Friday 31 July 2020 04:40 PM IST

സ്വാദ് കുറയാതെ നൽകാം കുട്ടികൾക്ക് പോഷണം : ഹെൽതി ചിക്കൻ നഗ്ഗറ്റ്സ് വീട്ടിലുണ്ടാക്കാം

Sruthy Sreekumar

Sub Editor, Manorama Arogyam

nuggets3456

പ്രായഭേദമന്യേ ഏവർക്കും ഇഷ്ടമുള്ള ഒരു ലഘു വിഭവമാണ് നഗറ്റ്സ്. വെജിറ്റബിൾ, ചിക്കൻ, റെഡ് മീറ്റ് തുടങ്ങിയവയുടെ നഗറ്റ്സ് ലഭ്യമാണ്. പായ്ക്കറ്റുകളിൽ വാങ്ങുന്ന നഗറ്റ്സുകളിൽ പ്രിസർവേറ്റീവുകളും കൃത്രിമ നിറങ്ങളും ചേർത്തിട്ടുണ്ടാകും. അതിനാൽ തന്നെ നഗറ്റ്സ് അമിതമായി ഉപയോഗിക്കുന്നത് ഗുണത്തെക്കാൾ ഏറെ ദോഷമാവും ചെയ്യുക. പായ്ക്കറ്റ് നഗറ്റ്സ് ഉപയോഗിക്കുന്നതിലൂടെ സന്തുലിതമായ പോഷണം ലഭിക്കില്ല. കാരണം ചിക്കൻ നഗറ്റ്സിൽ ചിക്കന്റെ അളവായിരിക്കും കൂടുതൽ. മാത്രമല്ല ഇവയിൽ അടങ്ങിയിരിക്കുന്ന പൂരിത കൊഴുപ്പിന്റെ അളവും കൂടുതലാണ്. ഇവ വീട്ടിൽ തയാറാക്കി നൽകുന്നതാണ് ഉത്തമം. അതിലുടെ പോഷക മൂല്യം കൂട്ടുകയും ചെയ്യാം.

വീട്ടിൽ തയാറാക്കുമ്പോൾ ചിക്കൻ നഗറ്റ്സിൽ നമുക്ക് ആവശ്യത്തിനുള്ള പച്ചകറികൾ കൂടി ചേർക്കാം. വെജിറ്റേറിയൻ ആളുകൾക്ക് സോയ ചങ്ങ്സ് വച്ച് നഗറ്റ്സ് ഉണ്ടാക്കാം.

വീട്ടിൽ ചിക്കൻ നഗറ്റ്സ് ഉണ്ടാക്കുമ്പോൾ ചിക്കനൊപ്പം കാരറ്റ്, ബീൻസ് , ഉരുളകിഴങ്ങ് , ഗ്രീൻ പീസ് എന്നിവ ഉപയോഗിക്കാം. ഇലക്കറികൾ കഴിക്കാൻ മടിയുള്ള കുട്ടികൾ ഉണ്ടെങ്കിൽ അവർക്കു വേണ്ടി ഇലക്കറികളും നഗറ്റ്സ് തയാറാക്കുമ്പോൾ ചേർക്കാം.

ഇനി ചിക്കൻ നഗറ്റ്സ് തയാറാക്കുന്ന വിധം നോക്കാം.

ആദ്യം ഓട്സ് അല്ലെങ്കിൽ ബ്രെഡ് പൊടിച്ചെടുക്കണം. എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങൾ എടുക്കുക. ചിക്കൻ കഷ്ണങ്ങൾ നേർപ്പിച്ച തൈരിൽ രണ്ടോ - മൂന്നോ മണിക്കൂർ നേരം ഇട്ടു വയ്ക്കുക. ഇങ്ങനെ ചെയ്താൽ ചിക്കൻ കുറച്ചു കൂടി മൃദുവാകും. ഈ ചിക്കൻ വേവിച്ചെടുക്കുക. തുടർന്ന് ഉരുളക്കിഴങ്ങ് വേവിച്ചുടയ്ക്കുക. ബീൻസ്, ചീരയോ മുരിങ്ങയിലയോ പോലുള്ള ഇലക്കറികൾ കുറച്ച് എടുക്കാം. ഈ ചേരുവകളിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇളക്കുക. ഇനി ഈ മിശ്രിതം നമുക്ക് ഇഷ്ടമുള്ള ആകൃതിയിൽ തയാറാക്കിയെടുക്കാം. ഇനി കുറച്ച് കോൺഫ്ലോറും കടലമാവും അൽപം വെള്ളം ചേർത്ത് കലക്കുക. ഇതിൽ നഗറ്റ്സ് മുക്കിയ ശേഷം ബ്രെഡ് അല്ലെങ്കിൽ ഓട്ട്സ് പൊടിച്ചതിൽ ഇട്ട് മറിച്ചും തിരിച്ചും എടുക്കുക. ഇത് വറുത്തെടുക്കുക. ചിക്കൻ വേവിച്ചതായതു കൊണ്ട് തന്നെ ഡീപ് ഫ്രൈയിങ് ആവശ്യമില്ല. അതായത് എണ്ണയിൽ മുക്കി പൊരിക്കേണ്ട ആവശ്യമില്ല. അതിലൂടെ എണ്ണയുടെ ഉപയോഗം കുറയ്ക്കാം.

എന്നാൽ ഇനി വൈകേണ്ട ... രുചികരമായ നഗറ്റ്സ് വീട്ടിൽ തന്നെ തയാറാക്കാം.

വിവരങ്ങൾക്ക് കടപ്പാട്

രജിത ജഗേഷ്

തിരുവനന്തപുരം