പച്ചക്കറികൾ അകത്തേക്കു കൊണ്ടുപോകാമോ, അതോ പുറത്തുതന്നെ വയ്ക്കണോ? വെറും വെള്ളത്തിൽ കഴുകിയാൽ മതിയോ, അതോ സോപ്പിടണോ? ഈ പാൽക്കവറുകളിലൂടെ വൈറസ് കടന്നുകയറുമോ?
കോവിഡ് കാലത്ത് ഒരു സാധാരണ വീട്ടമ്മയുടെ ആശങ്ക ഇങ്ങനെ പോകുന്നു... ഈ ആശങ്ക ഉടനെങ്ങും അവസാനിക്കാൻ പോകുന്നെന്നു തോന്നുന്നില്ല. വരുംകാലം പകർച്ചവ്യാധികളുടേത് ആയിരിക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പു തന്നു കഴിഞ്ഞു. അതുകൊണ്ട് വൃത്തിയുടെ കാര്യത്തിൽ മാത്രമല്ല കൂടുതൽ വിശാലമായ അർഥത്തിൽ ഭക്ഷ്യസുരക്ഷയെക്കുറിച്ച് നാം ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു.
കോവിഡ് 19 ഒരു ഭക്ഷ്യജന്യരോഗമല്ല. ഇന്നേവരെ ഭക്ഷണത്തിലൂടെ കോവിഡ് പകർന്നതായി റിപ്പോർട്ടുകളുമില്ല. പക്ഷേ, ഒരു ഭക്ഷ്യജന്യരോഗം ഭക്ഷ്യവിപണിക്കു വരുത്തുന്നതിലുമധികം നാശനഷ്ടങ്ങളാണ് കോവിഡ് വരുത്തിയിരിക്കുന്നത്.
നമ്മുടെ ആരോഗ്യത്തെ നേരിട്ടു ബാധിക്കുന്നതിനാലാണ് കോവിഡിന്റെ ഭീഷണി ഭക്ഷണമേഖലയെ ഇത്രമേൽ പിടിച്ചുകുലുക്കിയത്. ഗ്രാമങ്ങളിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവിളകൾ വ്യാപാരയിടങ്ങളിൽ എത്തിക്കാനാകാതെ കർഷകർ വലഞ്ഞു. പാലുൾപ്പെടെ സൂക്ഷിച്ചുവയ്ക്കാനാകാത്ത ഉൽപന്നങ്ങൾ സ്വയം നശിപ്പിച്ചുകളയേണ്ടിവന്നു. നഗരങ്ങളിലാകട്ടെ, ഫ്രഷ് പച്ചക്കറികൾക്കും പഴങ്ങൾക്കും ക്ഷാമം അനുഭവപ്പെട്ടു. ലോകമെങ്ങുമുള്ള ഭക്ഷ്യവിതരണ ശ്യംഖലകളാണ് ഒരു കുഞ്ഞൻവൈറസിന്റെ ആക്രമണത്തിനു മുൻപിൽ തകർന്നുവീണത്. ഭക്ഷ്യവിപണിയിൽ ജോലി ചെയ്യുന്നവരിലേക്ക് കോവിഡ് പടർന്നതോടെ ചില ഭക്ഷ്യസംസ്കരണശാലകൾ അപ്പാടെ അടച്ചുപൂട്ടി. മാംസ–മത്സ്യവിപണിയെയും കോവിഡ് വല്ലാതെ ബാധിച്ചു.
എന്നാൽ, കോവിഡിനു മുൻപും ഭക്ഷ്യസുരക്ഷ വലിയൊരു പ്രശ്നമായിരുന്നു. സുരക്ഷിതമല്ലാത്ത ഭക്ഷണത്തിലൂടെ വർഷംതോറും പത്തിൽ ഒരാൾക്ക് അസുഖമുണ്ടാകുന്നു എന്നാണ് കണക്ക്. ലോകമാകെ നോക്കിയാൽ വർഷം 4,20,000 പേർ മരണപ്പെടുന്നു എന്നാണ് മറ്റൊരു കണക്ക്.
ഭക്ഷണത്തിലൂടെ പകരുമോ?
കോവിഡ് നേരിട്ടു ഭക്ഷണത്തിലൂടെ പകരുകയില്ലെങ്കിലും വൈറസ് ബാധിതമായ ഭക്ഷ്യപായ്ക്കറ്റുകളോ പാത്രങ്ങളോ സ്പർശിക്കുന്നതുവഴി വൈറസ് വായിലേക്കും മൂക്കിലേക്കും കണ്ണിലേക്കും പകരാമെന്ന് ഫൂഡ് ആൻഡ് അഗ്രിക്കൾച്ചറൽ ഒാർഗനൈസേഷൻ ഒാഫ് യുഎൻ, ലോകാരോഗ്യസംഘടന എന്നീ വിദഗ്ധസമിതികൾ സൂചിപ്പിച്ചിരുന്നു. പൊതുവേ പ്രതലങ്ങളിൽ വൈറസിന്റെ അതിജീവനം ദുർബലമായതിനാൽ ഇതിനെ രോഗബാധയുടെ പ്രധാനമാർഗമായി കാണേണ്ടതില്ല.
രോഗബാധിതനായ ആളിൽ നിന്നും പ്രതലത്തിലേക്കു പടർന്ന വൈറസ് 72 മണിക്കൂർ നേരംവരെയും ജീവനോടെയിരിക്കാം. പല പ്രതലങ്ങളിലും ഇതിനു പല ദൈർഘ്യമാണുള്ളത്. കോവിഡ് ബാധിതനായ ആളിൽ നിന്നുള്ള സ്രവകണങ്ങൾ ഭക്ഷണത്തിൽ കലരാനിടയായാൽ, ഭക്ഷണം രോഗവാഹകമാകാനും ഇതുമായി ഇടപഴകുന്ന ആളുകൾ കൈ കഴുകാതെ അശ്രദ്ധമായി കണ്ണിലും മുഖത്തുമൊക്കെ സ്പർശിച്ചാൽ അവരിലേക്കു രോഗം പകരാം.
കൃഷിയിടത്തിൽ തുടങ്ങാം
പായ്ക്കറ്റുകൾ, പാത്രങ്ങളുടെ പ്രതലങ്ങൾ, കൗണ്ടറുകൾ, ഭക്ഷ്യോൽപന്നങ്ങൾ വിതരണം ചെയ്യുന്ന വണ്ടികൾ, ഭക്ഷ്യസംസ്കരണശാലകൾ ഇങ്ങനെ ഭക്ഷ്യവ്യാപാരവുമായി ബന്ധപ്പെട്ട ഏതു കണ്ണിയിൽ വച്ചും വൈറസ് ബാധയ്ക്കുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ, ഭക്ഷ്യസുരക്ഷ എന്നത് നല്ല ഉൽപന്നം തിരഞ്ഞെടുക്കുന്നതിലും വൃത്തിയോടെ കൈകാര്യം ചെയ്യുന്നതിലും നന്നായി വേവിക്കുന്നതിലും മാത്രം ഒതുങ്ങുന്നില്ല എന്ന വലിയ തിരിച്ചറിവാണ് കോവിഡ് കാലം നമുക്കു നൽകുന്നത്. കൃഷിയിടങ്ങൾ മുതലേ ഭക്ഷ്യസുരക്ഷയ്ക്കായുള്ള നടപടികൾ തുടങ്ങേണ്ടിയിരിക്കുന്നു. ഫൂഡ് സേഫ്റ്റി മാനേജ്മെന്റ് പ്രോട്ടോക്കോളുകളും ജിഎംപി (Good Manufacturing Practices), അഗ്മാർക്ക് പോലുള്ള നിർമാണഘട്ടത്തിൽ ഗുണമേന്മ ഉറപ്പാക്കാനുള്ള മാനദണ്ഡങ്ങളും പൊതുജനാരോഗ്യവിദഗ്ധർ പറയുന്ന കോവിഡ് മാനദണ്ഡങ്ങളും നടപ്പാക്കേണ്ടിയിരിക്കുന്നു.
പൊതുജനങ്ങൾ, ലോകാരോഗ്യസംഘടന നിർദേശിക്കുന്ന ഫൂഡ്സേഫ്റ്റിയുടെ 5 പ്രധാന നിയമങ്ങൾ പാലിക്കണം. ഭക്ഷണശുചിത്വം, പാചകം ചെയ്തതും അല്ലാത്തതും വേർതിരിച്ച് സൂക്ഷിക്കുക, നന്നായി വേവിച്ച് ഉപയോഗിക്കുക, സുരക്ഷിതമായ ഊഷ്മാവിൽ സൂക്ഷിക്കുക, ശുദ്ധജലവും സുരക്ഷിതമായ കൂട്ടുകളും ഉപയോഗിക്കുക എന്നിവയാണ് ആ 5 നിയമങ്ങൾ.
എന്തും കഴുകി ഉപയോഗിക്കാം
ഭക്ഷ്യവിഭവങ്ങൾ വാങ്ങുമ്പോൾ മുതലേ ജാഗ്രത വേണം. സൂപ്പർ മാർക്കറ്റുകൾ പോലെ അടച്ചിട്ട ഏസി കേന്ദ്രങ്ങളിൽ രോഗവ്യാപനത്തിന്റെ സാധ്യത താരതമ്യേന കൂടുതലാണ്. ഷോപ്പിങ് സമയത്ത് ശാരീരിക അകലവും സാനിറ്റൈസർ, മാസ്ക് ഉപയോഗവും നിർബന്ധമാക്കണം. തിരക്കു കുറഞ്ഞ കടകളിൽ നിന്നോ തിരക്കു കുറഞ്ഞ സമയങ്ങളിലോ സാധനങ്ങൾ വാങ്ങുക.
‘‘ഈ കോവിഡ് കാലത്ത് ഞാൻ നിഷ്ഠയോടെ ചെയ്യുന്ന ഒരു ശീലമാണ് പുറത്തുനിന്നു കൊണ്ടുവരുന്ന പാകപ്പെടുത്താത്ത ഏതൊരു ഭക്ഷ്യവിഭവവും നന്നായി വൃത്തിയാക്കിയശേഷം മാത്രം ഫ്രിജിൽ വയ്ക്കുക എന്നത്. കോവിഡാനന്തര കാലത്തും നമ്മുടെ പ്രധാന ആരോഗ്യശീലങ്ങളിലൊന്നാകണം ഇത് .’’ മുൻ യുഎൻ ഫൂഡ് കൺസൽറ്റന്റും ഭക്ഷ്യസുരക്ഷാ വിദഗ്ധയുമായ ഡോ. ആനന്ദവല്ലി പറയുന്നു.
‘‘പഠനങ്ങൾ പറയുന്നത് വൈറസ് ബാധിത ഉൽപന്നം ശരിയായി വൃത്തിയാക്കാതെ വച്ചാൽ ഫ്രോസൺ അവസ്ഥയിൽ ഏതാണ്ട് രണ്ടുവർഷം വരെ വൈറസ് ജീവനോടെ ഇരിക്കുമെന്നാണ്. കൊറോണ വൈറസ് മാത്രമല്ല പല അണുക്കളും തണുപ്പിൽ നശിച്ചുപോകാതെ ഇരിക്കുന്നവയാണ്. അതുകൊണ്ട് ഉടൻ പാചകം ചെയ്യുന്നില്ലെങ്കിലും കഴുകി സൂക്ഷിക്കുക എന്ന ശീലം തുടങ്ങിക്കോളൂ.’’
വെറുതെ ഒഴുക്കുവെള്ളത്തിൽ കഴുകുമ്പോൾ തന്നെ വൃത്തിയാകുമെങ്കിലും കൂടുതൽ സുരക്ഷയ്ക്കായി ബേക്കിങ് സോഡ കലർത്തിയ വെള്ളത്തിൽ കഴുകാം. വിനഗർ കലർത്തിയ വെള്ളവും നല്ലത്. 15–20 മിനിറ്റു നേരം വെള്ളത്തിൽ മുക്കിവച്ചശേഷം കഴുകി ഉപയോഗിക്കുന്നതാണ് സുരക്ഷിതം. ചിലരൊക്കെ പഴങ്ങളും മറ്റും സോപ്പിട്ട് ഉരച്ചു കഴുകാറുണ്ട്. പക്ഷേ, സോപ്പിലെ രാസഘടകങ്ങൾ എത്ര വെള്ളമൊഴിച്ചു കഴുകിയാലും പോകണമെന്നില്ല. എന്നാൽ, ബിസ്ക്കറ്റ് പായ്ക്കറ്റുകൾ, പാൽക്കവർ ഉൾപ്പെടെ പ്ലാസ്റ്റിക് കവറിങ് ഉള്ളവ സോപ്പുകൊണ്ട് കഴുകാം.
ഫ്രിജിന് ഫിഫോ റൂൾ
ക്രോസ്സ് കണ്ടാമിനേഷൻ അഥവാ പരസ്പരമുള്ള രോഗപ്പകർച്ചയാണ് മറ്റൊരു ശ്രദ്ധിക്കേണ്ട കാര്യം. വേവിച്ചതും വേവിക്കാത്തതും വേർതിരിവില്ലാതെ വയ്ക്കുമ്പോൾ രോഗാണുക്കൾ വേവിക്കാത്തതിൽ നിന്നും വേവിച്ചതിലേക്കു കടന്നുകയറാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് ഫ്രിജിൽ ഭക്ഷണം അശ്രദ്ധമായി സൂക്ഷിക്കുമ്പോൾ. ഫ്രിജിൽ കൃത്യമായ വേർതിരിവോടെ ഭക്ഷണം സൂക്ഷിക്കുന്നതും ഇടയ്ക്കിടെ അണുനാശിനിയോ ഇളംചൂടുവെള്ളവും സോപ്പും ഉപയോഗിച്ചോ ഫ്രിജ് വൃത്തിയാക്കുന്നതും അപകടം കുറയ്ക്കും. ഫ്രിജിന്റെ കാര്യത്തിൽ ഫിഫോ (FIFO) നിയമം പാലിക്കുക. അതായത് ഫസ്റ്റ് ഇൻ ഫസ്റ്റ് ഔട്ട്. ആദ്യം വച്ചത് ആദ്യം പുറത്തെടുത്ത് ഉപയോഗിച്ചുതീർക്കുക. ഒന്നിൽ നിന്നും മറ്റൊന്നിലേക്കുള്ള രോഗപ്പകർച്ച കുറയ്ക്കാൻ പ്രതലങ്ങളും കത്തി, ചോപ്പിങ് ബോഡ് പോലുള്ള ഉപകരണങ്ങളും ഇടയ്ക്കിടെ അണുവിമുക്തമാക്കണം.
താപനില പ്രധാനം
‘‘പലപ്പോഴും നാം ശ്രദ്ധിക്കാതെ വിടുന്ന മറ്റൊരു അപകടമാണ് ടെംപറേച്ചർ അബ്യൂസ് അഥവാ സുരക്ഷിതമല്ലാത്ത താപനിലയിൽ ഭക്ഷണം സൂക്ഷിക്കുന്നത് മൂലമുള്ള അപകടം. ’’ ഡോ. ആനന്ദവല്ലി പറയുന്നു. പൊതുവേ 72 ഡിഗ്രിയാണ് പാചകത്തിന്റെ കാര്യത്തിൽ പുലർത്തേണ്ട താപനില. ഈ താപനിലയിൽ മിക്കവാറും വൈറസുകളും സൂക്‌ഷ്മാണുക്കളും നശിക്കും. ഈ താപനിലയിൽ എത്താൻ ഒാരോ ഭക്ഷണത്തിനും വേണ്ടുന്ന സമയം വ്യത്യാസമാണ്. പച്ചക്കറി വേവുന്നതിലും അധികം സമയം വേണം മാംസത്തിനു വേകാൻ. അതിൽ തന്നെ കൊഴുപ്പേറിയ പന്നി മാംസത്തിന് സാധാരണ മാംസത്തേക്കാൾ സമയം വേണം. പക്ഷേ, മീനും മാംസവുമൊക്കെ തിളയ്ക്കുന്ന എണ്ണയിൽ വേവാൻ (വറുക്കാൻ) കറിവയ്ക്കുന്നത്ര സമയം വേണ്ട.
പാചകത്തിന്റെ കാര്യത്തിൽ നമ്മൾ പൊതുവേ ശ്രദ്ധാലുക്കളാണ്. പക്ഷേ, ഒരു ഉൽപന്നം വാങ്ങുമ്പോൾ അതു നിർദേശിച്ചിട്ടുള്ള താപനിലയിലാണോ സൂക്ഷിച്ചിരുന്നത് എന്ന് നമ്മളിലെത്ര പേർ ശ്രദ്ധിക്കാറുണ്ട്? ആ ഭക്ഷണം ഏറ്റവും ഭക്ഷ്യയോഗ്യവും സുരക്ഷിതവും ആയിരിക്കുന്ന താപനിലയാകും കവറിൽ നിർദേശിച്ചിട്ടുണ്ടാവുക. പ്രത്യേകിച്ച് പായ്ക്കറ്റ് മാംസം, സംസ്കരിച്ച മാംസ ഉൽപന്നങ്ങൾ, റെഡി ടു കുക്ക് ഫൂഡ്, മറ്റ് പായ്ക്കറ്റ് ഭക്ഷണം എന്നിവ. കവറിൽ നിർദേശിച്ചിട്ടുള്ള താപനിലയിൽ തന്നെയല്ല സൂക്ഷിച്ചത് എങ്കിൽ വാങ്ങാതിരിക്കുക. അടിക്കടി പവർ കട്ടുകളുള്ള, ഫ്രീസിങ് സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കാത്ത, നമ്മുടെ നാട്ടിൽ ടെംപറേച്ചർ അബ്യൂസ് തമാശക്കഥയാകാം. പക്ഷേ, വിദേശങ്ങളിൽ ഭക്ഷ്യവിതരണശ്യംഖലയിലെ ഏതെങ്കിലും ഘട്ടത്തിൽ ടെംപറേച്ചർ അബ്യൂസ് വന്നാൽ, ആ സ്േറ്റാക്ക് അപ്പാടെ കളയുകയാണ് ചെയ്യുക. പായ്ക്കറ്റ് ഭക്ഷണം വാങ്ങുമ്പോൾ കുറച്ചെങ്കിലും മേൽപറഞ്ഞ കാര്യങ്ങളിൽ നിഷ്കർഷ പുലർത്തുമെന്ന് ഉറപ്പുള്ള കടകളിൽ നിന്നും വാങ്ങുക.
പൂപ്പൽ – അപകടകരം
ഭക്ഷ്യവിഭവങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നിർമാണ തീയതിയും അവസാന ഉപയോഗ തീയതിയും പ്രത്യേകം ശ്രദ്ധിക്കണമെന്ന് പോഷകാഹാരവിദഗ്ധയും മുൻ സ്േറ്ററ്റ് ന്യൂട്രീഷൻ ഒാഫിസറുമായ ഡോ. അനിതാ മോഹൻ പറയുന്നു. ‘‘കേടായതും ചീഞ്ഞതും പൂപ്പൽ പിടിച്ചതും കണ്ടാൽ നാം വാങ്ങാറില്ല. ചിലപ്പോൾ പുറമേ പൂപ്പൽ പ്രകടമാകില്ല. അവസാന ഉപയോഗ തീയതി കഴിഞ്ഞവയിൽ, ആന്തരികമായി കേടുപാട് ആരംഭിച്ചിട്ടുണ്ടാകും. പൂപ്പലുകൾ പുറപ്പെടുവിക്കുന്ന അഫ്ളാടോക്സിൻ എന്ന മാരകവിഷം വളരെ ഉയർന്ന താപത്തിലും നശിച്ചുപോകില്ല. അതുകൊണ്ട് ഡേറ്റു കഴിഞ്ഞവ ഉപയോഗിക്കരുത്. കോവിഡ് കാലത്ത്, സാധനങ്ങൾ വാങ്ങി സ്േറ്റാക്ക് ചെയ്യുമ്പോൾ അവസാന ഉപയോഗ തീയതി അടുത്തവ വാങ്ങാതിരിക്കുക. പാതി വേവിച്ച (ഹാഫ് കുക്ക്ഡ്) , റെഡി ടു ഈറ്റ് ഭക്ഷണങ്ങൾ പാക്കറ്റ് പൊട്ടിച്ചു കഴിഞ്ഞാൽ എത്രയും പെട്ടെന്ന് ഉപയോഗിച്ചു തീർക്കണം. അഥവാ സൂക്ഷിക്കണമെങ്കിൽ ഫ്രീസറിൽ വയ്ക്കുക.’’
ഒാൺലൈൻ– തെരുവുഭക്ഷണം
കോവിഡിനെ ഭയന്ന് പുറത്തേക്കുള്ള യാത്രകൾ കുറയ്ക്കുന്നവർക്ക് അനുയോജ്യമാണ് ഹോം ഡെലിവറിയും ഒാൺലൈൻ ഭക്ഷണവിതരണവും. ശാരീരിക ഇടപെടലുകൾ കുറയുമെങ്കിലും, പ്രതലങ്ങൾ വഴിയുള്ള രോഗപ്പകർച്ച തടയാൻ മുൻകരുതലെടുക്കണം. പായ്ക്കറ്റുകളും കറൻസികളും കൈമാറ്റം ചെയ്യുന്നതിനു മുൻപും പിൻപും കൈകൾ അണുവിമുക്തമാക്കണം. കാർഡ്ബോർഡും പ്ലാസ്റ്റിക് കവറുകളും കൃത്യമായി നശിപ്പിക്കുക. കഴിയുന്നതും മുൻകൂർ പണമടച്ച് ഒാർഡർ ചെയ്യുക.
ഒാൺലൈനായി മീനും മാംസവും ലഭ്യമാണ്. ഇത്തരം വിൽപനയ്ക്ക് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ലൈസൻസ് ആവശ്യമാണ്. അംഗീകൃതമായവരിൽ നിന്നു മാത്രം വാങ്ങുക. കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ഫ്രിജിൽ വയ്ക്കുക.
കോവിഡ്19 അടച്ചുപൂട്ടലിനു ശേഷം നമ്മുടെ നാട്ടിൽ തെരുവു ഭക്ഷണവിപണികൾ സജീവമാണ്. ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണോയെന്നതാണ് ഇവിടങ്ങളിലെ പ്രധാന പ്രശ്നം. കോവിഡ്19 വെള്ളത്തിലൂടെ പകരില്ല എന്നു തന്നെയാണ് ഇതുവരെയുള്ള അറിവ്. പക്ഷേ, ശുദ്ധമല്ലാത്ത ജലം ജലജന്യരോഗങ്ങൾക്ക് ഇടയാക്കാം. ഭക്ഷണം തയാറാക്കുന്നതുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെയും പ്രതലങ്ങളുടെയും കാര്യത്തിൽ വൃത്തി ഉറപ്പാക്കണം. പലയാവർത്തി ചൂടാക്കി ഉപയോഗിക്കുന്ന എണ്ണയാണ് മറ്റൊരു പ്രധാനപ്രശ്നം.
‘‘സ്ട്രീറ്റ് ഫൂഡ് വെൻഡിങ്ങിനും ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ലൈസൻസ് വേണം.’’ ഫൂഡ് സേഫ്റ്റി വിഭാഗം നോഡൽ ഒാഫിസർ രശ്മി രാജൻ പറയുന്നു. ‘‘ വെള്ളം ശുദ്ധമാണെന്ന് സർട്ടിഫൈ ചെയ്യണം, വിൽക്കുന്നയാൾക്ക് രോഗങ്ങളില്ലെന്ന സാക്ഷ്യപത്രം വേണം. പിന്നെയും മാനദണ്ഡങ്ങളുണ്ട്. എണ്ണയുടെ പുനരുപയോഗം ഇത്തരം കടകളിൽ വലിയ പ്രശ്നമാകുന്നുവെന്ന് കണ്ടതിനാൽ ഉപയോഗിച്ച പാചകഎണ്ണ കടകളിൽ നിന്ന് കളക്ഷൻ ഏജന്റുമാർ വഴി ശേഖരിച്ച് ബയോ ഡീസൽ നിർമാണത്തിന് ഉപയോഗിക്കുന്ന സംവിധാനം ആരംഭിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് പ്രത്യേകമായി ഭക്ഷ്യസുരക്ഷയെ മുൻനിർത്തി ഒാൺലൈൻ പരിശീലനവും (FOSTOC) സെമിനാറുകളും നൽകി’’ രശ്മി പറയുന്നു.
വരുന്നത് ഇമ്യൂണിറ്റി കാലം
ഭക്ഷ്യമേഖലയിൽ പല പുതിയ മാറ്റങ്ങൾക്കും 2020 ൽ നാം സാക്ഷ്യം വഹിച്ചു കഴിഞ്ഞു. കോവിഡിനെ നേരിടാൻ റസ്റ്ററന്റുകളിൽ ചില്ലുകൂടുകൾ രൂപപ്പെട്ടു. മാസ്കും സാനിറ്റൈസറും ഫേസ് ഷീൽഡുകളും ഭക്ഷണം വിളമ്പുന്നവരുടെ യൂണിഫോമിന്റെ ഭാഗമായി. ഏറ്റവും പ്രധാനം ഭക്ഷണത്തെക്കുറിച്ചുള്ള ആളുകളുടെ മനോഭാവം തന്നെ മാറിമറിഞ്ഞെന്നതാണ്. ഹെൽതി ഫൂഡിലേക്ക് തിരിയാനും സെൻസിബിളായ ചില ഭക്ഷണശീലങ്ങൾ രൂപപ്പെടുത്താനും ആളുകൾ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒരു സർവേയിൽ 59 ശതമാനം ആളുകളും ഭക്ഷണത്തിന്റെ കാര്യത്തിൽ ഹെൽത് കോൺഷ്യസ് ആയിക്കഴിഞ്ഞു. 57 ശതമാനം പേർ ഇമ്യൂണിറ്റിയെക്കുറിച്ച് ചിന്തിച്ചുതുടങ്ങി. 73 ശതമാനം പേർ കഴിക്കുന്നതിലും കുടിക്കുന്നതിലും ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾ നടത്തിത്തുടങ്ങി. ഇമ്യൂണിറ്റി ബൂസ്റ്റിങ് ഭക്ഷണങ്ങളുടെ കാലമാകും ഇനിയൊരു പക്ഷേ, വരാൻ പോവുക എന്ന് ആരോഗ്യവിദഗ്ധരും സൂചിപ്പിക്കുന്നു. ഇമ്യൂണിറ്റി ബൂസ്റ്റിങ് ഡെസേർട്ടും മിൽക്കും കോഫിയുമൊക്കെ വന്നു കഴിഞ്ഞു.
എന്തായാലും കോവിഡാനന്തരം ഉൽപാദനം മുതൽ ഭക്ഷ്യസംസ്കരണവും വിൽപനയും വരെയുള്ള മേഖലകളിൽ പുതിയ ശുചിത്വശീലങ്ങളും പ്രവർത്തന മാനദണ്ഡങ്ങളും വരുമെന്നു തന്നെ പ്രതീക്ഷിക്കാം.