Tuesday 04 February 2020 01:04 PM IST

ബേബി ഷവർ ചിത്രങ്ങൾ കണ്ട് ബോഡി ഷെയിമിങ്, നാലു മാസം കൊണ്ട് 26 കിലോ കുറച്ച് സാനിയ; നിസാരമായിരുന്നില്ല ഈ ശ്രമം

Asha Thomas

Senior Sub Editor, Manorama Arogyam

sania-cover

ടെന്നീസ് പ്രേമികളുടെ മാത്രമല്ല ടെന്നീസിനെക്കുറിച്ച് എബിസിഡി പോലും അറിയാത്തയുവാക്കളുടെയും സ്വപ്ന സുന്ദരിയായിരുന്നു സാനിയ മിർസ. ടെന്നിസ് കോർട്ടിൽ സാനിയ പായിച്ച എയ്സുകളോരോന്നും ആരാധകർ നെഞ്ചിലാണ് ഏറ്റു വാങ്ങിയത്. അതേ ആരാധക വൃന്ദം തന്നെ സാനിയയുടെ ബേബി ഷവറിന്റെ ചിത്രങ്ങൾ കണ്ട് മൂക്കത്ത് വിരൽ വച്ചു. അഴകളവുകളൊത്ത ശരീരം ആകൃതി നഷ്ടപ്പെട്ട് തടിച്ചിരിക്കുന്നു, തുടർന്ന് സാനിയയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത ബോഡി ഷെയിമിങ്ങിനെയാണ്. എന്നാൽ, കളിക്കളത്തിൽ എതിരാളികളെ നേരിടുന്ന അതേ മനക്കട്ടിയോടെ, ഒരു ചെറുചിരിയോടെ സാനിയ അപമാനിക്കലുകളെ നേരിട്ടു. പ്രസവശേഷം വെറും നാലേ നാലു മാസം കൊണ്ട് 26 കിലോ കുറച്ച് മെലിഞ്ഞ് സുന്ദരിയായി കാമറകളുടെ മുന്നിലേക്കിറങ്ങി വന്നു.

വർധിച്ചത് 23 കിലോ

മകൻ ഇഷാനെ ഗർഭിണി ആയിരുന്ന സമയത്ത് പ്രീനേറ്റൽ യോഗയും ചെറിയ വർക് ഔട്ടുകളും ചെയ്ത് ഹെൽതി ആയിരിക്കുവാൻ ശ്രമിച്ചിരുന്നു എങ്കിലും സാനിയയുടെ ശരീരഭാരം 23 കിലോ വർധിച്ച് 89 കിലോയിലെത്തി. പ്രസവശേഷം 15–ാമത്തെ ദിവസം മുതൽ ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി താരം പറയുന്നു. കുഞ്ഞിന് രണ്ടരമാസം ആയപ്പോൾ മുതൽ ജിം വർക് ഔട്ടുകൾ തുടങ്ങി. ബേബി ഫാറ്റ് കുറയ്ക്കുന്നത് അത് അത്ര എളുപ്പമായിരുന്നില്ല എന്ന് ആറ് ഗ്രാൻസ്ലാം വിജയങ്ങൾ സ്വന്തമാക്കിയ ഈ ടെന്നീസ് താരം പറയുന്നു.

‘‘ആദ്യ ദിവസത്തെ കഠിനമായ വ്യായാമത്തെ ശരീരം അത്ര നല്ല രീതിയിലല്ല സ്വീകരിച്ചതെന്നു തോന്നുമായിരുന്നു. ഇനി ഒരിക്കലും ശരീരം വ്യായാമത്തോട് പഴയതുപോലെ പ്രതികരിക്കില്ല എന്നു തോന്നിപ്പോയി. ഞാനെത്രമാത്രം ഫിറ്റ് ആയിരുന്നോ അതിന്റെ അരികത്തുപോലും എത്താനാവില്ലെന്നു കരുതി. പക്ഷേ, മനസ്സ് പിന്നാക്കം പോകാൻ തയാറല്ലായിരുന്നു. ക്ഷീണവും ശരീരവേദനയും ഉറക്കമില്ലാത്ത രാത്രികളും ഒന്നും എനിക്ക് തടസ്സമായില്ല.

തുടക്കത്തിൽ ഭാരമെടുത്തുള്ള വ്യായാമങ്ങളാണ് കൂടുതൽ ചെയ്തത്. പതിയെ കാർഡിയോ വ്യായാമങ്ങൾ ചെയ്തുതുടങ്ങി. സ്കിപ്പിങ്, ബർപീസ്, പ്ലാങ്ക്സ്....ശരീരപേശികൾ വളരെ പെട്ടെന്നു തന്നെ കാർഡിയോ വർക്കൗട്ടുമായി പൊരുത്തപ്പെട്ടു. പക്ഷേ, സ്റ്റാമിന കുറഞ്ഞുവന്നു. പൂജ്യത്തിൽ നിന്നു തുടങ്ങേണ്ടുന്നതുപോലെ.... ഒന്നും പിന്നാക്കം വലിക്കില്ലെന്ന നിശ്ചയ ദാർഢ്യത്തോടെ തുടർന്നതോടെ എന്റെ വർക്കൗട്ട് ടെക്നിക് മെച്ചപ്പെട്ടുതുടങ്ങി, ഞാൻ കൂടുതൽ ഉയരത്തിൽ ചാടാൻ തുടങ്ങി, കൂടുതൽ ഭാരം ഉയർത്തിത്തുടങ്ങി.ഒന്നര മണിക്കൂറുള്ള 2 ഘട്ടമായി വ്യായാമം ചെയ്യാമെ ന്ന രീതിയിൽ സ്റ്റാമിന വർധിച്ചു.’’

കഠിനാധ്വാനവും ചിട്ടയായ വർക് ഔട്ടും സമർപ്പണവും കൊണ്ട് നാലു മാസം കൊണ്ട് 26 കിലോ അവർ കുറച്ചു. മമ്മ ഹസിൽസ് (#mummahustles) എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോകളിലും ചിത്രങ്ങളിലൂടെയും പ്രസവശേഷമുള്ള ഭാരം കുറയ്ക്കാനായി ചെയ്ത വർക്കൗട്ടുകൾ പങ്കുവച്ചിട്ടുണ്ട്.

sania-3

നാലു മണിക്കൂർ വ്യായാമം

ദിവസവും നാലു മണിക്കൂറെങ്കിലും ജിമ്മിൽ ചെലവിടും. ദിവസവും 100 മിനിറ്റ് കാർഡിയോ ഒരു മണിക്കൂർ കിക്ക് ബോക്സിങ്. കൂടാതെ ഭാരം ഉയർത്തിയുള്ള വ്യായാമങ്ങൾ, പൈലേറ്റ്സ്, യോഗ എന്നിവയും പരിശീലിച്ചു. ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നയാളാണ് സാനിയ. പക്ഷേ, ഭാരം കുറയ്ക്കുന്നതിനു വേണ്ടി കൊഴുപ്പും മധുരവും കുറച്ചു.

sania-1

ഇൻസ്റ്റഗ്രാമിലെ തന്റെ വിഡിയോകൾ കണ്ടശേഷം പ്രസവശേഷം പഴയരൂപത്തിലേക്കു പോകുന്നത് എത്രമാത്രം പ്രയാസമാണെന്ന് പറഞ്ഞ് ഒരുപാട് അമ്മമാർ മെസേജ് അയച്ചുവെന്നു സാനിയ പറയുന്നു, ‘‘എനിക്കു ചെയ്യാനാകുമെങ്കിൽ ഇത് ആർക്കും ചെയ്യാനാകും. ദിവസവും ഒന്നോ രണ്ടോ മണിക്കൂർ നിങ്ങൾക്കു വേണ്ടി ചെലവിട്ടു നോക്കൂ.. ശാരീരികമായി മാത്രമല്ല, മാനസികമായും അതു നിങ്ങൾക്ക് ഗുണം ചെയ്യും. അമ്മയായതുകൊണ്ട് നിങ്ങളുടെ ജീവിതസന്തോഷങ്ങൾ അവസാനിച്ചെന്നോ ഫിറ്റ് ആയിരിക്കുക സാധ്യമല്ലെന്നോ കരുതേണ്ടതില്ല. ’’ 32 വയസ്സുകാരിയായ ടെന്നീസ് ചാംപ്യൻ പറയുന്നു. 2017 ലെ ചൈനാ ഒാപ്പൺ മത്സരം കഴിഞ്ഞ് 2 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇനി 2020ലെ ഹോബാർട്ട് ഇന്റർനാഷനൽ ആൻഡ് ഒാസ്ട്രേലിയൻ ഒാപ്പണിനു വേണ്ടിയാകും സാനിയ കളിക്കുക.

sania-2
Tags:
  • Celebrity Fitness