Tuesday 03 March 2020 01:00 PM IST

ശാസ്ത്രീയമായി നൃത്തം പഠിക്കാത്ത ലാൽ, പക്ഷേ ആ പ്രകടനം കണ്ടപ്പോൾ അത്ഭുതപ്പെട്ടു പോയി; സുജാത ടീച്ചർ പറയുന്നു

Asha Thomas

Senior Sub Editor, Manorama Arogyam

mohanlal

ചെറുതുരുത്തിയിൽ നിളയുടെ തീരത്താണ് കലാമണ്ഡലം. തൂണിലും തുരുമ്പിലും കാറ്റിലും വരെ നൃത്തം നിറയുന്ന ഇടം... മണ്ഡപങ്ങളും കൂത്തമ്പലവും തണൽമരങ്ങളും കടന്നെത്തുന്ന ചിലങ്കകളുടെ കിലുക്കം.

സമുദ്രം പോലെയുള്ള വലിയ കണ്ണുകളിൽ പ്രണയം നിറച്ച, അടിമുടി നൃത്തമായിരുന്ന സുമ എന്ന പാർവതിയും അവളോടുള്ള സ്നേഹത്തിന്റെ തടവറയിൽ ജീവിതം ഹോമിച്ച നന്ദഗോപനെന്ന മോഹൻലാലും ആനന്ദനടനം ആടിയത് ഇവിടെയാണ്. പ്രേമോദാരനായ് അണയൂ നാഥാ... എന്ന് മോനിഷ പ്രണയാർദ്രയായത് ഇവിടുത്തെ മണ്ഡപത്തിൽ നൃത്തം ചവിട്ടുമ്പോഴാണ്. കമലദളം എന്ന സിനിമയുടെ ഫ്രെയിമുകളിലൂടെ മലയാളിക്കു പരിചിതമായ കലാമണ്ഡലം എന്ന കലയുടെ കൽപിത സർവകലാശാലയിൽ എത്തിയപ്പോൾ നൃത്തപരിശീലനത്തിന്റെ സമയമാണ്.

താളത്തിലുള്ള കൊട്ടു മുഴങ്ങിയപ്പോൾ കർണാടക സംഗീതത്തിന്റെ ശീലിനൊത്ത് സുന്ദരിമാർ ചുവട് വച്ചുതുടങ്ങി. വിടരുന്ന താമര പോലെ കൈകളിൽ മുദ്രകൾ വിരിയുന്നു. കണ്ണിൽ ലാസ്യഭാവം. ചുവടുകളിൽ ചടുലത....

ഗുരുകുല സമ്പ്രദായത്തിലാണ് കലാണ്ഡലത്തിലെ നൃത്തപഠനം. കലാകാരികളുടെ ദിവസം തുടങ്ങുന്നത് വെളുപ്പിനെ നാലു മണിക്കാണ്. കലയുടെ ദൈവസാന്നിധ്യത്തെ വണങ്ങി, കണ്ണു നീട്ടിയെഴുതി മുടി നീട്ടിപിന്നിയിട്ട് നൃത്തവേഷമണിഞ്ഞ് അഞ്ചു മണിക്ക് നൃത്ത കളരിയിലെത്തുന്നവർ... അഞ്ചു മുതൽ ആറു മണി വരെ സംഗീതസാധകമാണ്. നർത്തകിക്ക് സംഗീതജ്ഞാനം അത്യാവശ്യമാണല്ലോ. കർണാടക സംഗീത പാഠങ്ങളിലൂടെ ഒരു മണിക്കൂർ...

kalamandalam-

മെയ്യ‌്സാധകമെന്ന വ്യായാമം

ഏഴു മുതൽ എട്ടു മണി വരെ മെയ്യ്്സാധകം. താളത്തിനനുസരിച്ച് വിവിധ ശരീരചലനങ്ങളിലൂടെ, ചുവടുകളിലൂടെ ശരീരത്തെ നൃത്തത്തിനായി പാകപ്പെടുത്തുന്നു. പേശികളെ പരമാവധി വലിച്ചുമുറുക്കി അയച്ചുവിടുന്ന സ്ട്രെച്ചിങ്ങുകൾ ധാരാളമുണ്ട്. കണ്ണിനും കഴുത്തിനും പ്രത്യേക സാധകമുണ്ട്. സാവധാനത്തിലും ചടുലമായും വശങ്ങളിലേക്കും മുകളിലേക്കും കണ്ണുകൾ ഇളക്കുന്നു. കഴുത്ത് വശങ്ങളിലേക്കും മുൻപിലേക്കും വെട്ടിച്ചാണ് കഴുത്ത് സാധകം. ചുവടുവയ്പുകളും സ്ട്രെച്ചിങ്ങുകളും ചാടിമറിഞ്ഞുള്ള ചലനങ്ങളും കഴിയുമ്പോഴേക്കും വിയർത്തുകുളിക്കും. കാലറി ഒരുപാട് എരിഞ്ഞുതീരും.

തുടർന്ന് ഭേദാസ് പരിശീലിക്കുന്നു. ദൃഷ്ടിഭേദം, ശിരോഭേദം, ഗ്രീവാഭേദം എന്നിങ്ങനെ പ്രധാനമായും മൂന്നു ഭേദങ്ങളാണ് ഉള്ളത്. കഴുത്തും ശിരസ്സും കണ്ണുമൊക്കെ എങ്ങനെ ചലിപ്പിക്കാമെന്ന പരിശീലമാണ് നൽകുന്നത്. ഒാരോ ചലനത്തിനും ഒാരോ അർഥമുണ്ട്.

കണ്ണിന് സമം (നേരേ നോക്കുന്നത്), സാജി ( മുന്നിലുള്ള വസ്തുക്കളെ നോക്കി സാവധാനം വശത്തേക്ക് കണ്ണ് ചലിപ്പിക്കുന്നു), നിമീലിതം ( കണ്ണ് പാതി അടയ്ക്കുക). ശിരസ്സിനാണെങ്കിൽ സമം, ഉദ്വാഹിതം ...

എട്ടു മണിക്ക് പ്രാതൽ കഴിഞ്ഞാണ് നൃത്ത കളരി തുടങ്ങുന്നത്. മോഹിനിയാട്ടമാണ് പ്രധാനമായും പഠിപ്പിക്കുന്നത്. ഭരതനാട്യവും കുച്ചിപ്പുടിയും ഉപവിഷയങ്ങളാണ്. മോഹിനിയാട്ടം ലാസ്യപ്രധാനമാണ്. സാവധാനത്തിലുള്ള ചലനങ്ങളാണ് ഉള്ളത്. കുച്ചിപ്പുടിയിൽ ബാലൻസിങ്ങിന് പ്രാധാന്യമുണ്ട്. പെട്ടെന്നുള്ള ചുവടുവയ്പുകളും വട്ടത്തിലുള്ള ചലനങ്ങളുമൊക്കെ ധാരാളം. ഭരതനാട്യത്തിൽ മുദ്രകൾക്കും അഭിനയത്തിനും കൂടുതൽ പ്രാധാന്യമുണ്ട്. പന്ത്രണ്ടര വരെ നൃത്തക്ലാസ്സ് ഉണ്ടാകും. ഉച്ചകഴിഞ്ഞ് ഭാഷയും സാഹിതൃവും നൃത്തവിഷയങ്ങളും അടങ്ങുന്ന തിയറി ക്ലാസ്സുകൾ.

എട്ടാം ക്ലാസ്സിൽ കലാമണ്ഡലത്തിലെത്തിയതാണ് കൂത്താട്ടുകുളംകാരി അഞ്ജലി. ഇപ്പോൾ നൃത്തത്തിൽ ഡിഗ്രി ചെയ്യുന്നു...അഞ്ജലിയെ പോലെ ചെറുപ്രായത്തിലേ വരുന്നവർ മുതൽ ഡിഗ്രിക്കോ പിജിക്കോ വന്നു ചേരുന്നവരുമുണ്ട്. പെൺകുട്ടികളെ മാത്രമാണ് നിലവിൽ നൃത്തം പഠിപ്പിക്കുന്നത്. എട്ടാം ക്ലാസ്സ് മുതലുള്ളവർക്ക് പ്രവേശനം. പരീക്ഷയും അഭിമുഖവും വഴി നൃത്തപഠനത്തിനു ചേരാം. പിജി ക്ലാസ്സുകൾ പ്രധാന ക്യാംപസിൽ നിന്ന് മാറി നിള ക്യാംപസിലാണ്.

kalamandalam-2 ഫോട്ടോ : ശ്യാം ബാബു

നൃത്ത പഠനത്തിനായി വിദേശികളും കലാമണ്ഡലത്തിൽ എത്താറുണ്ട്. ഇവർക്ക് കലാമണ്ഡലത്തിന് പുറത്തു താമസിച്ച് ദിവസം രണ്ടു–മൂന്നു മണിക്കൂർ നൃത്തം പരിശീലിക്കാം. 3–6 മാസം കോഴ്സുകളാണ് ഇവർക്കുള്ളത്. മെയ്യ‌്സാധകം പോലുള്ള കാര്യങ്ങളും ഇല്ല.

മോഹൻലാലിനെ നൃത്തം പഠിപ്പിച്ചപ്പോൾ

നൃത്ത കളരി കഴിഞ്ഞ് ഉച്ചഭക്ഷണത്തിന് കൂട്ടമായി കുട്ടികൾ പുറത്തേക്കൊഴുകിയപ്പോഴാണ് കലാമണ്ഡലത്തിലെ മുതിർന്ന നൃത്താധ്യാപിക സുജാത ടീച്ചറെ കണ്ടത്. 35 വർഷത്തിൽ കൂടുതലായി ടീച്ചർ കലാമണ്ഡലത്തിലെത്തിയിട്ട്.

‘‘ഒരു നർത്തകിക്ക് അത്യാവശ്യം വേണ്ടുന്നത് താളബോധവും സംഗീത താൽപര്യവുമാണ്. അത് ഉണ്ടാക്കിയെടുക്കാൻ പറ്റില്ല. ജന്മസിദ്ധമായി കിട്ടണം. അംഗചലനങ്ങളൊക്കെ നമുക്കു പഠിപ്പിച്ചുകൊടുക്കാം.’’ സംസാരിച്ചുതുടങ്ങിയപ്പോൾ ടീച്ചറിൽ ‘കമലദളം’ സിനിമയുടെ ഒാർമകളുണർന്നു.

‘‘ആനന്ദനടനം ആടിനാർ... എന്ന നൃത്തരംഗത്തിന് ചുവടുകൾ ചിട്ടപ്പെടുത്തിയത് ഞാനാണ്. ലാൽ ശാസ്ത്രീയമായി നൃത്തം പഠിച്ചിട്ടില്ല... മുന്നൊരുക്കങ്ങളില്ല...

പക്ഷേ, ചുവടുകൾ ഒന്നുപോലും തെറ്റാതെ, അതിന്റെ ഭംഗി ചോരാതെ മോഹൻലാൽ എന്ന മഹാനടൻ നൃത്തം പൂർത്തിയാക്കിയപ്പോൾ എല്ലാവരും അദ്ഭുതപ്പെട്ടു. ചില കുട്ടികൾ അങ്ങനെയുണ്ട്. നൃത്തം രക്തത്തിൽ അലിഞ്ഞു ചേർന്നവർ. അങ്ങനെയുള്ളവർ ഒരു പ്രാവശ്യം കാണിച്ചുകൊടുത്താൽ എളുപ്പം പഠിച്ചെടുക്കും.

കുട്ടികൾക്ക് ഏഴ് വയസ്സൊക്കെ ആവുമ്പോഴേ നൃത്തം പരിശീലിപ്പിച്ചു തുടങ്ങാം. പലരും കുട്ടികളെ നിർബന്ധിച്ച് മൂന്നു നാലു വയസ്സിൽ നൃത്തം പഠിക്കാൻ വിടാറുണ്ട്. അതു വേണ്ട. ഏഴ് വയസ്സാകണം, കയ്യും കാലും ഉറയ്ക്കാൻ. ’’