വെറുതെ ഇരിക്കുവാണോ, എന്നാൽ ആ ചിപ്സ് ഇങ്ങ് എടുക്ക്. കൊറിച്ചോണ്ടിരിക്കാം.....എന്നാണ് മലയാളിയുടെ പൊതുവായ ഒരു ലൈൻ. ടിവി കാണുമ്പോൾ, സുഹൃത്തുക്കളുമായി സൊറ പറഞ്ഞിരിക്കുമ്പോൾ, വായിക്കുമ്പോൾ, നാലു മണിക്കാപ്പിക്കൊപ്പം, വിരുന്നുകാർ വരുമ്പോൾ ഒക്കെ ചിപ്സ് ആണ് താരം. ലോക് ഡൗൺ ആയതോടെ മിക്ക വീടുകളിലും ചിപ്സ് ആയി പ്രധാനതാരം. ലോക്‌ഡൗണിന് കടകളെല്ലാം അടയ്ക്കാൻ പോകുന്നുവെന്ന് ഊഹം കേട്ടപ്പോഴേ അരിക്കൊപ്പം പാക്കറ്റു കണക്കിന് വറപൊരികൾ സ്േറ്റാക്ക് ചെയ്തുവച്ചവരാണ് പലരും.
കാലറി കൂടുതൽ
നല്ല കറുമുറാ ഇരിക്കുന്നതുകൊണ്ട് രുചിയിൽ കേമനാണ്. മധുരം വേണ്ടവർക്ക് അങ്ങനെ, അൽപം മസാല വേണ്ടവർക്ക് അങ്ങനെ...ഏതുതരം ചിപ്സ് വേണമെങ്കിലും ലഭിക്കും. എന്നാൽ, 100 ഗ്രാം ചിപ്സ് കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത് ഏകദേശം 500–600 കാലറി ഊർജമാണ്. വറപൊരികളിൽ പ്രധാനഘടകം കാർബോഹൈഡ്രേറ്റും കൊഴുപ്പും (എണ്ണ) ആണ്. പ്രോട്ടീൻ ഇല്ലെന്നു തന്നെ പറയാം. അതിനാൽ ഒട്ടും സമീകൃതമോ പോഷകമൂല്യമോ ഉള്ള ഭക്ഷണമല്ല ചിപ്സ്.
വലിയ ശാരീരിക അധ്വാനമില്ലാത്തവർക്ക് ദിവസവും ഏകദേശം 1800–2000 കാലറി മതി. വ്യായാമം കുറഞ്ഞിരിക്കുന്ന ഈ അവസ്ഥയിൽ ഒരു ദിവസം ഒരു പായ്ക്കറ്റ് ചിപ്സിൽ നിന്നു തന്നെ നമുക്കു വേണ്ടുന്നതിന്റെ നല്ലൊരു ഭാഗം ഊർജം ലഭിക്കുന്നു. അധികമായി വരുന്ന ഊർജം കൊഴുപ്പായി പരിവർത്തനം ചെയ്ത് നമ്മുടെ ശരീരത്തിൽ തന്നെ സൂക്ഷിക്കും. ചെലവാക്കാതെ ശേഷിക്കുന്ന പണം ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് ഇടുന്നതുപോലേ.
പക്ഷേ ഒരു കുഴപ്പമുണ്ട് ചെറുപ്രായത്തിലാണെങ്കിൽ ഈ കൊഴുപ്പ് ശരീരമാകെ സമമായി അടിയും. പക്ഷേ, 30 വയസ്സൊക്കെ കഴിഞ്ഞവരിൽ ഈ കൊഴുപ്പ് മിക്കവാറും അടിയുന്നത് വയറിന്റെ ഭാഗത്തായിരിക്കും. ഉദരഭാഗത്ത് ആന്തരിക അവയവങ്ങൾക്ക് ചുറ്റുമായി അടിയുന്ന ഈ വിസറൽ ഫാറ്റ് ഹോർമോൺ തകരാറുകൾക്ക് ഇടയാക്കും. പ്രമേഹത്തിന് കാരണമാകാം. ബിപി അനിയന്ത്രിതമാക്കാം. ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും വളക്കൂറുള്ള മണ്ണായി നമ്മുടെ ശരീരത്തെ മാറ്റാം. നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ എന്ന രോഗാവസ്ഥയുണ്ടാക്കാം. കൊച്ചുപെൺകുട്ടികളിൽ കൊഴുപ്പിന്റെ അതിപ്രസരം പിസിഒഡി എന്ന പ്രത്യുൽപാദന തകരാറിലേക്കു നയിക്കുന്ന രോഗാവസ്ഥയ്ക്ക് ഇടയാക്കാം. ഇങ്ങനെ നോക്കിയാൽ ഒരു പാക്കറ്റ് ചിപ്സ് ദിവസവും ശീലിച്ചാൽ 30 ദിവസം കൊണ്ട് തന്നെ നിങ്ങൾ പലവിധ ആരോഗ്യപ്രശ്നങ്ങൾക്ക് ഇരയായേക്കാം.
ദഹനപ്രശ്നങ്ങളും വായ്പുണ്ണും വരാം
∙ തടികൂടുന്നതു മാത്രമല്ല പ്രശ്നം. അമിതമായി കൊഴുപ്പ് ശരീരത്തിലെത്തുന്നത് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കും. ഗേഡ് പോലുള്ള ദഹനപ്രശ്നങ്ങൾക്ക് സാധ്യതയുള്ളവർക്ക് നെഞ്ചെരിച്ചിൽ കൂടാം. നാരുകളില്ലാത്ത ഭക്ഷണമായതിനാൽ മലശോധനയെ ബാധിക്കാം.
∙ ചിപ്സ് എണ്ണയിൽ വറുത്തെടുക്കുമ്പോൾ അക്രിലമൈഡ് എന്ന ആരോഗ്യത്തിനു ദോഷകരമായ രാസഘടകം രൂപപ്പെടുന്നു. ഉരുളക്കിഴങ്ങ് ഉപ്പേരികളിൽ താരതമ്യേന അക്രിലമൈഡ് കൂടുതലായുണ്ട്.
∙ ചിപ്സുകൾ മിക്കതിലും സാധാരണയിലും കൂടുതൽ ഉപ്പ് കാണാം. പതിവായി ചിപ്സ് കഴിച്ചാൽ ബിപി പതിയെ നിയന്ത്രണരേഖ മറികടക്കും. ബിപി പ്രശ്നങ്ങൾ ഉള്ളവരുടെ കാര്യം പറയുകയേ വേണ്ട.
∙ വിപണിയിൽ ലഭിക്കുന്ന ചിപ്സുകളിൽ സ്വാദിനും നിറത്തിനുമായി ഒട്ടേറെ കൃത്രിമ ഫ്ലേവറുകളും നിറങ്ങളും ചേർക്കാറുണ്ട്.
∙ പലയാവർത്തി വറുത്ത എണ്ണ സൂക്ഷിച്ചുവച്ച് അതിലേക്ക് അൽപാൽപം എണ്ണ ചേർത്താണ് മിക്കവരും ചിപ്സ് വറുക്കുന്നത്. കറുത്തുകൊഴുത്ത ആ ദ്രാവകത്തിൽ വറുക്കുന്ന ചിപ്സ് പല തരത്തിലുള്ള അലർജിക്കും കാരണമാകാം. ആളുകളിൽ അടിക്കടി വായ്പുണ്ണ് വരുന്നതിനു ഒരുകാരണം എണ്ണയുടെ ആവർത്തിച്ചുള്ള ഉപയോഗമാണെന്നു ചില പഠനങ്ങൾ പറയുന്നു.
∙ പാക്കറ്റിൽ കിട്ടുന്ന ചിപ്സിൽ അതു കേടാകാതിരിക്കാൻ ഒരുപിടി രാസവസ്തുക്കൾ ചേർത്തിട്ടുണ്ട്. അടുപ്പിച്ചു കഴിച്ചാൽ ശരീരത്തിനു പലരീതിയിൽ ദോഷം ചെയ്യുന്നതും അർബുദകാരികളുമൊക്കെയാണ് അവയിൽ പലതും.
∙ ഇടയ്ക്കിടെ കൊറിച്ചുകൊണ്ടിരുന്നാൽ വിശപ്പുണ്ടാവുകയേ ഇല്ല. ഉച്ചയൂണും പ്രാതലുമൊക്കെ ക്രമം തെറ്റും. പോഷക ശൂന്യമായ ഊർജം മാത്രം ശരീരത്തിലെത്തിക്കൊണ്ടിരുന്നാൽ പോഷകദൗർലഭ്യം വരാം. പ്രത്യേകിച്ച് വളരുന്ന പ്രായത്തിലുള്ള കുട്ടികളിൽ.
എന്താണു പ്രതിവിധി?
∙ കൊറിക്കൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാക്കുക. അതിന്റെ ആദ്യപടിയായി അളവു കുറയ്ക്കാൻ ശ്രമിക്കുക. കൂടോടെ ചിപ്സ് കഴിക്കാനെടുത്താൽ അതു തീർന്നു കഴിഞ്ഞേ താഴെ വയ്ക്കാൻ സാധ്യതയുള്ളു. അതുകൊണ്ട് ഒരു പാത്രത്തിൽ അളവു കുറച്ച് എടുത്തു കഴിക്കുന്നതു ശീലമാക്കുക.
∙ കുട്ടികൾക്കായി വീട്ടിൽ തന്നെ ചിപ്സുകൾ തയ്യാറാക്കുകയുമാകാം. ഏത്തയ്ക്ക, ചക്ക എന്നിവ ചിപ്സിന് നല്ലത്.
∙ ഒരിക്കൽ വറുത്ത എണ്ണയിൽ വീണ്ടും വറുക്കരുത്.
ചുരുക്കിപറഞ്ഞാൽ അമിത കൊഴുപ്പും കാലറിയും വളരെ കുറഞ്ഞ അളവ് മാത്രം പ്രോട്ടീനുമുള്ള ചിപ്സ് നിത്യഭക്ഷണം ആക്കരുത്, വല്ലപ്പോഴും ഒരിക്കൽ കൊറിക്കുക.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. വർഗീസ് തോമസ്
റിട്ട. പ്രഫസർ & ഹെഡ്
ഗ്യാസ്ട്രോ എന്ററോളജി വിഭാഗം
മെഡി. കോളജ്
കോഴിക്കോട്