അടുത്തിടെ തെന്നിന്ത്യൻ താരസുന്ദരി സാമന്ത ഇൻസ്റ്റാഗ്രാമിൽ ഒരു വിഡിയോ പോസ്റ്റ് െചയ്തിരുന്നു. മുഖത്തിന്റെ സൗന്ദര്യത്തിനും ഓജസ്സിനും സഹായിക്കുന്ന ഒരു കോസ്മെറ്റിക് ചികിത്സയ്ക്കു വിധേയയാകുന്നതായിരുന്നു വിഡിയോയിൽ. ഡെർമാ ഫ്രാക് എന്ന സൗന്ദര്യചികിത്സയായിരുന്നു അത്.
മുഖത്തെ നേർത്ത വരകളും ചുളിവുകളും, സൂര്യതാപമേറ്റുള്ള പ്രശ്നങ്ങൾ, മുഖക്കുരുവിന്റെ പാടുകൾ എന്നിവയുൾപ്പെടെയുള്ള പല ചർമ്മപ്രശ്നങ്ങളെയും പരിഹരിക്കാൻ ഉപയോഗിക്കുന്ന ഒരു നൂതനസൗന്ദര്യാത്മക ചികിത്സയാണ് മൈക്രോ-നീഡ്‌ലിങ് ഇൻഫ്യൂഷൻ തെറാപ്പി അഥവാ ഡെർമാ ഫ്രാക് (Derma frac) നേർത്ത സൂചികളുള്ള ഒരു റോളർ ആണ് ഈ ചികിത്സയിൽ ഉപയോഗിക്കുന്നത്. ഈ സൂചികൾ ചർമ്മത്തിന്റെ മുകളിലെ പാളികളിൽ മൃദുവായി കയറുന്നു. ഇതിലൂടെ ഒരു പെപ്റ്റൈഡ് ലായനി ചർമ്മത്തിനുള്ളിലേക്കു തുളച്ചുകയറുന്നു.
എന്താണ് ചെയ്യുന്നത്?
ചർമ്മം നന്നായി വൃത്തിയാക്കിയ ശേഷമാണ് ഡെർമാ ഫ്രാക് ചെയ്യുന്നത്. കൈയിൽ പിടിക്കാവുന്ന ഉപകരണത്തിന്റെ അറ്റത്ത് ഒരുചെറിയ റോളറിൽ മൈക്രോസൂചികൾ അടങ്ങിയ ഒരു ചെറിയ നോസൽ ഉണ്ട്. ഈ നോസലിന് ചർമ്മത്തെ സൗമ്യമായി വലിച്ചെടുക്കുന്ന ഒരു വാക്വം ഉണ്ട്, അതിനാൽ സൂചികൾ തുല്യമായി തുളഞ്ഞുകയറുന്നു. ഉപകരണം പലതവണ ചർമ്മത്തിനു മുകളിലൂടെ കടന്നുപോകുന്നു. സൂചികൾ തറഞ്ഞുകയറിക്കൊണ്ടിരിക്കുമ്പോൾ തന്നെ നോസിലിൽ കൂടെ പെപ്റ്റൈഡ് ലായനി ചർമത്തിനുള്ളിലേക്ക് ആഗിരണം ചെയ്യപ്പെടും.
വേദനിക്കില്ല...
മൈക്രോഡെർമാബ്രേഷന് സമാനമായി, വേദനാജനകമല്ലെങ്കിലും, മിക്ക ഫേഷ്യലുകളേക്കാളും തീവ്രമായ ചർമ്മചികിത്സയാണ് ഇത്. പെപ്റ്റൈഡ് ലായനി ചർമത്തെ തണുപ്പിക്കുന്നു. ചർമ്മത്തിന്റെ സംവേദനക്ഷമതയെ ആശ്രയിച്ച് ചികിത്സയ്ക്ക്ശേഷം നേരിയ ചുവപ്പ് അല്ലെങ്കിൽ മങ്ങിയ പോറലുകൾ നിലനിൽക്കും, പക്ഷേ ഇവ കുറച്ച് മണിക്കൂറിനുള്ളിൽ മങ്ങും. ചികിത്സയുടെ മികച്ച ഫലം ഉറപ്പാക്കാൻ ഏതാനും മണിക്കൂറുകളിലേക്ക് മേക്കപ്പ് ഉപയോഗിക്കരുത്. പ്രായം കൂടുംതോറും മുഖത്തിനു വരുന്ന ചുളിവുകളെ നിയന്ത്രിക്കാനും ഡെർമാ ഫ്രാക് ചികിത്സ സഹായിക്കുന്നു.
വിവരങ്ങൾക്ക് കടപാട്
ഡോ: ആശ ബിജു,
വോവ് ഫാക്ടർ മെഡി കോസ്മെറ്റിക് ആന്റ് ലേസർ സെന്റർ
തിരുവനന്തപുരം