Saturday 04 April 2020 05:50 PM IST

ലോക് ഡൗൺ കഴിഞ്ഞാലും പഴയ പോലെ പുറത്തിറങ്ങി നടക്കൽ അസാധ്യം; ‘റിവേഴ്സ് ക്വാറന്റീൻ’ അറിയേണ്ടതെല്ലാം...

Asha Thomas

Senior Sub Editor, Manorama Arogyam

quarantinehonry-

ലോക്ക് ഡൗൺ വരുന്ന 14 -തീയതി അവസാനിക്കുകയാണ്. ലോക്ക് ഡൗണിനു ശേഷമുള്ള ജീവിതം പഴയതു പോലെ ആകുമോ? എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം. തിരുവനന്തപുരം എസ് യു റ്റി ആശുപത്രിയിലെ അണു രോഗ വിദഗ്ധൻ ഡോ ഷെരീക് പറയുന്നു...

നിപ്പ പോലെയൊരു രോഗമല്ല കൊറോണ. അത് എല്ലാ സ്ഥലത്തേക്കും എളുപ്പം വ്യാപിക്കാവുന്ന ഒരു മഹാമാരിയാണ്. നിപ്പ ഒരു വന്യമൃഗത്തെപ്പോലെയാണ്. അതിനെ കൂട്ടിൽ അടയ്ക്കാൻ പറ്റും. എന്നാൽ കൊറോണ ഒരു ചുഴലിക്കാറ്റുപോലെയാണ്. അതിനെ പൂർണമായി തടഞ്ഞുവയ്ക്കുക അസാധ്യമാണ്. പിന്നെ നമുക്ക് ആകെ സാധ്യമായിരുന്ന രണ്ട് കാര്യങ്ങൾ - ഒന്ന്  രോഗം കടന്നു വരുന്നതിന്റെ ശക്തി അഥവാ തീവ്രത കുറയ്ക്കുകയാണ്. അതിനാണ് ഈ ലോക്ക് ഡൗണും സോഷ്യൽ ഡിസ്റ്റൻസിങ്ങും ഒക്കെ നടപ്പാക്കിയത്. 

കൃത്യസമയത്താണ് നമ്മൾ ലോക്ക് ഡൗൺ ചെയ്തത്. ലോകാരോഗ്യ സംഘടന അക്കാര്യത്തിൽ ഇന്ത്യയെ അഭിനന്ദിച്ചിരുന്നു. വൈറസ് ബാധയുണ്ടാകാൻ സാധ്യതയുള്ള എല്ലാവരും തന്നെ ഇപ്പോൾ പുറത്താരുമായി കോണ്ടാക്റ്റ് ഇല്ലാതെ വീടുകളിലാണ്. രോഗവ്യാപനത്തിന്റെ  തോത് കാര്യമായി കുറഞ്ഞിട്ടുണ്ട്. പക്ഷേ, എങ്ങനെയൊക്കെ ലോക്ക് ഡൗൺ ചെയ്താലും മന്ദഗതിയിൽ ഉള്ള രോഗവ്യാപനം സമൂഹത്തിൽ നടക്കുമെന്നത് വാസ്തവമാണ്. അതുകൊണ്ടുതന്നെ കൊറോണ ഭീഷണിയിൽ നിന്ന് നമ്മൾ പൂർണവിമുക്തി നേടി എന്നു പറയാനാവില്ല. 

‌ഇനി, ഈ 21 ദിവസത്തെ ലോക്ക് ഡൗൺ കഴിഞ്ഞ് 14ാം തീയതി മുതൽ ആളുകൾ പഴയതു പോലെ പുറത്തിറങ്ങി നടന്നു തുടങ്ങിയാൽ കാര്യങ്ങൾ വഷളാക്കും. രോഗം ബാധിക്കുന്നവരുടെ എണ്ണം കുതിച്ചുയരും. തീർച്ചയായും നമ്മുടെ ആരോഗ്യ സംവിധാനം അത് താങ്ങുകയില്ല. ഉദാഹരണത്തിന് തിരുവനന്തപുരം ജില്ലയിൽ 5 ശതമാനം ആളുകൾക്ക് രോഗം വരുന്നു എന്നു കരുതുക. അത്രയും പേർ രോഗബാധിതരായി ഐസിയുവിൽ ആവുക എന്നത് ആലോചിച്ചു നോക്കൂ. എത്ര ഭീകരമായ അവസ്ഥ ആയിരിക്കും. അപ്പോൾ ഇനി ചെയ്യേണ്ട പ്രധാന കാര്യം രോഗം  ഉണ്ടാക്കുന്ന ആഘാതം കുറയ്ക്കുകയാണ്‌- ഇവിടെ ആഘാതം കൊണ്ട് ഉദ്ദേശിക്കുന്നത് മരണനിരക്ക് ആണ്. 

മരണനിരക്ക് എങ്ങനെ കുറയ്ക്കാം?

മരണനിരക്ക് കൂടുതലായി കാണുന്ന ഒരു ഗ്രൂപ്പുണ്ട്. പ്രതിരോധശേഷി കുറഞ്ഞവർ, സ്റ്റിറോയ്ഡ്  പോലെ പ്രതിരോധ ശേഷി ദുർബലമാക്കുന്ന മരുന്നുകൾ കഴിക്കുന്നവർ , വൃദ്ധജനങ്ങൾ, അർബുദരോഗികൾ എന്നിങ്ങനെയുള്ളവർ. ലോകമാകെ നോക്കിയാൽ മരണ നിരക്ക് കൂടുതൽ 65 വയസ്സിന് മുകളിൽ ഉളളവരാണ്. അവർക്ക് ഇനി പ്രത്യേക ശ്രദ്ധ കൊടുക്കണം. പക്ഷേ, അതിനായി ലോക്ക് ഡൗൺ നീട്ടിക്കൊണ്ടു പോവുക പ്രായോഗികമല്ല. അത് സാമ്പത്തികമായും മറ്റും ഏറെ തകർച്ചകൾക്കിടയാക്കും. അപ്പോൾ പിന്നെയുള്ള പോംവഴി റിവേഴ്സ് ക്വാറന്റീൻ പോലെയുള്ള നടപടികൾ ആണ്. 

എന്താണ് റിവേഴ്സ് ക്വാറൻറീൻ ?

മേൽ പറഞ്ഞതു പോലെ മരണസാധ്യത കൂടുതലുള്ള  പ്രത്യേക ഗ്രൂപ്പിനെ പൂർണമായും മറ്റുള്ളവരിൽ എന്നും ഐസോലേറ്റ് ചെയ്യുകയാണ് റിവേഴ്സ് ക്വാറൻറീൻ. ഈ ഗ്രൂപ്പിൽ ഉള്ളവരെ പ്രത്യേകമായി കരുതണം.  വൈറസ് ബാധ ഉള്ളവരിൽ നിന്നും അതിനു സാധ്യതയുള്ള സാഹചര്യങ്ങളിൽ നിന്നും അവരെ സംരക്ഷിച്ചു നിർത്തണം.  യുകെയും ജർമനിയും പോലുള്ള രാജ്യങ്ങൾ ഈ രീതി പരീക്ഷിച്ചു വിജയിച്ചതാണ്. അവിടങ്ങളിൽ വൃദ്ധജനങ്ങളെയും മറ്റും പ്രത്യേകം മാറ്റി പാർപ്പിക്കുകയും അവിടേക്ക് മറ്റുള്ളവർ കടന്നു ചെല്ലാതെ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. അതു പക്ഷേ ഏറെ അധ്വാനവും പണച്ചെലവും ഉള്ള കാര്യമാണ്. തന്നെയുമല്ല, കുടുംബ ബന്ധങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള നമ്മുടെ നാട്ടിൽ ഇത് പ്രായോഗികവുമല്ല. 

അതുകൊണ്ട് വീട്ടിൽ നിന്നും പുറത്തുപോയി വരുന്നവർ കുറച്ച് കൂടുതൽ ശ്രദ്ധ പുലർത്തുകയാണ് വേണ്ടത്. പുറത്തു പോയി വന്നാൽ ഉടൻ കുളിക്കുക, വസ്ത്രങ്ങൾ പ്രത്യേകം കഴുകി അണുവിമുക്തമാക്കുക തുടങ്ങി കർശനമായ വ്യക്തി ശുചിത്വം  പാലിക്കണം. വൃദ്ധ ജനങ്ങളോട്  അടുത്തിടപഴകുന്നത് ഒഴിവാക്കണം.  എന്തെങ്കിലും അസുഖ ലക്ഷണങ്ങൾ കണ്ടാൽ വീട്ടിലെ പ്രായമായവരിൽ നിന്ന് അകന്നു നിൽക്കുകയും എത്രയും വേഗം ചികിത്സ തേടുകയും വേണം. ഇക്കാര്യത്തിൽ ജനങ്ങൾക്ക് കൂടുതൽ ബോധവൽക്കരണം നൽകണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

. 65 വയസ്സ് കഴിഞ്ഞവർ തുടർന്നും വീടുകൾക്കുള്ളിൽ തന്നെ കഴിയുക.

. തുടർന്നും അത്യാവശ്യമുള്ള യാത്രകൾ മാത്രം ചെയ്യുക.

. കൈ കഴുകലും സാമൂഹിക അകലം പാലിക്കലും കൂട്ടംകൂടലുകൾ ഒഴിവാക്കുക പോലുള്ള സുരക്ഷാ രീതികൾ തുടരണം. 

. സ്കൂളുകൾ പോലുള്ള രോഗവ്യാപന സാധ്യതയുള്ള ഇടങ്ങൾ കുറച്ചു നാളേക്കു കൂടിയെങ്കിലും തുറക്കാതെ തുടരേണ്ടി വരും.

ലോക് ഡൗൺ കഴിഞ്ഞാലും ജാഗ്രത തെല്ലും കുറയാതെ തുടരേണ്ടി വരും എന്നർഥം. എങ്കിലേ നമ്മുടെ നാടിന് വലിയ പരിക്കുകളില്ലാതെ പിടിച്ചു നിൽക്കാനാകൂ.

Tags:
  • Manorama Arogyam
  • Health Tips