മൂത്ത പേരക്കുട്ടിയുടെ കല്യാണമായി. ഹാർട്ടിനു കുഴപ്പമുള്ള ആളാ.. ‘ഇതിയാൻ’ രാത്രി ബെഡ്‌റൂമിൽ ഇപ്പോഴും തോണ്ടിയും ചൊറിഞ്ഞും അടുത്തേക്ക് വരും ...' കൺസൽറ്റിങ് മുറിയിൽ ഇരുന്നു 67 കാരിയായ ഭാര്യ പറയുമ്പോൾ നാണം അവരുടെ കണ്ണുകളിൽ മിന്നി മറയുന്നു.
'എനിക്ക് ഇപ്പോഴും ഇവളുടെ മുഖവും ചിരിയും നടത്തവും കാണുമ്പോൾ മനസ്സ് പിടിച്ചാൽ കിട്ടത്തില്ല സാറെ.. അപ്പോൾ 'അത് ' വേണമെന്ന് തോന്നുന്നതിൽ തെറ്റുണ്ടോ, അവളെന്റെ ഭാര്യയല്ലേ?' കുലുങ്ങി ചിരിച്ചു കൊണ്ട് എഴുപതുകളിലെത്തിയ ഭർത്താവ് ഇത് പറയുമ്പോൾ ദാമ്പത്യത്തിലെ ആഴത്തിലുള്ള ഒരു ആത്മബന്ധത്തിന്റെ മണിനാദം കേട്ടതുപോലെ എനിക്കു തോന്നി. പ്രായം അൻപതു കഴിയുമ്പോൾ തന്നെ ലൈംഗികജീവിതം കഴിഞ്ഞുവെന്നോ വിരസമായി എന്നോ കരുതുന്നവർ തിരിച്ചറിയാനാണ് ഈ വൃദ്ധദമ്പതികളുെട അനുഭവം പറഞ്ഞത്.
സെക്സിലെ രണ്ടാം ബാല്യം
മധ്യവയസ്സു പിന്നിടുമ്പോൾ ലൈംഗികതയിൽ ചില മാറ്റങ്ങൾ വരുമെന്നത് സ്വാഭാവികമായ കാര്യമാണ്. ശരീരത്തിലെ ഹോർമോൺ നിലകളിലും മാനസിക നിലയിലും പല മാറ്റങ്ങളും സംഭവിക്കാം. എന്നാൽ അവയെല്ലാം ലൈംഗികാസ്വാദനത്തിൽ കുറവു വരുത്തുമെന്നത് തെറ്റിധാരണയാണ്.
∙ സെക്സിൽ കൂടുതൽ പരിചയസമ്പന്നരായ വ്യക്തികളെന്ന നിലയിൽ കൂടുതൽ മെച്ചപ്പെട്ട ലൈംഗിക ജീവിതം ആസ്വദിക്കാൻ അൻപതു കഴിഞ്ഞവർക്കു കഴിയും.
ആർത്തവ വിരാമം
ആർത്തവ വിരാമം സ്ത്രീയുെട സന്തോഷകരമായ ലൈംഗിക ജീവിതത്തിെന്റ അവസാനമായി കാണുന്നവർ ഇന്നും ഉണ്ട്. അങ്ങനെ കരുതാത്തവർ പോലും ആർത്തവ വിരാമശേഷം രതിമൂർഛ എന്തായാലും ഉണ്ടാവില്ല അല്ലെങ്കിൽ കാര്യമായി കുറയും എന്നും വിശ്വസിക്കുന്നവരാണ്. ഇക്കാരണങ്ങളാൽ ലൈംഗികത ഒരു ചടങ്ങുപോലെ നിർവഹിക്കാൻ താൽപര്യമില്ലാതെ സെക്സിൽ നിന്നും വിട്ടുനിൽക്കുന്ന സ്ത്രീകളും കുറവല്ല. എന്നാൽ ഇവയൊക്കെയും തെറ്റിധാരണകളാണ്.
∙ ധാരാളം സ്ത്രീകൾ ആർത്തവ വിരാമത്തിനുശേഷം ലൈംഗികാനന്ദം മെച്ചപ്പെട്ടതായി സമ്മതിക്കാറുണ്ട്. മുൻപത്തേക്കാളും കൂടുതൽ തീവ്രവും തുടർച്ചയായതുമായ രതിമൂർഛ അനുഭവിക്കാറുമുണ്ട്.

ഉദ്ധാരണം കുറയുമോ?
പ്രായമേറിയതോടെ പഴയതുപോലെഉദ്ധാരണം കിട്ടുന്നില്ലെന്നു പരാതിപ്പെടുന്ന പുരുഷൻമാർ ധാരാളമാണ്. അതു സ്വാഭാവികമാണ് എന്നു വിശ്വസിച്ച് സമാധാനപ്പെടുന്നവരും വളരെയാണ്. മികച്ച വ്യായാമത്തിലൂെടയും ഭക്ഷണരീതിയിലൂെടയും അറുപതോ എഴുപതോ കഴിഞ്ഞാലും ഉദ്ധാരണത്തകരാറുകൾ ഒഴിവാക്കാം. എന്നാൽ പ്രായത്തിനനുസരിച്ച് ചില മാറ്റങ്ങൾ ശരീരത്തിൽ സംഭവിക്കാം.
∙ഹോർമോൺ നിലകളിലുണ്ടാകുന്ന മാറ്റങ്ങൾ ഉദ്ധാരണത്തിനെടുക്കുന്ന സമയം വർധിപ്പിക്കാം.
∙ ഉദ്ധാരണത്തിന് ആവശ്യമായ ശാരീരികോത്തേജനം കൂടുതൽ വേണ്ടിവരാം. 20–25 വയസ്സിലുള്ളത്രയും ദൃഢത ഉണ്ടാവണമെന്നുമില്ല.
∙ ചെറുപ്പത്തിൽ ഒരു സ്ഖലനം കഴിഞ്ഞാൽ 10–15 മിനിറ്റുകഴിഞ്ഞ് രണ്ടാമതും ഉദ്ധാരണം കിട്ടുന്ന അവസ്ഥയ്ക്കുപകരം മധ്യവയസ്സു പിന്നിടുമ്പോൾ കൂടുതൽ സമയം, ചിലപ്പോൾ മണിക്കൂറുകൾ തന്നെ വേണ്ടിവരാം.
വിവരങ്ങൾക്ക് കടപ്പാട്;
ഡോ. എസ്.ഡി.സിങ്
സീനിയർ സൈക്യാട്രിസ്റ്റ്,
കിൻഡർ ഹോസ്പിറ്റൽ, ശ്രീ സുധീന്ദ്ര
മെഡിക്കൽ മിഷൻ, കൊച്ചി