പുതിയതായി വന്ന കൊറോണ വൈറസ് വകഭേദങ്ങൾ പെട്ടെന്നു തന്നെ രോഗികളിൽ ന്യൂമോണിയയ്ക്ക് കാരണമായി അപകടമുണ്ടാക്കുന്നതായി കാണുന്നുണ്ട്. ന്യൂമോണിയ കാരണം രക്തത്തിലേക്ക് ഒാക്സിജൻ കലരുന്നതിനു താമസ്സം നേരിടുകയും അങ്ങനെ രക്തത്തിലെ ഒാക്സിജൻ അളവു കുറയുകയും ചെയ്യുന്നു. കോവിഡ് രോഗിയെ ആശുപത്രിയിൽ എത്തിക്കുന്ന സമയം വരെ ഒാക്സിജൻ അളവ് കുറഞ്ഞുപോകാതെ നിലനിർത്തുന്നതിനുള്ള ചില ടെക്നിക്കുകൾ ഉണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് പ്രോണിങ് പൊസിഷനിൽ കിടന്നുള്ള ശ്വാസോച്ഛ്വാസം അഥവാ കമിഴ്ന്നു കിടന്നുള്ള ശ്വാസോച്ഛ്വാസം. ഇതു ചില പ്രത്യേക സാഹചര്യങ്ങളിൽ ആശുപത്രി ഐസിയുകളിലും മറ്റും ചെയ്യാറുള്ള ഒരു ടെക്നിക്ക് തന്നെയാണ്.
കോവിഡ് പൊസിറ്റീവായ രോഗികളിൽ ന്യൂമോണിയ വർധിക്കുകയും ഒാക്സിജൻ, വെന്റിലേറ്റർ പോലുള്ളവയുടെ ദൗർലഭ്യം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ കേന്ദ്രഗവൺമെന്റ് തന്നെ പ്രോണിങ് ചെയ്ത് ഒാക്സിജൻ നിരക്ക് കൂട്ടാമെന്നു നിർദേശിക്കുകയായിരുന്നു.
എപ്പോഴാണ് പ്രോണിങ്?
കേന്ദ്രഗവൺമെന്റ് മാനദണ്ഡം അനുസരിച്ച് രോഗിക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും പൾസ് ഒാക്സീമീറ്റർ അളവ് 94 ശതമാനത്തിൽ താഴുകയും ചെയ്യുമ്പോഴാണ് പ്രോണിങ് ചെയ്യേണ്ടത്. വീട്ടിൽ ചികിത്സയിൽ ആയിരിക്കുന്ന രോഗികൾ ശരീരോഷ്മാവും ബിപിയും ഷുഗറും ഒക്കെ പരിശോധിക്കുന്നതോടൊപ്പം പൾസ് ഒാക്സീമീറ്റർ ഉപയോഗിച്ച് രക്തത്തിലെ ഒാക്സിജൻ നിരക്കും നിശ്ചിത ഇടവേളകളിൽ നോക്കണം. ഒാക്സിജൻ നിരക്ക് താഴുന്നു എന്നു കണ്ടാൽ പ്രോണിങ് ചെയ്ത് ശ്വസനം സുഗമമാക്കണം.
തലയണ ഉപയോഗിച്ച് ചെയ്യാം
‘‘ കോവിഡ് പൊസിറ്റീവായ, വൈദ്യസഹായത്തിനു വേണ്ടി കാത്തിരിക്കുകയും രക്തത്തിലെ ഒാക്സിജൻ നിരക്ക് ക്രമാതീതമായി കുറയുന്നതുമായ സാഹചര്യത്തിലുള്ള രോഗികളിലെ ഒാക്സിജൻ നിരക്ക് പെട്ടെന്നു തന്നെ മെച്ചപ്പെടുത്താനായി പ്രോണിങ് ഉപയോഗിക്കാം. പൾമണറി റീഹാബിലിറ്റേഷൻ രംഗത്ത് വർഷങ്ങളുടെ അനുഭവ പരിചയമുള്ള പ്രസന്ന ശശികുമാർ പറയുന്നു. ‘‘ ഇതിനായി രോഗിയെ കമിഴ്ത്തി കിടത്തുക. ഒരു തലയണ നെഞ്ചിന്റെ ഭാഗത്തും മറ്റൊരു തലയണ കാലിന്റെ ഭാഗത്തും വയ്ക്കുക. ശ്വാസം ആഴത്തിൽ എടുത്തുവിടാൻ നിർേദേശിക്കുക. . ഒപ്പം പൾസ് ഒാക്സിമീറ്റർ ഉപയോഗിച്ച് രോഗിയുടെ ഒാക്സിജന്റെ നിരക്ക് പരിശോധിച്ചുകൊണ്ടിരിക്കുക. ശ്വാസംമുട്ടലുള്ള സമയത്ത് രോഗിക്ക് കമിഴ്ന്നു കിടക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ടാകാം. എങ്കിലും കഴിയുന്നതും കമിഴ്ത്തികിടത്തി ശ്വാസോച്ഛ്വാസം ചെയ്യിക്കുക.
കൂടുതൽ സമയം ഒരേ പൊസിഷനിൽ തന്നെ കിടക്കാതെ 30 മിനിറ്റു കൂടുമ്പോൾ വലതുവശത്തേക്കും ഇടതുവശത്തേക്കും മാറിമാറി കമിഴ്ന്നുകിടന്നു പ്രോണിങ് ചെയ്യാം.’’

എങ്ങനെ ഒാക്സിജൻ കൂടുന്നു?
‘‘ശ്വാസകോശ കോശങ്ങൾ മുൻഭാഗത്തുള്ളതിലുമധികം പിൻഭാഗത്താണ് ഉള്ളത്. കൊറോണ വൈറസ് മൂലം ഒരുപാട് ശ്ലേഷ്മവും സ്രവങ്ങളും ഉണ്ടാകാൻ ഇടയുണ്ട്. ഇതെല്ലാം ശ്വാസകോശത്തിന്റെ പിൻഭാഗത്തേക്ക് അടിഞ്ഞുകൂടാനാണ് സാധ്യത. തന്മൂലം ഒാക്സിജൻ രക്തത്തിലേക്ക് കലരാൻ താമസമുണ്ടാകാം. കമിഴ്ന്നുകിടക്കുമ്പോൾ, നമുക്ക് കുറച്ചുകൂടി ആയാസരഹിതമായും ഫലപ്രദമായും ശ്വാസോച്ഛ്വാസം ചെയ്യാനാവും. ശ്വാസകോശത്തിലെ സ്രവങ്ങളും നീർവീക്കവുമും എല്ലാം കടന്ന് ശ്വാസകോശത്തിലേക്ക് വായു എത്തുകയും ഇത് രക്തത്തിലെ ഒാക്സിജൻ നിരക്ക് വർധിക്കാൻ ഇടയാക്കുകയും ചെയ്യും. ’’
പ്രോണിങ് ഒരു താൽക്കാലിക സഹായം മാത്രമാണെന്നും ശ്വാസംമുട്ടലുള്ളവർ പ്രോണിങ് വഴി ശ്വാസോച്ഛ്വാസം സുഗമമായാലും വൈദ്യസഹായം തേടാൻ മടിക്കരുതെന്നും പ്രസന്ന പറയുന്നു.
കോവിഡ് പൊസിറ്റീവാണെന്ന് അറിയുമ്പോൾ തന്നെ നമ്മുടെ ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള ലഘുവ്യായാമങ്ങൾ ചെയ്തു തുടങ്ങേണ്ടതും പ്രധാനമാണ്. അതുപോലെ അണുബാധ മൂലം ഉൽപാദിപ്പിക്കപ്പെടുന്ന ശ്ലേഷ്മം അപ്പപ്പോൾ തന്നെ കളയാനുള്ള വ്യായാമങ്ങൾ ചെയ്യുന്നതും ഫലപ്രദമാണ്.