എനിക്കും വേണം നക്ഷത്രം പോലെ തിളങ്ങുന്ന ഒരു മൂക്കൂത്തി എന്നു വിചാരിക്കാത്ത പെൺകുട്ടികളുണ്ടോ? ഐശ്വര്യറായുടെ മൂക്കിന്റെ അഴകേറ്റിയ പൊട്ടുപോലുള്ള ഡയമണ്ട് മൂക്കുത്തിയാകട്ടെ, നടി പാർവതി ചാർലി സിനിമയിൽ അണിഞ്ഞതുപോലെയുള്ള വലുപ്പമുള്ള മൂക്കുത്തിയാകട്ടെ... പെൺമനസ്സിൽ മൂക്കൂത്തിയോടുള്ള ഇഷ്ടം പണ്ടുമുതലേയുള്ളതാണ്.
പക്ഷേ, മൂക്കു കുത്തണമെന്നു ഒന്നു പറഞ്ഞാൽ മതി. അപ്പോഴേക്കും ഒന്നിനൊന്ന് വ്യത്യസ്തമായ നൂറ് അഭിപ്രായം വരും. തട്ടാനെക്കൊണ്ട് കുത്തിക്കല്ലേ, ഇൻഫക്‌ഷൻ വരും. ഗൺ മതി...
ഗൺ പരിപാടിയൊക്കെ ഇന്നലെ വന്നതല്ലേ...തട്ടാൻ കുത്തിയാലേ സ്ഥാനമറിഞ്ഞു കുത്തൂ...
ഇതിലൊക്കെ വല്ല കാര്യവുമുണ്ടോ? തട്ടാനെക്കൊണ്ടു കുത്തിക്കുന്നതാണോ ഗൺ ഉപയോഗിച്ചുള്ളതാണോ മെച്ചം?
ചർമരോഗവിദഗ്ധനായ ഡോ. ജോർജ് കുര്യൻ (ഡെർമറ്റോളജിസ്റ്റ്, ട്രാവൻകൂർ മെഡി. കോളജ്, കൊല്ലം) പറയുന്നത് ഏതാണ് മികച്ചത് എന്ന് ഉറപ്പിച്ചു പറയാനാവില്ല എന്നാണ്. ‘‘ സൂചി കൊണ്ടു കുത്തുമ്പോൾ ഗൺ ഉപയോഗിച്ചു മൂക്കു കുത്തുന്നതിലും അൽപം വേദന കൂടുതലായിരിക്കും. ഏതുരീതിയിൽ കുത്തിയാലും കുത്താൻ ഉപയോഗിക്കുന്ന ഉപകരണവും കുത്തുന്ന സ്ഥാനവും അണുവിമുക്തമാക്കിയിരിക്കണം. ഇല്ലെങ്കിൽ അണുബാധ പിടിപെടാനുള്ള സാധ്യത കൂടുതലാണ്.’’ ഡോക്ടർ പറയുന്നു.
ഗൺ ഉപയോഗിക്കുമ്പോൾ
മൂക്കു കുത്താനുള്ള ഗൺ അഥവാ സ്റ്റഡ് ഗൺ ആ ഉദ്ദേശത്തിനു വേണ്ടി മാത്രമുള്ളതാണ്. ചെവിയും പൊക്കിളുമൊക്കെ തുളച്ച് ആഭരണം ഇടാൻ ഗൺ ഉപയോഗിക്കുമെങ്കിലും ഏതെങ്കിലും ഒരു ശരീരഭാഗത്തിന് ഉപയോഗിക്കുന്ന ഗൺ മറ്റൊരു ഭാഗത്തിനു വേണ്ടി ഉപയോഗിക്കാൻ പാടില്ല.
മൂക്കു കുത്തുന്നതിനു മുൻപ് അതു ചെയ്യുന്നയാൾ കൈകൾ വൃത്തിയാക്കണം, ഗണ്ണും നിർദേശിച്ചിരിക്കുന്ന രീതിയിൽ അണുവിമുക്തമാക്കണം. കുത്തേണ്ട ഭാഗവും 70 ശതമാനം ആൽക്കഹോൾ അടങ്ങിയ ലായനി കൊണ്ടോ മറ്റു നിർദേശിച്ചിരിക്കുന്ന ലായനി കൊണ്ടോ അണുവിമുക്തമാക്കണം. തുടർന്ന് ആ ഭാഗം ഉണങ്ങിയശേഷമാണ് കുത്തുക. മൂക്കു തുളച്ചതിനു ശേഷം ഉപകരണം ഇളംചൂടുവെള്ളവും ഡിറ്റർജന്റും ഉപയോഗിച്ച് കഴുകി വൃത്തിയാക്കി വയ്ക്കണം. അടുത്ത ഉപയോഗത്തിനു മുൻപ് വീണ്ടും അണുവിമുക്തമാക്കണം. മൂക്കു കുത്തിയ ശേഷം 1–2 ആഴ്ചത്തേക്ക് ആ ഭാഗത്ത് മേക്ക് അപ് ഇടുന്നത് ഒഴിവാക്കണം. കൈകൊണ്ട് ഇടയ്ക്കിടെ തൊടുന്നതും നല്ലതല്ല.
സ്വയം ചെയ്യാം
സ്വയം മൂക്കു കുത്താവുന്ന, ഒറ്റത്തവണ ഉപയോഗിച്ച് കളയാവുന്നതരം വൺടൈം യൂസ് കിറ്റും ഒാൺലൈനിൽ ലഭ്യമാണ്. ഇതിനൊപ്പം ബിൽറ്റ് ഇൻ നോസ് സ്റ്റഡ് ഉണ്ടാവും. ആദ്യ രണ്ടാഴ്ച ഇത് ഉപയോഗിക്കാം. ശേഷം നിങ്ങൾക്ക് താൽപര്യമുള്ള മൂക്കുത്തി ഇടാം. പക്ഷേ, വിദഗ്ധ മേൽനോട്ടത്തിൽ മൂക്കു കുത്തുന്നതാണ് അപകടസാധ്യത കുറയ്ക്കാൻ നല്ലത്.
സൂചി ഉപയോഗിക്കുമ്പോൾ
സൂചി ഉപയോഗിച്ചാണ് തുളയ്ക്കുന്നതെങ്കിലും ഉപയോഗത്തിനു മുൻപും പിൻപും അണുവിമുക്തമാക്കണം. തിളയ്ക്കുന്ന വെള്ളത്തിലിട്ടോ അണുനശീകരണ ലായനികളിൽ മുക്കിവച്ചോ വൃത്തിയാക്കണം. ഹെപ്പറ്റൈറ്റിസ്, എച്ച്ഐവി പോലുള്ള രോഗങ്ങൾ സൂചി വൃത്തിയാക്കാതെ മാറി ഉപയോഗിക്കുന്നതു വഴി വരാമെന്നതു മറക്കരുത്.
കോവിഡ് കാലത്തെ മൂക്കു കുത്തൽ
കൊറോണവൈറസ് രക്തം വഴി പകരുന്നതല്ല. അതുകൊണ്ട് മൂക്കു കുത്തുന്നതു വഴി കോവിഡ് പകരില്ല. പക്ഷേ, മൂക്കു കുത്താനായി വളരെ അടുത്ത് ഇടപെടുന്നത് അപകടമായേക്കാം എന്ന് ഡോ. ജോർജ് കുര്യൻ പറയുന്നു.
മൂക്കു കുത്തുന്നയാൾ എൻ95 മാസ്ക്, ഫേസ് ഷീൽഡ്, ഗ്ലൗസ് എന്നിവ ഉപയോഗിക്കുകയും കൃത്യമായി സാനിറ്റൈസ് ചെയ്യുകയും ഉപകരണങ്ങൾ അണുവിമുക്തമാക്കുകയും ചെയ്താൽ ഏറെക്കുറെ സുരക്ഷിതമായി ഈ കോവിഡ് കാലത്തും മൂക്കുകുത്താം.