കൂട്ടുകാരുടെ ‘തടിയൻ’ എന്ന കളിയാക്കൽ കേട്ടുമടുത്തപ്പോഴാണ് പത്താം ക്ലാസ്സിലെ വേനലവധിക്ക് വൈപ്പിൻ വളവ് സ്വദേശി സൂരജ് വണ്ണം കുറയ്ക്കാൻ ശ്രമം തുടങ്ങിയത്. അതുവരെ ആ പ്രായത്തിലുള്ള ഏത് കുട്ടിയെയും പോലെ അമ്മയുണ്ടാക്കുന്ന ചോറും കറികളും അളവു നോക്കാതെ ആസ്വദിച്ചു കഴിക്കുമായിരുന്നു. മേമ്പൊടിയായി ലഡ്ഡു, ജിലേബി പോലുള്ള മധുരപലഹാരങ്ങളും. അങ്ങനെയാണ് ശരീരഭാരം 120ൽ എത്തിയത്. കളിയാക്കൽ മാത്രമല്ല പ്രശ്നം. വണ്ണവും വച്ച് നടന്ന് അൽപം കഴിയുമ്പോഴേക്കും കിതപ്പ് വരും. ഇഷ്ടപ്പെട്ട വസ്ത്രങ്ങളൊന്നും വേണ്ടുന്ന സൈസിൽ ലഭിക്കുകയുമില്ല.
ചോറ് കഴിച്ച് തടി കുറച്ചു
ഭക്ഷണത്തിന്റെ അളവു കുറയ്ക്കുകയാണ് പ്രധാനമായും ചെയ്തത്. രാവിലെ ഉണരുന്നതേ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കും. പ്രാതലിന് നാല് ചപ്പാത്തിയും വെജിറ്റബിൾ കറിയും. ഉച്ചയ്ക്ക് ചോറും കറികളും തന്നെ കഴിക്കുമെങ്കിലും അളവു കുറച്ചു. ചിലപ്പോൾ മീനോ ചിക്കനോ കറിവച്ചത് കൂടെ കഴിക്കും. ഇടനേരങ്ങളിൽ കഴിക്കില്ല. രാത്രി ചപ്പാത്തിയും ഉരുളക്കിഴങ്ങ് കറിയും. മധുരം കഴിക്കാൻ തോന്നുമ്പോൾ അളവു കുറച്ച് കഴിക്കും. ദിവസവും കുറഞ്ഞത് മൂന്നു ലീറ്റർ വെള്ളം കുടിച്ചിരുന്നു.
ക്ലാസ്സ് കഴിഞ്ഞ് വർക് ഔട്ട്
ദിവസം ഒന്നര– രണ്ട് മണിക്കൂർ ജിമ്മിൽ വർക് ഔട്ട് ചെയ്തിരുന്നു. ആദ്യമൊക്കെ ഒരു മണിക്കൂർ കഷ്ടിച്ചാണ് ചെയ്തിരുന്നത്. പതിയെ സമയം കൂട്ടിക്കൊണ്ടുവന്നു. കാർഡിയോ വ്യായാമങ്ങൾക്കൊപ്പം മസിൽ ട്രെയിനിങ്ങും ചെയ്തു. പണ്ട് ക്ലാസ്സ് കഴിഞ്ഞ് കൂട്ടുകാരുടെയൊപ്പം ഫാസ്റ്റ് ഫൂഡ് കഴിക്കാൻ പോകുമായിരുന്നു. ഇപ്പോൾ ക്ലാസ്സ് കഴിഞ്ഞ് നേരേ ജിമ്മിലേക്കാണ് പോവുക. ഭക്ഷണക്രമീകരണവും വ്യായാമവും തുടങ്ങി മൂന്നു മാസം കൊണ്ട് 20 കിലോ കുറഞ്ഞു. വല്ലാർപാടം സെന്റ് മേരീസ് സ്കൂളിലാണ് സൂരജ് പഠിക്കുന്നത്. അവധി കഴിഞ്ഞ് സ്കൂളിൽ ചെന്ന സൂരജിനെ കണ്ട്് കൂട്ടുകാരൊക്കെ ഞെട്ടിയിരുപ്പാണ്. 175 സെന്റിമീറ്ററാണ് സൂരജിന്റെ ഉയരം. മാതൃകാ ശരീരഭാരം 75 കിലോയും. അതിലേക്കെത്തി കൂട്ടുകാരെ വീണ്ടും ഞെട്ടിക്കാനുള്ള ശ്രമത്തിലാണ് സൂരജ് ഇപ്പോൾ.