തണുപ്പായാലും ചൂടായാലും വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഒരു ചിയേഴ്സ് പറയലാണ്. വെറും വെള്ളംകുടിയല്ല വെറുംവയറ്റിൽ വെള്ളം കുടിക്കുന്ന വാട്ടർ തെറപിയാണ് പുതിയ ആരോഗ്യമന്ത്ര.
ശരീരത്തിൽ നിന്നു വിഷമാലിന്യങ്ങളെ ഒഴുക്കിക്കളയാനും തലവേദന തടയാനും ഉപാപചയസംവിധാനത്തെ ഉണർത്താനും ദഹനം മെച്ചപ്പെടുത്താനും ഭാരം കുറയ്ക്കാനും വെറുംവയറ്റിൽ വെള്ളംകുടി ഗുണകരമാണെന്നു വാദങ്ങളുണ്ട്. ജാപ്പനീസ് സുന്ദരികളുടെ ചുളിവു വീഴാത്ത ചർമഭംഗിയുടെയും ആരോഗ്യത്തിന്റെയും രഹസ്യം ജാപ്പനീസ് വാട്ടർ തെറപി എന്ന വെറുംവയറ്റിലെ വെള്ളം കുടിയാണെന്നാണ് ചിലരുടെ കണ്ടെത്തൽ.
നമ്മുടെ നാട്ടിൽ പ്രകൃതിചികിത്സയുടെ ഭാഗമായി വെറുംവയറ്റിൽ വെള്ളംകുടി നിർദേശിക്കാറുണ്ട്. വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് വിഷമാലിന്യങ്ങൾ നീക്കൽ വേഗമാക്കുമെന്ന് പ്രകൃതിചികിത്സാവിദഗ്ധ ഡോ. മേഴ്സി സാറ തോമസ് പറയുന്നു. സ്വാഭാവികമായും ഉപാപചയപ്രക്രിയ വേഗമാകും, ചർമാരോഗ്യം മെച്ചപ്പെടും. എന്നാൽ, വൃക്കരോഗികൾ പോലുള്ളവർക്ക് ഇതു നിർദേശിക്കാറില്ല. തന്നെയുമല്ല വെള്ളംകുടിച്ച് അര മണിക്കൂറെങ്കിലും കഴിഞ്ഞേ ഭക്ഷണം കഴിക്കാവൂ. ഇല്ലെങ്കിൽ ദഹനപ്രശ്നങ്ങൾക്കിടയാക്കാം.
വെറുംവയറ്റിൽ വെള്ളംകുടിക്ക് പ്രത്യേകിച്ച് ഔഷധഗുണമുള്ളതായി ആധുനികവൈദ്യശാസ്ത്രം കരുതുന്നില്ല. ‘‘എണീറ്റയുടനെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ഉറക്കത്തെ തുടർന്നുള്ള നിർജലീകരണം പരിഹരിക്കും. കൂടുതൽ പ്രയോജനം പറയാൻ ശാസ്ത്രീയ തെളിവുകളില്ല.’’ ജീവിതശൈലീരോഗ വിദഗ്ധൻ ഡോ. സാജിദ് ജമാൽ (കൊച്ചി) പറയുന്നു.
രോഗികളല്ലാത്തവർ രാവിലെ വെറുംവയറ്റിൽ ഒരു ഗ്ലാസ് തിളച്ചാറിയ വെള്ളംകുടിക്കുന്നത് പൊതുആരോഗ്യത്തിനു നല്ലതാണെന്ന് പ്രശസ്ത ആയുർവേദ ചികിത്സകൻ ഡോ. മുരളീധരൻപിള്ള (ഒല്ലൂർ) പറയുന്നു. ‘ഇത് മലബന്ധം തടയാനും വയറ് ശുദ്ധിയാകാനും സഹായിക്കും. എന്നാൽ വെള്ളം കുടിച്ചുടനെ ഭക്ഷണം കഴിക്കരുത്. വെള്ളം ദഹനരസത്തിന്റെ വീര്യം കുറച്ച് ദഹനശക്തി കുറയ്ക്കും’’
വെറുംവയറ്റിൽ കുടിക്കരുത്
വെറുംവയറ്റിലെ വെള്ളംകുടി ദോഷമാണെന്നു വാദിക്കുന്നു പാലക്കാട് പല്ലശനയിലുള്ള വിപസന പരിശീലകനായ കിരാതൻ വി. 25 വർഷത്തോളം പലവിധ രോഗങ്ങളോട് മല്ലിട്ട അദ്ദേഹം വെറുംവയറ്റിൽ വെള്ളംകുടി ശീലിച്ചിരുന്നയാളാണ്. ‘‘ വെള്ളം ആരോഗ്യം നൽകുമെന്നതു പോലെ രോഗിയുമാക്കും എന്നു പഠിച്ചത് സ്വാനുഭവത്തിൽ നിന്നാണ്. ചെറുപ്പം മുതലേ ഞാൻ മൂന്നര ലീറ്ററോളം വെള്ളം കുടിച്ചിരുന്നു. ഉണർന്നുടനെ വെറുംവയറ്റിൽ ഒരു ലീറ്റർ വെള്ളം കുടിച്ചിരുന്നു. എന്നിട്ടും ദഹനക്കേടും മലബന്ധവും സ്ഥിരമായി അലട്ടിയിരുന്നു.
ടൊയ്‌ലറ്റിൽ പോകുന്നതിനു മുൻപുള്ള വെള്ളംകുടി നിർത്താൻ ഒരു സുഹൃത്ത് പറഞ്ഞത് പരീക്ഷിച്ചത് വഴിത്തിരിവായി. വെറുംവയറ്റിൽ വെള്ളംകുടി നിർത്തി 15 Ðാം ദിവസം മുതൽ ഒരായാസവുമില്ലാതെ വയറ് കാലിയായിത്തുടങ്ങി. അതോ ടെ വെള്ളംകുടി സംബന്ധിച്ച് കൂടുതൽ പഠിച്ചു. ചരകസംഹിതയിലെ പരാമർശമാണ് കണ്ണുതുറപ്പിച്ചത്. ദഹനപ്രശ്നമുള്ളവരും പൈൽസ് രോഗികളും പ്രമേഹമുള്ളവരും വെള്ളംകുടി കുറയ്ക്കണമെന്ന് അതിൽ പറയുന്നു. നമ്മുടെ ശരീരത്തിൽ ഒരഗ്നിയുണ്ട്. അതാണ് ജഠരാഗ്നി. വെറുംവയറ്റിൽ വെള്ളം കുടിക്കുമ്പോൾ ഈ അഗ്നി കെട്ടുപോകുന്നു. ജഠരാഗ്നി കുറഞ്ഞാൽ ആമം ശരീരത്തിൽ രൂപപ്പെടും. ഇത് പല രോഗങ്ങൾക്കുമിടയാക്കും. ദാഹിക്കുമ്പോൾ മാത്രം വെള്ളം കുടിച്ചു തുടങ്ങിയ
തോടെ എന്റെ രോഗങ്ങളൊക്കെ മാറി. ദഹനക്കേടുള്ളവർ തുള്ളി തുള്ളിയായി വെള്ളം കുടിക്കണമെന്ന് ചരകസംഹിത പറയുന്നതും ഞാൻ പാലിക്കുന്നു.
എത്ര അളവു കുടിക്കണം?
മലയാളിക്ക് ദിവസം രണ്ടര ലീറ്റർ വെള്ളത്തിന്റെ ആവശ്യമേയുള്ളൂ എന്ന് ഡോ. സാജിദ് ജമാൽ പറയുന്നു. ‘‘അര ലീറ്ററോളം ഭക്ഷണത്തിൽ നിന്നും ലഭിക്കും. ദാഹം തോന്നിയാൽ മാത്രം അധികം കുടിച്ചാൽ മതി. ആ അധികം വെള്ളം ലവണങ്ങൾ ചേർന്നതായിരിക്കണം. പച്ചവെള്ളത്തിൽ അൽപം ഉപ്പു ചേർത്ത് കുടിക്കാം. കരിക്കിൻ വെള്ളമോ മോരുംവെള്ളമോ ഒക്കെ നല്ലത്. വൃക്കരോഗികളും വെള്ളം നിയന്ത്രിച്ചു കുടിക്കേണ്ടുന്നവരും ഡോക്ടർ നിർദേശിച്ചിരിക്കുന്ന അളവ് പാലിക്കുക. കീറ്റോ ഡയറ്റിങ്ങിൽ കൊഴുപ്പ് എരിച്ചുകളയാൻ വെള്ളം വേണം. അല്ലാത്ത ഡയറ്റിങ്ങിൽ ഒരുപാട് വെള്ളം കുടിക്കേണ്ട ആവശ്യമില്ല.’’
പ്രകൃതിചികിത്സ പ്രകാരം ദിവസം 12-15 ഗ്ലാസ് വെള്ളം കുടിക്കാം. അമിതമായി വെള്ളം കുടിച്ചാൽ ശരീരത്തിൽ നിന്നു ലവണങ്ങൾ നഷ്ടപ്പെട്ട് ഫിറ്റ്സ് പോലെ വരാം.
ഹൈഡ്രോതെറപി
വിവിധ താപനിലയിൽ ഉള്ള ജലം വിവിധ രീതിയിൽ ചികിത്സയ്ക്കായി ഉപയോഗിക്കുന്നതിന് ഹൈഡ്രോതെറപ്പി എന്നാണ് പേര്. നമ്മുടെ നാട്ടിൽ പ്രകൃതിചികിത്സയുടെ ഭാഗമാണ് ഹൈഡ്രോതെറപി. പ്രകൃതിരീതിയിൽ തണുപ്പും ചൂടും മാറിമാറി ഏൽപിച്ചാണ് ചികിത്സ. പ്രധാനമായും ദഹനസംബന്ധിയായ അസുഖങ്ങൾക്കാണ് ചെയ്യുന്നതെങ്കിലും സന്ധിവേദന, വാതരോഗങ്ങൾ, തലവേദന പോലുള്ള അസുഖങ്ങൾക്കും ഫലപ്രദമാണത്രേ.