Friday 15 May 2020 12:40 PM IST

പ്രശ്നങ്ങൾ മറികടക്കാനും ലക്ഷ്യങ്ങൾ നേടാനുമുള്ള വഴി: മൈൻഡ് മാപ്പിങ്

Chaithra Lakshmi

Sub Editor

mmp

‘മനസ്സിൽ ലക്ഷ്യമുണ്ട്. പക്ഷേ, എവിടെ നിന്ന് തുടങ്ങണമെന്ന ആശയക്കുഴപ്പത്തിലാണ്.’ മുന്നോട്ടുള്ള ചുവടുകൾ എങ്ങനെയാകണമെന്ന  ധാരണയില്ലാതെ വിഷമിക്കുന്നവരെ നാം കാണാറുണ്ട്.

 ‘മനസ്സ് അസ്വസ്ഥമാകുന്നു. ജീവിതത്തിൽ പല പ്രശ്നങ്ങളും ഉള്ളത് കൊണ്ട് എന്താണ് മനസ്സിനെ അസ്വസ്ഥമാക്കുന്നതെന്ന് കൃത്യമായി തിരിച്ചറിയാനാകുന്നില്ല'. കൃത്യമായ കാരണം കണ്ടെത്തി പ്രശ്നം പരിഹരിക്കാനാകാത്തതിനാൽ ജീവിതം തന്നെ നിരാശയിലായവരെ നമ്മളിൽ പലർക്കും പരിചയമുണ്ടാകും. ഇത്തരം അവസ്ഥകൾക്ക് പരിഹാരമാണ് മൈൻഡ് മാപ്പിങ് . അനാവശ്യ ചിന്തകൾ, ഏകാഗ്രതയില്ലായ്മ ഇവ അകറ്റി ഏകാഗ്രത കൈവരിക്കുന്നതിന് മൈൻഡ് മാപ്പിങ് പ്രയോജനപ്പെടുത്താം. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ജീവിതലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും  മൈൻഡ് മാപ്പിങ് വഴി കാട്ടിയാകും.

 വഴി കാട്ടും മനസ്സ്

അമിത ചിന്ത, മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങൾ ഇവ പരിഹരിക്കുകയാണ് വേണ്ടതെങ്കിൽ ആദ്യം ഒരു പേപ്പറിലോ ഡയറിയിലോ മനസ്സിലെ ചിന്തകളെല്ലാം എഴുതുക. സ്വന്തമായി ജോലിയില്ലാത്തത്, സാമ്പത്തിക പ്രശ്നങ്ങൾ, ജോലി സ്ഥലത്തെ പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങൾ ഇങ്ങനെ അലട്ടുന്ന പ്രശ്നങ്ങളെല്ലാം എഴുതണം. മനസ്സിലെ ചിന്തകളെല്ലാം കടലാസിലേക്ക് പകർത്തിയെന്ന് തോന്നുന്നത് വരെ എഴുതുക. ഇനി കടലാസിൽ കുറിച്ചിട്ട പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് കണ്ടെത്തണം. അനുബന്ധമായ പ്രശ്നങ്ങളെയും തിരിച്ചറിയുക. ഇനി മൈൻഡ് മാപ്പിങ് തുടങ്ങാം. 

       ഒരു പേജിന്റെ മധ്യത്തിൽ ഒരു വൃത്തം വരച്ചിടുക. ഇതിൽ നിന്ന് ശാഖകൾ പോലെ അഞ്ചോ ആറോ വരകൾ രേഖപ്പെടുത്തുക.  ഇവയുടെ അറ്റത്ത് ഓരോ വൃത്തം വരയ്ക്കണം.  മധ്യത്തിലെ വലിയ വൃത്തത്തിനുള്ളിലാണ് പ്രധാന പ്രശ്നം കുറിച്ചിടേണ്ടത്. ശാഖകളിലെ വൃത്തത്തിനുള്ളിൽ ഈ പ്രശ്നത്തിനുള്ള കാരണങ്ങൾ കുറിക്കാം. ഇവയിൽ നിന്ന്  ശാഖകൾ തീർത്ത് വൃത്തം വരച്ച് പരിഹാരമായി എന്താണ് ചെയ്യേണ്ടത് എന്ന് കുറിക്കുക. ( വേണമെങ്കിൽ പ്രധാന പ്രശ്നം മാത്രം വൃത്തത്തിനുള്ളിൽ വരയ്ക്കുകയും ബാക്കിയുള്ളവ ശാഖകളുടെ അറ്റത്ത് കുറിച്ചിടുകയും ചെയ്യാം.)   ഇങ്ങനെ മൈൻഡ് മാപ്പിങ് ചെയ്യുന്നതിലൂടെ പ്രശ്നങ്ങൾ കൃത്യമായി തിരിച്ചറിയുന്നതിനും അവ വിലയിരുത്തുന്നതിനും കഴിയും. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എന്ത് നടപടിയെടുക്കണമെന്ന് നമുക്ക് മനസ്സിലാക്കാനാകും. 

    ജീവിതലക്ഷ്യം കൈവരിക്കുന്നതിനും ഇതേ മാതൃകയിൽ മൈൻഡ് മാപ്പിങ് ചെയ്യാം. ഒരു പേജിന്റെ മധ്യത്തിൽ വലിയ വൃത്തം വരച്ച് അതിനുള്ളിൽ പ്രധാന ലക്ഷ്യം കുറിക്കണം. ഇതിൽ നിന്ന് ശാഖകൾ വരച്ച്  മനസ്സിലെ മറ്റ് ലക്ഷ്യങ്ങൾ കുറിച്ചിടുക. ജോലിയാണ് പ്രധാന ലക്ഷ്യമെങ്കിൽ  അതിനോടനുബന്ധിച്ചുള്ള ലക്ഷ്യങ്ങളായി വീട്, വാഹനം, സാമ്പത്തിക ഭദ്രത ഇവ എഴുതാം. തുടർന്നുള്ള ശാഖകളിലെ വൃത്തങ്ങളിൽ ഈ ലക്ഷ്യങ്ങൾ നേടാൻ എന്തെല്ലാം ചെയ്യണമെന്ന് കുറിക്കുക. ഈ മൈൻഡ് മാപ്പിങ്ങിലൂടെ ജീവിതത്തിലെ പ്രധാന ലക്ഷ്യം കൈവരിക്കാൻ സ്വീകരിക്കേണ്ട നടപടികൾ എന്തെന്ന് തലച്ചോറിന് കൃത്യമായി തിരിച്ചറിയാനാകും. ഇനി അധ്വാനിക്കാനുള്ള മനസ്സ് കൂടിയുണ്ടായാൽ വിജയം ഉറപ്പ്.