Saturday 17 October 2020 01:31 PM IST

ചോളവും നാരങ്ങാ നീരും ചേർന്ന മാജിക്, ചോറില്ലാത്ത ഡയറ്റ്; 107 കിലോയില്‍ നിന്നും 82 കിലോയിലെത്തിയ ഹസീബ് സീക്രട്ട്

Asha Thomas

Senior Sub Editor, Manorama Arogyam

haseeb

കൊച്ചി ഇളംകുളം സ്വദേശിയായ അബ്ദുൾ ഹസീബ് എന്ന 17 കാരന് 107 കിലോ ശരീരഭാരം സൃഷ്ടിച്ച പൊല്ലാപ്പുകൾ ചെറുതല്ല. കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ തന്നെ പ്രയാസമായിരുന്നു. ഒാടുമ്പോൾ ബാലൻസ് തെറ്റി വീഴും, കുറച്ചു നടക്കുമ്പോഴേ കിതയ്ക്കും... അങ്ങനെയാണ് ഭാരം കുറയ്ക്കാൻ തീരുമാനിച്ചത്.

ഇടപ്പള്ളി അൽ–അമീൻ പബ്ലിക് സ്കൂൾ വിദ്യാർഥിയായ ഹസീബ് ഏപ്രിൽ വേനലവധിക്കാണ് ഡയറ്റിങ് തുടങ്ങിയത്. ഏപ്രിൽ മേയ് മാസം 500 കാലറി ഭക്ഷണം മാത്രമാണ് ദിവസം കഴിച്ചത്. ചോറ് പൂർണമായും ഒഴിവാക്കി. മാംസഭക്ഷണവും മധുരവും കൊഴുപ്പും വേണ്ടെന്നു വച്ചു. ചപ്പാത്തിയും ഗോതമ്പ് ദോശയും മാത്രമാക്കി ഭക്ഷണം. ഹസീബിന്റെ ബാപ്പ ദുബായിൽ ജോലി ചെയ്യുകയാണ്. മേയ് മാസത്തിൽ അവിടേക്ക് പോയി. ദുബായിൽ ചുറ്റിയടിക്കുമ്പോഴും ഷവർമയുടെയും അറബിക് ഫൂഡിന്റെയുമൊന്നും പ്രലോഭനത്തിൽ വീണില്ല. കഴിവതും ഹെൽതി ആയ വിഭവങ്ങളും പാചകരീതികളുമൊക്കെ നോക്കി കഴിച്ചു; പരമാവധി 1500 കാലറിവരെ.

ചോറില്ലാത്ത ഡയറ്റ്

രാവിലെ എട്ടു മണിക്ക് ജിമ്മിൽ പോകും. അതിനു മുൻപ് ഒരു ഗ്ലാസ്സ് മധുരമിടാത്ത ജ്യൂസ് കുടിക്കും. പൈനാപ്പിളോ ഒാറഞ്ചോ. തിരികെ വരുമ്പോഴേക്കും 11 മണി കഴിയും. വന്ന് 45 മിനിറ്റ് കഴിഞ്ഞ് രണ്ട് ചപ്പാത്തിയും വെജിറ്റബിൾ കറിയും കഴിക്കും. ചില ദിവസം ചപ്പാത്തിക്കു പകരം ദോശ കഴിക്കും.

ഇടനേരങ്ങളിൽ ഭക്ഷണം കഴിക്കില്ല. രാത്രി ചോളം പുഴുങ്ങി നാരങ്ങാനീരും മുളകും ഉപ്പും ചേർത്ത് കഴിക്കും. ചിലപ്പോൾ മധുരമിടാതെ ഒരു ഗ്ലാസ്സ് പാൽ കുടിക്കും. ദിവസവും 7–8 കുപ്പി വെള്ളം കുടിച്ചിരുന്നു.

മൂന്നു മണിക്കൂർ വർക് ഔട്ട്

ദിവസം മൂന്നു മണിക്കൂർ ജിം വർക് ഒട്ട്. ആദ്യം ഭാരമെടുത്തുള്ള വ്യായാമം ചെയ്തിരുന്നു. ശക്തമായ പേശീവേദന വന്നതോടെ നിർത്തി. ശേഷം കാർഡിയോ വ്യായാമങ്ങൾ മാത്രം. ഒരു മണിക്കൂർ ട്രെഡ്മിൽ, ഒരു മണിക്കൂർ എലിപ്റ്റിക്കൽ, അര മണിക്കൂർ സ്േറ്റഷനറി സൈക്കിൾ.രണ്ടര മാസം കൊണ്ട് 20 കിലോയാണ് കുറഞ്ഞത്. ഇപ്പോൾ 82 കിലോയിലെത്തി നിൽക്കുന്നു.