0.3 മൈക്രോൺ വരെയുള്ള സൂക്ഷ്മ കണികകളെ 95 ശതമാനത്തോളവും തടയുന്ന ഫിൽറ്ററിങ് സംവിധാനം ഉള്ളവയാണ് എൻ 95 മാസ്കുകൾ. പ്രത്യേകതരം സിന്തറ്റിക് ഫൈബർ കൊണ്ടാണ് ഈ മാസ്ക് നിർമിച്ചിരിക്കുന്നത്. നിലവിൽ ആരോഗ്യപ്രവർത്തകർക്കും കോവിഡ് രോഗികളുമായി അടുത്തിടപഴകുന്നവർക്കുമാണ് എൻ95 മാസ്ക് നിർദേശിച്ചിരിക്കുന്നത്.
ചില എൻ 95 മാസ്കുകളുടെ പുറത്ത് ഒരു പ്ലാസ്റ്റിക് ഡിസ്ക് പോലുള്ള വാൽവ് കൂടിയുണ്ടാകും. ഇതു നമ്മൾ ഉള്ളിലേക്കെടുക്കുന്ന വായുവിനെ അരിച്ചു ശുദ്ധിയാക്കുന്നു. എന്നാൽ നമ്മൾ ഉച്ഛ്വസിക്കുമ്പോൾ ഈ അരിക്കൽ പ്രക്രിയ നടക്കുന്നുമില്ല.
വാൽവും കോറോണ ബാധയും തമ്മിലെന്ത്?
മാസ്കിലെ വാൽവ് പുറത്തേക്കുവിടുന്ന വായുവിനെ അരിക്കുന്നില്ല എന്നു പറഞ്ഞല്ലൊ. രോഗലക്ഷണമൊന്നുമില്ലാത്ത ഒരു കോവിഡ് ബാധിതനാണ് വാൽവുള്ള എൻ 95 മാസ്ക് ധരിച്ചിരിക്കുന്നത് എന്നു കരുതുക. വാൽവിലൂടെ പുറത്തുപോകുന്ന വായു അരിക്കപ്പെടാത്തതു മൂലം രോഗബാധിതന്റെ ഉച്ഛ്വാസ വായുവിലുള്ള വൈറസ് വാൽവിലൂടെ അതേപടി പുറത്തേക്കുവരുകയും അടുത്തുള്ളവരിലേക്ക് ഈ വൈറസ് പകരുകയും ചെയ്യാം. ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം 11 ലക്ഷം കവിഞ്ഞു. പലയിടങ്ങളിലും സാമൂഹികവ്യാപനം സംഭവിച്ചുകഴിഞ്ഞു. അതുമാത്രമല്ല, ലക്ഷണമില്ലാതെ രോഗം പരത്തുന്ന ആളുകളുടെ എണ്ണവും കൂടുതലാണ്. ഇത്തരമൊരു അവസ്ഥയിൽ വാൽവുള്ള എൻ95 മാസ്കുകൾ അപകടമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ആരോഗ്യപ്രവർത്തകർക്കും ഇത്തരം എൻ 95 മാസ്കുകൾ അനുയോജ്യമല്ല. ഇത്തരം മാസ്കുകൾ യാതൊരു തത്വദീക്ഷയുമില്ലാതെ ഉപയോഗിക്കുന്നതിനെ ആരോഗ്യമന്ത്രാലയവും വിലക്കിയിട്ടുണ്ട്.
കണ്ണിൽ കാണുന്നതെല്ലാം എൻ-95 അല്ല : വ്യാജൻമാരെ ഇങ്ങനെ തിരിച്ചറിയാം