Saturday 24 March 2018 03:59 PM IST

പഠിക്കാൻ എറ്റവും നല്ല സമയം ഏതാണ് ? പഠനസമയം മുതൽ ഉറക്കം മാറ്റാനുള്ള ടെക്നിക്കുകൾ വരെ, 10 സംശയങ്ങൾക്ക് ശാസ്ത്രീയമായ ഉത്തരങ്ങൾ

Santhosh Sisupal

Senior Sub Editor

study1

വിദ്യാർഥികൾക്കു മാത്രമല്ല അവരുടെ രക്ഷാകർത്താക്കൾക്കും പഠനത്തെക്കുറിച്ച് ഒട്ടേറെ സംശയങ്ങളുണ്ട്. എങ്ങനെ പഠിക്കണം, എപ്പോൾ പഠിക്കുന്നതാണ് നല്ലത്? മറക്കാതിരിക്കാൻ എന്തു ചെയ്യണം? തുടങ്ങി ഒരുപാടു സംശയങ്ങൾ. ഇക്കൂട്ടത്തിൽ പലപ്പോഴും ഉത്തരം ലഭിക്കാതെ പോകുന്നതോ തെറ്റായ ഉത്തരം കിട്ടാനിടയുള്ളതോ ആയ 10 സംശയങ്ങൾക്ക് ശാസ്ത്രീയമായി നൽകുന്ന ഉത്തരങ്ങൾ മനസ്സിലാക്കാം.

1. പഠിക്കാൻ എറ്റവും നല്ല സമയം ഏതാണ് ?


വെളുപ്പാൻ കാലത്തേ ഉണർന്നു പഠിക്കുന്നതാണ് ഏറ്റവും നല്ലതെന്ന ഉത്തരം നമ്മൾ ഒരുപാട് തവണ കേട്ടിട്ടുണ്ട്. ആ സമയം ശാന്തമാണ്, മനസ്സ് ക്ലീൻ ആണ്, പഠിക്കുന്നതൊക്കെയും മനസ്സിലാകും ഇങ്ങനെ പല കാരണങ്ങൾ നിരത്തുകയും ചെയ്യും. എന്നാൽ ഇതു ഭാഗികമായി മാത്രമാണ് ശരി. സമയത്തിനനുസരിച്ച് ശാരീരിക പ്രവർത്തനങ്ങൾ മനസ്സിലാക്കുന്ന കാര്യത്തിൽ ഗവേഷകൻ വിജയിച്ചിട്ടുണ്ടെങ്കിലും ബുദ്ധിപരമായ കാര്യങ്ങളിൽ സമയം എത്രമാത്രം നിർണായകമാണെന്നുള്ള കാര്യം ഇപ്പോഴും വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല. എന്നിരുന്നാലും ഓരോരുത്തരുടെയും സർക്കേഡിയൻ റിഥത്തിൽ (24 മണിക്കൂറിലെ ഉറക്ക–ഉണർവ്–ജാഗ്രതാ താളക്രമം)  വ്യത്യാസം കാണുന്നുവെന്നാണ് സൈക്കോളജിസ്‌റ്റുകൾ പറയുന്നത്.


മിക്ക രക്ഷാകർത്താക്കളും കുട്ടികളെ അതിരാവിലെ എഴുന്നേറ്റിരുന്നു പഠിക്കാൻ നിർബന്ധിക്കുന്നവരാണ്. പക്ഷേ, ഇത് എല്ലാ കുട്ടികൾക്കും ഗുണകരമല്ല. ചില കുട്ടികൾ ഉറങ്ങാൻ വൈകി, താമസിച്ച് ഉണരുന്നവരായിരിക്കും. മറ്റു ചിലരാകട്ടെ നേരത്തേ ഉറങ്ങി നേരത്തേ ഉണരുന്നവരാകും. ഇതു മനസ്സിലാക്കി വേണം പഠനസമയം തീരുമാനിക്കാൻ. അതായത് നേരത്തേ ഉറങ്ങാൻ വ്യഗ്രത കാട്ടുന്ന കുട്ടികൾക്ക് രാവിലെയുള്ള സമയമായിരിക്കും പഠിക്കാൻ ഉത്തമം. എന്നാൽ വൈകി മാത്രം ഉറക്കം വരുന്ന, പുലർന്നാലും ഉറക്കം വിടാത്ത കുട്ടികൾ രാത്രി പഠിക്കട്ടെ. അതാണ് ഉത്തമം.

2. പഠിക്കാനിരിക്കുമ്പോൾ ഏതു വിഷയം ആദ്യം പഠിക്കണം?


ഈ ചോദ്യത്തിനുത്തരവും നമ്മൾ ധാരാളം കേട്ടിട്ടുണ്ട്. ‘‘പ്രയാസമുള്ള വിഷയം തന്നെ ആദ്യം പഠിക്കണം’’. അധ്യപകരൊക്കെയും നമ്മളെ ഇങ്ങനെയാവും പഠിപ്പിച്ചിരിക്കുക. അതിനു ന്യായവും ഉണ്ട്. പഠിച്ചു തുടങ്ങുമ്പോഴാണ് തലച്ചോർ നന്നായി പ്രവർത്തിക്കുക, ഏകാഗ്രത കൂടുതൽ എന്നും മറ്റും. എന്നാൽ ഈ ചോദ്യത്തിെന്റ ശരിയുത്തരം ഇതല്ല.
ടിവിയിൽ പ്രോഗ്രാമുകളോ സിനിമകളോ കാണുന്നതടക്കം നിത്യ ജീവിത്തിലെ പല കാര്യങ്ങളിൽ നിന്നുമാണ് നമ്മൾ പഠനത്തിലേക്കു മാറുക. മനസ്സിനെ പഠനത്തിലെക്ക് ഗതിമാറ്റിവിടാൻ തുടക്കത്തിൽ ഒരൽപം ശ്രദ്ധകൂടുതൽ വേണം. ഈ സമയം കഠിനമായ വിഷയമാണ് പഠിക്കുന്നതെങ്കിൽ പെട്ടെന്നു തന്നെ വിരസത വരാനും പഠനം ഫലപ്രദമാകാതിരിക്കാനും കാരണമാകും.


വീട്ടിൽ തനിച്ചിരുന്നുള്ള പഠനം ആരംഭിക്കുമ്പോൾ എറ്റവും ഇഷ്ടമുള്ള വിഷയം പഠിച്ചുവേണം തുടങ്ങാൻ. 10–15 മിനിറ്റു കഴിയുമ്പോഴേക്കും നമ്മുെട മനസ്സ് പഠനത്തിൽ സുസജ്ജമായി കഴിയും. ഉടനേ ആ വിഷയം താൽകാലികമായി നിർത്തിവച്ച് കഠിന വിഷയം പഠിക്കാം. 20 – 30 മിനിറ്റ് ആകും വരെ അല്ലെങ്കിൽ ഇടയ്ക്ക് വിരസത തോന്നും വരെ തുടരാം.  അത് പഠിക്കുന്നതു നിർത്തിയാൽ വീണ്ടും ഇഷ്ടപ്പെട്ട വിഷയങ്ങളിലൊന്നിലേക്ക് തിരിച്ചുവരാം. അൽപം കഴിഞ്ഞ് കഠിന വിഷയത്തിലേക്ക് തിരിച്ചു പോകാം. ഇങ്ങനെ സാൻഡ്‌വിച്ച് രൂപത്തിലുള്ള പഠന രീതിയാണ് ഏറ്റവും ഫലപ്രദം.

3. പരീക്ഷയടുത്തു. പഠിക്കാനിനി സമയം കുറവാണ് എന്തുചെയ്യും?


ഒരു അധ്യയനവർഷത്തിന്റെ തുടക്കം മുതൽ ആസൂത്രണം ചെയ്യേണ്ട കാര്യമാണ് പഠന സമയം. ഇനി അതു പറഞ്ഞിട്ടു കാര്യമില്ല. പരീക്ഷയടുത്തിരിക്കുന്നു. പരീക്ഷാ ദിവസത്തിന് ഒരു ദിവസം മുമ്പു വരെയുള്ള സമയത്തെ കൃത്യമായി ഓരോ വിഷയത്തിനനുസൃതമായി വിഭജിച്ച് ടൈം ടേബിൾ ഉണ്ടാക്കുകയാണ് ഇനിയുള്ള മാർഗം. അപ്പോൾ ഒരു ദിവസം ഇനി എത്ര മണിക്കൂറുകൾ തീവ്ര പഠനത്തിനായി മാറ്റിവയ്ക്കണമെന്നു മനസ്സിലാകും. കണിശമായി പാലിക്കുക. കൃത്യമായി പഠിക്കുക.

4. ദിവസവും കൂടുതൽ സമയം ബസ്സുയാത്രയിൽ നഷ്ടമാകുന്നു. എന്തു െചയ്യും?


പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ലാതെ നഷ്‌ടപ്പെട്ടുപോകുന്ന ചില സമയങ്ങൾ ഉണ്ട്. അതിലേറ്റവും പ്രധാനമാണ് കാത്തിരിപ്പു സമയങ്ങളും യാത്രാ സമയവും. ഡോക്‌ടറെ കാണാൻ കാത്തിരിക്കുന്ന സമയം. ക്ലാസിൽ രണ്ടു പീരിയഡുകൾക്കിടയ്‌ക്കുള്ള സമയം ഇങ്ങനെ ഒരു ദിവസം അൽപ്പമെങ്കിലും എവിടെയെങ്കിലും കാത്തിരിക്കാത്തവർ കുറവല്ല. ഈ സമയം നമുക്കു പ്രയോജനപ്പെടുത്താനാകും. പഠിച്ചിട്ടും ഓർമയിൽ നിൽക്കാത്ത സൂത്രവാക്യങ്ങൾ, തത്ത്വങ്ങൾ, ഉദ്ധരണികൾ തുടങ്ങിയവ ചെറിയ കാർഡുകളിൽ എഴുതി സൂക്ഷിച്ചുവച്ചാൽ ഈ സമയങ്ങളിൽ പുറത്തെടുത്ത് ഓർമ പുതുക്കാം.
ടേപ്പ് റിക്കോർഡറിലോ, മൊബൈൽ ഫോണിലോ പ്രയാസമുള്ള ചോദ്യോത്തരങ്ങളോ പാഠഭാഗങ്ങളോ വായിച്ച് റിക്കോർഡ് ചെയ്‌തു വച്ചിരുന്നാൽ ഈ പാഴായിപ്പോകുന്ന സമയങ്ങളിൽ ഒരു ഹെഡ്‌ഫോണിന്റെ സഹായത്തോടെ കേൾക്കാം; പഠിക്കാം. തിരക്കേറിയ ഒരു ബസ്സിൽ നിന്നു യാത്ര ചെയ്യുമ്പോൾ പോലും ഈ ടെക്‌നിക്ക് ഉപയോഗിച്ച് സമയലാഭം നേടാം..

5. നന്നായി പഠിക്കും. ക്ലാസിൽ ഉത്തരങ്ങളും പറയും. പരീക്ഷയ്ക്ക് മാർക്കില്ല. പരിഹാരം പറയാമോ?


നമ്മുടെ നാട്ടിലെ പരീക്ഷാസംവിധാനങ്ങളിൽ 90 ശതമാനവും എഴുത്തുപരീക്ഷയെ ആശ്രയിച്ചാണു നിൽക്കുന്നത്. എന്തു പഠിച്ചു എന്നല്ല എന്ത് ഉത്തരപേപ്പറിൽ എഴുതി എന്നതാണ് മാർക്കിന്റെ അടിസ്ഥാനം. അതിനാൽ പ്രത്യേകിച്ചും പ്ലസ്ടു തലം വരെയെങ്കിലും പഠിച്ചത് എഴുതിനോക്കുന്നതു നല്ലൊരു പഠനരീതിയാണ്.
പറയുമ്പോൾ ശ്രദ്ധിക്കാതെ പോകുന്ന പഠനത്തിലെ പാകപ്പിഴകൾ എഴുത്തിൽ തിരിച്ചറിയുകയും അതു പരിഹരിക്കുന്നതോടെ പഠിച്ച കാര്യം മനസ്സിലുറയ്‌ക്കുകയും ചെയ്യും. തലച്ചോറിന്റെയും കൈകളുടെയും കാഴ്‌ചയുടെയുമൊക്കെ ഒത്തൊരുമിച്ച പ്രവർത്തനം നടക്കുന്നതിനാൽ എഴുതിനോക്കുന്നവ മനസ്സിൽ ദീർഘകാലം മായാതെ നിൽക്കുന്നു. പറയുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങൾ ഓർമിക്കുന്നതിനേക്കാൾ തലച്ചോറിനെ കൂടുതൽ ആഴത്തിൽ മുഴുകാൻ എഴുത്ത് പ്രേരിപ്പിക്കുന്നുവെന്നതും എഴുത്തിന്റെ മേന്മ തന്നെ.

6. അൽപനേരം പഠിക്കുമ്പോഴേക്കും  മനസ്സിൽ മറ്റു കാര്യങ്ങൾ കടന്നുവന്ന് പഠനം മുറിഞ്ഞു പോകുന്നു. എന്തു ചെയ്യും?


ഏകാഗ്രതക്കുറവ് വലിയൊരു പഠന പ്രശ്നമാണ്. പഠിച്ചു തുടങ്ങി അൽപ്പം കഴിയുമ്പോൾ ശ്രദ്ധ മാറിപ്പോകുന്നു എന്നാണ് മിക്കവരും പറയുക. സത്യത്തിൽ 15 മുതൽ 20 മിനിറ്റ് വരെയാണ് ഒരാൾക്ക് ഒരു വിഷയത്തിൽ തുടർച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കാനാകുന്ന സമയമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഈ സമയം കഴിയുമ്പോൾ തലച്ചോർ സ്വയം കണ്ടെത്തുന്ന ഇടവേളകളാണ് ഏകാഗ്രതക്കുറവായി തോന്നുന്നത്.


വിഷയത്തിൽ താൽപ്പര്യമില്ലായ്‌മ മുതൽ ലക്ഷ്യബോധമില്ലാതെയുള്ള പഠനം വരെ ഇതിനു കാരണമാകാം. പരീക്ഷാകാലമാകുമ്പോൾ ഏകാഗ്രത കൂടുന്നതായി മിക്കവർക്കും അനുഭവപ്പെടാറുണ്ട്. അവിടെ ‘പരീക്ഷ’ എന്ന ലക്ഷ്യമാണ് തലച്ചോറിനെ സജ്‌ജമാക്കി നിർത്തുന്നത്. ഏകാഗ്രതകൾക്കിടയിലെ ഇടവേളകളിലാണ് തലച്ചോർ അതുവരെ പഠിച്ച കാര്യങ്ങളെ സംരക്ഷിച്ചുവയ്‌ക്കാൻ ശ്രമിക്കുന്നത്. അപ്പോൾ സെക്കൻഡുകളോ മിനിറ്റുകളോ വരുന്ന ഇടവേള നല്ലതുതന്നെ. ഇതു ബോധപൂർവം തിരിച്ചറിഞ്ഞ് തിരിച്ചു വിഷയത്തിലേക്കു വരാനുള്ള കഴിവാണ് പഠനശേഷിയിൽ നിർണായകം. ഇങ്ങനെ മൂന്നോ നാലോ തവണ പുനരേകാഗ്രതാ ശ്രമം നടത്തിക്കഴിഞ്ഞാൽ ബോധപൂർവം ഒരു ഇടവേള എടുക്കുന്നതു നല്ലതാണ്. പഠനസ്‌ഥലത്തുനിന്നു മാറി പാട്ടു കേൾക്കാനോ, അടുക്കളയിൽ അമ്മയെ സഹായിക്കാനോ ശ്രമിക്കാം. ഇതു കഴിഞ്ഞ് കൂടുതൽ ഏകാഗ്രമായ പഠനം സാധ്യമാകും.

7. എപ്പോഴും ക്ഷീണമാണ്. പഠിക്കാനിരിക്കുമ്പോൾ കൂടുന്നു. എന്തു െചയ്യണം?


ക്ഷീണം കാരണം പഠനത്തിൽ പിന്നിലാകുന്ന അനവധി പേരുണ്ട്. പെൺകുട്ടികളെയാണ് ഏറ്റവും കൂടുതൽ ഇത് അലട്ടുന്നത്. പല കാരണങ്ങളും ഈ അമിത ക്ഷീണത്തിനു പിന്നിലുണ്ട്. ഭക്ഷണത്തിലെ അപാകത തന്നെയാണ് അതിൽ പ്രധാനം. ബേക്കറി, ഫാസ്‌റ്റ്, ജങ്ക് ഫൂഡ് കഴിക്കുന്നത് അമിതവണ്ണവും ക്ഷീണവും വിളിച്ചു വരുത്തും. ഭക്ഷണം തീരെ കഴിക്കാതെ പോകുന്നതും പഠനസമയത്ത് ക്ഷീണം വരുത്തും.


വിളർച്ച ബാധിച്ച് ക്ഷീണം അനുഭവപ്പെടുന്നവരും കുറവല്ല. ഇവർ ചികിത്സ തേടണം, ശരീരത്തിൽ വെള്ളത്തിന്റെ അളവു കുറയുന്നത് ക്ഷീണമുണ്ടാക്കുകയും അതിലൂടെ പഠനപ്രശ്നമുണ്ടാക്കുകയും അടിക്കടിയുണ്ടാകുന്ന തലവേദനയ്‌ക്കും കാരണമാകും. ശരീരത്തിലെ ജലാംശത്തിന്റെ കുറവ് തലച്ചോറിന്റെ പ്രവർത്തനത്തെ മന്ദീഭവിപ്പിച്ച് ശ്രദ്ധ കുറയാൻ നേരിട്ടു കാരണമാവുകയും ചെയ്യുന്നു. ഇങ്ങനെ ഒട്ടേറെ കാരണങ്ങളാ ൽ വെള്ളം കുടിക്കുന്നത് ഒരു വിദ്യാർഥിക്ക് അനിവാര്യമാണ്. പഠിക്കാനിരിക്കുമ്പോൾ ഓരോ അരമണിക്കൂറിലും അരഗ്ലാസ് വെള്ളം കുടിച്ചിരിക്കണം.

8. ടിവി കാണുന്നതു പഠനത്തെ ബാധിക്കുമോ?


പഠനത്തിന്റെ കാര്യത്തിൽ ടിവി അല്ല, അതിനു മുന്നിൽ ചെലവഴിക്കുന്നസമയമാണ് വില്ലൻ.  പലപ്പോഴും ടിവിയിൽ സിനിമയോ കാർട്ടൂണോ കണ്ടിരിക്കുമ്പോഴായിരിക്കും അമ്മയുടെ ശകാരം ‘പുസ്‌തകം തുറന്നുനോക്കാതെ 24 മണിക്കൂറും ടിവിയുടെ മുന്നിൽത്തന്നെ ഇരുന്നോ’ എന്ന്. ശകാരം ശക്‌തമാകുമ്പോൾ മടിച്ചുമടിച്ച് ടിവി ഓഫ് ചെയ്‌ത് പുസ്‌തകത്തിനു മുന്നിൽ പോയിരിക്കും. പഠിച്ചെന്നു വരുത്തുകയാവും ചെയ്യുക. പഠിക്കാനിരിക്കുമ്പോൾ പഠിക്കാനുറപ്പിച്ച് തീരുമാനിച്ചശേഷമേ തുടങ്ങാവൂ. മിക്കപ്പോഴും ടിവിയിലെ കാഴ്‌ചകൾ ടി വി ഓഫ് ചെയ്‌ത് എഴുന്നേറ്റുപോയാലും മനസ്സിൽ അവസാനിക്കുകയില്ല. ചുരുങ്ങിയത് അഞ്ചു പത്തു മിനിറ്റു നേരമെങ്കിലും വേണം മനസ്സിൽനിന്ന് അവ മാഞ്ഞു പോകാൻ. ഈ സമയത്തു പഠിക്കാനിരിക്കുമ്പോൾ പുസ്‌തകവും അതിലെ ആശയങ്ങളും മനസ്സിൽ പതിയില്ല.

ഇതുപോലുള്ള സാഹചര്യങ്ങളിൽ മനസ്സിനെ അത്തരം കാഴ്‌ചകളിൽനിന്നു പഠനത്തിലേക്കു പറിച്ചുനടാൻ ചില വിദ്യകൾ പ്രയോഗിക്കാം. ചിലർക്കു തണുത്ത വെള്ളത്തിൽ മുഖം കഴുകിയാൽ മതി. അല്ലെങ്കിൽ പഠനത്തിനു മുൻപ് അൽപ നേരം ശ്വസനഗതി ശ്രദ്ധിച്ചിരിക്കുന്നപോലുള്ള റിലാക്സേഷനുകൾ ശീലിക്കാം.
 
9. മനസ്സ് സംഘർഷഭരിതമായിരിക്കുമ്പോഴും ടെൻഷനുള്ളപ്പോഴും പഠിക്കാനുള്ള വഴി?


ഏതു വൈകാരിക സാഹചര്യത്തിലും മനസ്സിനെ പഠനത്തിലേക്കു പറിച്ചുനടാൻ ഒരു  വിദ്യ പറയാം. പഠനമേശയ്‌ക്കു മുന്നിലുള്ള കസേരയിൽ ഇരുന്നു കഴിഞ്ഞാൽ നിവർന്നിരുന്നു കൈകൾ മടിയിൽ കോർത്തുവച്ച്  പാദങ്ങൾ തറയിൽ സ്വസ്‌ഥമായി വച്ച് കണ്ണുകളടയ്‌ക്കുക. അഞ്ചുതവണ സാവധാനം ദീർഘശ്വാസമെടുത്ത് സാവധാനം പുറത്തേക്കു വിടുക. ശ്വാസമെടുക്കുമ്പോഴും വിടുമ്പോഴും അതിന്റെ ശബ്‌ദം കേൾക്കാനും ശ്രദ്ധിക്കാനും ശ്രമിക്കുക.

തുടർന്നു പാദം മുതൽ ശിരസ്സുവരെയുള്ള ശരീരഭാഗങ്ങൾ ഓരോന്നായി അയയ്‌ക്കുക (റിലാക്‌സ് ചെയ്യുക). ശരീരത്തിൽ ഒരു ഭാഗത്തും സമ്മർദമോ മുറുക്കമോ ഇല്ലെന്നുറപ്പായാൽ മനസ്സിനെ പഠനവിഷയത്തിലേക്കു കൊണ്ടുവരിക. പഠിക്കാനുള്ള വിഷയം, പാഠഭാഗം എന്നിവയും മനസ്സിൽ കാണുക. തുടർന്നു സാവധാനം കണ്ണുതുറന്ന് പഠനം ആരംഭിക്കുക. ഇതിലൂടെ ഗ്രഹണശേഷി പലമടങ്ങു മെച്ചപ്പെടും.

10. പഠിക്കാനിരിക്കുമ്പോൾ ഉറക്കം?


പഠനവിഷയത്തിലുള്ള താൽപര്യക്കുറവു മുതൽ വിശപ്പും ക്ഷീണവും വിളർച്ചയും വരെ ഉറക്കത്തിനു കാരണമാകാം. ഉറക്കം വരുന്ന സമയം ഉറങ്ങുക എന്നതാണ് ഉറക്കത്തെ മെരുക്കാനുള്ള പ്രധാനമാർഗം. ഉറക്കം വിട്ടുണരുമ്പോൾ പഠിക്കാം. അതു പാതിരാത്രി ആയാലും. പഠിക്കാനിരിക്കും മുൻപ് അമിതമായ ശാരീരികായാസമുള്ള കാര്യങ്ങൾ ചെയ്യാതിരിക്കുക. അതുപോലെ കണ്ണിനു ക്ഷീണമുണ്ടാകും വിധത്തിൽ പഠിക്കും മുമ്പ് ടിവി, ലാപ് ടോപ്, മൊബൈൽ എന്നിവ ഉപയോഗിക്കാതിരിക്കുക. പഠനസ്ഥലത്തുള്ള അമിതമായ പ്രകാശവും പ്രകാശക്കുറവും ഉറക്കം വരുത്താൻ ഇടയാക്കും.

പഠനോൻമേഷം കൂട്ടാൻ ഐസ് ക്യൂബ്


പരീക്ഷാകാലത്ത് തുടർച്ചയായി ദീർഘനേരം പഠിക്കേണ്ടിവരുമ്പോൾ ഉന്മേഷത്തിനായി ചായയും കോഫിയുമൊക്കെ ഉപയോഗിക്കുന്നവരുണ്ട്. അവ അമിതമായാൽ പിന്നീടുള്ള ഉറക്കത്തെ ബാധിച്ചെന്നു വരാം. മറ്റൊരു സൂത്രം പരീക്ഷിക്കാം. ഫ്രീസറിൽനിന്ന് ഒരു ഐസ്‌ക്യൂബ് എടുത്ത് രണ്ടു ചെവികളുടെയും പിന്നിലായി ചെവിയിടുക്കിൽ ഏതാനും തവണ അമർത്താതെ ഉരസുക.  ഉറക്കവും ക്ഷീണവും പൊടുന്നനേ പമ്പകടക്കുന്നത് അനുഭവിച്ചറിയാം. തണുത്തവെള്ളംകൊണ്ട് ചെവിയുടെ പിൻഭാഗം കഴുകിയാലും ഇതേ അനുഭവം കിട്ടും. തലച്ചോറിലേക്കു പോകുന്ന രക്തധമനികളിൽ പെട്ടെന്ന് തണുപ്പേൽക്കുമ്പോൾ രക്‌തത്തിന്റെ താപനില  കുറഞ്ഞ് തലച്ചോറിന് ഉൻമേഷം കിട്ടുന്നതാണ് ഈ ഉണർവിനു കാരണം. ദിവസം ഒന്നോ  രണ്ടോ തവണയിൽ കൂടുതൽ ഇതു ചെയ്യേണ്ടതില്ല.