Wednesday 05 September 2018 02:00 PM IST

‘സി.ടി–എം.ആർ.ഐ സ്കാനിംഗ് ബില്ലുകൾ കണ്ട് കണ്ണു തള്ളേണ്ട’; ഇനി മൂന്നിലൊന്നു ചെലവിൽ സ്കാൻ ചെയ്യാം

Santhosh Sisupal

Senior Sub Editor

ct-scan

വൻ ചെലവു വരുന്ന സിടി, എംആർഐ പോലുള്ള സ്കാനുകൾ ഏറ്റവും കുറഞ്ഞത് പകുതി ചെലവിൽ ചെയ്യാൻ കഴിഞ്ഞാലോ?... തീർച്ചയായും രോഗികൾക്ക് വലിയൊരു ആശ്വാസമാകും. കേരളത്തിലെ അഞ്ചു മെഡിക്കൽ കോളജുകളിൽ പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡിന്റെ ഹിൻഡ്‌ ലാബുകളിലും എറണാകുളം ജനറൽ ആശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലുമാണ് അവിശ്വസനീയമായ കുറവിൽ സ്കാനുകൾ ചെയ്യുന്നത്.

എവിടെ ചികിത്സ തേടുന്ന രോഗികൾക്കും ഈ സൗകര്യം വിനിയോഗിക്കുന്നതിൽ തടസ്സമില്ല. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഹിൻഡ് ലാബിൽ എംആർഐ സ്കാനിങ്ങുകൾക്കു പുറമേ സിടി സ്കാൻ സൗകര്യവുമുണ്ട്. സ്കാൻ പരിശോധനകൾ കേരളത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ചെലവിൽ ചെയ്യുന്നത് എറണാകുളം ജനറൽ ആശുപത്രിയിലാണ്.

സ്വകാര്യ സ്കാൻ സെന്ററുകളിലെ ചെലവുമായി താരതമ്യം ചെയ്യാൻ ഒരു കണക്കുമാത്രം പറയാം. സാധാരണയായി തലച്ചോറിന്റെ ട്യൂമറിനുള്ള MRI സ്കാനിങ്ങായ ‘എംആർഐ+എംആർഎ+ എംആർഎസ് വിത് കോൺട്രാസ്റ്റ്’ എന്ന പരിശോധനയ്ക്ക് എല്ലാം കൂടി ചേർത്ത് ഹിൻഡ് ലാബുകളിൽ 7000 രൂപ ചെലവു വരുമ്പോൾ സ്വകാര്യകേന്ദ്രങ്ങളിൽ ഇതേ തരം സ്കാനിങ് മെഷീനുകളിൽ തന്നെ െചയ്യുമ്പോഴും 23,000 വരെ ഈടാക്കാം. 6000 മുതൽ 10,000 വരെ ഈടാക്കപ്പെടുന്ന സാധാരണ ബ്രെയിൻ സ്കാനിന് ഇവിടെ 3500 രൂപ മാത്രമേ ഈടാക്കുന്നുള്ളൂ.

‘‘ നമ്മുെട ലാബിൽ നിന്നുള്ള സ്കാനുകൾക്ക് ഒരു തരത്തിലുള്ള കമ്മീഷനും പോകുന്നില്ല. അതുകൊണ്ടുതന്നെ അപൂർവമായി ചില ഡോക്ടർമാരെങ്കിലും സ്കാൻ ക്ലിയറല്ല അതുകൊണ്ടു പുറത്തുനിന്നു വേണം എന്നു രോഗികളോട് പറയാറുണ്ട്’’– ഹിൻഡ്‌ ലാബ് നാഷനൽ ഓപ്പറേഷൻസ് മാനേജർ രാജേഷ് കേശവൻ പറയുന്നു.
ഈ ലാബുകളിലെ രക്തമടക്കം മറ്റു പരിശോധനകൾക്കും ചെലവു കുറവാണ്.

ഈ കേന്ദ്രങ്ങളെ ബന്ധപ്പെടാനുള്ള ഫോൺ നമ്പരുകൾ- എറണാകുളം ജനറൽ ആശുപത്രി: 0484 2973012, കൊല്ലം ജില്ലാ ആശുപത്രി: 0474 2768668. മെഡിക്കൽ കോളജ് ഹിൻഡ് ലാബുകൾ– തിരുവനന്തപുരം: 9400027989, ആലപ്പുഴ:9400027943, കോട്ടയം: 9400027944, തൃശൂർ: 9400027942, കോഴിക്കോട്: 9400027965.