ആരോഗ്യ പരിരക്ഷയ്ക്കു വേണ്ടി പല തരത്തിലുള്ള ഭക്ഷണ ക്രമീകരണ രീതികൾ അഥവാ ഡയറ്റുകൾ ഇന്ന് നിലവിലുണ്ട്. എന്നാൽ വ്യക്തിയുടെ ശാരീരിക- മാനസിക ആരോഗ്യം കണക്കിലെടുത്ത് വേണം ഇതു പിന്തുടരാൻ. പക്ഷേ പലപ്പോഴും പെട്ടെന്നു ഫലം ലഭിക്കാനായി അശാസ്ത്രീയമായ ഭക്ഷണക്രമീകരണ രീതികൾ സ്വീകരിക്കുന്നതായി കണ്ടുവരുന്നു. ഏതു ഡയറ്റ് ആയാലും അതു പോഷകാഹാര വിദഗ്ധരുടെ നിർദേശപ്രകാരം മാത്രമായിരിക്കണം സ്വീകരിക്കേണ്ടത്. ഇന്ന് നമ്മൾ കണ്ടുവരുന്ന ഒരു ഡയറ്റിങ് ആണ് റിവേഴ്സ് ഡയറ്റിങ് . പുതു തലമുറ മുൻതൂക്കം നൽകുന്ന ഒരു ഡയറ്റിങ് രീതിയാണിത്.
കായികാഭ്യാസികൾ - ബോഡി ബിൽഡർ , അത് ലറ്റുകൾ , വെയ്റ്റ് ലിഫ്റ്റിങ് ചെയ്യുന്നവർ എന്നിവരാണ് സാധാരണ ഗതിയിൽ റിവേഴ്സ് ഡയറ്റ് പിന്തുടരുന്നത്. കായികഭ്യാസികൾ തങ്ങളുടെ കായികക്ഷമത കൂട്ടുന്നതിനും ശരീരഘടന നിലനിർത്തുന്നതിനും വേണ്ടി വളരെയധികം ഊർജം കുറഞ്ഞ ഭക്ഷണ രീതിയിലേക്കു പോകാറുണ്ട്. മസിൽ ഉണ്ടാകാനായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കും. കാലറി വളരെ നിയന്ത്രിച്ചു മാത്രമേ ഉപയോഗിക്കുകയുള്ളൂ. പലപോഴും മത്സര സീസൺ മുന്നിൽ കണ്ടു കൊണ്ടാണ് ഈ ഡയറ്റ് സ്വീകരിക്കുന്നത്.
ആ സീസൺ കഴിഞ്ഞ ശേഷം പഴയ ഭക്ഷണ രീതിയിലേക്കു തിരികെ വരുന്നതിനു വേണ്ടിയാണ് റിവേഴ്സ് ഡയറ്റിങ് സ്വീകരിക്കുന്നത്. അതായത് നിയന്ത്രിതമായ ഊർജ ഉപയോഗ ശേഷം പഴയ ഊർജ അളവിലേക്ക് പെട്ടെന്നു പോകുന്നതിനു പകരം പതിയെ പതിയെ ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഊർജ്ജത്തിന്റെ അളവ് കൂട്ടുന്നു. അങ്ങനെ ഡയറ്റിങ് തുടങ്ങുന്നതിനു മുൻപ് ഭക്ഷണത്തിലൂടെ എത്ര ഊർജം ലഭിച്ചിരുന്നോ അത്രയും അളവിലേക്കു എത്തുന്നു. ഇതാണ് റിവേഴ്സ് ഡയറ്റിങ്.
റിവേഴ്സ് ഡയറ്റിങ്ങിനെ കുറിച്ച് ശാസ്ത്രീയമായ പഠനങ്ങൾ കുറവാണ്. അതിനാൽ തന്നെ സാധാരണ ഒരു വ്യക്തിക്കു റിവേഴ്സ് ഡയറ്റിങ് നിർദേശിക്കാൻ സാധിക്കണമെന്നില്ല. അശാസ്ത്രീയമായി റിവേഴ്സ് ഡയറ്റിങ് ചെയ്യുന്നവരിൽ മാനസിക സമ്മർദം കൂടുന്നതായി കാണുന്നുണ്ട്.
ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ - വൃക്ക രോഗം ഉള്ളവർ, അനിയന്ത്രിതമായി പ്രമേഹം ഉള്ളവർ, വിശപ്പില്ലായ്മ , അമിത വിശപ്പ് തുടങ്ങിയ പ്രശ്നങ്ങളുള്ളവർ എന്നിവർ റിവേഴ്സ് ഡയറ്റിങ് സ്വീകരിക്കാൻ പാടില്ല.
നല്ല പോഷകാഹാര വിദഗ്ധരുടെ നിർദേശത്തോടെ റിവേഴ്സ് സയറ്റിങ് സ്വീകരിച്ചാൽ ചില ഗുണങ്ങൾ ഉണ്ട്. ഭക്ഷണം നിയന്ത്രിച്ച് നന്നായി ശരീര ഭാരം കുറച്ച ഒരു വ്യക്തി വീണ്ടും പഴയ രീതിയിലേക്ക് മടങ്ങിയാൽ അമിതഭാരം വരാൻ ഇടയുണ്ട്. എന്നാൽ ശാസ്ത്രീയമായി റിവേഴ്സ് ഡയറ്റിങ് സ്വീകരിച്ചാൽ ഇതു തടയാനാകും. വളരെ ശ്രദ്ധയോടെ ചെയ്താൽ ഗുണം ലഭിക്കുന്ന ഒന്നാണ് റിവേഴ്സ് ഡയറ്റിങ്.
വിവരങ്ങൾക്ക് കടപ്പാട്: രജിത ജഗേഷ്, ചീഫ് ഡയറ്റീഷ്യൻ, പ്രോവിഡൻസ് എഡോക്രൈൻ ആന്റ് സയബറ്റിസ് സ്‌പെഷാലിറ്റി സെന്റർ, തിരുവനന്തപുരം