Friday 17 July 2020 04:35 PM IST

കണ്ണിൽ കാണുന്നതെല്ലാം എൻ-95 അല്ല : വ്യാജൻമാരെ ഇങ്ങനെ തിരിച്ചറിയാം

Asha Thomas

Senior Sub Editor, Manorama Arogyam

n95 6677

എൻ95 മാസ്ക് എന്ന പേരിൽ വ്യാജന്മാർ വിളയാടുകയാണ് എങ്ങും. കോവിഡിനെതിരേ അധിക സുരക്ഷയെക്കരുതി കാശു മുടക്കുന്നവർ മണ്ടന്മാരാകുന്ന അവസ്ഥാണ് ഇന്നുള്ളത്.

എന്താണ് എൻ 95 മാസ്ക്?

0.3 മൈക്രോൺ വരെയുള്ള സൂക്ഷ്മ കണികകളെ 95 ശതമാനത്തോളവും തടയുന്ന ഫിൽറ്ററിങ് സംവിധാനം ഉള്ളതുകൊണ്ടാണ് ഈ മാസ്കുകൾ എൻ 95 എന്ന് അറിയപ്പെടുന്നത്. പ്രത്യേകതരം സിന്തറ്റിക് ഫൈബർ കൊണ്ടാണ് മാസ്ക് നിർമിച്ചിരിക്കുന്നത്. നിലവിൽ ആരോഗ്യപ്രവർത്തകർക്കും കോവിഡ് രോഗികളുമായി അടുത്തിടപഴകുന്നവർക്കുമാണ് എൻ95 മാസ്ക് നിർദേശിച്ചിരിക്കുന്നത്.

എൻഐഒഎസ്എച്ച് (NIOSH) അംഗീകാരമുള്ള എൻ95 മാസ്കുകളാണ് യഥാർഥ എൻ95 മാസ്കുകൾ. എന്നാൽ NIOSH അംഗീകാരമുള്ളത് എന്ന പേരിൽ വിപണിയിലിറക്കുന്ന പല മാസ്കുകൾക്കും യഥാർഥത്തിൽ ആ സർട്ടിഫിക്കേഷൻ ഉണ്ടാകാറില്ല. യഥാർഥ എൻ95 മാസ്കിന്റെ കവറിനു പുറമേ തന്നെ NIOSH മുദ്രണം കാണാം. തൊങ്ങലുകളോ അലങ്കാരപ്പണികളോ ഉണ്ടാകില്ല. NIOSH എന്ന സ്പെല്ലിങ് കൃത്യമാണോ എന്നുറപ്പാക്കണം.

ഒറ്റത്തവണ ഉപയോഗം

എല്ലാ എൻ95 മാസ്കുകളും ഒറ്റത്തവണ ഉപയോഗത്തിനുള്ളവയാണ്. എട്ടു മണിക്കൂർ വരെ ഇത് ഉപയോഗിക്കാം. ശേഷം കളയണം എന്നാണ് നിർമാതാക്കൾ പറയുന്നത്. എന്നാൽ പകർച്ചവ്യാധികളൊക്കെ പടരുന്ന സാഹചര്യത്തിൽ എൻ 95 മാസ്കിനാണ് ദൗർലഭ്യം നേരിടാം. അങ്ങനെയുള്ളപ്പോൾ അണുവിമുക്തമാക്കി ഏതാനും ദിവസങ്ങൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല എന്ന് സിഡിസി പറയുന്നു.

പക്ഷേ, മാസ്ക് വല്ലാതെ അഴുക്കായിട്ടുണ്ടെങ്കിലോ തുമ്മലോ ചുമയോ വഴിയുള്ള എയ്റോസോളുകൾ കൊണ്ടു നനഞ്ഞിട്ടുണ്ടെങ്കിലോ ഈ മാസ്ക് കെട്ടി ആൾക്കൂട്ടത്തിൽ പോയിട്ടുണ്ടെങ്കിലോ വീണ്ടും ഉപയോഗിക്കുന്നത് സുരക്ഷിതമല്ല. അതുപോലെ ആരോഗ്യപ്രവർത്തകർ പോലെ നേരിട്ടു വൈറസുമായി സമ്പർക്കം വരാൻ സാധ്യതയുള്ളവരും മാസ്ക് ഒറ്റത്തവണ ഉപയോഗിച്ചു കളയുന്നതാണ് ഉത്തമം.

വീണ്ടും ഉപയോഗിക്കുമ്പോൾ

മൈക്രോവേവ് ചെയ്യുന്നത് നല്ലതാണെന്ന് ചില പഠനങ്ങൾ വന്നിട്ടുണ്ടെങ്കിലും മാസ്കിന്റെ മെറ്റാലിക് ക്ലിപിന് തീപിടിക്കാൻ സാധ്യതയുണ്ട്. സാനിറ്റൈസറോ മറ്റു അണുനാശിനികളോ കൊണ്ടു തുടയ്ക്കുന്നതോ ഡിറ്റർജന്റ് ഉപയോഗിച്ചു കഴുകുന്നതോ തിളച്ച വെള്ളത്തിൽ മുക്കുന്നതോ അണുവിമുക്തമാക്കാനുള്ള മാർഗമായി അംഗീകരിക്കപ്പെട്ടിട്ടില്ല. കൊറോണ വൈറസ് മാസ്കിൽ പരമാവധി ജീവനോടെയിരിക്കുന്നത് 72 മണിക്കൂറാണ്. അപ്പോൾ മൂന്നോ നാലോ മാസ്ക് വാങ്ങി 72 മണിക്കൂർ ഇടവിട്ട് മാറിമാറി കെട്ടുന്നതാകും പ്രായോഗികം. മാസ്ക് ഊരിയശേഷം നല്ല വായുസഞ്ചാരമുള്ളിടത്ത് ഉണക്കാനിടാം.

പക്ഷേ, മാസ്കിൽ വല്ലാതെ സ്രവങ്ങൾ പുരണ്ടിട്ടുണ്ടെങ്കിലോ ആൾക്കൂട്ടത്തിലോ ആശുപത്രികളിലോ പോയിട്ടുള്ളപ്പോഴോ ഈ ഉപയോഗവും റിസ്കിയാണ്. എൻ 95 മാസ്ക് ധരിച്ച് പുറമേ ഒരു ഫേസ് ഷീൽഡ് കൂടി വച്ചാൽ മാസ്ക് പെട്ടെന്ന് അഴുക്കാകുന്നത് തടയാം.

മാസ്ക് കെട്ടുമ്പോൾ

മാസ്ക് മുഖത്ത് കൃത്യമായി ഉറപ്പിക്കണം. മാസ്കിനും ചർമത്തിനുമിടയ്ക്ക് വിടവു വരാതെ ശ്രദ്ധിക്കുക. മാസ്ക് മുഖത്തേക്കു വച്ച് മെറ്റൽ ക്ലിപ് മൂക്കിന്റെ പാലത്തിലേക്ക് അമർത്തി ഉറപ്പിക്കണം. താടിയുണ്ടെങ്കിൽ മാസ്ക് കൃത്യമായി മുഖത്ത് ഫിറ്റാകണമെന്നില്ല. മാസ്കിന്റെ വള്ളികൾ ഇടുമ്പോൾ പിണഞ്ഞുപോകാതെ ശ്രദ്ധിക്കണം.

വാൽവുള്ള മാസ്കുകൾ

ചില എൻ95 മാസ്കുകൾക്ക് വാൽവു കൂടിയുണ്ടാകും. ഇത് കൂടുതൽ ഫ്രീയായി ശ്വാസമെടുക്കാൻ സഹായിക്കും. പക്ഷേ, വാൽവുള്ള മാസ്കുകൾ എല്ലാ സാഹചര്യങ്ങളിലും ഉപയോഗിക്കാൻ പറ്റില്ല. കാരണം ഉള്ളിലേക്കെടുക്കുന്ന വായുവിനെ ശുദ്ധീകരിക്കുമെങ്കിലും പുറത്തേക്കു പോകുന്ന വായുവിനെ അരിക്കില്ല. തന്മൂലം ആരോഗ്യപ്രവർത്തകർക്ക് ഈ മാസ്ക് ഉത്തമമല്ല. കൺസ്ട്രക്ഷൻ ജോലിക്കാർ, ട്രാഫിക് പൊലീസുകാർ പോലെ പൊടിയും മാലിന്യവും നിറഞ്ഞ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവർക്കാണ് ഈ മാസ്ക് ആവശ്യം.

വിവരങ്ങൾക്ക് കടപ്പാട് 

പ്രസന്ന ശശികുമാർ 

പൾമണറി റീഹാബിലിറ്റേഷൻ, പൾമൊണറി ടെക്‌നോളജി വിദഗ്ധ, കൊച്ചി 

Tags:
  • Manorama Arogyam
  • Health Tips