അകമേ പ്രാണവായു കിട്ടാതെ പിടഞ്ഞു തീരുകയാണ് ആ രോഗി, പക്ഷേ, പുറമേക്കു ലക്ഷണങ്ങളൊന്നുമില്ല. ഒടുവിൽ ശരീരകോശങ്ങളിലെ ഒാക്സിജൻ ഒഴുക്ക് നിലച്ച് അയാൾ മരണത്തിനു കീഴടങ്ങുന്നു. ഇതാണ് കോവിഡ് രോഗികളുടെ ചികിത്സയിൽ ലോകം ഇപ്പോൾ അഭിമുഖീകരിക്കുന്ന വലിയ അപകടം.
കോവിഡ് രോഗികളിൽ പുറമേക്കു ലക്ഷണങ്ങളൊന്നുമില്ലാതെ രക്തത്തിലെ ഒാക്സിജൻ നിരക്ക് താഴുന്നതിന് ഹാപ്പി സൈലന്റ് ഹൈപ്പോക്സിയ (Silent Hypoxia) എന്നു പറയുന്നു.
രക്തത്തിലെ ഒാക്സിജൻ നിരക്ക് താഴുന്നതു മൂലം ശരീരകോശങ്ങളിൽ ഒാക്സിജൻ ലഭ്യമല്ലാതെ വരുന്ന അവസ്ഥയാണ് ഹൈപ്പോക്സിയ. സാധാരണഗതിയിൽ, ഹൈപ്പോക്സിയയിലേക്ക് പോകുന്ന ഒരാൾ തെരുതെരെ ശ്വാസമെടുക്കും, വിയർത്തുകുളിക്കും, നെഞ്ചിടിപ്പും ക്രമാതീതമായി വർധിക്കും. ഇത്രയും ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ രോഗിക്കു വേണ്ടുന്ന ഒാക്സിജൻ സപ്പോർട്ട് നൽകാനും അതുവഴി കൂടുതൽ സങ്കീർണതകൾ അകറ്റാനും സാധിക്കും.
ശരീരകോശങ്ങളിലെ പ്രാണവായു നിരക്ക് ലക്ഷണങ്ങളൊന്നുമില്ലാതെ താഴുന്നതു മൂലം ഒട്ടേറെ കോവിഡ് ബാധിതർ മരണത്തിന് കീഴടങ്ങിക്കഴിഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
‘‘ വളരെ ഗുരുതരമായ ഒരു സ്ഥിതി വിശേഷമാണിത്. ഗുരുതരമല്ലാത്ത ലക്ഷണങ്ങളുള്ളവരെയും കൂടെക്കൂടെ നിരീക്ഷിക്കുകയാണ് ഇത്തരം സൈലന്റ് ഹൈപ്പോക്സിയ തിരിച്ചറിയാനുള്ള മാർഗ്ഗം. ’’ ശ്വാസകോശരോഗവിദഗ്ധനും അക്കാദമി ഒാഫ് പൾമനറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ പ്രസിഡന്റ് ഇലക്റ്റുമായ ഡോ. പി. എസ്. ഷാജഹാൻ പറയുന്നു.
ശ്വസനപ്രക്രിയയിൽ ശരീരത്തിനു ലഭിക്കുന്ന ഒാക്സിജൻ, കാർബൺ ഡൈ ഒാക്സൈഡ് എന്നിവയുടെ വിനിമയം കൃത്യമായി നിരീക്ഷിച്ചാണ് ശരീരം ഹൈപ്പോക്സിയയിലേക്ക് പോകുന്നുണ്ടോ എന്നറിയുന്നത്. അതിനു പൾസ് ഒാക്സിമീറ്റർ എന്ന കുഞ്ഞൻ ഉപകരണം മതി. ഇതു വിരലിലേക്ക് ഘടിപ്പിച്ച് നോക്കിയാൽ രക്തത്തിലെ ഒാക്സിജൻ നിരക്ക് എത്രയാണെന്ന് അറിയാൻ പറ്റും.
‘‘ രക്തത്തിലെ ഒാക്സിജന്റെ പൾസ് ഒാക്സിമീറ്ററിലുള്ള സാധാരണനിരക്ക് 95 ശതമാനമാണ്. 85 ശതമാനമൊക്കെ ആകുമ്പോൾ ഗുരുതരാവസ്ഥയിലേക്കെത്തുകയാണ്. സാധാരണഗതിയിൽ അപ്പോൾ തെരുതെരെയുള്ള ശ്വാസമെടുക്കൽ ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ടുതുടങ്ങും. പക്ഷേ, പറഞ്ഞല്ലോ, കോവിഡ് കാലത്ത് ഒാക്സിജൻ നിരക്ക് ഇത്രയും താഴ്ന്നാലും യാതൊരു അസ്വാസ്ഥ്യവും പ്രകടമാകണമെന്നില്ല. അവർ സാധാരണപോലെ ശ്വാസമെടുക്കുന്നതായാണ് കാണാൻ കഴിയുക.
അതുകൊണ്ട് കൃത്യമായ ഇടവേളകളിൽ പൾസ് ഒാക്സിമീറ്റർ ഉപയോഗിച്ച് രോഗിയുടെ രക്തത്തിലെ ഒാക്സിജൻ നിരക്ക് അളക്കണം. 94 ശതമാനത്തിലും താഴ്ന്നാൽ രോഗിയുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം. 92 ശതമാനമൊക്കെ ആയാൽ ഒാക്സിജൻ സപ്പോർട്ട് നൽകിത്തുടങ്ങാം. ’’ ഡോക്ടർ പറയുന്നു.
എന്തുകൊണ്ടാണ് കോവിഡ് രോഗികളിൽ ഹൈപ്പോക്സിയ സൈലന്റ് ആകുന്നത് എന്നതിനു കൃത്യമായ ഒരു ഉത്തരമില്ല. അതിന് ഇനിയും ഏറെ ഗവേഷണങ്ങൾ വേണ്ടിവരും.
കോവിഡ് കാലത്തെ ഈ സന്നിഗ്ധാവസ്ഥ പരിഗണിച്ച് സർക്കാർ 600 പൾസ് ഒാക്സിമീറ്ററുകൾ വാങ്ങുന്നതായി വാർത്തകളുണ്ട്.