നവതിയുടെ നിറവിലാണ് പ്രശസ്ത സർജനും കോട്ടയം മെഡി. കോളജിലെ ആദ്യ സൂപ്രണ്ടുമായിരുന്ന ഡോ. മാത്യു വർഗീസ് കുരുടാമണ്ണിൽ. മുന്നൂറോളം പാൻക്രിയാറ്റിക് സർജറികൾ ചെയ്ത വിദഗ്ധൻ. തന്റെ ദീർഘായുസ്സിന്റെ രഹസ്യത്തെക്കുറിച്ചും ചികിത്സാനുഭവങ്ങളെക്കുറിച്ചും സുഹൃത്തും സമകാലികനുമായ കോട്ടയം മെഡി. കോളജിൽ മെഡിസിൻ വിഭാഗം മുൻ പ്രഫസർ ഡോ. മാത്യു പാറയ്ക്കലുമായി സംസാരിക്കുന്നു.
ഡോ. മാത്യു പാറയ്ക്കൽ: എന്താണ് ദീർഘായുസ്സിന്റെ രഹസ്യം?
ഡോ. മാത്യു വർഗ്ഗീസ്: എന്റെ മാതാപിതാക്കൾ ദീർഘായുസ്സ് ഉള്ളവരായിരുന്നു. ആ ജീനിന്റെ ഗുണമാണ് എനിക്കും കിട്ടിയത്. നിങ്ങൾക്ക് ദീർഘകാലം ജീവിച്ചിരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ദീർഘായുസ്സുള്ള മാതാപിതാക്കളെ തിരഞ്ഞെടുക്കുക. (ഒരു നിമിഷത്തെ നിശ്ശബ്ദത...തുടർന്നു പൊട്ടിച്ചിരികൾ മുഴങ്ങി, ആയുസ്സിലേക്കുള്ള ലളിതമായ വഴി ഇതിലും മനോഹരമായി എങ്ങനെ പറഞ്ഞുവയ്ക്കാനാണ്...)
പക്ഷേ, ദീർഘായുസ്സ് ജീനിൽ ഉണ്ടായിട്ടു കാര്യമില്ല. കള്ളുകുടിച്ചും പുകവലിച്ചും കളയാതിരിക്കണം. പതിവായി വ്യായാമം ചെയ്യണം. ചെറിയൊരു നടത്തമായാലും മതി, നിത്യവും ചെയ്യണം. ഞാൻ സ്റ്റാറ്റിൻ മരുന്ന് മുടങ്ങാതെ കഴിക്കുന്നുണ്ട്.
പത്തനംതിട്ട അയിരൂർ കുരുടാമണ്ണിലാണ് ഡോ. മാത്യു വർഗീസിന്റെ കുടുംബം. അച്ഛൻ പ്രഫസറായിരുന്നു, അദ്ദേഹത്തിന്റെ ജോലി സംബന്ധമായി ആന്ധ്രാപ്രദേശിലാണ് ഡോ. മാത്യു വളർന്നത്.
ഡോ. മാത്യു പാറയ്ക്കൽ: ആദ്യമായി ഞാൻ ഡോക്ടർ മാത്യു വർഗീസിനെ കാണുന്നത് മദ്രാസിലെ ഒരു ഫൂട്ബോൾ മാച്ചിൽ വച്ചാണ്. ആരും ശ്രദ്ധിച്ചു പോകും. അതികായനും സുമുഖനുമായ ഒരു ചെറുപ്പക്കാരൻ...
ഡോ. മാത്യു വർഗീസ് : ഞാൻ ബാസ്ക്കറ്റ് ബോളും കളിച്ചിരുന്നു. പതിവായി വ്യായാമം ചെയ്യുമായിരുന്നു. നടക്കാൻ പ്രയാസമായപ്പോഴാണ് നിർത്തിയത്. ഡയറ്റൊന്നും നോക്കാറില്ല. ചോക്‌ലേറ്റ് ആണ് ഏറ്റവും ഇഷ്ടം. വിദേശത്തു നിന്നും മക്കൾ വരുമ്പോൾ ഇപ്പോഴും ഒരു പെട്ടി ചോക്‌ലേറ്റ് കൊണ്ടുവരും.
ഡോ. മാത്യു പാറയ്ക്കൽ: പാൻക്രിയാറ്റിക് സർജറി രംഗത്താണല്ലൊ മാത്യു വർഗീസ് പ്രശസ്തൻ. ആ അനുഭവങ്ങളെന്തൊക്കെയാണ്?
1964 സമയത്താണ്. ഒട്ടേറെ രോഗികൾ കടുത്ത വയറുവേദനയുമായി കാണാൻ വരുമായിരുന്നു. അവരെ പരിശോധിച്ചപ്പോൾ പാൻക്രിയാറ്റൈറ്റിസ് അഥവാ പാൻക്രിയാസിനുണ്ടാകുന്ന വീക്കം ആണു കാരണമെന്നു മനസ്സിലായി. സാധാരണ വില്ലനാകാറുള്ള മദ്യമല്ല ഇവിടെപ്രശ്നം. പിന്നെ, എന്താണ് കാരണമെന്നു മനസ്സിലാകുന്നില്ല.
പക്ഷേ, ഒരുകാര്യം ശ്രദ്ധയിൽ പെട്ടു. മാംസ്യം കുറഞ്ഞ ഭക്ഷണവും കപ്പയുടെ അമിത ഉപയോഗവും ഉള്ളവരിലാണ് ഈ പ്രശ്നം കാണുന്നത്. നമ്മുടെ പാൻക്രിയാസിന് ദിവസം 19 ഗ്രാം പ്രോട്ടീൻ വേണം. ഇതു ലഭിക്കാതെ ദുർബലമായിരിക്കുന്ന പാൻക്രിയാസിന്റെ പ്രവർത്തനത്തെ കപ്പയിലെയും മറ്റും വിഷാംശം (കട്ട് അഥവാ സയനൈഡ്) ദോഷകരമായി ബാധിക്കും. അതാവും ഈ പാൻക്രിയാറ്റൈറ്റിസിനു കാരണമെന്ന് ഞങ്ങൾ അനുമാനിച്ചെടുത്തു.
ലോകത്ത് പലയിടത്തും ട്രോപിക്കൽ രാജ്യങ്ങളിൽ ( ഉദാ: ആഫ്രിക്ക, ബ്രസീൽ) ഇത്തരം കേസുകളുണ്ടെന്നു പിന്നെ അറിഞ്ഞു.ഈ അവസ്ഥയ്ക്ക് ട്രോപിക്കൽ കാൽകുലസ് ഒാഫ് പാൻക്രിയാറ്റൈറ്റിസ് എന്നു ഞങ്ങൾ പേരിട്ടു. 1972ൽ മനിലയിൽ ഇതു സംബന്ധിച്ച് ഒരു പേപ്പർ അവതരിപ്പിച്ചു. ലോകത്ത് ആദ്യമായി ഈ രോഗാവസ്ഥയെക്കുറിച്ച് അവതരിപ്പിച്ച ശാസ്ത്രീയ പ്രബന്ധമായിരുന്നു അത്.
സംസാരത്തിനിടയിലാണ് ഡോ. മാത്യുവിന്റെ കൈകളിലേക്ക് ശ്രദ്ധ പോയത്. അസാധാരണമായി നീണ്ടു മെലിഞ്ഞ വിരലുകൾ. എകില്ലസ് ഹാൻഡ് എന്നാണത്രെ ഇത്തരം കൈകൾക്ക് പറയുക. ഡോ. മാത്യു പാറയ്ക്കലാണ് പറഞ്ഞത്. ഗൈനക്കോളജിക്കൽ ശസ്ത്രക്രിയകൾക്ക് അനുയോജ്യമായ കയ്യാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപ്പോൾ ഡോ. മാത്യു വർഗീസ് പഴയൊരു സംഭവം ഒാർത്തെടുത്തു.
‘‘മദ്രാസിലെ പഠനകാലത്ത് ഒരിക്കൽ ലോകാരോഗ്യസംഘടനയുടെ ഒരു ടീം വന്നു. ഡോ. അലക്സാണ്ടർ ഫ്ലെമിങ്– അതെ, പെൻസിലിൻ കണ്ടുപിടിച്ച അതേ ഫ്ലെമിങ് തന്നെ– ആയിരുന്നു ടീം ലീഡർ.വിവിധ വൈദ്യശാസ്ത്ര മേഖലകളിൽ നിന്നുള്ള അതിവിദഗ്ധരായ ഡോക്ടർമാരാണ് ടീമിൽ. അതിലെ ഒരു ഡോക്ടർ എന്റെ വിരൽ കണ്ടിട്ട് ‘ഇതൊരു ഹൃദ്രോഗ വിദഗ്ധനു ചേർന്ന കൈ ആണല്ലോ’ എന്നു കമന്റു ചെയ്തു. മെലിഞ്ഞു നേർത്ത വിരലുകൾ കൊണ്ട് അതിസൂക്‌ഷ്മമായ തുന്നലുകളിടാൻ എളുപ്പമാണല്ലൊ എന്ന്. ’’
ഡോ. മാത്യു പാറയ്ക്കൽ: ചടുലമായി തീരുമാനമെടുക്കാനുള്ള കഴിവാണ് ഡോ. മാത്യുവിന്റെ ഗുണം. അതേക്കുറിച്ച് ഒരു സംഭവം തന്നെ പറഞ്ഞുകേട്ടിട്ടുണ്ട്.
ഡോ. മാത്യു വർഗീസ്: 40 വർഷം മുൻപാണ്. റോഡ് അപകടത്തിൽ പെട്ട് വാരിയെല്ലുകളെല്ലാം ഒടിഞ്ഞ് കോട്ടയം മെഡിക്കൽ കോളജിലേക്ക് ഒരാളെ എത്തിച്ചു. അയാളുടെ സ്ഥിതി അതീവ ഗുരുതരമായിരുന്നു. ശസ്ത്രക്രിയ ചെയ്താലും ജീവിച്ചിരിക്കാനുള്ള സാധ്യത കഷ്ടിയാണ്. എന്തായാലും ഞാൻ രോഗിയെ ഒന്നു നോക്കി. ‘‘വേഗം ട്രക്കിയോസ്റ്റമി ചെയ്യ്’ എന്നു നിർദേശിച്ചു. ഉടൻ ട്രക്കിയോസ്റ്റമി ചെയ്തു, രോഗി രക്ഷപെട്ടു.
തൊണ്ടയിൽ ഒരു ദ്വാരമുണ്ടാക്കി അതിലൂടെ ഒരു ട്യൂബ് ട്രക്കിയയിലേക്ക് കടത്തി ശ്വാസതടസ്സം മാറ്റുന്ന പ്രക്രിയയാണ് ട്രക്കിയോസ്റ്റമി. സാധാരണ ഒട്ടേറെ ആലോചിച്ചും ചർച്ച ചെയ്തും എടുക്കുന്ന തീരുമാനമാണിത്. ഡോ. മാത്യുവിന്റെ നിർണായക ഇടപെടലിലൂടെ രക്ഷപെട്ട കോട്ടയം സ്വദേശിയായ ബിസിനസ്സുകാരൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!!!
ഡോ. മാത്യു പാറയ്ക്കൽ: എന്റെ മകളുടെ കാര്യത്തിലും ഡോ. മാത്യു വർഗീസ് സഹായത്തിനെത്തിയിട്ടുണ്ട്. ഇദ്ദേഹം നൊടിയിട കൊണ്ട് എടുത്ത തീരുമാനമാണ്. അവളെ മരണത്തിന്റെ വക്കിൽ നിന്നും തിരികെ ജീവിതത്തിലേക്കെത്തിച്ചത്.
തീവ്രമായ ആ ജീവിതാനുഭവങ്ങളുടെ തീക്‌ഷ്ണതയിൽ അൽപനേരം അവർ മൂകരായി, കണ്ണുകൾ നിറഞ്ഞു. എത്രയോ പേരുടെ ജീവിതത്തിനും മരണത്തിനുമിടയിൽ മധ്യസ്ഥരാകുന്നവരാണ്, എത്രയോ ദശാസന്ധികളെ നിർമമതയോടെ കണ്ടുനിൽക്കുന്നവരാണ്...പക്ഷേ, ചില അനുഭവങ്ങൾ അവരെയും വല്ലാതെ പിടിച്ചുലച്ചു കളയും...
കോവിഡും കോർട്ടിസോണും
സംസാരം കോവിഡിലേക്കു വഴിമാറി.ഏഷ്യൻ ഫ്ലൂവും പ്ലേഗും കോളറയുമൊക്കെ പടർന്നുപിടിച്ച പഴയ കാലത്തേക്കുറിച്ചായി ചർച്ച. ‘‘അന്നൊക്കെ ഇത്തരം അസുഖമൊക്കെ വന്നാൽ ജീവിതം തീർന്നു എന്നാണ്. ചികിത്സയൊന്നുമില്ലല്ലൊ. പ്ലേഗ് ആരംഭിച്ചത് പാലക്കാടാണ്. അവിടെ നിന്നു തൃശൂരേക്കു പടരുകയായിരുന്നു. അന്നു ഞാൻ പ്രൈമറി ക്ലാസ്സിൽ പഠിക്കുകയാണ്’’ ഡോ. മാത്യു പാറയ്ക്കൽ പറയുന്നു.
‘‘പഴയ കാലത്തു നിന്നും പുതിയ കാലത്തേക്കു വരുമ്പോൾ വൈദ്യശാസ്ത്രമേഖലയിലെ ഏറ്റവും നിർണായകമായ രണ്ടു മാറ്റങ്ങളെന്നു പറയുന്നത് വെന്റിലേറ്ററും കോർട്ടിസോണുമാണ്. ’’ ഡോ. മാത്യു വർഗീസ് പറയുന്നു.
‘‘എത്രയോ ജീവനുകൾ രക്ഷിക്കാൻ ഇവ രണ്ടും സഹായകമായി. ഈ പാൻഡമിക്കിന്റെ കാലത്ത് പലരെയും രക്ഷിച്ചത് കോർട്ടിസോൺ ആണ്. ഡെക്സാമെതസിയോൺ എന്ന കോർട്ടിസോൺ മരുന്ന് കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായവരെ പോലും രക്ഷിച്ചതായി റിപ്പോർട്ടുകളുണ്ട്.’’
ഡോ. മാത്യു പാറയ്ക്കൽ: വൈദഗ്ധ്യം വേണ്ട ശസ്ത്രക്രിയകൾ നിസ്സാരമായി നടത്തിയ ഡോ. മാത്യു വർഗ്ഗീസിനെ പക്ഷേ ഒരു കല്ല് വല്ലാതെ വലച്ചുകളഞ്ഞിട്ടുണ്ടെന്നു കേട്ടു. ആ അനുഭവം പറയാമോ?
സംഭവം നടന്നിട്ട് അധികം വർഷമായിട്ടില്ല. നല്ല വയറുവേദന. പരിശോധനകളിൽ ബിലിറുബിൻ അൽപം കൂടുതൽ. നാലോ അഞ്ചോ തവണ സ്കാൻ ചെയ്തു. അതിലൊന്നും ഒരു പ്രശ്നവും കാണുന്നില്ല. പക്ഷേ, വേദന മാറുന്നില്ല. പിത്താശയ അണുബാധയാകുമെന്നായി ചിന്ത. മകനുമായി സംസാരിച്ചപ്പോൾ അവനും പറഞ്ഞു ഇതൊരു പതിവാകുകയാണെങ്കിൽ പിത്താശയം നീക്കുന്നതാകും നല്ലതെന്ന്.
കൊച്ചിയിലെ ഫിലിപ് അഗസ്റ്റിനെ വിളിച്ചു സർജറിയുടെ കാര്യം പറഞ്ഞു. അദ്ദേഹം തന്നെ ഡോ. രമേശിനെ നിർദേശിച്ചു. ഞാൻ ആശുപത്രിയിൽ ചെന്നു ഡോക്ടറെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു. ‘ഇപ്പോൾ ശസ്ത്രക്രിയ പറ്റുമെന്നു തോന്നുന്നില്ല. യു ലുക് സോ സിക്ക്’ എന്ന്. ആദ്യം ഒന്നുകൂടി പരിശോധനകളെല്ലാം നടത്താം എന്നും അദ്ദേഹം പറഞ്ഞു. എനിക്ക് കാൻസറോ മറ്റോ ആണോയെന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. അങ്ങനെ തല മുതൽ പാദം വരെ സ്കാൻ ചെയ്തു. അപ്പോഴതാ പിത്താശയത്തിൽ വലിയൊരു കല്ല്. എന്തായാലും പിറ്റേ ആഴ്ച തന്നെ എൻഡോസ്കോപി വഴി കല്ല് നീക്കി. പിത്താശയം ഭദ്രമായി കൂടെയുണ്ട്.
അനുഭവത്തിൽ നിന്ന് പുതിയ കാലത്തെ വൈദ്യസേവകരോട് പറയാനുള്ള ഒരു കാര്യവും ഇതാണ്. രോഗനിർണയത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ക്ലിനിക്കൽ പരിശോധനയ്ക്ക് എപ്പോഴും അതിന്റേതായ പ്രാധാന്യമുണ്ട്. ഒാവർ ഡയഗ്‌നോസിസും അണ്ടർ ഡയഗ്‌നോസിസും ഒരുപോലെ അപകടമാണ്. രണ്ടും ഒഴിവാക്കാൻ ശ്രദ്ധിക്കുക. ’’
പുറത്തു വെയിൽ കനത്തതോടെ അഭിമുഖത്തിനു തിരശ്ശീല വീണു. തമ്മിൽ കാണാൻ സാധിച്ച സന്തോഷം പങ്കുവയ്ക്കവേ ഡോ. മാത്യു വർഗീസ് പറഞ്ഞു. ‘‘ ‘‘ഡോ. മാത്യു പാറയ്ക്കലും ഞാനുമായി 40 വർഷത്തെ സൗഹൃദമുണ്ട്. വളരെ മിടുക്കനായ ഒരു ഫിസിഷനാണ് അദ്ദേഹം. നല്ലൊരു അധ്യാപകനും. രോഗികളോട് വളരെയേറെ കംപാഷനേറ്റ് ആയി പെരുമാറുന്ന ഡോക്ടർ. എല്ലാറ്റിനുമുപരി വളരെ നല്ലൊരു വ്യക്തിയാണ്. വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന ആൾ.
വർഷാവസാനം പിരിയാൻ മടിക്കുന്ന സ്കൂൾ കുട്ടികളെ പോലെ പല തവണ യാത്ര പറഞ്ഞും വീണ്ടും എന്തൊക്കെയോ സംസാരിച്ചും ആസുഹൃത്തുക്കൾ നിന്നു. ഇതേ കലർപ്പില്ലാത്ത സ്നേഹത്തോടെ, ധാർമികതയോടെ വൈജ്ഞാനിക തീഷ്ണതയോടെ ഇവർ പരിശീലിപ്പിച്ച ഡോക്ടർമാരാണ് കേരളത്തിലെമ്പാടും.ആ ധന്യതയുടെ ആത്മവീര്യം നവതി കാലത്തും അവരുടെ മുഖത്തും മനസ്സിലും തെളിഞ്ഞുനിറയുന്നു.