Monday 01 June 2020 03:53 PM IST

വൈറസ് വ്യാപനം തടയാൻ വസ്ത്രങ്ങൾ കത്തിച്ചു! കൊറോണയുടെ ആദ്യ വരവിലെ ആദ്യരോഗി പറയുന്നു

Asha Thomas

Senior Sub Editor, Manorama Arogyam

covid-kerala

കേരളത്തിലെ കൊറോണയുടെ ആദ്യ വരവിലെ ആദ്യത്തെ രോഗി ആയിരുന്നു തൃശൂർ സ്വദേശിനിയായ ആ പെൺകുട്ടി. ചൈനയിലെ വുഹാനിൽ മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥിനി. ആറു മാസം കൂടി വീട്ടുകാരെ കാണാൻ ഒാടിയെത്തിയ പെൺകുട്ടിയെ കാത്തിരുന്നത് പക്ഷേ, അപ്രതീക്ഷിത സംഭവങ്ങളായിരുന്നു. 25 ദിവസം നീണ്ട ആശുപത്രി വാസം. വീണ്ടും 14 ദിവസം വീട്ടിൽ ക്വാറന്റീൻ....

ആശങ്കയുടെ കാർമേഘങ്ങൾ നിറഞ്ഞ ദിവസങ്ങളേക്കുറിച്ച് അവർ സംസാരിക്കുന്നു.

ആശങ്കകളോടെ നാട്ടിലേക്ക്

‘‘ഒരു ടൂറിസ്റ്റ് സെന്റർ പോലെ മനോഹരമായ സ്ഥലമാണ് വുഹാൻ. നല്ല കാലാവസ്ഥ.

സൗഹൃദമനസ്ഥിതിയുള്ള ആളുകൾ. കേരളം പോലെ തന്നെ സുരക്ഷിതമായ സ്ഥലമായിരുന്നു 2020 ജനുവരി പകുതിയോളം വരെ വുഹാൻ. 9–ാം തീയതി വരെ ഞങ്ങൾ കോളജിൽ പോയിരുന്നു. തുടർന്ന് അവധി പ്രമാണിച്ച് ചില സുഹൃത്തുക്കൾ നേരത്തെ അവരവരുടെ നാടുകളിലേക്ക് പോയി.

ജനുവരി 23 ന് കുണ്ണിങ് വിമാനത്താവളത്തിൽ നിന്ന് നൈറ്റ് ഫ്ലൈറ്റിനാണ് നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. വുഹാനിൽ നിന്ന് കുണ്ണിങ്ങിലേക്ക് രാവിലെ ഡൊമസ്റ്റിക് ഫ്ലൈറ്റും ബുക്ക് ചെയ്തിരുന്നു.

23–ാം തീയതി പെട്ടെന്നാണ് വുഹാനിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്. ഒരു വൈറസ് ഒരുപാട് ആളുകളെ ബാധിച്ചു എന്നും അതുകൊണ്ടാണ് ലോക്ക്ഡൗൺ എന്നും പറഞ്ഞുകേട്ടു. എന്തായാലും അതോടെ രാവിലത്തെ ഡൊമസ്റ്റിക് ഫ്ലൈറ്റ് കാൻസൽ ആയി. അതുകൊണ്ട് വുഹാനിൽ നിന്ന് ട്രെയിനിലാണ് കുണ്ണിങ്ങിലേക്ക് പോയത്. അവിടെ നിന്നു കൽക്കട്ടയിലേക്ക്. കൽക്കട്ടയിൽ നിന്ന് ജനുവരി 24ന് നെടുമ്പാശ്ശേരിയിലെത്തി. കൊച്ചിയിൽ വിമാനമിറങ്ങിയപ്പോൾ തന്നെ അവിടെ കൃത്യമായി വിവരങ്ങൾ അറിയിച്ചിരുന്നു. ഇതുകൂടാതെ ആരോഗ്യ പ്രവർത്തകരുടെ അടുത്തും റിപ്പോർട്ട് ചെയ്തു.

ലക്ഷണങ്ങൾ തുടങ്ങുന്നു

ആ സമയത്ത് ഇന്ത്യയിൽ ഒരു കേസു പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും വുഹാനിലെ സ്ഥിതി ഇങ്ങനെ ആയതുകൊണ്ട് ഒരു ശ്രദ്ധയുണ്ടായിരുന്നു. മാസ്ക് ഒക്കെ ധരിച്ചാണ് വീട്ടിൽ കഴിഞ്ഞത്.

27–ാം തീയതി രാവിലെ വരണ്ട ചുമ തുടങ്ങി. തൊണ്ടവേദനയുമുണ്ടായിരുന്നു. വീട്ടുകാർ വളരെ സാധാരണമായാണ് കണ്ടത്. പക്ഷേ, എനിക്ക് ഇതു കോവിഡ് ആണോയെന്നു സംശയം തോന്നി. അപ്പോൾ തന്നെ ഹെൽപ് ലൈൻ നമ്പറിൽ വിളിച്ച് കാര്യമറിയിച്ചു. തുടർന്ന് അവർ പറഞ്ഞതനുസരിച്ച് തൃശൂർ ജനറൽ ഹോസ്പിറ്റലിൽ എത്തി. 28–ാം തീയതി തൊണ്ടയിൽ നിന്നു സ്രവമെടുത്ത് പരിശോധനയ്ക്ക് അയച്ചു. 30–ാം തീയതി കോവിഡ് പൊസിറ്റീവാണെന്ന് റിസൽട്ട് വന്നു.

അപ്പോഴും ഭയമൊന്നും തോന്നിയിരുന്നില്ല. സുഖം പ്രാപിക്കുമെന്നൊരു ചിന്ത ശക്തമായിരുന്നു. ആരോഗ്യകരമായി കുഴപ്പം ഇല്ലാത്തതുകൊണ്ട് പേടിക്കാനില്ലെന്നു ഡോക്ടർമാരും ധൈര്യപ്പെടുത്തി.

31–ാം തീയതി തൃശൂർ മെഡി. കോളജിലേക്ക് മാറ്റി. ഒസൽടാമിവിർ എന്ന മരുന്നാണ് തന്നിരുന്നത്. 28–ാം തീയതിയോടെ ചുമയും തൊണ്ടവേദനയുമൊക്കെ മാറിയിരുന്നു. വയറിന് ഇത്തിരി അസ്വാസ്ഥ്യം ഉണ്ടായതൊഴിച്ചാൽ മറ്റു വൈഷമ്യങ്ങൾ ഇല്ലായിരുന്നു.

ഒറ്റമുറി ദിനങ്ങൾ

അടച്ചിട്ട മുറിയിൽ വെറുതെ ഇരിപ്പാണെങ്കിലും പകൽ കിടന്നുറങ്ങില്ലായിരുന്നു. കുറച്ചുസമയം മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കും.

വൈഫൈ സൗകര്യം ഉണ്ടായിരുന്നതുകൊണ്ട് ഇടയ്ക്ക് ഫോണിൽ പാട്ടുകേൾക്കും, സിനിമ കാണും. വീട്ടുകാരെയൊക്കെ വീഡിയോകോൾ ചെയ്ത് സംസാരിക്കും. ഫോണിൽ നോട്സ് ഒക്കെ വരും. ബന്ധുക്കൾ പ്രിന്റെടുത്തു കൊണ്ടുവന്നു തരും. അങ്ങനെ മടുപ്പില്ലാതെ ദിവസങ്ങൾ പോയി.

ആശുപത്രിയിലും കർശനമായ ചില ആരോഗ്യചിട്ടകളുണ്ടായിരുന്നു. ഫോൺ ദിവസവും ഇടയ്ക്കിടെ വൃത്തിയാക്കാൻ നിർദേശം ലഭിച്ചിരുന്നു. വൈറസ് വ്യാപനം തടയാൻ വസ്ത്രങ്ങൾ ആശുപത്രി ജീവനക്കാർ തന്നെ എടുത്തു കത്തിച്ചു കളയും. പക്ഷേ, ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതിരുന്നതിനാൽ ഇഷ്ടമുള്ള എന്തു ഭക്ഷണവും കഴിക്കാമായിരുന്നു.

ദിവസവും ആരോഗ്യവകുപ്പ് അധികൃതർ വിളിച്ച് രോഗവിവരം തിരക്കും. മന്ത്രി ശൈലജ ടീച്ചറും കളക്ടറുമൊക്കെ വിളിച്ച് സുഖവിവരം തിരക്കിയിരുന്നു. ഫലം വരാൻ കുറച്ചു വൈകിയപ്പോൾ മാത്രമാണ് ആശങ്ക തോന്നിയത്. പക്ഷേ, അവിടെ ലഭിച്ചിരുന്ന കൗൺസിലിങ് സഹായം കൊണ്ട് അതും മറികടക്കാനായി. ടെൻഷൻ വരുമ്പോൾ ചെയ്യാവുന്ന ചില ബ്രീതിങ് എക്സർസൈസോക്കെ അവർ പറഞ്ഞുതന്നിരുന്നു.

ഫലം നെഗറ്റീവ് ആകുന്നു

ഫെബ്രുവരി 14–ാം തീയതി റിസൽട്ട് നെഗറ്റീവായി. 16–ാം തീയതിയിലെ റിസൽട്ടും നെഗറ്റീവായതോടെ 20–ാം തീയതി ആശുപത്രി വിട്ടു. 14 ദിവസത്തേക്ക് പുറത്തിറങ്ങരുത് എന്നു നിർദേശിച്ചിരുന്നു. അത് കൃത്യമായി പാലിച്ചു. റൂമിൽ നിന്നും അധികം പുറത്തിറങ്ങിയതേ ഇല്ല. ഞാൻ ക്വാറന്റീനിൽ ആയിരുന്ന സമയത്ത് വീട്ടിലുള്ളവരാരും പുറത്തുപോകാതെ ശ്രദ്ധിച്ചു.

ഇപ്പോൾ രാജ്യങ്ങളിലെല്ലാം രോഗം പടരുന്ന വാർത്ത കാണുമ്പോൾ പഴയ രോഗദിനങ്ങൾ ഒാർമവരും. തക്കസമയത്ത് ചികിത്സ ലഭിച്ചതുകൊണ്ടാണ് വലിയ അപകടത്തിൽ നിന്നു രക്ഷപെട്ടതെന്ന് മനസ്സു പറയും.