെയൊക്കെ അണുക്കൾ പറ്റിക്കൂടും. ആ പ്രതലങ്ങളുമായി ബന്ധപ്പെടുന്നവരിലേക്കും രോഗം പകരും. ഇങ്ങനെയുള്ള പ്രശ്നങ്ങൾ കൊണ്ടാണ് പകർച്ചാസ്വഭാവമുള്ള രോഗങ്ങൾ ഉള്ളവർ കഴിവതും അസുഖം മാറുംവരെ വീട്ടിൽ തന്നെയിരിക്കണം എന്നു പറയുന്നത്. കുട്ടികളാണെങ്കിൽ രോഗം മാറി കുളിപ്പിച്ചശേഷമേ സ്കൂളിൽ വിടാവൂ...
മെമ്പറുടെ മുഖം അൽപം മാറിയെന്നു തോന്നുന്നു. സ്വരമൽപം മയപ്പെടുത്തി ഞാൻ തുടർന്നു.
പലർക്കുമുളള തെറ്റിധാരണയാണ് കണ്ണിലേക്കു നോക്കിയാൽ ചെങ്കണ്ണ് പകരുമെന്നത്. കയ്യിലൂടെ ഈ അസുഖം പകരാതിരിക്കാൻ ഇടയ്ക്കിടെ കൈകഴുകിയാൽ മതി.
ചൂടുെവള്ളത്തിലാണോ?
ചൂടുവെള്ളം വേണമെന്നില്ല. സാധാരണ പച്ചവെള്ളം കൊണ്ട് സോപ്പിട്ട് കഴുകണം. കൈവിരലുകളും നഖങ്ങളുടെ ചുറ്റുമുള്ള ഭാഗവുമെല്ലാം കഴുകണം.സോപ്പ് കയ്യിലെ മെഴുക്ക് അലിയിച്ച് ബാക്ടീരിയകളെ ഒഴുക്കിക്കളയും. ഇതിന് ഏകദേശം അര മിനിറ്റ് സമയം എടുക്കും. കൈകഴുകാൻ ആന്റിബാക്ടീരിയൽ സോപ്പോ ലോഷനോ ഒന്നും ഉപയോഗിക്കേണ്ട.
കൈകഴുകൽ മൂലം കുറേ നവമാതാക്കൾ രക്ഷപെട്ട സംഭവം കേട്ടിട്ടുണ്ടോ?
ഇല്ലെന്നു മെമ്പർ തലയിളക്കി
‘‘ വിയന്നയിലെ ജനറൽ ആശുപത്രിയിലെ ഒരു മറ്റേണൽ ക്ലിനിക്കിലാണ് സംഭവം. അവിടെ ഒരുപാട് നവമാതാക്കൾ ചൈൽഡ്ബെ‍് ഫീവർ എന്ന പനിപിടിച്ച് മരിക്കുന്നു. ഇഗ്നാസ് സെമ്മൽവാെയ്സ് എന്ന ഹംഗേറിയൻ ഡോക്ടർ ഇതിനെക്കുറിച്ച് പഠിക്കാനാരംഭിച്ചു. പല ഊഹാപോഹങ്ങൾക്ക് ഒടുവിൽ സെമ്മൽവെയ്സ് ഒരു കാര്യം കണ്ടെത്തി. ഈ പനി പിടിച്ചു മരണപ്പെട്ട ഒരു സ്ത്രീയെ പോസ്റ്റ്മാർട്ടം നടത്തിയ പതോളജിസ്റ്റും പനി പിടിച്ചു മരിച്ചിരിക്കുന്നു. അതായത് എന്തോ അണുബാധ കൈകൾവഴി പകരുന്നുണ്ട്. അങ്ങനെ അദ്ദേഹം എല്ലാ ആശുപത്രി ജീവനക്കാരോടും ക്ലോറിൻ ലായനി കൊണ്ട് കൈ വൃത്തിയാക്കാൻ ആവശ്യപ്പെട്ടു. മൃതദേഹങ്ങളെ സ്പർശിച്ചതിന്റെ മണം കൂടി പോകട്ടെ എന്നു കരുതിയാണ് ക്ലോറിൻ നിർദേശിച്ചത്. പക്ഷേ, ആ ഊഹം തെറ്റിയില്ല. അതോടെ മരണങ്ങളുടെ എണ്ണം തുലോം കുറഞ്ഞു.
ഈ സെമ്മൽവെയ്സ് കൊള്ളാല്ലോ? എന്നിട്ട് ഇദ്ദേഹത്തിന് വല്ല നോബൽ പ്രൈസും കിട്ടിയോ?
ഇല്ല. തന്റെ കണ്ടെത്തലുകളെ നയപരമായി പറഞഅഞുമനസ്സിലാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. അങ്ങനെ ജോലി നഷ്ടമായി. അധികം വൈകാതെ എല്ലാവരും കൂടി ആ പാവത്തിനെ ഒരു മാനസികാരോഗ്യകേന്ദ്രത്തിലുമാക്കി. അവിടെവച്ച് മാരകമായ അണുബാധ വന്ന് അദ്ദേഹം മരണപ്പെട്ടു.
മെമ്പർ എന്തോ ഗാഢ ആലോചനയിലായി. ഇൗ വിയന്നയൊക്കെ വച്ചു നോക്കുമ്പോൾ കേരളം എത്ര ഭേദമെന്നാകും കരുതുന്നത്.
പക്ഷേ, എന്റെ ഊഹം തെറ്റിച്ചുകൊണ്ട് മെമ്പർ കത്തിക്കയറി. പണ്ടൊന്നും ഇങ്ങനെ കൈകഴുകൽ ഒന്നും ഇല്ലായിരുന്നല്ലോ ഡോക്ടറെ. എന്നിട്ട് അന്നൊക്കെ വല്ല അസുഖവുമുണ്ടായിരുന്നോ?
!!അന്ന് രോഗം പ്രതിരോധിക്കാൻ കൈകഴുകണം എന്നൊന്നും പറഞ്ഞുകൊടുക്കാൻ ആരുമില്ലായിരുന്നു. പക്ഷേ,
പണ്ടൊക്കെ മരണവീട്ടിൽ പോയി വന്നാൽ കുളിക്കാതെ ആരും വീടിനകത്തു കയറില്ലായിരുന്നു. എല്ലാ വീടുകളുടെയും മുന്നിൽ ഒരു കിണ്ടിയിൽ വെള്ളം വച്ചിട്ടുണ്ടാകും. പുറത്തുപോയി വന്നാൽ ആ വെള്ളം കൊണ്ട് കയ്യുംകാലും മുഖവും കഴുകിയിട്ടാണ് അകത്തു കയറിയിരുന്നത്. പിള്ളാര് പാടത്തും പറമ്പത്തും കളിച്ചുവന്നാൽ തലനിറയെ എണ്ണപൊത്തി കുളിക്കാൻ വിടും. എന്നിട്ടാണ് ഭക്ഷണം കൊടുത്തിരുന്നത്. നമ്മുടെ അമ്മമാരൊക്കെ രാവിലെ കുളിച്ചുവന്നിട്ടാണ് ഭക്ഷണമുണ്ടാക്കിയിരുന്നത്. കണ്ടില്ലേ ചിട്ടകളുടെ പേരിൽ വൃത്തിയാണ് പാലിക്കപ്പെട്ടിരുന്നത്. ’’
‘‘ഒാ..അത്രയ്ക്കങ്ങോട്ട് ആലോചിച്ചില്ല..’’മെമ്പർ തലചൊറിഞ്ഞു...
പൊതുസ്ഥലത്ത് തുപ്പുക, മലമൂത്രവിസർജനം ചെയ്യുക, ചപ്പുചവറുകൾ വലിച്ചെറിയുക എന്നീ ശീലങ്ങളും പകർച്ചവ്യാധികൾക്ക് ഇടയാക്കുമെന്നറിയാല്ലോ?
അതൊരു ശരിയാ ഡോക്ടറെ...ഇത്രയും വിദ്യാഭ്യാസമുള്ള ആളുകളായിട്ടും ടൗണിലെ റോഡിൽ പോലും കാണാം മുറുക്കിതുപ്പിയതും കഫവും പ്ലാസ്റ്റിക് കൂടും കുപ്പിയുമൊക്കെ. അല്ല ഡോക്ടറെ ഈ തുപ്പലിൽ ചവിട്ടിയെന്നു വച്ച് രോഗം പകരുമോ?
തുപ്പലിൽ നിന്നു പകർച്ചവ്യാധി പടർന്നുപിടിക്കാൻ സാധ്യത കുറവാണ്. കാരണം മണ്ണുപുരണ്ടും വെയിലടിച്ചുമൊക്കെ അതിലെ അണുക്കളൊക്കെ നശിച്ചുപോകും. എന്നാൽ വണ്ടിയിലോ മറ്റോ ഇരുന്ന് നീട്ടിത്തുപ്പുമ്പോൾ വായുവിൽ തുപ്പൽ കണങ്ങൾ കലർന്ന് രോഗം പകരാം. ചപ്പുചവറുകൾ വഴിയിൽ കിടന്നു വെള്ളം നനഞ്ഞ് കൊതുകുകളുടെ താവളമായി മാറാം. മലവും മൂത്രവുമെല്ലാം വഴി വിവിധ രോഗങ്ങൾ പകരാം.
അല്ല മെമ്പറേ,,,വേനൽക്കാലമല്ലേ? ക്ലാസ്സെടുക്കുമ്പോൾ ഒരു കാര്യം കൂടി പറയണം. വേനലിൽ വെള്ളമില്ലാത്തപ്പോൾ കിണറെല്ലാം തേകി വൃത്തിയാക്കാൻ. സെപ്റ്റിക് ടാങ്കുകൾക്ക് ലീക്കുണ്ടെങ്കിൽ ഈ സമയത്ത് റിപ്പയർ ചെയ്യണം. ചപ്പുചവറുകളെല്ലാം കിണറിന്റെ പരിസരത്തുനിന്നു മാറ്റി കത്തിച്ചുകളയാം.
പുറത്തുപോകുമ്പോൾ നിങ്ങളും ശ്രദ്ധിക്കണം. മലിനജലം കുടിക്കുന്നത് വഴി കോളറ, വയറിളക്കം ഒക്കെ വരാം.
ഇതിലും വലിയ കടമ്പ കടന്നവനാണീ കെ. െക.ജോസഫ് എന്ന മുഖഭാവത്തോടെ മെമ്പർ പറഞ്ഞു.
‘‘ ഞാൻ നാരങ്ങാവെള്ളം കുടിക്കുമ്പോൾ പോലും വെള്ളത്തിനു പകരം സോഡ ചേർക്കാൻ പറയും. സോഡയാകുമ്പോൾ പ്രശ്നമില്ലല്ലൊ?
‘‘സോഡയ്ക്ക് കുഴപ്പമില്ല എന്നത് വെറും തെറ്റുധാരണയാണ്. മെമ്പറു തന്നെ ആലോചിച്ചുനോക്കിക്കേ... സോഡക്കമ്പനിക്കാർക്ക് കുറഞ്ഞത് 1000 ലീറ്റർ വെള്ളമെങ്കിലും ദിവസവും വേണം. ഈ വേനലിൽ ഇത്രയും ശുദ്ധജലത്തിന് അവർ എവിടെ പോകും? തീർച്ചയായും സോഡയിൽ മലിനജലം കലരാൻ സാധ്യതയുണ്ട്. കുപ്പിവെള്ളവും അത്ര ശുദ്ധമാകണമെന്നില്ല.ഫിൽറ്റർ ചെയ്ത വെള്ളമാണെന്നു പറഞ്ഞാലും ഫിൽറ്റർ കൃത്യമായി മാറ്റുന്നില്ലെങ്കിൽ ആ വെള്ളം ശുദ്ധിയാകില്ല. ഏറ്റവും നല്ലത് തിളപ്പിച്ചാറ്റിയ ഒരു കുപ്പി വെള്ളം കയ്യിൽ കരുതുന്നതാണ്. പിന്നെ, കഴിയുന്നത്ര പഴങ്ങൾ കഴിച്ചോളൂ. ക്ഷീണവുമുണ്ടാകില്ല, ജലാംശവും ധാരാളമുണ്ട്.
അപ്പോഴേക്കും കർട്ടനിടയിലൂടെ സമയം പോയെന്ന് മേരി സിസ്റ്റർ ആംഗ്യം കാണിച്ചു.
ഇന്നിനി വീട്ടിലേക്ക് കയറുന്ന കാര്യമോർത്തപ്പോഴേ ക്ഷീണം തോന്നുന്നു.
രണ്ട് തരം തുള്ളിമരുന്നുകളെടുത്ത് മെമ്പർക്ക് കൊടുത്തു.
‘‘ ഈ തുള്ളിമരുന്നുകൾ രാവിലെയും രാത്രിയും കണ്ണിലൊഴിക്കണം. അഞ്ചു ദിവസം കഴിഞ്ഞ് ജാഥയ്ക്കും സമരത്തിനുമൊക്കെ പോയാൽ മതി കേട്ടോ? ഇടയ്ക്കിടെ കൈ കഴുകാൻ മടിക്കണ്ട.
വിവരങ്ങൾക്ക് കടപ്പാട്;
ഡോ. അനീഷ് ടി എസ്
കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം
തിരുവനന്തപുരം