Thursday 23 July 2020 04:47 PM IST

പ്രസവിച്ചു മൂന്നാം മാസം കുഞ്ഞിനെ വിട്ട് പൊലീസ് അക്കാദമിയിലേക്ക്; വർഷം ഒന്ന് കഴിഞ്ഞപ്പോൾ ചീഫ് ട്രോഫിയുമായി യൂണിഫോമിലേക്ക്! അപൂർവ നേട്ടവുമായി എസ്ഐ സരിത

Binsha Muhammed

Senior Content Editor, Vanitha Online

saritha

യൂണിഫോമിൽ പറ്റിച്ചേർന്നു കിടക്കുന്ന മൂന്നു മെഡലുകൾ. അവയെ എത്രവട്ടം താലോലിച്ചെന്നറിയില്ല. എത്ര നേരം നോക്കിയിരുന്നിട്ടും സരിതയ്ക്ക് കണ്ണെടുക്കാനേ തോന്നുന്നില്ല. ഒരായുസിന്റെ കഷ്ടപ്പാടാണ്, പ്രയത്നമാണ് പവൻ തിളക്കത്തിൽ നെഞ്ചിലേക്ക് വീണിരിക്കുന്നത്. അതും ഏത് ഓഫീസറും കൊതിക്കുന്ന അപൂർവ നേട്ടത്തിന്റെ രൂപത്തിൽ.

‘മൂന്ന് മെഡലുകൾ. മൂന്നു പേരാണ് അതിന്റെ അവകാശികൾ. ഒന്ന് ട്രെയിനിങ് കാലയളവിൽ അമ്മിഞ്ഞപ്പാലിന്റെ മധുരം പോലും നുകരാനാകാതെ എന്നെപ്പിരിഞ്ഞിരുന്ന എന്റെ വാവയ്ക്ക്. രണ്ടാമത്തേത് എന്റെ സ്വപ്നങ്ങൾക്ക് കാവലിരുന്ന, അതിനു കൂട്ടിരുന്ന, പിന്തുണ തന്ന എന്റെ ബിനുവേട്ടന്. മൂന്നാമതായി ഞാൻ പൊലീസ് ഓഫീസറായി കാണാൻ കൊതിച്ച എന്റെ അച്ഛന്’– പൊലീസുകാരിയുടെ കണ്ണുകളിൽ അപ്പോൾ ഒരു തുള്ളി കണ്ണീർ പുറത്തേക്ക് ഒഴുകി, ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ നിമിഷത്തിന്റെ സാക്ഷ്യപത്രമെന്നോണം.

തൃശൂർ കേരള പൊലീസ് അക്കാദമിയെ പോയ വർഷം ബൂട്ടിന്റെ ഒച്ചകൾ കൊണ്ടും പരേഡിന്റെ അച്ചടക്കം കൊണ്ടും സജീവമാക്കിയ 104 സബ് ഇൻസ്പെക്ടർ ട്രെയിനികൾ, അതിൽ ഭൂരിഭാഗവും ആണുങ്ങൾ. അവർക്കിടയിൽ ഈ കൊല്ലം ഓയൂരുകാരി തലപ്പൊക്കത്തിൽ നിൽക്കുന്നത് അവൾ സ്വന്തമാക്കിയ നേട്ടങ്ങളുടെ അപൂർവത കൊണ്ടു തന്നെയാണ്. പരിശീലനം പൂർത്തിയാക്കി ഫൈനൽ സല്യൂട്ട് നൽകി അക്കാദമിയോട് വിടപറയുമ്പോൾ സരിതയുടെ അക്കൗണ്ടിൽ മികച്ച ഉദ്യോഗസ്ഥയ്ക്കുള്ള ചീഫ് മിനിസ്റ്ററുടെ ട്രോഫി സ്വന്തമാക്കുന്ന ആദ്യത്തെ പെണ്ണെന്ന ഖ്യാതി തലയുയർത്തി നിൽപ്പുണ്ട്. അത് കേരള പൊലീസിന്റെ ചരിത്രത്തിലെ ആദ്യ സംഭവമാകുമ്പോൾ അഭിമാനം വാനോളം. ആരും കൊതിക്കുന്ന ആ നേട്ടത്തെ സോഷ്യൽ മീഡിയ സലൂട്ടടിച്ച് സ്വീകരിക്കുമ്പോൾ സരിത വനിത ഓൺലൈനോട് ഒരു കഥ പങ്കുവയ്ക്കുകയാണ്, സിവിൽ പൊലീസുകാരിയിൽ നിന്നും എസ്ഐയിലേക്കും അപൂർവ നേട്ടത്തിലേക്കും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് അടിച്ചു നടന്നു കയറിയ ആ ജീവിത കഥ. ആ കഥയ്ക്ക് കരളുറപ്പെന്നൊരു പേരു കൂടിയുണ്ടെന്ന് സാക്ഷ്യം പറയുന്നത് ഭർത്താവ് ബിനു.

saritha-1

കൺമണീ... നിനക്ക് വേണ്ടി

ഒരാളുടെ സ്വപ്നമെന്നല്ല, ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളുടെ പൂർണതയെന്നാണ് ഞാൻ ഈ നേട്ടങ്ങളെ വിശേഷിപ്പിക്കുന്നത്. അവരുടെയൊക്കെ പ്രാർത്ഥനയില്ലെങ്കിൽ ഞാനില്ല. എന്റെയീ നേട്ടങ്ങളില്ല. സിവിൽ അങ്ങനെയല്ലായിരുന്നെങ്കിൽ സിവിൽ പൊലീസറായിയിരുന്ന ഞാനിങ്ങനെ എസ്ഐ ആയി ഇന്നിങ്ങനെ ആരുടേയും മുന്നിൽ നിൽക്കില്ലായിരുന്നു.– സരിത പറഞ്ഞു തുടങ്ങുകയാണ്.

ഈ വലിയ ഉത്തരവാദിത്തത്തിലേക്ക് നേരത്തെ എത്തേണ്ടതായിരുന്നു. റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിനുള്ള കാലതാമസം. അതുമായി ബന്ധപ്പെട്ട കേസിന്റെ നൂലാമാലകൾ. കാത്തിരിപ്പിനൊടുവിൽ നിയമനം എത്തിയപ്പോഴായിരുന്നു അമ്മയാകാനുള്ള നിയോഗം. ജോലിക്കുള്ള അഡ്വൈസ് വരുമ്പോൾ ഞാൻ ഗർഭിണി ആയിരുന്നു. അങ്ങനെ എന്റെ കാത്തിരിപ്പ് ഒരു വർഷം നീണ്ടു പോയി. പക്ഷേ അടുത്ത അവസരമെത്തിയപ്പോൾ കാത്തിരിക്കാൻ മനസു വന്നില്ല. പ്രസവം കഴിഞ്ഞ് മൂന്നാം മാസം നേരെ ട്രെയിനിങ്ങിന് ജോയിൻ ചെയ്തു. അതെങ്ങനെ കഴിഞ്ഞു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. അത് പെണ്ണിന് ദൈവം നൽകുന്ന ഫിസിക്കൽ കപ്പാസിറ്റിയാണ്. അവൾക്ക് മാത്രമുള്ള മനോധൈര്യമാണ്. പക്ഷേ ആ കരളുറപ്പിനിടയിലും ഞാൻ വീണു പോയത്, എന്റെ കുഞ്ഞിനെ പിരിയേണ്ടി വരുമല്ലോ എന്ന് ചിന്തിച്ചപ്പോഴാണ്. പക്ഷേ എന്റെയും ചേട്ടന്റെയും അമ്മമാർ പിന്തുണ നൽകിയതോടെ ഞാൻ ഉറച്ചിറങ്ങി. എന്റെ ഈ നേട്ടങ്ങൾക്കു പിന്നിലുള്ള ക്രെഡിറ്റ് അവർക്കു കൂടി അവകാശപ്പെട്ടതാണ്. അമ്മയ്ക്കു പകരം അമ്മയായി, എന്റെ മുത്തിനെ അവർ നോക്കിയില്ലേ. മകൻ അഭിമന്യുവിന് ഇപ്പോൾ ഒന്നേകാല്‍ വയസാകുന്നു.

saritha-2

അച്ഛന്റെ സ്വപ്നം

പട്ടാളക്കാരനാകാൻ മോഹിച്ചതാണ് എന്റെ അച്ഛൻ മധുസൂദനൻ. ആ സ്വപ്നത്തെ അച്ഛനിൽ നിന്നും വിധി പലവുരു തട്ടിമാറ്റി. പക്ഷേ ആ കടം എന്നിലൂടെ കാലം വീട്ടി. ഞാൻ ഇന്ന് ഈ സ്വപ്നം നേടിയെടുത്തത് അച്ഛന്റെ പ്രാർത്ഥനയുടെ ഫലമാണ്. ഞാനോ സഹോദരി സുജിതയോ കാക്കിയിട്ടു കാണാൻ ഒത്തിരി മോഹിച്ചു ആ മനുഷ്യൻ. ആ കാത്തിരിപ്പ് സഫലമാകുമ്പോൾ വിദേശത്തെ ജോലി സ്ഥലത്തിരുന്ന് അച്ഛൻ ഏറെ സന്തോഷിക്കുന്നുണ്ട്.

ഒരു അച്ഛന്റേയും അമ്മയുടേയും ഉത്തരവാദിത്തങ്ങൾ ഒരു പോലെ ഏറ്റെടുത്ത എന്റെ ബിനുവേട്ടനാണ് ഈ ദിനത്തിലെ എന്റെ ഹീറോ. ഞാൻ അരികിൽ ഇല്ലാത്തതിന്റെ വിഷമം ഒരിക്കൽ പോലും ബിനുവേട്ടൻ മോനെ അറിയിച്ചിട്ടില്ല. എപ്പോഴും പിന്തുണ തന്ന് കൂടെയുണ്ടായിരുന്നു. പുള്ളിക്കാരൻ ഇലക്ട്രോണിക് മെക്കാനിക്ക് ആണ്. ട്രെയിനിങ്ങിനിടയിൽ കോവിഡ് ഡ്യൂട്ടി അവരവരുടെ മദർ സ്റ്റേഷനുകളിലാണ് അസൈൻ ചെയ്തത്. അപ്പോൾ അവർക്കരികിലേക്ക് എനിക്ക് ഓടിയെത്താനായി. മകനൊപ്പം സമയം ചെലവഴിക്കാനായി. അത് അനുഗ്രഹമായി കാണുന്നു.

saritha-3

അപൂർവം ഈ നേട്ടം

വെപ്പണ്‍, പരേഡ്, പിറ്റി എന്നീ മേഖലകളിൽ മികവ് തെളിയിച്ചതിന് മികച്ചഓൾ റൗണ്ടർ, മികച്ച ഔട്ട് ഡോർ, ടോപ് സ്കോറൻ ഇൻ ഫോറൻസിക് സയൻസ് എന്നീ അംഗീകാരങ്ങളാണ് മെഡലുകളായി കിട്ടിയത്. കേരളത്തിൽ ആദ്യമായാണ് ഒരു വനിതയ്ക്ക് ചീഫ് മിനിസ്റ്ററുടെ ട്രോഫി കിട്ടുന്നതെന്നതും നേട്ടങ്ങളിലെ പവൻ തിളക്കമാണ്. നേരത്തെ ഡബ്ല്യൂ.പി.സി ആയിരുന്നപ്പോഴും മികച്ച പരേഡ് കമാൻഡർ, ഓൾ റൗണ്ടർ പുരസ്കാരങ്ങൾ കിട്ടിയിട്ടുണ്ട്. വിഷമം എന്തെന്നാൽ ആ നേട്ടങ്ങൾ ഞാൻ സ്വന്തമാക്കുന്നത് നേരിൽ കാണാൻ വീട്ടുകാർ ഇല്ല എന്നതാണ്. കോവിഡ് പ്രോട്ടോക്കോൾ ഉള്ളതു കൊണ്ട് ആർക്കും പാസിങ് ഔട്ട് ചടങ്ങ് നേരിൽ കാണാൻ കഴിഞ്ഞില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ആണ് സലൂട്ട് സ്വീകരിച്ചത്.

അക്കാദമിയിൽ നിന്നും ലഭിച്ച പരീശീലനം ജീവിതത്തിൽ ഒരിക്കലും മറക്കില്ല. എഡിജിപി സന്ധ്യ മാഡമായിരുന്നു അക്കാദമി ഡയറക്ടർ. പരീശനത്തിനിടെ ആർജിച്ചെടുത്ത നമ്മുടെ വ്യക്തിത്വം ആർക്കു മുന്നിലും അടിയറവ് വയ്ക്കരുത് എന്നായിരുന്നു മാഡം നൽകിയ വലിയ ഉപദേശം. ശാരീരിക ക്ഷമതയും മനഃക്കരുത്തും വർധിപ്പിക്കുന്ന പാഠ്യപദ്ധതികളും, സ്ത്രീകളുടെയും കുട്ടികളുടേയും ക്ഷേമം, സൈബർ നിയമങ്ങള്‍, ഫയറിങ് പ്രാക്ടീസ്, യോഗ, കരാട്ടെ, സ്വിമ്മിങ്, ജംഗിൾ ട്രെയിനിങ് ഇവയൊക്കെ വെല്ലുവിളികളെ വെല്ലവിളികളെ അതിജീവിക്കാനുള്ള പാഠങ്ങളായിരുന്നു. മാവോയിസ്റ്റുകളെ നേരിടാനുള്ള ഗ്രേ ഹണ്ട്സ് പരിശീലനം ലഭിച്ചത് ട്രെയിനിങ്ങിലെ മറക്കാത്ത ഓർമയായി കൂട്ടിനുണ്ട്. കോഴിക്കോട് റൂറലിലാണ് ആദ്യ പോസ്റ്റിംഗ്. എല്ലാം ഭംഗിയാകുമെന്ന് പ്രതീക്ഷിക്കുന്നു.– സരിത പറഞ്ഞു നിർത്തി.

saritha-4