കോവിഡ് 19 സ്ഥിരീകരണത്തിനായി വളരെ വേഗത്തിൽ നടത്താവുന്നതും ചെലവു കുറഞ്ഞതുമായ പരിശോധനയാണ് ട്രൂ നാറ്റ് പരിശോധന. ബാറ്ററിയിൽ പ്രവർത്തിക്കുന്നതും ചിപ്പ് അടിസ്ഥാനമായുള്ളതുമായ ലളിതമായ പരിശോധനയാണിത്. നേരത്തെ കോവിഡിനുള്ള സ്ക്രീനിംഗ് പരിശോധന മാത്രമായിരുന്നു ഇത്. ഐസിഎംആറിന്റെ പുതുക്കിയ മാർഗ നിർദേശത്തിൽ ഇതിനെ കോവിഡ് സ്ഥിരീകരണത്തിനുള്ള പരിശോധന ആയി ഉപയോഗിക്കാം എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ട്രൂ നാറ്റ് മെഷിൻ, ആർഎൻഎ എക്സ്ട്രാക്ഷൻ സിസ്റ്റം, ആർറ്റി -പിസിആർ ചിപ്പ്, കളക്ഷൻ സ്വാബ്, വൈറൽ ലൈസിസ് മീഡിയം എന്നിവ ചേർന്നതാണ് ഒരു ടെസ്റ്റ് കിറ്റ്. ഒരു സാമ്പിൾ പരിശോധന പൂർത്തിയാക്കാൻ 35 മിനിറ്റ് എടുക്കും. ഗോവ ആസ്ഥാനമായുള്ള മൊൾബിയോ ഡയഗ്നോസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് രൂപകൽപ്പന ചെയ്ത ഈ യന്ത്രം ആദ്യം വികസിപ്പിച്ചെടുത്തത് ക്ഷയരോഗ നിർണയത്തിനാണ്. ദശകങ്ങൾ നീണ്ട ഗവേഷണങ്ങളുടെ അവസാനം ഈയടുത്തു മാത്രമാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അംഗീകരിച്ചത്.
കിയോസ്‌കുകളിലോ ഹെൽത്ത് സെന്ററുകളിലോ സ്വാബു ശേഖരണം കഴിഞ്ഞാൽ, അത് ഒരു വൈറൽ ട്രാൻസ്മിഷൻ മാധ്യമത്തിൽ മുക്കി നിർവീര്യമാക്കുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ അടുത്തുള്ള ലബോറട്ടറിയിലോ വച്ച് ഇത് വൈറൽ ലൈസിസ് മീഡിയത്തിലേക്കു മാറ്റുന്നു. അതിൽ വച്ച് കോശങ്ങൾ തകർക്കപ്പെട്ട്, മാലിന്യങ്ങൾ നീക്കംചെയ്യപ്പെടുന്നു. ഈ ദ്രാവകത്തിന്റെ ഒരു ഭാഗം ഒരു കാട്രിഡ്ജിലേക്കു മാറ്റുകയും അത് ഒരു മെഷീനിൽ ചേർക്കുകയും ചെയ്യുന്നു.
കേവലം 20 മിനിറ്റിനുള്ളിൽ, ആർഎൻഎയെ വേർതിരിച്ചു എടുക്കുന്നു. ഈ ആർഎൻഎ എക്‌സ്‌ട്രാക്റ്റ് മറ്റൊരു മെഷീനിലേക്ക് മാറ്റുന്നു. അവിടെവച്ചാണ് ആർഎൻഎ ഘടകത്തെ റിയെജെന്റ് പ്രവർത്തന നിരതമാക്കുന്നത്. ഒരു വ്യക്തി വൈറസ് വഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് കണ്ടെത്താൻ സഹായിക്കുന്ന വൈറൽ ലോഡിന്റെ എല്ലാ കണക്കുകൂട്ടലുകളും നടക്കുന്നതു ചിപ്പിലാണ്. പരമ്പരാഗത ആർടി-പിസിആർ ടെസ്റ്റുകളിൽ നിന്ന് വ്യത്യസ്തമായി, ഈ രീതിയിലുള്ള പരിശോധനയ്ക്ക് കുറച്ചു അളവ് സ്വാബ് മതിയാകും.
ഈ മെഷീൻ പോർട്ടബിൾ ആണെന്നും ഒരു ബ്രീഫ്‌കെയ്‌സിൽ വേണമെങ്കിലും കൊണ്ടുപോകാൻ കഴിയും എന്നാണ് നിർമാതാക്കൾ പറയുന്നത്. പത്ത് മണിക്കൂർ നീണ്ടുനിൽക്കുന്ന ബാറ്ററിയാണ് ഇതിന്റേത്. ട്രൂ നാറ്റിലുള്ള ഒരു പരിശോധനയ്ക്കു 1000- 1500 രൂപയോളമേ വില വരൂ.
വിവരങ്ങൾക്ക് കടപ്പാട്: മോൾബിയോ ഡയഗ്നോസ്റ്റിക് വെബ്സൈറ്റ്