Wednesday 16 June 2021 05:31 PM IST : By സ്വന്തം ലേഖകൻ

നീലക്കണ്ണുകൾ അനീമിയയുടെ ലക്ഷണമാകാം; പെട്ടെന്നുള്ള ഇരട്ടക്കാഴ്ച പക്ഷാഘാതത്തിന്റെയും: കണ്ണിൽ നോക്കിയറിയാം ആ രോഗങ്ങൾ

eye324324

കണ്ണിലൂടെ നാം എല്ലാം കാണുന്നു. അതുപോലെ കണ്ണിൽ നോക്കിയാൽ നമ്മുടെ ആരോഗ്യത്തെ കുറിച്ചും അറിയാൻ സാധിക്കും. നേത്ര പരിശോധനകൊണ്ടു മാത്രം ഒരാൾക്ക് പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ മുതലായവ ഉണ്ടോ എന്നു ഡോക്ടർമാർക്കു കണ്ടെത്താനാകും.

രക്തത്തിൽ കൊളസ്ട്രോൾ അളവ് കൂടുതൽ ഉള്ളവരിൽ കൃഷ്ണമണിക്കു ചുറ്റും വെളുത്ത വലയം സാധാരണയായി കാണപ്പെടുന്നു. ചില അവസരങ്ങളിൽ കൊളസ്ട്രോൾ കൂടാതെ തന്നെ ഇത്തരം വെളുത്ത വലയങ്ങൾ കുട്ടികളിൽ കാണപ്പെടാറുണ്ട്. ഇങ്ങനെയുള്ള വ്യക്തികൾ കൊളസ്ട്രോൾ അളവു പരിശോധിക്കേണ്ടതുണ്ട്.

ഉയർന്ന നിലയിലുള്ള തൈറോയ്ഡ് ഹോർമോൺ കണ്ണുകൾ പുറത്തേക്കു തള്ളുന്നതിനു കാരണമായേക്കാം. ഇവ ചിലപ്പോൾ ഒരു കണ്ണിലോ രണ്ടു കണ്ണുകളിലോ കണ്ടേക്കാം. തൈറോയ്ഡ് കാരണം ഉണ്ടാകുന്ന വൈഷമ്യങ്ങളിൽ നേത്രങ്ങളുടെ കോർണിയയിൽ അൾസർ, കാഴ്ച നഷ്ടമാകൽ മുതലായവ ഉണ്ടായേക്കാം.

കണ്ണിനുള്ളിൽ ഉണ്ടാകുന്ന തടിപ്പുകളോ മുഴകളോ നേത്രഗോളത്തെ ഓർബിറ്റിൽനിന്നും പുറത്തേക്കു തള്ളുന്നതിനു കാരണമായേക്കാം.

വെള്ള പ്രതിഫലനം ശ്രദ്ധിക്കുക

സാധാരണ കുട്ടികളുടെ കണ്ണിലേക്കു പ്രകാശം അടിക്കുകയോ ഫോട്ടോ എടുക്കുകയോ ചെയ്യുമ്പോൾ കണ്ണിന്റെ നടുക്ക് ചുവന്ന നിറത്തിലുള്ള പ്രതിഫലനം കാണുന്നു. ഈ ചുവന്ന പ്രതിഫലനത്തിനു പകരമായി വെളുത്ത പ്രതിഫലനമാണ് കാണുന്നത് എങ്കിൽ കുട്ടിയെ ഒരു നേത്രരോഗ വിദഗ്ധനെ കാണിക്കണം. ഇത്തരം വെളുത്ത പ്രതിഫലനം ഉണ്ടാകുന്നത് സാധാരണയായി കണ്ണിലെ കാൻസർ, തിമി‌രം, അണുബാധ, നേത്രനാഡിയായ റെറ്റിന വിട്ടുപോകുന്നത് എന്നീ അവസ്ഥകളിലാണ്.

ചർമ്മത്തിന്റെ സാധാരണ നിറം കുറവായിരിക്കുന്ന അവസ്ഥയ്ക്ക് ആൽബുനിസം എന്നു പറയുന്നു. ഈ ഒരു അവസ്ഥയിൽ കണ്ണിന്റെ ഐറിസിനു നിറം കുറഞ്ഞിരിക്കുവാനും അതു സുതാര്യം (Transparent) ആകാനും സാധ്യതയുണ്ട്. ഇങ്ങനെയുള്ള വ്യക്തികൾക്ക് കണ്ണിൽ വെളിച്ചം അടിച്ചു കഴിഞ്ഞാൽ കണ്ണിൽനിന്നും ചുവന്ന പ്രതിഫലനം കാണാൻ സാധിക്കും. ഇവരിൽ കാഴ്ചക്കുറവും കണ്ണുകൾ നിരന്തരം ചലിച്ചുകൊണ്ടിരിക്കാനും സാധ്യതയുണ്ട്. ഇവർക്ക് കണ്ണിൽ കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെയുള്ള വ്യക്തികളുടെ കണ്ണിൽ ടോർച്ച് ഉപയോഗിച്ചു നോക്കിയാൽ കണ്ണു മൊത്തത്തിൽ ചുവന്ന വെളിച്ചമായി കാണാൻ സാധ്യതയുണ്ട്.

കണ്ണിനുള്ളിൽ നിറം കണ്ടാൽ

മഞ്ഞ നിറത്തിലുള്ള കണ്ണുകൾ സാധാരണയായി ഹെപ്പറ്റൈറ്റിസിലും മറ്റു കരൾ സംബന്ധമായ രോഗങ്ങളിലുമാണ് കണ്ടുവരുന്നത്. മഞ്ഞപ്പിത്തത്തിൽ ബിലിറൂബിന്റെ അളവു കൂടുകയും ഇതു കണ്ണിന്റെ വെളുത്ത ഭാഗമായ സ്ക്ലീറയിൽ (Sclera) അടിഞ്ഞു കൂടുകയും ചെയ്യുന്നു. ഒരു വ്യക്തിക്കു കണ്ണിനുള്ളിൽ മഞ്ഞനിറം കാണുകയാണെങ്കിൽ പെട്ടെന്നുതന്നെ ആവശ്യമായ രക്തപരിശോധനകൾ, കരൾ സംബന്ധമായ പരിശോധകൾ എന്നിവ നടത്തണം.

സാധാരണ എല്ലാവരുടേയും കണ്ണുകൾ വെള്ള നിറത്തിലാണു കാണപ്പെടുന്നത്. ചില അവസരങ്ങളിൽ കണ്ണുകൾക്കും ചെറിയ ഒരു നീല നിറം കാണാൻ സാധ്യതയുണ്ട്. നീല നിറത്തിലുള്ള കണ്ണുകൾ ഓസ്റ്റിയോ ജനിസിസ് ഇംപെർഫക്റ്റാ (ബ്രിട്ടിൽ ബോൺ ഡിസീസ് എല്ല് പെട്ടെന്ന് പൊടിഞ്ഞുപോകുന്ന അവസ്ഥ) മാർഫൻ സിൻഡ്രോം (ശരീരത്തിലെ സംയോജിത കലകളെ ബാധിക്കുന്ന ജനിതകരോഗം) എന്നീ അസുഖങ്ങളുമായി ബന്ധപ്പെട്ടു വരാൻ സാധ്യതയുണ്ട്. ഇതു കൂടാതെ അനീമിയയിലും നീല നിറത്തിലുള്ള കണ്ണുകൾ കണ്ടു വരാറുണ്ട്.

കണ്ണിൽ പെട്ടെന്നുണ്ടാകുന്ന വേദന, ചുവപ്പ്, ഛർദി എന്നീ ലക്ഷണങ്ങൾ കണ്ണിനുള്ളിൽ ക്രമാതീതമായി മർദ്ദം കൂടുമ്പോഴാണ് ഉണ്ടാകാൻ സാധ്യത. ഇതിനെ നാരോ ആങ്കിൾ ഗ്ലൂക്കോമ എന്നു പറയുന്നു. ചികിത്സ വൈകിയാൽ സ്ഥായിയായ കാഴ്ചക്കുറവ് വരാൻ സാധ്യതയുണ്ട്.

ഇരട്ടിച്ചുള്ള കാഴ്ച പല രോഗങ്ങളിലും ഉണ്ടാകാമെങ്കിലും ഇതു ചില അവസരങ്ങളിൽ പക്ഷാഘാതത്തിന്റെ ലക്ഷണമാകാം. അതുകൊണ്ടുതന്നെ പെട്ടെന്ന് ഉണ്ടാകുന്ന ഇരട്ടിച്ചുള്ള കാഴ്ച ഒരു നേത്രരോഗ വിഗദഗ്ധനെയോ അല്ലെങ്കിൽ ഫിസിഷ്യനേയോ കാണിക്കേണ്ടതാണ്.

പ്രമേഹം ചില അവസരങ്ങളിൽ ഒരു നേത്രപരിശോധനയിലൂടെയാകാം ആദ്യമായി കണ്ടുപിടിക്കപ്പെടുന്നത്. പ്രമേഹം കണ്ണിന്റെ ഉള്ളിലുള്ള ചെറിയ രക്തക്കുഴലുകളെയാണ് ആദ്യം ബാധിക്കുന്നത്. ഇതു കാഴ്ചയ്ക്കു തടസ്സം ഉണ്ടാക്കുന്നു. കണ്ണിന്റെ രക്തക്കുഴലുകൾക്കുണ്ടാകുന്ന അതേ വ്യത്യാസങ്ങൾ തന്നെ വൃക്ക ഹൃദയം എന്നിവിടങ്ങളിലെ രക്തക്കുഴലുകളിലും ഉണ്ടാകാൻ സാധ്യതയുണ്ട്.

കണ്ണിലേക്കു നോക്കുമ്പോൾ തന്നെ ഒരു വ്യക്തിക്കു രക്തസമ്മർദ്ദം ഉണ്ടോ എന്നു മനസ്സിലാക്കാം. രക്തസമ്മർദ്ദം കൂടുമ്പോൾ ശരീരത്തിലെ എല്ലാ രക്തക്കുഴലുകളിലും അതു പ്രതിഫലിക്കും. ഈ രക്തക്കുഴലുകൾ ചുരുങ്ങാനും സാധ്യതയുണ്ട്. കണ്ണിനുള്ളിലെ രക്തക്കുഴലുകൾ നേരിട്ടു നേത്രരോഗ വിദഗ്ധനു കാണാൻ സാധിക്കുന്നതുകൊണ്ട് ഈ വ്യത്യാസങ്ങൾ നേരിട്ടു മനസ്സിലാക്കാൻ സാധിക്കുന്നു.

ചില അവസരങ്ങളിൽ മൾട്ടിപ്പിൾ സ്ക്ലീറോസിസ് (തലച്ചോറിനേയും കേന്ദ്ര നാഡീവ്യൂഹത്തേയും ബാധിക്കുന്ന രോഗം) ആദ്യമായി ബാധിക്കുന്നതു കണ്ണിന്റെ നാഡിയായ ഒപ്റ്റിക് നെർവിനെയാണ്. പെട്ടെന്ന് കാഴ്ച മങ്ങൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ചില അവസരങ്ങളിൽ ഈ മങ്ങൽ സ്വയം മാറുകയും ചെയ്യും.

ഡോ. ദേവിൻ പ്രഭാകർ

ദിവ്യപ്രഭ ഐ ഹോസ്പിറ്റൽ

തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Health Tips