Wednesday 17 July 2019 10:48 AM IST

‘കൺ‌ചിമ്മിയാൽ സ്റ്റോപ്പിട്ടോ! രണ്ടാമത് കണ്ണടയുന്നത് തിരിച്ചറിഞ്ഞെന്നു വരില്ല’; ബാലഭാസ്കറിന് സംഭവിച്ചത് നമുക്ക് സംഭവിക്കാതിരിക്കട്ടെ

Santhosh Sisupal

Senior Sub Editor

accidents

വീണ്ടും പാടാം, സഖീ... നിനക്കായ് വിരഹഗാനം ഞാൻ.. ഒരു വിഷാദ ഗാനം...

പതിഞ്ഞ ശബ്ദത്തിൽ ഉംബായിയുെട ഗസൽ കാറിന്റെ എസി കുളിരിൽ അലിഞ്ഞ് കാതിലേക്കു വീണുകൊണ്ടിരുന്നു. രാത്രി രണ്ടുമണികഴിഞ്ഞുകാണണം... ഭാര്യയും പുറകിലെ സീറ്റിൽ കളിയും ബഹളവുമായി ഇരുന്ന കുട്ടികളും നല്ല ഉറക്കമായി. മൂന്നു നാലു മണിക്കൂറായി വണ്ടി ഓടിക്കുന്നു. കൺപോളകൾക്കൊരു കനം. ഉറക്കം വരുന്നുണ്ട്. ഇനിയൊരു കടകണ്ടാൽ വണ്ടിനിർത്തി കട്ടൻ കാപ്പി കുടിക്കണം. ഏതായാലും ഇപ്പോ നല്ല റോഡാണ്. വാഹനങ്ങളില്ല.. അഞ്ചാമത്തെ ഗിയറിലിട്ട് വണ്ടി പറപ്പിച്ചു വിട്ടു.

ഒന്നു കണ്ണടഞ്ഞുപോയി. കാതടപ്പിക്കുന്ന ശബ്ദം. ലോകം കീഴ്മേൽ മറിയുന്നു. ശരീരത്തിൽ എന്തൊക്കെയോ തുളച്ചു കയറുന്നു. വേദന. കുട്ടികളുെട നിലവിളി. ഒരൊറ്റനിമിഷം... പിന്നെ ഇരുട്ട്. മൊത്തം ഇരുട്ട്. എല്ലാം കഴിഞ്ഞു.

അടുത്ത ദിവസത്തെ ചാനൽ വാർത്ത: ബൈപാസ് റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മരണം. വാഹനത്തിലുണ്ടായിരുന്ന യുവതിയും ഒരു കുട്ടിയും സംഭവസ്ഥലത്തുതന്നെ മരിച്ചു... വാഹനമോടിച്ച യുവാവും, മറ്റൊരുകുട്ടിയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം കാർ ഡിവൈഡറിൽ ഇടിച്ചുകയറി തലകീഴായി മറിയാൻ കാരണമെന്നു കരുതുന്നു.

രാത്രി ഡ്രൈവിങ് കുറയ്ക്കൂ

സംഗീതസംവിധായകൻ ബാലഭാസ്കറിന്റെയും കുഞ്ഞിന്റേയും വേർപാടിന്റെ നൊമ്പരം മലയാളികൾ മറന്നു തുടങ്ങിയിട്ടില്ല. മറ്റൊരു രാത്രിയപകടത്തിനരയായ മലയാളസിനിമയിലെ ചിരിവസന്തം ജഗതിശ്രീകുമാറിന്റെ തുടർജീവിതവും നമ്മുെട കൺമുന്നിലുണ്ട്.. ഇങ്ങനെ എത്രയെത്ര രാത്രി അപകടങ്ങൾ..

രാത്രിയിൽ റോഡിൽ വാഹനങ്ങളുെട തിരക്ക് വളരെ കുറവാണെങ്കിലും അപകടസാധ്യത മൂന്നിരട്ടിയാണ് എന്ന് മിക്കവർക്കുമറിയില്ല. വാഹനാപകടങ്ങളിലുണ്ടാകുന്ന മരണങ്ങളിൽ പകുതിയും രാത്രിയിലാണ് സംഭവിക്കുന്നത്. രാത്രിയിൽ അപകടസാധ്യത ഏറ്റവും കൂടുതലാണ് എന്നതുമാത്രമല്ല, അപകടമുണ്ടായാൽ ആശുപത്രിയിലെത്താനും വിദഗ്ധ ചികിത്സ കിട്ടാനുമുള്ള കാലതാമസമാണ് മരണനിരക്ക് ഇത്ര കൂടാൻ കാരണം.

∙ പതിവ് ഉറക്കസമയത്തിലും രണ്ടൂമണിക്കൂറിലധികം നീണ്ടുനിൽക്കുന്ന രാത്രിയാത്ര ഒഴിവാക്കുക. ഉദാ: സ്ഥിരമായി ഉറങ്ങുന്നത് രാത്രി 11 ന് ആണെങ്കിൽ രാത്രി ഒരുമണി കഴിഞ്ഞും വാഹനമോടിക്കേണ്ടി വരാതെ ശ്രദ്ധിക്കുക.

തീരുമാനവും കാഴ്ചയും

കാഴ്ച അവലംബമാക്കിയാണ് ഡ്രൈവർമാർ 90 ശതമാനം തീരുമാനങ്ങളുമെടുക്കുന്നത്. കാഴ്ച ശേഷി രാത്രിയിൽ കുറയുന്നതാണ് രാത്രികാല ഡ്രൈവിങ്ങിലെ ഏറ്റവും പ്രധാനപ്പെട്ട അപായസാധ്യതയും.

∙ നാൽപതു കഴിഞ്ഞവർ കൃത്യമായ ഇടവേളകളിൽ കാഴ്ച പരിശോധിക്കുക.

∙ രാത്രിയിൽ വാഹനമോടിക്കുന്നവരുടെ കണ്ണടകൾ ആന്റിഗ്ലെയർ ആയിരിക്കണം.

പരിമിതമായ വെളിച്ചം

വാഹനത്തിന്റെ ഹെഡ്‌ലൈറ്റും സ്ട്രീറ്റ് ലൈറ്റുമാണ് റോഡിലെ രാത്രികാല പ്രകാശ സ്രോതസ്സ്. ഈ പരിമിതമായ വെളിച്ചത്തിൽ അകലവും ആഴവും അറിയാനുള്ള കണ്ണിന്റെ കഴിവ് കുറയും. നിറങ്ങൾ തിരിച്ചറിയുന്നതിലെ പരിമിതിയും രാത്രിഡ്രൈവിങ്ങിലെ അപകടസാധ്യത കൂട്ടുന്നു. സാധാരണനിലയിൽ ഹെഡ്‌ലൈറ്റിന്റെ പ്രകാശം കൊണ്ട് ‌കാണാൻ പറ്റുന്നത് ഏതാണ്ട് 75 മീറ്റർ ആണ്. ഹൈബീം ലൈറ്റ് ഉപയോഗിച്ചാൽ പരമാവധി 150 മീറ്റർ കാണാം. ഈ പരിമിതമായ ദൂരക്കാഴ്ചയിൽ വേണം ഡ്രൈവർ തീരുമാനങ്ങളെടുക്കേണ്ടത്. ഇത് അപകടസാധ്യത കൂട്ടും.

∙ രാത്രിയാത്രയ്ക്കുമുൻപ് വാഹനത്തിലെ എല്ലാ ലൈറ്റും തുടച്ച് വൃത്തിയാക്കുക.

∙യാത്രക്കാരുടെ ആകെ ഭാരമനുസരിച്ച് ഹെഡ് ലൈറ്റിന്റെ ഡിം/ബ്രൈറ്റ് പ്രകാശചായ്‌വ് ക്രമീകരിക്കുക. വേഗവും പ്രതികരണവും വാഹനത്തിനു വേഗം കൂടുന്നതനുസരിച്ച് ഡ്രൈവറുടെ പ്രതികരണ വേഗവും കൂടണം. ദൂരക്കാഴ്ചകുറയുന്നതും വേഗവും ഒരുമിച്ചുവരുമ്പോൾ പകൽ ഓടിക്കുന്നതിനേക്കൾ മൂന്നിരട്ടി വേഗത്തിൽ ബ്രേക്ക് ചവിട്ടുന്നതുൾപ്പെടെയുള്ള നടപടികളിലേക്കു ഡ്രൈവർ കടക്കണം.

∙ രാത്രിയിൽ അമിതവേഗം വേണ്ട.

∙ രാത്രിയിൽ മുന്നിലെ ഏതു തടസ്സവും സംശയത്തിന്റെ ആനുകൂല്യത്തിൽ ഒഴിവാക്കാതിരിക്കുക. വേഗം കുറയ്ക്കുക.

കണ്ണിന്റെ പ്രായം

മങ്ങിയ വെളിച്ചത്തിൽ കാണാനുള്ള നമ്മുടെ ശേഷി പ്രായമേറുന്തോറും കാര്യമായി കുറയും. 50–55 വയസ്സ് കഴിഞ്ഞ ഒരാൾക്കു തന്റെ മുപ്പതാംവയസ്സിൽ ഉണ്ടായിരുന്ന ത്ര രാത്രികാഴ്ച ലഭിക്കുവാൻ ഇരട്ടി പ്രകാശം വേണം. തിമിരം ഉൾപ്പെടെയുള്ള വിവിധ പ്രശ്നങ്ങളും കാഴ്ചക്കുറവു വരുത്താം. പ്രായമേറുമ്പോൾ തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങൾ ശരീരത്തിന്റെ പ്രതികരണവേഗവും കുറയ്ക്കും.

∙ പ്രായം അൻപതു കഴിഞ്ഞവർ രാത്രി 40–50 കി.മീ േവഗത്തിലധികം വാഹനമോടിക്കാതിരിക്കുക.

കണ്ണുതരുന്ന പണി എതിരേവരുന്ന വാഹനങ്ങളുെട ഹൈബീം ലൈറ്റ് ആണ് രാത്രി അപകടങ്ങളിെല പ്രധാന വില്ലൻ. ഹൈബീം ലൈറ്റ് കണ്ണിലേക്ക് പതിച്ചാൽ ഏതാനും നിമിഷ‌ത്തേക്കു. കാഴ്ച 80–90 ശതമാനം കുറയും. എതാണ്ട് അന്ധനാവും. കണ്ണിനുള്ളിലേക്കുള്ള പ്രകാശത്തിന്റെ അളവു ക്രമീകരിക്കുന്ന പ്യൂപ്പിൾ ‌ പ്രകാശം പതിക്കുമ്പോൾ പെട്ടെന്നു ചുരുങ്ങുകയും പൂർവരൂപത്തിലെക്കെത്താൻ ഏതാനും നിമിഷങ്ങളെടുക്കുകയും ചെയ്യും. ഈ സമയം മുന്നോട്ടുള്ള വഴിയോ തടസ്സമോ കണ്ണിൽ പെടില്ല. അപകടം ഉറപ്പാണ്‌‌!

∙ എതിരെ വാഹനം വരുന്നുണ്ടെങ്കിൽ ലൈറ്റ് ഡിം ചെയ്യുന്നത് ശീ ലമാക്കാം. അപകടം ഒഴിവാക്കാം.

ഉറക്കം വില്ലനാകുമ്പോൾ

ഡ്രൈവർ ഉറങ്ങി പോകുന്നതാണ് രാത്രിയിലെ 75 ശതമാനം വാഹനാപകടങ്ങളുടെയും കാരണം. ഷിഫ്റ്റ് ജോലികൾ, ദീർഘസമയത്തെ ഡ്രൈവിങ്, ഉറക്കത്തിന്റെ ഗുണനിലവാരമില്ലായ്മ, ദൈർഘ്യമേറിയ ജോലിസമയം, സ്ലീപ് അപ്നിയ പോലുള്ള ഉറക്ക തകരാറുകൾ തുടങ്ങിയവ രാത്രിയിൽ വാഹനമോടിക്കുന്നയാളെ വേഗം ഉറക്കത്തിലേക്കു നയിക്കുകയും ഉറങ്ങി പ്പോകാനുള്ള സാധ്യത കൂട്ടുകയും ചെയ്യും..

∙ കൺപോള ഒരിക്കൽ‌ അടഞ്ഞാൽ ഉടൻ വണ്ടി നിർത്തുക. അടുത്തതവണ കണ്ണടയുന്നത് തിരിച്ചറിഞ്ഞെന്നു വരില്ല.

ബിയർ കഴിച്ച പോലെ

രണ്ടു മണിക്കൂർ ഉറക്കം നഷ്ടപ്പെട്ട ഒരാളെ മൂന്ന് ബിയർ കഴിച്ചയാളായി കരുതാൻ‌ പഠനങ്ങൾ പറയുന്നു. പതിവില്ലാതെ ഉറക്കം രണ്ടു മണിക്കൂറിലധികം മാറ്റിവച്ച് വാഹനമോടിക്കുന്ന ഡ്രൈവറെയും അങ്ങനെ വേണം കണക്കാക്കാൻ.

∙ ഉറക്കം കുറയുന്തോറും റോഡിലെ കൃത്യത കുറയും. ഉറക്കമോ ക്ഷീണമോ തോന്നിയാൽ വണ്ടി നിർത്തിയിട്ട് അൽപസമയം ഉറങ്ങുന്നതാണ് ഉത്തമം.

ഈ സമയം സൂക്ഷിക്കൂ

രാത്രികാല വാഹനാപകടങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത് അർധരാത്രി മുതൽ രണ്ടു മണി വരെയുള്ള സമയത്തിനും പുലർച്ചെ നാല് മുതൽ ആറു മണി വരെയുള്ള സമയത്തിനും ഇടയ്ക്കാണ്. നമുക്ക് ഉറക്കം വരുന്നില്ലെങ്കിലും എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവർ ഈ സമയം ഉറങ്ങിപ്പോകാൻ സാധ്യത ഏറെയാണ്.

∙ അപകടസാധ്യത കൂടിയ ഈ ഈ സമയം കഴിവതും ഡ്രൈവിങ് ഒഴിവാക്കുക.

മരുന്നും മയക്കവും

പല മരുന്നുകളും മയങ്ങാൻ പ്രേരിപ്പിക്കുന്നവയാണ്. പ്രത്യേകിച്ച് ജലദോഷം, ചുമ, തുമ്മൽ, ചർമപ്രശ്നങ്ങൾ പോലെയുള്ള സാധാരണ പ്രശ്നങ്ങളിൽ കഴിക്കുന്ന പല മരുന്നിലും കഫ്സിറപ്പിലും ആന്റി ഹിസ്റ്റമിൻ അലർജി മരുന്നുകൾ ഉണ്ടാകും. ഇവയ്ക്ക് മയക്കം വരുത്താനുള്ള പ്രവണതയുണ്ട്.

∙ മരുന്നു കഴിക്കുന്നവർ കഴിവതും രാത്രി ഡ്രൈവ് ചെയ്യാതിരിക്കുക. അഥവാ ചെയ്യേണ്ടിവന്നാൽ കഴിക്കുന്ന മരുന്നുകൾ ഉറക്കം വരുത്തുന്നവയല്ലെന്ന് ഉറപ്പാക്കുക.

∙ രാത്രി ഡ്രൈവിങ്ങിനിടെ ജലദോഷം, ചുമ, അലർജി മരുന്നുകൾ എന്നിവ ഡോക്ടറുടെ നിർദേശമില്ലാതെ മെഡിക്കൽസ്റ്റോറിൽനിന്ന് വാങ്ങി കഴിക്കാതിരിക്കുക.

മദ്യം തലച്ചോറിനു ദോഷം

മദ്യം ഡ്രൈവർക്കു വേണ്ട എല്ലാ ശേഷികളെയും പരിമിതപ്പെടുത്തും. കാഴ്ച, ശ്രദ്ധ, ഏകാഗ്രത എന്നിവ മാത്രമല്ല മുന്നിൽ കാണുന്ന സംഭവത്തോടുള്ള ശരീരത്തിന്റെ പ്രതികരണശേഷി എന്നിവ കാര്യമായി തോതിൽ കുറയും. മുന്നിലൊരു തടസ്സം കണ്ട് ബ്രേക്ക് ചെയ്യാൻ എടുക്കുന്ന സമയം മദ്യപിച്ചയാൾക്ക് കൂടും. കാരണം അയാളുടെ തലച്ചോർ ആ സംഭവം വിശകലനംചെയ്ത് കാലുകൾ ബ്രേക്കിൽ അമരുന്നത് വരെയുള്ള സമയം മറ്റുള്ളവരെക്കാൾ കൂടുന്നു. ഇത് അപകടസാധ്യത എത്രമാത്രം വർധിപ്പിക്കുന്നുവെന്ന് പറയേണ്ടതില്ലല്ലോ.

പുകവലി പല ഡ്രൈവർമാരും ഉറക്കം വരാതിരിക്കാനുള്ള മാർഗമായാണു കരുതുന്നതെങ്കിലും. പുകയിലയിലെ നിക്കോട്ടിൻ നൽകുന്ന താൽക്കാലിക ഉത്തേജനത്തിന്റെ പാർശ്വഫലമെന്നോണം ഉത്തേജനം കഴിഞ്ഞ് ക്ഷീണവും ഉറക്കവും വരാനുള്ള സാധ്യതയും കൂടുന്നു. പുകവലിയിൽ നിന്നുള്ള പുകയും റോഡിൽ മറ്റ് വാഹനങ്ങളിൽ നിന്നുള്ള കാർബൺ മോണോക്സൈഡ് വാതകവും വിഷ സ്വഭാവമുള്ളവ ആയതിനാൽ മയങ്ങിപ്പോകാനുള്ള സാധ്യത വർധിക്കും.

∙ അന്തരീക്ഷത്തിലെ കാർബൺ മോണോക്സൈഡ് അടങ്ങിയ പുക മയക്കം വരുത്താൻ സാധ്യത കൂട്ടുന്നതിനാൽ രാത്രിയിൽ റോഡിലെ വായു നേരിട്ട് മുഖത്തേയ്ക്ക് പതിക്കാത്തതാവും കൂടുതൽ നല്ലത്.