കുങ്കുമപ്പൂവ് എന്ന സീരിയൽ കണ്ടവരാരും അതിലെ വില്ലത്തി അമലയെ മറക്കില്ല. അത്ര തന്മയത്വത്തോടെയാണ് അശ്വതി എന്ന നടി അമലയെ അവതരിപ്പിച്ചത്. അൽഫോൻസാമ്മ സീരിയലിൽ ശാന്തയും സൗമ്യയുമായ കന്യാസ്ത്രീയായി വന്ന ആ പെൺകുട്ടിയുടെ വില്ലത്തിയായുള്ള ഭാവമാറ്റം കണ്ട് മൂക്കത്ത് വിരൽ വച്ചവർ ഇപ്പോൾ വീണ്ടും അമ്പരപ്പിലാണ്. തടിച്ചുരുണ്ട് ബബ്ലിയായിരുന്ന അശ്വതിയെ മെലിഞ്ഞൊതുങ്ങിയ രൂപത്തിൽ കണ്ട അമ്പരപ്പിൽ...
‘‘ 2019 ഒക്ടോബറിലാണ് ഡയറ്റ് തുടങ്ങുന്നത്. ഡയറ്റ് തുടങ്ങി ഏതാനും ആഴ്ച ആയപ്പോൾ തന്നെ ഭാരം കുറയാൻ തുടങ്ങി. അതോടെ ഉത്സാഹമായി. 2020 ഒക്ടോബർ ആയപ്പോഴേക്കും ശരീരഭാരം 75 കിലോയിലെത്തി. പണ്ട് ഡ്രസ്സ് സൈസ് 4 എക്സ്എൽ ഒക്കെയായിരുന്നു. ഇപ്പോൾ ലാർജ് മതി. ഇഷ്ടമുള്ള ഡ്രസ്സൊന്നും സൈസ് ശരിയായി കിട്ടുന്നില്ലെന്നു പറഞ്ഞ് കരഞ്ഞിട്ടുണ്ട് പണ്ട്. എന്നാലും വണ്ണം കുറയ്ക്കാൻ മെനക്കെടില്ലായിരുന്നു. അത്ര ഇഷ്ടപ്പെടുന്ന ഡ്രസ്സ്, ചെറുതാണെങ്കിലും വെറുതെ വാങ്ങിവച്ചിരുന്നു മുൻപ്. അതൊക്കെ ഇപ്പോഴാണ് ഇടാൻ പറ്റിയത്. ’’ അശ്വതി പറയുന്നു.
105 കിലോയിൽ നിന്ന് 75 കിലോയിലേക്കുള്ള പരിവർത്തനത്തിന് സഹായിച്ച മാജിക് ഡയറ്റിനെക്കുറിച്ച് അശ്വതി എന്ന പ്രസില്ല മനോരമ ആരോഗ്യത്തിനു നൽകിയ വിഡിയോ അഭിമുഖത്തിൽ പറയുന്നതു കേൾക്കാം.