Friday 03 May 2019 11:20 AM IST

വെളുക്കാൻ തേയ്ക്കുന്നത് പാണ്ടാകല്ലേ...; സൗന്ദര്യവർധക ഉത്പന്നങ്ങൾ ഓൺലൈനിൽ നിന്നും വാങ്ങുന്നവർ അറിയാൻ

Santhosh Sisupal

Senior Sub Editor

osmetics മോഡൽ: എലിസബത്ത് ഫോട്ടോ: സരിൻ രാംദാസ്

ഒരു വിവാഹചടങ്ങിൽ വച്ച് അശ്വതിയെ കണ്ടിട്ട് തിരിച്ചറിഞ്ഞില്ല. മുഖപരിചയം വച്ച് ആളിനെ മനസ്സിലാക്കിയെടുക്കുമ്പോഴേക്കും ‘ഹായ്’ പറഞ്ഞ് ആൾ അടുത്തെത്തിയിരുന്നു. സുഹൃത്തുക്കൾക്കിടയിലെ ‘ബ്ലാക് ബ്യൂട്ടി’ ആയിരുന്നു അശ്വതി. പക്ഷേ ഇപ്പോൾ കറുപ്പിന്റെ ലാഞ്‌ഛന പോലുമില്ലാതെ ആളാകെ വെളുത്തു തുടുത്തിരിക്കുന്നു. മുഖം മാത്രമല്ല, കൈകളും

പാദങ്ങളുമൊക്കെ...‘ഇതെന്തു മറിമായം’ എന്നു ചോദിക്കാനുള്ള മടികൊണ്ടു

ചോദിച്ചില്ല, എന്നു മാത്രം.

ഏതാണ്ട് ഒരു മാസം കഴിഞ്ഞ് അശ്വതി ഫോണിൽ വിളിച്ചു. നഗരത്തിലെ ഏറ്റവും സീനിയറായ ഒരു ചർമരോഗവിദഗ്ധനെ പരിചയമുണ്ടോ എന്ന് അറിയാനാണു വിളിച്ചത്. സംസാരത്തിനിടയിൽ അശ്വതി കാര്യം പറഞ്ഞു. ചർമം കറുത്തിരിക്കുന്നതിൽ വലിയ വിഷമമായിരുന്നു. പല പൊടിക്കൈകളും പരീക്ഷിച്ചു മടുത്തിരിക്കുമ്പോഴാണ് ഓൺലൈൻ സൈറ്റിൽ വിൽക്കുന്ന വെളുക്കാനുള്ള മരുന്നുകളും ക്രീമുകളും ശ്രദ്ധിച്ചത്.

വിലയേറിയ ആ മരുന്നുകൾ വരുത്തി കഴിച്ചപ്പോൾ ചർമത്തിൽ നേരിയ മാറ്റങ്ങൾ കണ്ടു. പിന്നെ ഒന്നും നോക്കിയില്ല ആ മരുന്നുകൾ വൻതോതിൽ വാങ്ങിക്കഴിച്ചു. അതോടെ ശരിക്കും വെളുത്തു. പക്ഷേ, കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും ചർമത്തിൽ പലഭാഗത്തും കറുത്ത അടയാളങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി.. ഇപ്പോൾ കണ്ടാൽ പേടിച്ചുപോകുന്ന വിധത്തിലായി– അശ്വതി പറഞ്ഞു.

വെളുക്കാൻ തേച്ചത്...

പണമുണ്ടെങ്കിൽ ഏതു കോസ്െമറ്റിക് ഉൽപന്നവും ഇന്നു നമ്മുെട വീട്ടിലെത്തും. ഈ സൗകര്യമാണ് ഓൺലൈനിലെ കോസ്മറ്റിക് വിപണി ജനപ്രിയമാക്കുന്നത്. പല ഉൽപന്നങ്ങളും കടയിൽ നിന്നു നേരിട്ടു വാങ്ങുന്നതിനേക്കാൾ ലാഭകരവുമാണ്. ഈ കൂട്ടത്തിൽ കോസ്മറ്റിക് ഡെർമറ്റോളജിസ്റ്റ് എന്ന സ്പെഷലിസ്റ്റ് ഡോക്ടർ കുറിക്കുന്ന, കരുതലോടെ മാത്രം ഉപയോഗിക്കേണ്ട മരുന്നുകളും ഉണ്ട് എന്നതാണ് പ്രശ്നം. ഇത്തരത്തിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നത്, ചർമം വെളുക്കാനുള്ളമരുന്നുകളാണ്. നിറ‌ം കൂടുതൽ വേണമെന്ന ആവശ്യവുമായി ഡോക്ടറെ കാണാനുള്ള ചമ്മൽ പലരേയും ഈ സ്വകാര്യ ഓൺലൈൻ മരുന്നുകൾ പരീക്ഷിക്കാൻ പ്രേരിപ്പിക്കുന്നു.–അശ്വതിയെ പോലെ.

വെളുക്കാനായി ഉപയോഗിക്കുന്ന മരുന്നാണ് ഗ്ലൂട്ടാത്തയോൺ. ഇതു വളരെ കരുതലോടെ കൃത്യമായ ഡോസിൽ മാത്രമെ ഉപയോഗിക്കാവൂ. എന്നാൽ ഓൺലൈനിൽ ഗ്ലൂട്ടാത്തയോൺ ചേർന്ന മരുന്നുകൾ വാങ്ങി ഉപയോഗിക്കുന്നത് ഇന്നു വ്യാപകമായിരിക്കുന്നു. ഗ്ലൂട്ടാത്തയോൺ അടങ്ങിയിട്ടുണ്ട് എന്ന് അവകാശപ്പെടുന്ന പല വ്യാജ ഉൽപന്നങ്ങളും ഓൺലൈനിൽ സുലഭമാണ്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഓൺലൈൻ വിപണിമുതൽ, ഫോണിൽ ഇൻസ്റ്റോൾ ചെയ്യുന്ന കോസ്മറ്റിക്–ബ്യൂട്ടി ആപ്പുകൾ വരെ മലയാളിയുെട സൗന്ദര്യത്തെയും ചമഞ്ഞൊരുങ്ങലുകളയും അടിമുടിമാറ്റുകയാണ്.

ഓൺലൈൻ വിപണി

പ്രശസ്തമായ ഓൺലൈൻ ഇ–കൊമേഴ്സ് സൈറ്റുകളിൽ ആയിരക്കണക്കിന് സൗന്ദര്യവർധക ഉൽപങ്ങളാണ് വിൽപനയ്ക്കുള്ളത്. മിക്ക കോസ്മറ്റിക് സ്ഥാപനങ്ങൾക്കും ഓൺലൈൻ വിൽപനയുണ്ട്. ഇതുകൂടാതെ പ്രശസ്തമായ ഇരുപതിലധികം സൈറ്റുകൾ കോസ്മറ്റിക് ഉൾപന്നങ്ങൾ മാത്രം വിൽപന നടത്തുന്നുണ്ട്. എക്സ്ക്ലുസീവായി കോസ്മറ്റിക് ഉൽപന്നങ്ങൾ വിൽക്കുന്ന വെബ്സൈറ്റുകളുെട എണ്ണം കൂടിവരുന്നത് ഈ രംഗത്തെ മത്സരം വർധിപ്പിക്കുകയും ഉപഭോക്താവിന് ലാഭകരമായി വാങ്ങാനുള്ള അവസരവുമുണ്ടാക്കുന്നുണ്ട്. ഫീൽ യുനീക്, നൈകാ, ന്യൂയു, പർപിൾ തുടങ്ങിയ സൈറ്റുകളാണ് ഇന്ത്യയിൽ മുൻനിരയിലുള്ളത്. ഇക്കൂട്ടത്തിൽ ഡെർമറ്റോളജിക്കലായ കോസ്മറ്റിക് ഉൽപന്നങ്ങൾ കിട്ടുന്ന സൈറ്റുകളുമുണ്ട്.

വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്

∙ ചർമത്തിലോ മുടിയിലോ നേരിട്ട് ഉപയോഗിക്കുന്നവയാണ് സൗന്ദര്യവർധക വസ്തുക്കൾ. നേരത്തേവാങ്ങി ഉപയോഗിച്ച് അലർജിയില്ലെന്നു ഉറപ്പായവമാത്രം ഓൺലൈനിൽ വാങ്ങാം. കാരണം ഉപയോഗിച്ച് ഇഷ്ടമായില്ലെങ്കിലോ അലർജിയുണ്ടെങ്കിലോ ഇവ തിരിച്ചയയ്ക്കാനാവില്ല.

∙ അവരവരുടെ ചർമത്തിനു ചേരുന്നതോണോ എന്നു ഉറപ്പു വരുത്തിയ ശേഷമേ ഓർഡർ‌ ചെയ്യാവൂ.

∙ ഉൽപന്നം പൊട്ടിച്ച് ഉപയോഗിക്കുന്നതിനു മുൻപ് കാലവധികഴിഞ്ഞതാണോ എന്നും നോക്കണം. കാരണം ഉൽപന്നം തുറന്നാൽ തിരിച്ചയയ്ക്കാൻ കഴിയില്ല.

∙ പുതിയ ഉൽപന്നം വാങ്ങും മുൻപ് അവയുെട റിവ്യൂവും റേറ്റിങ്ങും വിലയിരുത്തിയശേഷം മാത്രം വാങ്ങുക.

വിഡിയോ കാണാം

പുതിയ ഫാഷനും മെയ്ക്കപ്പും തിരഞ്ഞുപോകുന്നവരെ ഇന്ന് ഏറ്റവും സന്തോഷിപ്പിക്കുന്ന ഇടമാണ് യൂട്യൂബ്. മെയ്ക്കപ്പും സൗന്ദര്യവർധക ഉൽപന്നങ്ങളെയും സംബന്ധിക്കുന്ന സെൽഫ് ഹെൽപ് ടിപ്പുകൾക്കാണ് ഇതിൽ ഏറെ പ്രചാരമുള്ളത്.

ഫൗണ്ടേഷൻ എങ്ങനെ ഇടാം, വെളുക്കാൻ 10 വഴികൾ, പ്രായം മറയ്ക്കാൻ ഇങ്ങനെ ചെയ്യാം, സുന്ദരി ആകേണ്ടേ?, കൺമഷി പരക്കാതിരിക്കാൻ, പാടുകൾ മായ്ക്കാൻ തുടങ്ങി ആകർഷകമായ തലക്കെട്ടുകളിൽ നൂറുകണക്കിനു മലയാളം വിഡിയോകളാണ് യൂട്യൂബിലുള്ളത്. ഇവയിൽ പലതും ലക്ഷക്കണക്കിനു പേരാണ് ഇതിനകം കണ്ടു കഴിഞ്ഞത്. എന്നാൽ ആർക്കും ലൈക്കും വ്യൂവും കിട്ടാൻ എന്തും പറഞ്ഞ് യൂട്യൂബിൽ വിഡിയോ ആയി ഇടാം എന്നുള്ള കാര്യം, കാണുന്നവർ മറക്കരുത്. സ്വന്തം ചർമത്തിൽ പുതിയ മേക്കപ് പരീക്ഷണങ്ങൾ നടത്തും മുൻപ് വിശദമായ പഠനവും ശ്രദ്ധയും പുലർത്തണം.

ഓൺലൈൻ കൺസൽറ്റേഷൻ

വിദേശങ്ങളിൽ വ്യാപകമാണെങ്കിൽ ഇന്ത്യയിൽ വന്നു തുടങ്ങുന്ന ട്രെൻഡാണ് ഓൺലൈൻ വഴി വിദഗ്ധരുടെ ഉപദേശവും ചികിത്സയും തേടുകയെന്നത്. കോസ്മറ്റിക് പ്രശ്നങ്ങൾക്കും ചർമപ്രശ്നങ്ങൾക്കും പരിഹാരങ്ങൾ നിർദേശിക്കുന്ന ധാരാളം വെബ്സൈറ്റുകൾ ഉണ്ട്. മലയാളത്തിൽ ഈ സേവനം നടപ്പാവുന്നതേയുള്ളൂ. സൗന്ദര്യ പ്രശ്നങ്ങൾക്ക് വിദഗ്ധ സഹായം ഓൺലൈനിലൂടെ ലഭിക്കാൻ ആഗ്രഹിക്കുന്നവർ ഏറെയാണ്. ഇക്കാര്യത്തിൽ ഇപ്പോൾ വിദേശ സൈറ്റുകളുെട സേവനങ്ങൾ തേടുന്നവരും കേരളത്തിൽ കൂടുകയാണ്.