Tuesday 28 July 2020 05:19 PM IST

കൊതിപ്പിക്കും വേറിട്ട രുചി ; കൊളസ്ട്രോളും കാലറിയും വളരെ കൂടുതൽ: സോസേജിനേക്കുറിച്ച് അറിയേണ്ടതെല്ലാം

Sruthy Sreekumar

Sub Editor, Manorama Arogyam

sausage3455

പ്രോസസ്ഡ് അഥവാ സംസ്കരിച്ച ഭക്ഷണപദാർഥങ്ങൾ ഇന്നത്തെ തിരക്കേറിയ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. അത്തരം ഭക്ഷണങ്ങളിൽ തന്നെ ലഭ്യതയിലും രുചിഭേദങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് സോസേജുകൾ. പാകം െചയ്തും പാകം െചയ്യാതെയും ഉപയോഗിക്കാൻ സാധിക്കുന്ന സോസേജുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഭൂരിഭാഗം സോസേജുകളും മാംസാഹാരത്തിൽ നിന്ന് ഉൽപാദിക്കപ്പെടുന്നവയാണ്. എന്നാൽ ഇന്ന് വെജിറ്റേറിയൻ, ഫിഷ് സോസേജുകളും ലഭിക്കും. പലപ്പോഴും ഈ സോസേജുകൾ പ്രധാന ആഹാരത്തിന്റെയും ലഘുഭക്ഷണത്തിന്റെയും ഭാഗമായിട്ട് നമ്മൾ ഉപയോഗിക്കാറുണ്ട്. പല രക്ഷിതാക്കളും കുട്ടികൾക്ക് സ്നാക്ക് ആയും സോസേജുകൾ നൽകാറുണ്ട്. സോസേജുകളിൽ നമ്മളെ ആകർഷിക്കുന്ന ഒരു ഗുണമെന്നു പറയുന്നത് അവ വേഗത്തിൽ പാകം െചയ്തെടുക്കാൻ സാധിക്കും എന്നുള്ളതാണ്. തിരക്കുള്ള വീട്ടമ്മമാർക്ക് ഇവ ഒരു അനുഗ്രഹം തന്നെയാണ്.  

ഇന്നത്തെ പല സോസേജുകളിലും വെളുത്തുള്ളി, കുരുമുളക്, ഗ്രാമ്പൂ, ജാതിക്ക തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇവ സോസേജുകൾക്ക് വേറിട്ടൊരു രുചി നൽകുന്നുണ്ട്. സോസേജുകളിൽ പലപ്പോഴും കൃത്രിമമായ നിറങ്ങൾ, കേട് കൂടാതെ ഇരിക്കാൻ പ്രിസർവേറ്റീവുകളും ചേർക്കാറുണ്ട്.

അമിത അളവിൽ പാടില്ല

സോസേജുകളിൽ ധാരാളം ഊർവും പ്രോട്ടീനും ബി വൈറ്റമിനുകൾ, ഡി വൈറ്റമിൻ, അയൺ, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിനർഥം സോസേജുകൾ സുരക്ഷിതമായ ഭക്ഷണം ആണെന്നല്ല. ഇവയിൽ ഊർജം കൂടുതൽ അടങ്ങിയിരിക്കുന്നതുകൊണ്ടു തന്നെ കുട്ടികളും മുതിർന്നവരും അമിതമായ അളവിൽ ഉപയോഗിച്ചുകഴിഞ്ഞാൽ ശരീരഭാരം കൂടാനും അനുബന്ധ അസുഖങ്ങൾക്കും കാരണമാകും. േസേ  സേജുകളിൽ അടങ്ങിയിരിക്കുന്ന പൂരിത കൊഴുപ്പിന്റെയും സോഡിയത്തിന്റെയും അളവ് വളരെ കൂടുതലാണ്. അതിനാൽ തന്നെ ഹൃദയ സംബന്ധമായ രോഗങ്ങൾ, ബിപി എന്നിവ ഉള്ളവർ വളരെ ശ്രദ്ധയോടെ വേണം ഇത് ഉപയോഗിക്കാൻ.

മറ്റ് ഏതു സംസ്കരിച്ച ഭക്ഷണത്തെ പോലെ തന്നെ സോസേജുകളും പലതരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. വളരെ ശുചിയോടെയും പായ്‌ക്കറ്റിൽ പറയുന്ന നിർദേശങ്ങൾ പാലിച്ചും േവണം ഇവ പാകം െചയ്യാൻ. എക്സ്പയറി ഡേറ്റും ശ്രദ്ധിക്കണം. 100 ഗ്രാം സോസേജിൽ തന്നെ പല അളവിൽ ഊർജം അടങ്ങിയിട്ടുണ്ട്. അതായത് ചില സോസേജുകളിൽ 180 കാലറിയാണ് 100 ഗ്രാമിൽ അടങ്ങിയിരിക്കുന്നതെങ്കിൽ മറ്റ് ചില കമ്പനികളുെട സോസേജുകളിൽ അത് 300 കാലറി ആവാം. സോസേജിൽ അടങ്ങിയിരിക്കുന്ന കൊളസ്ട്രോളിന്റെ അളവും വളരെ കൂടുതലാണ്.

കുട്ടികളിൽ ശീലമാക്കരുത്!

പല നിറത്തിലും രുചിയിലും കിട്ടുന്നതിനാൽ കുട്ടികൾ പലപ്പോഴും പച്ചക്കറികളെ ഒഴിവാക്കി സോസേജുകളിലേക്കു തിരിയാറുണ്ട്. ചെറുപ്രായം മുതൽതന്നെ സോസേജിന്റെ രുചിയോട് അടുപ്പം ഉണ്ടാക്കിയെടുത്താൽ പിന്നെ കുട്ടികൾ പഴങ്ങളും പച്ചക്കറികളും ഇഷ്ടപ്പെടണമെന്നില്ല. കാരണം സ്ഥിരമായി കഴിക്കുന്ന രുചിയോട് നമുക്ക് ഒരിഷ്ടം ഉണ്ടാകാം. അതിനാൽ കുട്ടികൾക്ക് ഇവ വളരെ നിയന്ത്രിച്ചു മാത്രമെ നൽകാവൂ.

സോസേജുകൾ അമിതമായി ഉപയോഗിക്കുന്നത് കാൻസർ വരുത്താൻ സാധ്യതയുള്ള  ഘടകങ്ങൾ ശരീരത്തിൽ ഉണ്ടാകാൻ ഇടയാക്കുന്നു.  ഹൃദ്രോഗസാധ്യതയും വരുത്തുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഇവ പൂർണമായി ഒഴിവാക്കാതെ തന്നെ ഉപയോഗിക്കുന്നതിന്റെ തവണ കുറച്ച്, അഥവാ ഉപയോഗിക്കുമ്പോൾ അളവ് വളരെ കുറച്ച് എടുക്കാം. സോസേജുകൾ ഉപയോഗിക്കുന്നതിന്റെ കൂടെ തന്നെ പഴങ്ങളും പച്ചക്കറികളും ആവശ്യത്തിനു അളവിൽ കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.  

വിവരങ്ങൾക്ക് കടപ്പാട്

രജിത ജഗേഷ്

ചീഫ് ഡയറ്റീഷ്യൻ

പ്രോവിഡൻസ് എൻഡോക്രൈൻ ആന്റ് ഡയബറ്റിസ് സ്പെഷാലിറ്റി സെന്റർ,

തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Diet Tips
  • Health Tips