Friday 12 June 2020 04:26 PM IST

മാസ്ക് ധരിച്ചാൽ കുഞ്ഞിനു ശ്വാസംമുട്ടുമോ? അലർജി വരുമോ? ആശങ്കകൾക്ക് മറുപടി നൽകി ഡോ. ജിസ്സ് പാലാക്കുന്നേൽ

Asha Thomas

Senior Sub Editor, Manorama Arogyam

baby-surgical-mask8865433

കുട്ടികളെ മാസ്ക് ധരിപ്പിച്ചേ പുറത്തുകൊണ്ടുപോകാവൂ എന്നാണല്ലൊ നിർദേശം. പക്ഷേ, മാസ്ക് ധരിച്ചാൽ ശ്വാസം മുട്ടുമോയെന്നാണ് ചില രക്ഷിതാക്കളുടെ ആശങ്ക. ഉച്ഛ്വാസ വായുവിലെ കാർബൺ ഡൈ ഒാക്സൈഡ് വീണ്ടും ശ്വസിക്കാൻ ഇടയാകുമെന്നും അത് അപകടമാകില്ലേ എന്നുമാണ് മറ്റുചിലരുടെ ആശങ്ക. ഇത്തരം ആശങ്കകൾക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ? പാലാ ചേർപ്പുങ്കലിലെ മാർ സ്ലീവാ മെഡിസിറ്റിയിലെ ശിശുരോഗവിദഗ്ധൻ ഡോ. ജിസ്സ് പാലാക്കുന്നേൽ മറുപടി പറയുന്നു.

മാസ്ക് ആദ്യമായി ധരിക്കുമ്പോൾ ചെറിയൊരു അസ്വാസ്ഥ്യം അനുഭവപ്പെടാം. മാസ്ക് ധരിച്ചാലും വായു കടക്കാനുള്ള ഇടം മാസ്കിന്റെ വശങ്ങളിലും മുൻഭാഗത്തും ഉണ്ടല്ലൊ. അതുകൊണ്ട് ശ്വാസംമുട്ടുമെന്ന പ്രശ്നം ഉദിക്കുന്നേയില്ല. ഉച്ഛ്വാസവായു വീണ്ടും ശ്വസിച്ച് കാർബൺ ഡൈഒാക്സൈഡ് വിഷബാധ ഉണ്ടാകുമെന്ന ഭയവും അസ്ഥാനത്താണ്. ലോകാരോഗ്യസംഘടന തന്നെ ഇക്കാര്യം ഉറപ്പിച്ചു പറയുന്നുണ്ട്. ചിലർ ശ്വാസംമുട്ടുമെന്ന കാരണം പറഞ്ഞ് മാസ്ക് മൂക്കിനു താഴെയായി കെട്ടുന്നതു കാണാം. ഇതു ശരിയല്ല. ഇങ്ങനെ മാസ്ക് കെട്ടുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല.

കുട്ടികൾക്ക് ഗുണമേന്മയുള്ള മാസ്ക്

തുണി മാസ്ക്, ഒറ്റത്തവണ ഉപയോഗിക്കാവുന്ന സർജിക്കൽ മാസ്ക്, വാൽവ് ഉള്ള മാസ്ക്, കൂടുതൽ സുരക്ഷയുള്ള, ആരോഗ്യപ്രവർത്തകർക്കായുള്ള എൻ 95 മാസ്ക് എന്നിങ്ങനെ പലതരം മാസ്കുകൾ ലഭിക്കും. ഈ മാസ്കുകളൊക്കെ പല നിരക്കിലുള്ള സുരക്ഷയാണ് നൽകുക.

രണ്ടു വയസ്സിനു താഴയുള്ള കുട്ടികളെ പുറത്ത് കൊണ്ടുപോകേണ്ടി വന്നാൽ തുണി മാസ്കുകളേ ഉപയോഗിക്കാവൂ. ഈ പ്രായത്തിലുള്ള കുട്ടികൾക്ക് അല്ലാത്ത മാസ്ക് ഉപയോഗിച്ചാൽ ചിലപ്പോൾ ശ്വാസമെടുക്കാൻ പ്രയാസം അനുഭവപ്പെടാം. രണ്ടു വയസ്സിനു മുകളിലുള്ള കുട്ടികളെ നിർബന്ധമായും മാസ്ക് ധരിപ്പിക്കണം. പക്ഷേ, ഏതെങ്കിലും മാസ്ക് ധരിപ്പിച്ചാൽ പോര. ഗുണമേന്മ കുറഞ്ഞ മാസ്ക് ആണെങ്കിൽ അതിന്റെ പാളി ചെറുതായി പൊടിഞ്ഞ് തുമ്മലും ജലദോഷവും ചെറിയ അലർജിയും പോലെ വരാം. അതുകൊണ്ട് കുട്ടികൾക്ക് നല്ല ഗുണമേന്മയുള്ള മാസ്കുകൾ തന്നെ ഉപയോഗിക്കാൻ നൽകുക.

മൂന്നുലെയർ തന്നെ വേണം

തുണി മാസ്ക് തന്നെ പല തരത്തിലുണ്ട്. ഒറ്റലെയർ മാസ്കും മൂന്നു ലെയർ മാസ്കും. ഒറ്റലെയർ മാസ്ക് നമ്മളിൽ നിന്നും മറ്റുള്ളവരിലേക്ക് അണുക്കൾ കടക്കാതെ തടയും. പക്ഷേ, മൂന്നു പാളികളായുള്ള (മൂന്ന് അടുക്കുകളുള്ള) ഇളംനിറത്തിലുള്ള കോട്ടൺ തുണി കൊണ്ടുള്ള മാസ്ക് ആണ് കൂടുതൽ ഫലപ്രദം. ഒന്നിലധികം അടുക്കുകൾ ഉള്ളതുകൊണ്ട് ഇതിന്റെ അരിക്കൽ പ്രക്രിയ കൂടുതൽ ശക്തമാണ്.

വാൽവ് ഘടിപ്പിച്ച മാസ്കുകളും ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ഉച്ഛ്വാസവായു പൂർണമായി പുറത്തേക്ക് കളയുമെന്നതാണ് ഇതിന്റെ മെച്ചമായി പറയുന്നത്. എന്നാൽ ഇത്തരം കാർബൺ ഡൈഒാക്സൈഡ് വിഷബാധയ്ക്ക് സാധ്യത ഇല്ലാത്തതിനാൽ കുട്ടികൾക്കായാലും ഇത്തരം മാസ്കിന്റെ ആവശ്യമില്ല.

തുണി മാസ്ക് എത്ര തവണ ഉപയോഗിക്കാം

ഒാരോ തവണ ഉപയോഗത്തിനു ശേഷവും തുണി മാസ്ക് കഴുകണം. സാധാരണ സോപ്പ് ഉപയോഗിച്ച് കഴുകി നല്ല വെയിലത്ത് ഇട്ട് ഉണക്കി വീണ്ടും ഉപയോഗിക്കുക. ദിവസവും മാസ്ക് കെട്ടുന്നവരാണെങ്കിൽ അഞ്ച് തുണി മാസ്ക് മാറിമാറി ഉപയോഗിക്കുക. അതായത് ഒരു മാസ്ക് ഒരു ദിവസം ഉപയോഗിച്ച് കഴുകിയിടുക. പിറ്റേന്ന് വേറൊരു മാസ്ക്. അടുത്ത ദിവസം വേറെ മാസ്ക്. അപ്പോൾ ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യമേ ഒരു മാസ്ക് ഉപയോഗിക്കുന്നുള്ളു. ഒാരോ മാസ്കിന് ഒാരോ കവറും വയ്ക്കുക. എളുപ്പം മാസ്ക് കേടാകാതിരിക്കാൻ ഇതു സഹായിക്കും. ആറു മാസം വരെ ഇങ്ങനെ ഉപയോഗിക്കാവുന്ന റീ യൂസബിൾ മാസ്കുകൾ ഉണ്ട്. ഒരാൾ ഉപയോഗിച്ച മാസ്ക് കഴുകിയാണെങ്കിൽ പോലും വേറൊരാൾ ഉപയോഗിക്കരുത്.

Tags:
  • Manorama Arogyam
  • Health Tips