Friday 19 June 2020 10:54 AM IST

വ്യായാമം ചെയ്യുമ്പോൾ മാസ്ക് ധരിക്കണോ?; വിദഗ്ധരുടെ മറുപടി ഇങ്ങനെ

Sruthy Sreekumar

Sub Editor, Manorama Arogyam

mask-workout

അടുത്തിടെ വേൾഡ് െഹൽത് ഒാർഗനൈസേഷന്റെ ഫേയ്സ്ബുക്ക് പേജിൽ കണ്ട നിർദേശമാണ് വ്യായാമം െചയ്യുമ്പോൾ മാസ്ക് ധരിക്കേണ്ടതില്ല. മറ്റുള്ളവരുമായി കുറഞ്ഞത് ഒരു മീറ്റർ അകലമെങ്കിലും പാലിച്ചാൽ മതി എന്നത്. എന്നാൽ പുറത്തിറങ്ങി വ്യായാമം െചയ്യുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കണമെന്നാണ് െകാച്ചി ഐഎംഎ പ്രസിഡന്റ് ഡോ. രാജീവ് ജയദേവൻ അഭിപ്രായപ്പെടുന്നത്.

കോവിഡ് ബാധിച്ച് അമ്പത് ശതമാനത്തിലധികം പേർക്ക് ലക്ഷണങ്ങൾ ഇല്ലായിരുന്നു. ലക്ഷണങ്ങൾ ഇല്ല എന്നു പറഞ്ഞാൽ ഒന്നുകിൽ ലക്ഷണങ്ങൾ പ്രകടമാകില്ല. (എസിംപ്റ്റമാറ്റിക് അവസ്ഥ). അല്ലെങ്കിൽ ലക്ഷണങ്ങൾ പ്രകടമാകുന്നതിനു മുൻപുള്ള അവസ്ഥ (പ്രീസിംപ്റ്റമാറ്റിക് ). ഭൂരിഭാഗം കോവിഡ് രോഗികളും ഈ രണ്ട് വിഭാഗങ്ങളിൽെപടുന്നതു കൊണ്ടാണ് എല്ലാവരും പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം എന്ന് നിഷ്കർഷിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ മാസ്ക് ധരിക്കുന്നതിൽ നിന്ന് ഇളവൊന്നും പാടില്ല. പ്രത്യേകിച്ച് ഇന്ത്യ പോലെ ജനസാന്ദ്രത കൂടുതലുള്ള രാജ്യങ്ങളിൽ. മാത്രമല്ല മാസ്ക് ധരിക്കുന്നത് ആരോഗ്യത്തിനു ഹാനികരമാണെന്ന തരത്തിൽ ഒരു പഠനവും നിലവിൽ വന്നിട്ടില്ല. സോഷ്യൽ ഡിെസ്റ്റൻസിങ്ങിന്റെ അനിവാര്യ ഘടകമാണ് എല്ലാവരും മാസ്ക് ധരിക്കുക എന്നത്. ഇതു െചയ്താൽ വൈറസ് വ്യാപനം കുറയ്ക്കാം എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

വീടിനു പുറത്തിറങ്ങി നടത്തം പോലുള്ള വ്യായാമത്തിലേർപ്പെടുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം. നാം അറിയാതെ നമുക്ക് വൈറസ് ബാധയുണ്ടെങ്കിൽ അതു മറ്റുള്ളവരിലേക്ക് പകരാതിരിക്കാനാണ് മാസ്ക് ധരിക്കാൻ നിർദേശിക്കുന്നത്. കൂടാതെ മറ്റുള്ളവരിൽ നിന്നുള്ള രോഗവ്യാപനം മാസ്കിന് കുറെയോക്കെ ചെറുക്കാനുമാകും. മാസ്കിന്റെ ഉപയോഗം തന്നെ നമ്മുെട മൂക്കിൽ നിന്നും വായിൽ നിന്നുമുള്ള സ്രവങ്ങൾ പുറത്തേക്ക് വരാതെ തടയാനാണ്. അല്ലാതെ വായു തടയാൻ അല്ല. അതിനാൽ തന്നെ ധൈര്യമായി മാസ്ക് ധരിക്കാം. തുണി മാസ്കുകൾ വശങ്ങളിലൂെട വായുസഞ്ചാരം സാധ്യമാക്കുന്നു. അതിനാൽ ഒാക്സിജൻ ലഭിക്കാതെ വരുന്ന പ്രശ്നം ഉദിക്കുന്നില്ല. വ്യായാമം െചയ്യുമ്പോൾ ശ്വാസോച്ഛ്വാസം തീവ്രമായതിനാൽ രോഗമുള്ളവർ മാസ്ക് ധരിച്ചില്ലെങ്കിൽ രോഗവ്യാപനത്തിനുള്ള സാധ്യത സ്വാഭവികമായും കൂടും.

നടക്കാൻ പോകുമ്പോൾ സംഘം ചേർന്നു നടക്കാതെ ഒരു മീറ്ററെങ്കിലും അകലം പാലിക്കേണ്ടതാണ്. വ്യായാമം െചയ്യുമ്പോൾ നന്നായി വിയർക്കുന്നത് സ്വാഭാവികമാണ്. നനഞ്ഞ മാസ്ക് ധരിക്കരുത് എന്ന നിർദേശവുമുണ്ട്. ഇതിനു പരിഹാരമായി വ്യായാമത്തിനിറങ്ങുമ്പോൾ രണ്ടോ മൂന്നോ മാസ്ക് കൂടി കരുതുക. മാസ്ക് നനഞ്ഞെന്ന് തോന്നിയാൽ അതു മാറ്റി പുതിയത് ധരിക്കാം. വ്യായാമം െചയ്യുമ്പോൾ മാസ്ക് ധരിക്കാൻ ബുദ്ധിമുട്ട് തോന്നുന്നവർക്ക് വീടിനുള്ളിൽ ഒതുങ്ങുന്നതരം വ്യായാമം െചയ്യാവുന്നതാണ്.