Friday 24 July 2020 03:05 PM IST

അക്യൂട്ട് ബ്രോങ്കൈറ്റിസിലും മോണവീക്കത്തിലും ഉടനടി ആശ്വാസം: ഉപ്പുവെള്ളത്തിന്റെ ഗുണങ്ങൾ ഇവയൊക്കെയാണ്

Asha Thomas

Senior Sub Editor, Manorama Arogyam

saltwater5678

പണ്ടേക്കു പണ്ടേ നമുക്കു പരിചിതമായ ഒരു പൊടിക്കയ്യാണ് ഉപ്പുവെള്ളം കൊണ്ടുള്ള ഗാർഗ്ലിങ്. ഒച്ചയടപ്പോ തൊണ്ടവേദനയോ പരാതിപ്പെടുന്നതേ വീട്ടിലുള്ള മുതിർന്നവർ പറയും ഒന്നു ഉപ്പുവെള്ളം പിടിച്ചുനോക്കൂ എന്ന്. സംഗതി നാടൻവൈദ്യമാണെങ്കിലും ഒന്നു രണ്ടു തവണ ഉപ്പുവെള്ളം പിടിക്കുമ്പോഴേക്കും ഒരുമാതിരിപ്പെട്ട അസ്വാസ്ഥ്യമൊക്കെ മാറിപ്പോവുകയും ചെയ്യും. അതുകൊണ്ടാകും കൊറോണ കാലത്ത് ഉപ്പുവെള്ളത്തെ പലരും കൊറോണ വൈറസിനെ കൊല്ലാനുള്ള ഒറ്റമൂലിയായി അവതരിപ്പിച്ചത്. ദിവസവും ഉപ്പുവെള്ളം കൊള്ളുന്നതുകൊണ്ട് മാത്രം കോവിഡ് എന്നല്ല ഒരുതരത്തിലുള്ള അണുബാധയേയും തടഞ്ഞുനിർത്താനാവില്ല എന്നതു സത്യം. പക്ഷേ, ഉപ്പുവെള്ളം ഫലപ്രദമാകുന്ന ചില സാഹചര്യങ്ങളുമുണ്ട്. അത് ഏതൊക്കെയെന്നു നോക്കാം. ഉദാഹരണത്തിന് ടോൺസിലൈറ്റിസിന്റെ തുടക്കത്തിൽ ഉപ്പുവെള്ളം ഗാർഗിൾ ചെയ്താൽ ടോൺസിലിന് ഉണ്ടാകുന്ന നീർവീക്കം കുറയുമെന്നത് നമുക്കൊക്കെ അനുഭവമുള്ള കാര്യമാണ്.

നീർക്കെട്ടും വേദനയും കുറയ്ക്കും

‘‘ അക്യൂട്ട് ബ്രോങ്കൈറ്റിസ് പോലുള്ള അപ്പർ റെസ്പിരേറ്ററി അണുബാധകൾ മൂലം തൊണ്ടയിലുണ്ടാകുന്ന നീർവീക്കവും അസ്വാസ്ഥ്യവും കുറയ്ക്കാൻ ഉപ്പുവെള്ളം ഫലപ്രദമാണ്. എന്നാൽ, ബാക്ടീരീയ മൂലമുള്ള അണുബാധകളിൽ ഇതുകൊണ്ട് വലിയ ഫലം കാണുന്നില്ല. ഉപ്പുവെള്ളം കൊള്ളുന്നതുവഴി അണുബാധ വഴിയുള്ള നീർവീക്കവും വേദനയും തൽക്കാലത്തേക്കു കുറയുമെങ്കിലും ഇതൊരു പ്രതിരോധ മാർഗമല്ല. അതായത് പതിവായി ഉപ്പുവെള്ളം കുലുക്കുഴിയുന്നതുകൊണ്ട്, അണുബാധ തടയാനാവില്ല. ’’ പ്രശസ്ത ശ്വാസകോശരോഗ വിദഗ്ധൻ ഡോ. പി. എസ്. ഷാജഹാൻ (ആലപ്പുഴ)  പറയുന്നു.

അലർജി മൂലം നാസാദ്വാരത്തിലും തൊണ്ടയിലുമുണ്ടാകുന്ന നീർവീക്കവും അസ്വാസ്ഥ്യങ്ങളും കുറയ്ക്കാനും ചെറുചൂട് ഉപ്പുവെള്ളം ഗുണകരമാണെന്നു വിദഗ്ധർ പറയുന്നു.

ദന്തപ്രശ്നങ്ങൾക്ക് ആശ്വാസം

തീർന്നില്ല ഉപ്പുവെള്ളത്തിന്റെ മെച്ചങ്ങൾ. പല്ലുവേദനയിലും മോണപ്രശ്നങ്ങളിലും ഉപ്പുവെള്ളം പിടിക്കുന്നത് വളരെയധികം ആശ്വാസം നൽകും.

‘‘മോണയിൽ നിന്നുള്ള രക്തം വരലിലും മോണവിങ്ങിവീർക്കുന്ന അവസ്ഥയിലും ഉപ്പുവെള്ളം കവിൾ കൊള്ളുന്നത് തൽക്കാലത്തേക്ക് ആശ്വാസം നൽകും. പല്ലുവേദനയ്ക്ക് ശമനമുണ്ടാകാനും ഉപ്പുവെള്ളം കവിൾ കൊള്ളുന്നത് നല്ലതാണ്. പക്ഷേ, ഇത് തൽക്കാലത്തേക്കുള്ള പരിഹാരമാണ്. അടിസ്ഥാനപ്രശ്നം പരിഹരിച്ചില്ലെങ്കിൽ വീണ്ടും വേദനയും നീർവീക്കവും തലപൊക്കും. ’’

ദന്തരോഗവിദഗ്ധനായ ഡോ. മണികണ്ഠൻ ജി ആർ (തിരുവനന്തപുരം) പറയുന്നു.

ദന്തചികിത്സകൾക്കു ശേഷം ചെറുചൂടുള്ള ഉപ്പുവെള്ളം കൊണ്ട് വായ് കഴുകിവൃത്തിയാക്കുന്നത് അണുബാധ തടയാൻ സഹായിക്കും. വായ്പുണ്ണ് വരുന്നവരിൽ ഉപ്പുവെള്ളം കൊണ്ട് ഗാർഗിൾ ചെയ്യുന്നത് വേദനയും വീക്കവും കുറയ്ക്കുമത്രെ.

ഉപ്പുവെള്ളം ഉണ്ടാക്കുന്ന വിധം

ഒരു ഗ്ലാസ്സ് ഇളംചൂടുവെള്ളത്തിൽ അരടീ സ്പൂൺ ഉപ്പു കലർത്തി അത് പൂർണമായി ലയിക്കുംവരെ ഇളക്കുക. തുടർന്ന് ഒരു കവിൾ ഉപ്പുവെള്ളം അൽപനേരം വായിൽ കൊള്ളുക. തുടർന്നു തല പുറകോട്ടാക്കി തൊണ്ടയിൽ ഗാർഗിൾ ചെയ്യുക. 30 സെക്കൻഡ് നേരം ചെയ്തിട്ട് തുപ്പിക്കളയാം. വെള്ളം മുഴുവൻ തീരുംവരെ പലയാവർത്തി ഗാർഗിൾ ചെയ്യുക.

വേദനയും നീർക്കെട്ടും തൽക്കാലത്തേക്ക് കുറയ്ക്കുമെങ്കിലും ഉപ്പുവെള്ളം പതിവായി വായിൽ പിടിക്കുന്നതുകൊണ്ട് അണുബാധകളെ തടയാനാവില്ല. മാത്രവുമല്ല ഉപ്പിന്റെ അളവു കൂടുന്നത് മൂലം വായിൽ അൾസർ പോലെ വ്രണങ്ങൾ വരാനും സാധ്യതയുണ്ട്. അധികമായാൽ ഉപ്പും ദോഷമെന്നു ചുരുക്കം.

Tags:
  • Manorama Arogyam
  • Health Tips