Tuesday 30 June 2020 12:21 PM IST

ഡയറ്റിങ് സമയത്തെ ദേഷ്യവും വിഷാദവും: മൂഡ് മാറ്റങ്ങളുടെ കാരണവും മാറ്റാൻ ചില പൊടിക്കൈകളും അറിയാം...

Asha Thomas

Senior Sub Editor, Manorama Arogyam

dietjvbjruhh778

ഡയറ്റ് ചെയ്തിട്ടുള്ളവർക്കറിയാം ഡയറ്റിങ് അത്ര ഈസിയല്ല. നാവിനു പിടിച്ച രുചികളെ ഒരു സുപ്രഭാതം മുതൽ വേണ്ടെന്നു വയ്ക്കേണ്ടി വരുന്നത് ശരീരം മാത്രമല്ല തലച്ചോറും അത്ര പെട്ടെന്നു സ്വീകരിക്കില്ല. അതുകൊണ്ടാണ് ഡയറ്റ് തുടങ്ങി കുറച്ചു കഴിയുമ്പോൾ വിശപ്പു കൂടുന്നതും മൂഡ് മാറ്റങ്ങളും അസ്വസ്ഥതയും വിഷാദവുമെല്ലാം കണ്ടുതുടങ്ങുന്നതും. ഡയറ്റിങ് സമയത്തെ മൂഡ് മാറ്റങ്ങളുടെ കാരണവും അവയ്ക്കുള്ള പരിഹാരവും അറിയാം.

കാർബോഹൈഡ്രേറ്റ് കുറച്ചാൽ

ഡയറ്റിങ് തുടങ്ങാൻ നമ്മൾ മലയാളികൾ മടിക്കുന്നതിന്റെ ഒരു പ്രധാന കാരണം തന്നെ ചോറ് കഴിക്കാതിരിക്കാൻ വയ്യാത്തതാണ്. കാർബോഹൈഡ്രേറ്റ് നമ്മുടെ ഭക്ഷണത്തിന്റെ പ്രധാനഭാഗമാണ്. ചോറായും പലഹാരമായും സ്നാക്കായും നമ്മൾ ദിവസവും അകത്താക്കുന്നത് പ്രധാനമായും കാർബോഹൈഡ്രേറ്റാണ്. ആർകൈവ്സ് ഒാഫ് ഇന്റേണൽ മെഡിസിൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഡയറ്റ് പിൻതുടരുന്നവരിൽ ദേഷ്യം, ആശയക്കുഴപ്പം, ഒരുതരം വിഭ്രാന്തി എന്നിവയൊക്കെ അനുഭവപ്പെടാമെന്നാണ്. എന്താവാം ഇതിനു കാരണം? ഗവേഷണങ്ങൾ പറയുന്നത് കാർബോഹൈഡ്രേറ്റ് അളവു കുറയുന്നത് സെറാടോണിൻ എന്ന മൂഡുമായി ബന്ധപ്പെട്ട രാസത്വരകത്തെ സിന്തസൈസ് ചെയ്യാനുള്ള തലച്ചോറിന്റെ ശേഷി കുറയ്ക്കുമെന്നാണ്.

വയർ വെറുതെയിടരുത്

കുറച്ചു മാത്രം കഴിക്കുക, കൂടുതൽ വ്യായാമം ചെയ്യുക എന്നതാണ് ഭാരം കുറയ്ക്കാനുള്ള മാന്ത്രികവാക്യം. ശതി തന്നെ. എന്നാൽ, കാലറി നിയന്ത്രിക്കാൻ ശ്രമിക്കുന്തോറും തലച്ചോറിലുണ്ടാകുന്ന രാസവ്യിയാനങ്ങൾ മൂഡ് മാറ്റങ്ങൾക്കിടയാക്കും. വിശക്കുമ്പോൾ നിങ്ങൾ നിങ്ങളല്ലാതാകും എന്നു പറയുന്നത് വെറുതേയല്ല. വിശപ്പിനെയും മൂഡിനെയുമൊക്കെ നിയന്ത്രിക്കുന്ന തലച്ചോറിലെ സെറാടോണിൻ എന്ന രാസഘടകത്തിന്റെ അളവിൽ ഏറ്റക്കുറച്ചിൽ ഉണ്ടാവുകയും തത്ഫലമായി അനിയന്ത്രിതമായി ദേഷ്യം വരുകയും ചെയ്യുന്നു.ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള ഒരു മാർഗ്ഗം പടിപടിയായി വളരെ സാവധാനത്തിൽ മാത്രം കാലറി കുറയ്ക്കുകയാണ്. ഇത് മൂഡ് മാറ്റങ്ങളും അസ്വാസ്ഥ്യവും കുറയ്ക്കും.

കൊഴുപ്പിനെ പേടിക്കേണ്ട

വണ്ണം കുറയ്ക്കണമെങ്കിൽ കൊഴുപ്പ് കുറയ്ക്കണമെന്നാണ് പൊതുവേയുള്ള ചിന്ത. യഥാർഥത്തിൽ ചീത്ത കൊഴുപ്പ് ഒഴിവാക്കുകയാണ് വേണ്ടത്. പക്ഷേ, സംഭവിക്കുന്നതോ? കൊഴുപ്പിനെ പേടിച്ച് നല്ല കൊഴുപ്പ് ഉൾപ്പെടെയുള്ള എല്ലാ കൊഴുപ്പിനെയും പടിക്കു പുറത്തുനിർത്തും. പക്ഷേ, പഠനങ്ങൾ പറയുന്നത് ഒമേഗ 3 ഫാറ്റി കൊഴുപ്പ് പോലെ ഗുണകരമായ കൊഴുപ്പ് കുറയുന്നത് വിഷാദം ദേഷ്യം, ശത്രുതാമനോഭാവം എന്നിവയ്ക്കൊക്കെ കാരണമാകുന്നുവെന്നാണ്. അതുകൊണ്ട് ഡയറ്റിലാണെങ്കിലും മത്തി, അയല പോലുള്ള കൊഴുപ്പുള്ള മീനുകളും ബദാം, വാൽനട്ട് പോലുള്ള അണ്ടിപ്പരി്പുകളും ചെറുചണവിത്ത്, സോയ ബീൻ പോലുള്ള വിത്തുകളും ഒഴിവാക്കരുത്.

പ്രലോഭനങ്ങളെ ഒഴിവാക്കാം

ഏറെ പ്രിയപ്പെട്ട ചോക്ലറ്റ് ഒരു കഷണം പോലും കഴിക്കാതെ ഇരിക്കേണ്ടിവരുമ്പോൾ ആകപ്പാടെ ഒരു അസ്വസ്ഥതയും ദേഷ്യവും ഒക്കെ തോന്നുന്നത് സ്വാഭാവികമാണ്. അപ്പോൾ അത്തരമൊരു ഭക്ഷണം ആരെങ്കിലും നിങ്ങളുടെ മുൻപിൽ ഇരുന്നു കഴിച്ചാലോ? ഡയറ്റിങ് സമയത്ത് കൂട്ടുകാരോടൊപ്പം ഈറ്റിങ് ഔട്ടിനു പോകാൻ പലരും മടിക്കുന്നതിന്റെ കാരണവും ഇതുതന്നെ. സത്യത്തിൽ ആ ഭക്ഷണം കഴിക്കാൻ പറ്റാത്തതിലുപരി, ആ പ്രലോഭനത്തെ സ്വയം നിയന്ത്രിക്കേണ്ടിവരുന്നതാണ് അസ്വാസ്ഥ്യത്തിനു കാരണമെന്ന് ഇതിനേക്കുറിച്ചു പഠിച്ച ഗവേഷകർ പറയുന്നു. ഇതിന് ഒരു പരിഹാരം പ്രിയവിഭവം പാടെ ഒഴിവാക്കാതെ അൽപം രുചിക്കുന്നതാണ്. അങ്ങനെ സാധ്യമല്ലെങ്കിൽ ഇത്തരം പ്രലോഭനങ്ങള്ക്ക് ഇടയാക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുക. അതുമല്ലെങ്കിൽ ആരോഗ്യകരമായ പകരം വയ്ക്കലുകൾ നടത്താം. ഉദാഹരണത്തിന് ചോക്‌ലറ്റ് കഴിക്കാതെ വയ്യെങ്കിൽ സാധാരണ ചോക്‌ലറ്റിനു പകരം ഡാർക് ചോക്‌ലറ്റ് തിരഞ്ഞെടുക്കുക എന്നിങ്ങനെ.

Tags:
  • Manorama Arogyam
  • Health Tips