Thursday 03 December 2020 03:31 PM IST

‘മുട്ടുകുത്തി നിന്നാണ് ഉമ്മ അന്ന് എനിക്ക് മുലയൂട്ടിയത്; കാലുണ്ടെങ്കിലും നടക്കാത്ത കുരുന്ന്; കരളുറപ്പു കൊണ്ട് വിധിയെ ജയിച്ച ഫാത്തിമ

Asha Thomas

Senior Sub Editor, Manorama Arogyam

pathu-asla

ഒടിഞ്ഞുനുറുങ്ങുന്ന അസ്ഥികളുമായി ശരീരം പിന്നോട്ടുവലിച്ചപ്പോഴും ആത്മബലത്തിന്റെ നട്ടെല്ലിൽ നിവർന്നുനിന്നവളാണ് ഫാത്തിമ അസ്‌ല. ജനിച്ച് മൂന്നാം ദിവസം മുതൽ ആരംഭിച്ചതാണ് അസ്ഥികളുടെ ‘ഒടിച്ചുകളി’. ഒാസ്റ്റിയോജെനസിസ് ഇംപെർഫെക്റ്റ എന്ന അസ്ഥികൾ ഒടിഞ്ഞുനുറുങ്ങുന്ന രോഗവുമായി ഫാത്തിമ ജീവിതം തനിക്കു മുൻപിൽ വച്ച എല്ലാ ഹർഡിൽസും ചാടിക്കടന്നു. ഹോമിയോഡോക്ടറാകാനുള്ള അവസാനത്തെ പരീക്ഷയും കഴിഞ്ഞ് വിജയവാർത്തയ്ക്കായുള്ള കാത്തിരിപ്പിലാണ് ഫാത്തിമ ഇപ്പോൾ. ഒട്ടും എളുപ്പമല്ലാത്ത ആ ജീവിതവഴികളിലൂടെ , ഫാത്തിമയുടെ വാക്കുകളിലൂടെ നമുക്കുമൊന്നു പോയി വരാം.

കാലുണ്ടെങ്കിലും നടക്കാത്ത കുരുന്ന്

ജനിച്ച് മൂന്നാം ദിവസം ഫാത്തിമയുടെ കുഞ്ഞുകാലുകൾ ഒടിഞ്ഞുനുറുങ്ങി. മകളെയും വാരിപ്പിടിച്ച് കോഴിക്കോട് മെഡി. കോളജിൽ എത്തിയപ്പോഴാണ് ഒാസ്റ്റിയോജെനസിസ് ഇംപെർഫക്റ്റ എന്ന എല്ലുകള എളുപ്പം പൊട്ടുന്ന രോഗമാണെന്ന് ഫാത്തിമയുടെ ഉപ്പ അബ്ദുൾ നാസറും ഉമ്മ ആമിനയും അറിയുന്നത്. ചികിത്സയുടെ ഭാഗമായി കുഞ്ഞുഫാത്തിമയുടെ കാൽ മുകളിലേക്കാക്കി കെട്ടിവയ്ക്കേണ്ടിവന്നു.  മുട്ടുകുത്തി നിന്നാണ് ഉമ്മ അന്നു ഫാത്തിമയ്ക്ക് മുലയൂട്ടിയിരുന്നത്. അന്നുതുടങ്ങിയതാണ് ഫാത്തിമയുടെയും കുടുംബത്തിന്റെയും അപൂർവ പോരാട്ടം.

ചെറുപ്പത്തിലൊന്നും ഒാടിക്കളിച്ചു നടന്ന ഒാർമയില്ല ഫാത്തിമയ്ക്ക്. കൂട്ടുകാരൊക്കെ ചാടിയും ഒാടിയും നടക്കുമ്പോൾ കുഞ്ഞുഫാത്തിമ അതൊക്കെ സങ്കടത്തോടെ കണ്ടുനിന്നു. ഒന്നു തുമ്മുമ്പോഴോ തിരിയുമ്പോഴോ പോലും ഒടിഞ്ഞുനുറുങ്ങുന്ന അസ്ഥിയും വച്ച് കളിക്കാനാകില്ലെന്ന സത്യം ഫാത്തിമ കുഞ്ഞിലേ വീണുപഠിച്ചതാണ്. നടന്നാൽ പോലും വീഴുമെന്നുള്ളതുകൊണ്ട് കൈ കുത്തിയാണ് പോയിരുന്നത്.

‘‘ നാലാം ക്ലാസ്സുവരെ ഉമ്മയാണ് സ്കൂളിലാക്കിയിരുന്നത്. പൂനൂര് ഗവ. എൽപി സ്കൂളിലാണ് പഠിച്ചത്. കയറ്റവും ഇറക്കവുമൊക്കെ ആയി ഒന്നര കിലോമീറ്റർ എടുത്തുകൊണ്ടുപോയാണ് സ്കൂളിൽ എത്തിച്ചിരുന്നത്. നാലാം ക്ലാസ്സായപ്പോൾ എനിക്ക് ഒരു വീൽചെയർ കിട്ടി. അന്നുമുതൽ കൂട്ടുകാർ വീൽചെയറിൽ ഇരുത്തി ഉരുട്ടിക്കൊണ്ടുപോകുമായിരുന്നു. എന്റെ ജീവിതത്തിലെ ഒാരോ ഘട്ടങ്ങളിലും പടച്ചോൻ അദ്ഭുതം പോലുള്ള സുഹൃത്തുക്കളെ കൊണ്ടുത്തന്നിട്ടുണ്ട്. തനിച്ചു നടക്കാൻ പറ്റാത്ത എനിക്ക് ചിറകിലും കരുത്തേകിയ സുഹൃത്തുക്കൾ. ’’

ഇടയ്ക്കിടെ അസ്ഥികൾ ഒടിയും. അതോടെ കുറേ ക്ലാസ്സുകൾ മിസ്സാകും. ക്ലാസ്സ് മിസ്സാകുന്നത് വലിയ സങ്കടമാണ്. ഒരുവിധത്തിൽ ഒടിവൊക്കെ സുഖമായി ക്ലാസ്സിൽ പോയിത്തുടങ്ങുമ്പോൾ അടുത്ത ഒടിവു സംഭവിക്കും. ആദ്യമൊക്കെ ഒടിവു വരുന്നതേ ആശുപത്രിയിലേക്ക് ഒാടുമായിരുന്നു. ഇടയ്ക്ക് നാട്ടുവൈദ്യവും പരീക്ഷിച്ചു. അവർ സാധാരണ ആളുകളുടെ ചെയ്യുന്നതുപോലെ എല്ലു പിടിച്ചിടാൻ നോക്കി അടുത്ത കാലും ഒടിഞ്ഞു. അതോടെ ഇനി ഇങ്ങോട്ടു കൊണ്ടുവരേണ്ട എന്നവർ പറഞ്ഞു.

കുറച്ചു മുതിർന്നതോടെ ഒടിവുണ്ടായാലും ആശുപത്രിയിൽ പോകണ്ട എന്നു ഞാൻ തീരുമാനിച്ചു. കാൽ അനക്കാതെ വയ്ക്കും. നീരുള്ളിടത്ത് ഉപ്പുവെള്ളം വയ്ക്കും. അങ്ങനെ കുറേ ദിവസം കൊണ്ട് ഒടിവു സുഖപ്പെടും.

ഏഴാം ക്ലാസ്സിൽ വച്ച് ഒരു സർജറി ചെയ്തു. കാലിന്റെ വളവു നിവർത്താനായി. അതിനുശേഷം ഒടിവുണ്ടാകുന്നതു കുറച്ചു കുറഞ്ഞു. ഒടിവുകളുമായി ഒളിച്ചുകളിച്ച് ഒരുവിധത്തിൽ പത്താം ക്ലാസ്സെത്തി. പത്താം ക്ലാസ്സിൽ വച്ചും കാല് ഒടിഞ്ഞു. അതോടെ കുറേയേറെ ദിവസങ്ങൾ നഷ്ടമായി. പത്താം ക്ലാസ്സിലെ അവസാനത്തെ ആറു മാസം വീട്ടിലിരുന്നു തനിയെയാണ് പഠിച്ചത്. 85 ശതമാനം മാർക്കോടെയാണ് പത്താം ക്ലാസ്സ് വിജയിച്ചത്.

ഡോക്ടറാകുകയെന്ന സ്വപ്നം

വീട്ടിലാൽ ചെലവഴിച്ചതിലുമധികം സമയം ആശുപത്രിയിലായിരുന്നു. അങ്ങനെ ഡോക്ടർമാരെ കണ്ടു കണ്ട് ഒരു ഡോക്ടറാകണമെന്ന് മനസ്സ് കൊതിച്ചു. ഏഴാം ക്ലാസ്സ് ആയപ്പോഴേക്കും അതെന്റെ ഗോൾ ആയി ഉറച്ചിരുന്നു. 10 കഴിഞ്ഞതോടെ ആ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവയ്പിന്റെ സമയമായി. അങ്ങനെ പ്ലസ് ടുവിന് സയൻസ് ഗ്രൂപ്പിന് ഞാൻ അപേക്ഷിച്ചു. പക്ഷേ, അധ്യാപകരുൾപ്പെടെ പലരും എന്നെ നിരുത്സാഹപ്പെടുത്തി. എന്റെ രോഗം തന്നെയായിരുന്നു അവർ കണ്ട തടസ്സം. പക്ഷേ, എന്റെ സ്വപ്നത്തിൽ നിന്നും പിന്മാറാൻ ഞാൻ തയാറായില്ല. വാശിയോടെ തീവ്രമായി ഞാൻ വാദിച്ചു. ഒടുവിൽ സയൻസ് ഗ്രൂപ്പിൽ അഡ്മിഷൻ കിട്ടി.

അവിടെയും സുഹൃത്തുക്കളായിരുന്നു എന്റെ ശക്തി. അവർ എല്ലായിടത്തും താങ്ങും തണലുമായി. ലാബും ക്ലാസ്സുമൊക്കെ എന്റെ സൗകര്യത്തിന് താഴത്തെ നിലയിൽ തന്നെ ഒരുക്കി അധ്യാപകരും കൂടെനിന്നു. അങ്ങനെ ഞാൻ എന്റെ സ്വപ്നത്തോട് ഒരു ചുവടുകൂടി അടുത്തു.

ആദ്യത്തെ എൻട്രൻസ് കഴിഞ്ഞ് അഡ്മിഷൻ കൗൺസിലിങ്ങിനു ചെന്നപ്പോൾ അവർ എന്നെ അപമാനിച്ചയച്ചു. ഒടിഞ്ഞുനുറുങ്ങുന്ന അസ്ഥികളുമായി വീൽചെയറിൽ ചെന്ന ഞാൻ മെഡിക്കൽ പ്രഫഷന് ശാരീരികമായി യോഗ്യയല്ലെന്നാണ് അവർ പറഞ്ഞത്. എല്ലുകൾ നുറുങ്ങുന്നതിലും വേദനയുണ്ട് മനസ്സു മുറുങ്ങുന്നതിനെന്ന് അന്നു മനസ്സിലായി. ’’

അഡ്മിഷൻ കിട്ടാതെ തിരികെ പോന്നെങ്കിലും തന്റെ സ്വപ്നത്തെ അവിടെ ഉപേക്ഷിച്ചില്ല ആ പെൺകുട്ടി. കൂടെ നിൽക്കാൻ വീട്ടുകാർ മാത്രമേ ഉണ്ടായുള്ളു. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ മെഡിക്കൽ പഠനത്തിന് പോകുന്നതിന് എതിരായിരുന്നു. പഠനത്തിനു വേണ്ടുന്ന പണച്ചെലവും ഫാത്തിമയുടെ ശാരീരികപരിമിതിയും തന്നെ കാരണം. പക്ഷേ, ഭാഗ്യത്തിന് കാരാട്ട് മർക്കേസ് സ്പോൺസറായി എത്തി. എതിർപ്പുകളെ വകവയ്ക്കാതെ ഫാത്തിമ രണ്ടാം തവണയും എൻട്രൻസ് എഴുതി. മികച്ച റാങ്കും ലഭിച്ചു. പക്ഷേ, അതുമാത്രം പോരല്ലോ. മെഡിക്കൽ പഠനം സാധിക്കുമെന്ന് അധികൃതരെ ബോധ്യപ്പെടുത്തണം. അങ്ങനെ ജീവിതത്തിലാദ്യമായി ഫാത്തിമ വാക്കറിൽ പിച്ചവച്ചു ശീലിച്ചു.

‘‘അഡ്മിഷൻ കൗൺസലിങ്ങിന് വാക്കറിൽ എത്തിയ എന്നെ കണ്ടപ്പോൾ അവർക്കും അതിശയമായി. ഇത്തവണ താൽപര്യത്തോടെയാണ് അവർ എന്നെ എതിരേറ്റത്. എന്നെക്കൊണ്ട് എന്തും സാധിക്കുമെന്ന് അവർക്കു തന്നെ തോന്നിക്കാണണം. അന്നു തിരുവനന്തപുരം മെഡി. കോളജിലെ ആ വലിയ ഹോളിൽ അങ്ങു മുതൽ ഇങ്ങുവരെ ഒാരോ ഡിവിഷനിലും ഞാൻ വാക്കറിൽ കയറിയിറങ്ങി. ജീവിതത്തിലാദ്യമായാണ് അത്രദൂരം നടക്കുന്നത്. കാലു വേദനിച്ചുനുറുങ്ങുന്നുണ്ടെങ്കിലും മനസ്സിൽ നുരയുന്ന സന്തോഷം ആ വേദനയകറ്റി

അഡ്മിഷൻ എടുക്കാൻ പോകുംമുൻപ് കോഴിക്കോട് എന്നെ ചികിത്സിക്കുന്ന ഡോക്ടറുടെ അഭിപ്രായം തേടിയിരുന്നു. അലോപ്പതിയിലാണെങ്കിൽ മറ്റു ഡോക്ടർമാരുടെയാപ്പം എത്താനാകുന്നില്ലെന്ന ചിന്ത മനസ്സു തകർത്തേക്കാമെന്നു ഡോക്ടർ പറഞ്ഞു. വേറേതെങ്കിലും വൈദ്യമേഖല തിരഞ്ഞെടുക്കുന്നതാകും നല്ലതെന്നും സൂചിപ്പിച്ചു. അങ്ങനെ ഹോമിയോപ്പതിക്ക് അഡ്മിഷനുമായാണ് തിരികെ വീട്ടിലെത്തുന്നത്.

കോട്ടയത്ത് കുറിച്ചിയിൽ എൻഎസ്എസ് ഹോമിയോപതിക് ഹോസ്പിറ്റലിലാണ് അഡ്മിഷൻ ലഭിച്ചത്. പടിക്കെട്ടുകളും ഗോവണികളുമൊക്കെ ധാരാളമുള്ള കെട്ടിടം. പക്ഷേ, 47 പേരുള്ള ആ ക്ലാസ്സ് മുറിയിലേക്ക് ചെന്ന ആദ്യ ദിവസം തന്നെ, ‘ ഉമ്മയും ഉപ്പയും ഒന്നുകൊണ്ടും വിഷമിക്കണ്ട. ഇവളെ ഞങ്ങൾ നോക്കിക്കോളാം’ എന്നെന്റെ സഹപാഠികൾ വാക്കു പറഞ്ഞു. എന്നിട്ട് വീൽചെയറിൽ എടുത്തുപൊക്കി ക്ലാസ്സിലേക്കു കൊണ്ടുപോയി. ക്ലാസ്സ് ടൂർ വന്നപ്പോൾ കർണാടകയിലെ നന്ദി ഹിൽസിലേക്ക് എന്നെക്കൂടി കൊണ്ടുപോകാൻ അധ്യാപകരെ സമ്മതിപ്പിച്ചത് അവരാണ്. നന്ദിഹിൽസിന്റെ മുകളിലേക്ക് അവരെന്നെ വീൽചെയറിൽ ഉരുട്ടിക്കയറ്റിയപ്പോൾ സൗഹൃദത്തിന്റെ കൊടുമുടിയുടെ തുഞ്ചത്തിരിക്കുന്ന ഭാഗ്യവതിയാണ് ഞാനെന്നു ഹൃദയം തുടിച്ചത് ഇപ്പോഴും ഒാർമയുണ്ട്.

ഹോമിയോപഠനത്തിന്റെ മൂന്നാം വർഷം മൂന്നു ശസ്ത്രക്രിയകൾ കൂടി നടത്തി. കോയമ്പത്തൂരാണ് ചെയ്തത്. സ്കോളിയോസിസ് ഉണ്ടായിരുന്നത് പരിഹരിച്ചു. രണ്ടു കാലിലും പ്ലേറ്റ് ഇട്ടു. അതോടെ വാക്കറിൽ നടക്കാമെന്നായി. ശസ്ത്രക്രിയ കഴിഞ്ഞ സമയത്ത് ഒരുപാട് വേദന സഹിച്ചു. ഞാൻ ഞാനാവേണ്ടിയിരുന്നില്ല എന്നുപോലും തോന്നി. ഈ സമയവും കടന്നുപോകും എന്നു മനസ്സിനോടു പറഞ്ഞുപഠിപ്പിച്ച് ആ വേദനയും നേരിട്ടു.

തുണയായവർ ഏറെ

ജീവിതത്തിന്റെ ഒാരോ ഘട്ടത്തിലും നല്ല കൂട്ടുകാരെ തന്ന് പടച്ചവൻ എന്നെ അനുഗ്രഹിച്ചിട്ടുണ്ട്. പിന്നെ, പൊടിയുന്ന എന്റെ എല്ലുകൾക്ക് കരുത്തായി ഉപ്പയും ഉമ്മയും മൂന്നു സഹോദരങ്ങളും. ഞാൻ കുഞ്ഞായിരുന്നപ്പോൾ ഉറക്കത്തിൽ തിരിഞ്ഞുംമറിഞ്ഞും എല്ലു പൊട്ടുമെന്നു പേടിച്ചു ഉമ്മ ഉറങ്ങാതെ അരികത്തൊരു കസേരയിട്ട് കാവലിരിക്കുമായിരുന്നു. പുറമേ മൃദുവെന്നു തോന്നിയാലും അകമേ അത്രമേൽ ഉറപ്പുള്ളവളാണ് ഉമ്മ. എന്റെ ബലം തന്നെ ഉമ്മയാണ്.

കോട്ടയത്ത് പഠനത്തിനു വന്നപ്പോൾ ഭക്ഷണം വച്ചുണ്ടാക്കി ഊട്ടിയും തുണി കഴുകിത്തന്നും ഉപ്പ എന്റെ സ്വപ്നത്തിനു തണൽ വിരിച്ചു കൂടെ നിന്നു . ഉപ്പയ്ക്കും ഇതേ ആരോഗ്യപ്രശ്നമുണ്ടായിരുന്നു. അതുകൊണ്ട് മറ്റാരേക്കാളും ഉപ്പയ്ക്ക് എന്നെ മനസ്സ്ിലാകുമായിരുന്നു. ചെറുപ്പത്തിൽ പഠിക്കാനൊന്നും ഉപ്പയ്ക്ക് സാഹചര്യം ലഭിച്ചില്ല. ഉപ്പയ്ക്കു നേടാനാകാതെ പോയ സ്വപ്നങ്ങൾ എന്നിലൂടെ നേടിയെടുക്കുകയാണ് ഇപ്പോൾ.

മൂത്ത സഹോദരൻ അസ്ലാം അനിയൻ അഫ്സൽ അനിയത്തി ആയിഷ അനു എന്നിവരാണ് എന്റെ ഏറ്റവും വലിയ പിന്തുണ. ഉപ്പയും ഉമ്മയും എപ്പോഴും എന്റെ കാര്യത്തിനായിരുന്നു മുൻഗണന കൊടുത്തിരുന്നത്. എന്റെ പഠിപ്പിന് അനുസരിച്ച് സഹോദരങ്ങൾക്കെല്ലാം സ്കൂൾ മാറേണ്ടിവരുമായിരുന്നു. പക്ഷേ, അവർ അതിലൊന്നും ഒരിക്കലും പരിഭവപ്പെട്ടു കണ്ടിട്ടില്ല.

വേൾഡ് ഡിസ്എബിലിറ്റി ഡേയിൽ വൈകല്യം അനുഭവിക്കുന്നവരോടു ഫാത്തിമയ്ക്ക് പറയാനുള്ളത് ഇത്രയേയുള്ളു.

‘‘ എനിക്ക് ഗോഡ്ഫാദർമാർ ഒന്നും ഉണ്ടായിരുന്നില്ല. ഞാൻ‌ സ്വയം തിരിച്ചറിഞ്ഞതാണ് എന്റെയുള്ളിൽ എന്തൊക്കെയുണ്ട് എന്ന്. അങ്ങനെ ഞാൻ എന്നെത്തന്നെ കണ്ടെത്തിയതുകൊണ്ടാണ് സമൂഹം എന്നെ അംഗീകരിക്കുന്നത്. എന്നെക്കുറിച്ച് സംസാരിക്കുന്നത്. നമ്മൾക്കുള്ളിൽ തന്നെയാണ് എല്ലാം. നമ്മൾ തന്നെയാണ് ജീവിതം തീരുമാനിക്കേണ്ടത്. ശക്തമായ ഒരു തീരുമാനം എടുക്കണമെങ്കിൽ നമ്മൾ തന്നെ എടുക്കണം, മറ്റുള്ളവർ പറയുന്നതു കേട്ടു ഭയന്നിരിക്കരുത്. നിനക്കു പറ്റില്ല എന്നാണ് പലരും പലതിനേക്കുറിച്ചും എന്നോടു പറഞ്ഞത്. പക്ഷേ, എനിക്കു പറ്റും എന്നു ഞാൻ ഉറപ്പിച്ചു. അതാണ് എന്റെ ജീവിതത്തിന്റെ ഗതി മാറ്റിയത്. എന്റെ അസ്ഥികൾക്ക് കടുപ്പം കുറവായിരിക്കാം, പക്ഷേ, എന്റെ മനസ്സിനു നല്ല കരുത്തുണ്ട് ’’

തന്റെ ചിന്തകളും സ്വപ്നങ്ങളും പങ്കുവയ്ക്കാനാണ് ഡ്രീം ബിയോണ്ട് ഇൻഫിനിറ്റി എന്ന യൂട്യൂബ് ചാനൽ തുടങ്ങിയത്. നിലാവ് പോലെ ചിരിക്കുന്ന പെൺകുട്ടി എന്ന പേരിൽ സ്വന്തം ജീവിതാനുഭവങ്ങൾ പുസ്തകമാക്കിയിട്ടുണ്ട്. ഈ കോവിഡ് കാലത്ത് വെറുതെ ഇരിക്കുകയല്ല ഫാത്തിമ. ഒാൺലൈനിലൂടെ ഒട്ടേറെ കുട്ടികളോടു സംവദിക്കുന്നു. തന്റെ ജീവിതം ചൂണ്ടിക്കാട്ടി ഒരു വൈകല്യത്തിലും തളരരുതെന്നു ഒാർമിപ്പിക്കുന്നു.

Tags:
  • Manorama Arogyam
  • Health Tips