മാർച്ച് എട്ട്, ഞായറാഴ്ച.. ചെങ്ങളം...എനിക്കും ഭാര്യ റീനയ്ക്കും ചെറിയ പനിയും ചുമയും തൊണ്ടവേദനയും തുടങ്ങി...
ഭാര്യയുടെ മാതാപിതാക്കൾക്ക് കോവിഡ് പൊസിറ്റീവാണ് എന്ന റിസൽട്ട് അറിഞ്ഞത് ദിവസങ്ങൾക്ക് മുൻപാണ്. ഇറ്റലിയിൽ നിന്നു വന്ന അവരെ കൂട്ടിക്കൊണ്ടു പോകാൻ ഞാനും കുടുംബവും നെടുമ്പാശ്ശേരിക്ക് പോയിരുന്നു. ഇതൊക്കെ കൊണ്ടു തന്നെ നേരേ ആശുപത്രിയിലേക്ക് പോകാതെ എന്റെ സുഹൃത്തു കൂടിയായ ഹെൽത് ഇൻസ്പെക്ടർ ബിജുവിനെ വിളിച്ചു കാര്യം പറഞ്ഞു.
‘റോബിൻ എങ്ങും പോകേണ്ട, വീട്ടിൽ തന്നെ ഇരുന്നാൽ മതി’ എന്നു ബിജു പറഞ്ഞു. ഉടൻ തന്നെ ഡിഎംഒയെ ഒക്കെ കാര്യമറിയിച്ച് വണ്ടിയുമായി ബിജു വന്നു. കൂടെ വി എൻ വാസവനുമുണ്ടായിരുന്നു. നേരേ കോട്ടയം മെഡി. കോളജിൽ അഡ്മിറ്റായി. 10–ാം തീയതിയാണ് പരിശോധനാഫലം വന്നത്. ഞാനും ഭാര്യയും പൊസിറ്റീവാണ്, പക്ഷേ, ഭാഗ്യമെന്നു പറയട്ടെ...മകൾ നാലര വയസ്സുകാരി റിയന്ന നെഗറ്റീവാണ്.
തിരിച്ചുവരവില്ല എന്നു കരുതി
അന്ന് നെടുമ്പാശ്ശേരിയിൽ വച്ച് ഞങ്ങളെ കണ്ടപാടെ ഭാര്യയുടെ അമ്മ ആദ്യം ചെയ്തത് മോളെ വാരിയെടുത്ത് ഉമ്മ വയ്ക്കുകയായിരുന്നു. അന്ന് ഈ വൈറസ് ബാധിതരാണെന്നോ അതിന്റെ സാധ്യതയുള്ളവരാണെന്നോ നേരിയ സൂചനയെങ്കിലും ഉണ്ടായിരുന്നെങ്കിൽ അങ്ങനെ അവർ ചെയ്യുമായിരുന്നില്ല.
ഞങ്ങൾ പൊസിറ്റീവാണെന്ന് അറിഞ്ഞപ്പോഴേ തൊട്ടടുത്തു താമസിച്ചിരുന്ന നാല് അനിയന്മാരും കുടുംബവും ക്വാറന്റീനിൽ പോയി. ആശുപത്രിയിലേക്ക് കയറുമ്പോൾ ഇനി ഒരു തിരിച്ചുവരവുണ്ടാകില്ല എന്നു തന്നെയാണ് കരുതിയത്. വിദേശത്തു നിന്നു കേൾക്കുന്ന വാർത്തകൾ അങ്ങനെയായിരുന്നല്ലൊ.
ഞാനും ഭാര്യയും വളരെ കുറച്ചുനാളേ ഒരുമിച്ചു നിന്നുട്ടുള്ളു. ഞാൻ ഗൾഫിൽ ആയിരുന്നു. ഭാര്യ ഇറ്റലിയിലും. അവൾ 2019 ഒാഗസ്റ്റിലാണ് തിരിച്ചു വന്നത്. എന്റെ ഡാഡിയും മമ്മിയും പ്രായമായി, അവരുടെയൊപ്പം ആരുമില്ല. അതുകൊണ്ട് റീനയെ തിരികെ വിളിക്കുകയായിരുന്നു. ഞാനും വിദേശത്തു നിന്ന് എത്തിയിട്ട് അഞ്ചു മാസമേ ആയുള്ളു. ഇനി നാട്ടിൽ തന്നെ കഴിയാമെന്നു കരുതി ചെറിയൊരു കടയൊക്കെ ഇട്ട് ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു.
കരുതലോടെ കൂടെനിന്നവർ
ഏറ്റവും ആശങ്കപ്പെട്ടത് മോളേക്കുറിച്ചോർത്തായിരുന്നു. മകളെ പ്രായമായ അച്ഛനും അമ്മയ്ക്കും ഒപ്പം നിർത്തുന്നതിലും നല്ലത് ഞങ്ങളോടൊപ്പം നിർത്തുന്നതാണെന്നു ഡോക്ടർമാർ ആശ്വസിപ്പിച്ചു. ഞങ്ങളിത്തിരി അധികം ശ്രദ്ധിച്ചാൽ മതിയല്ലൊ.
അഡ്മിറ്റാകുമ്പോഴുണ്ടായിരുന്ന മനഃപ്രയാസമൊക്കെ അവിടുള്ള ആരോഗ്യപ്രവർത്തകരുടെ കരുതലിൽ ഒഴിഞ്ഞുപോയി. റിയന്ന അവരുടെയാക്കെ ഒാമനയായി. പാസ്ത അവൾക്ക് ഇഷ്ടമാണെന്നറിഞ്ഞ് അവിടുത്തെ ഒരു ഡോക്ടർ ഒരു വലിയ പാക്കറ്റ് കൊണ്ടുക്കൊടുത്തു. അവളാവശ്യപ്പെടുന്ന ഭക്ഷണം, വരയ്ക്കാൻ വർണപ്പെൻസിലുകൾ, പുസ്തകങ്ങൾ...എല്ലാവരും അവളെ സ്നേഹം കൊണ്ടു പൊതിഞ്ഞു.
ആശുപത്രിയിലായിരുന്ന സമയത്ത് ഞങ്ങളുടെ ഫോണിന് വിശ്രമമില്ലായിരുന്നു. ചെങ്ങളംകാരെല്ലാം ഫോണിൽ വിളിച്ച് സുഖവിവരം അന്വേഷിച്ചു കൊണ്ടിരുന്നു. ആരോഗ്യപ്രവർത്തകർ ദിവസവും വിളിച്ച് വിവരങ്ങൾ തിരക്കിയിരുന്നു. രമേശ് ചെന്നിത്തല, തോമസ് ചാഴിക്കാടൻ എന്നിങ്ങനെ ഒട്ടേറെ പൊതുപ്രവർത്തകരും വിളിച്ചിരുന്നു.
തൊണ്ടവേദനയ്ക്കും പനിക്കുമുള്ള മരുന്നുകളാണ് തന്നത്. ചുമയ്ക്ക് കഫ് സിറപ്പുകളും തന്നു. പ്രത്യേകിച്ച് ഭക്ഷണ നിയന്ത്രണങ്ങൾ ഒന്നും തന്നെയില്ലായിരുന്നു.
കൊറോണ മാറിയാൽ ഉമ്മ വയ്ക്കാമോ?
ഞങ്ങളുടെ മുറിയിൽ തന്നെയായിരുന്നു റിയന്നയും. മാസ്ക് ധരിച്ചും കൈ ഇടയ്ക്കിടെ കഴുകിയും മോളോട് അടുത്ത് ഇടപഴകാതെയും ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. ഉമ്മ കൊടുക്കാനോ എടുക്കാനോ പറ്റാതെ അവളെ കണ്ടിരിക്കുക വിഷമമായിരുന്നു. പക്ഷേ, അവൾ വളരെ അഡ്ജസ്റ്റ് ചെയ്യുന്ന കുട്ടിയായിരുന്നു. 21 ദിവസം ആ ആശുപത്രി മുറിയിൽ നിന്നു പുറത്തിറങ്ങാതെ ഞങ്ങൾ പറയുന്നതു കേട്ട് അടങ്ങിയിരുന്നു. മുറിയിലെ കൊച്ചു ജനാലയിലൂടെ കാണുന്ന കാഴ്ചകളായിരുന്നു അവളുടെ ആനന്ദം.
എങ്കിലും ചില നേരത്ത് അവൾ ദേഹത്തേക്ക് ചാടിക്കയറാൻ വരും. ‘പപ്പയ്ക്കും മമ്മിയ്ക്കും കൊറോണയാണ്, മോള് അടുത്തു വരരുത് ’ എന്നു പറയുമ്പോഴേക്കും പാവം മാറിപ്പോകും. ഇടയ്ക്ക് ചോദിക്കും, കൊറോണ മാറിയാലെങ്കിലും എനിക്ക് നിങ്ങളെ ഉമ്മ വയ്ക്കാൻ പറ്റുമോ എന്ന്.
മനസ്സു വിഷമിപ്പിച്ച വാർത്തകൾ
രോഗം പിടിപെട്ടതിലും വിഷമിച്ചത് തെറ്റായ വാർത്തകളും അവഹേളനങ്ങളും പരന്നപ്പോഴാണ്. ഞങ്ങൾ നാട്ടിൽ കൊറോണ പരത്തിയതെന്ന പ്രചാരണം മാനസികമായി ഒരുപാട് തളർത്തി. 2013–ലായിരുന്നു എന്റെയും ഭാര്യയുടെയും വിവാഹം. ആ ചടങ്ങിന്റെ ഫോട്ടോ വച്ചാണ് അപ്പച്ചനും അമ്മച്ചിയും കല്യാണത്തിനും ചടങ്ങുകളിലു മൊക്കെ പങ്കെടുത്തു എന്നു പരത്തിയത്.
ഭാര്യയുടെ സഹോദരൻ ഇറ്റലി യിൽ റേഡിയോളജിസ്റ്റാണ്. വല്യപ്പച്ചൻ നിർബന്ധിച്ചു പറഞ്ഞതുകൊണ്ടാണ് 18 ദിവസത്തെ അവധിക്ക് അവർ നാട്ടിൽ വന്നത്. ആളുകളുടെ കുറ്റപ്പെടുത്തലുകൾ സഹിക്കാതെ വന്ന ഒരു ദിവസം അവിടുത്തെ അമ്മച്ചി ഫോണിൽ വിളിച്ചു കരഞ്ഞു. ‘‘മോനേ... ഞങ്ങളങ്ങ് ആത്മഹത്യ ചെയ്താൽ ഈ പ്രശ്നമൊക്കെ തീരുമോ എന്ന്...’’
അത്രമാത്രം കുറ്റപ്പെടുത്തലുകളായിരുന്നു അവർക്ക് നേരിടേണ്ടി വന്നത്.
ഇതും കടന്നുപോകും
ദു:ഖവും സന്തോഷവും വരുമ്പോൾ ഒാർക്കേണ്ട ഒരു വാക്യമുണ്ട്. ഇതും കടന്നുപോകും. ഞങ്ങളും അങ്ങനെ കരുതി. കാത്തിരിപ്പിനും ആശങ്കകൾക്കും ഒടുവിൽ 18–ാം തീയതി റിസൽട്ട് നെഗറ്റീവാണെന്ന് അറിഞ്ഞു. രണ്ടാമത്തെ പരിശോധനയിലും നെഗറ്റീവ് ആയി.
ഐസൊലേഷൻ വാർഡിൽ നിന്നും റിയന്ന പുറത്തുവന്നതേ പാപ്പാ ഹെൻറി എന്ന നഴ്സ് ഒാടിവന്ന് അവളെ കയ്യിലെടുത്തു. ഒത്തിരി നാളായി അവരൊക്കെ ആഗ്രഹിച്ചിരുന്നതാണ് മോളെ ഒന്നെടുക്കണമെന്ന്. ആശുപത്രി അധികൃതരെല്ലാം ചേർന്ന് ഹൃദ്യമായ യാത്രയയപ്പാണ് ഞങ്ങൾക്ക് നൽകിയത്. റിയന്നയ്ക്ക് ഡോക്ടർമാർ ഒരു തൂവെള്ള ടെഡി ബെയർ സമ്മാനിച്ചു.
വീട്ടിൽ ചെന്നാലും 14 ദിവസം ക്വാറന്റീനിൽ ഇരിക്കണമെന്നു പറഞ്ഞിട്ടുണ്ട്. അതിൽ സന്തോഷമേയുള്ളൂ...വലിയൊരു ദു സ്വപ്നം ഒഴിഞ്ഞുപോയല്ലൊ. റിയന്നയ്ക്ക് പഴയതുപോലെ ഒാടിനടന്നു കളിക്കാമല്ലൊ...