സമരപുളകം ചൂടിയ കാലം മുതൽ എം. ബി. രാജേഷ് മനസ്സിൽ കൊണ്ടു നട ക്കുന്ന വെളിച്ചമാണ് മേയ്ദിന സ്മാരകം. പ ക്ഷേ, സമയക്കുറവു കാരണം ആദ്യത്തെ അ മേരിക്കൻ യാത്രയിൽ അദ്ദേഹത്തിനു ഷിക്കാഗോയിൽ പോകാൻ കഴിഞ്ഞില്ല. നഷ്ടബോധവുമായി അന്നു നാട്ടിലേക്കു മടങ്ങുമ്പോഴും നിരാശ കലരാത്ത പ്രതീക്ഷ രാജേഷിനുണ്ടായിരുന്നു. കാരണം, ആത്മാർഥമായ ആഗ്രഹങ്ങളിലേക്ക് അധികം ദൂരമില്ലെന്ന പ്രമാണത്തിലാണ് അദ്ദേഹം വിശ്വസിക്കുന്നത്. അതു പിഴച്ചില്ല. ആറു മാസം കഴിഞ്ഞപ്പോഴേക്കും വടക്കേ അമേരിക്കയിൽ നിന്നൊരു വിളി. മലയാളി പത്രപ്രവർത്തകർ വാർഷിക സമ്മേളനം സംഘടിപ്പിക്കുന്നു – ഷിക്കാഗോയിൽ. ‘വരണം, ഉദ്ഘാടനം ചെയ്യണം’. പ്രവാസികളുടെ ക്ഷണം. ഷിക്കാഗോ സമ്മേളനം... ഇന്ത്യയുടെ ശബ്ദം ലോകത്തെ കേൾപ്പിച്ച സ്വാമി വിവേകാനന്ദന്റെ സ്മരണയിൽ രാജേഷ് വീണ്ടും പുളകിതനായി.
മേയ്ദിന സ്മാരകം
സ്ഥലം, ഷിക്കാഗോ. നവംബറിന്റെ പ്രഭാതം. എയർ ഇന്ത്യയുടെ വിമാനം അമേരിക്കയുടെ കുളിരിൽ ലാൻഡ് ചെയ്തു. പ്രവാസികൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു. നഗരത്തിൽ നിന്ന് അഞ്ചു കിലോമീറ്റർ മാറി ഹോളി ഡേ ഇൻ ഹോട്ടലിലാണ് താമസ സൗകര്യം. ‘‘പതിനാലു മണിക്കൂർ വിമാനത്തിൽ ഒരേ ഇരിപ്പിൽ യാത്ര ചെയ്തതല്ലേ. വിശ്രമിച്ചോളൂ.’’ ക്ഷണിതാക്കൾ ആതിഥ്യ മര്യാദയോടെ പറഞ്ഞു.
‘‘വിശ്രമിക്കാനായി പിന്നീടൊരിക്കൽ വരാം. ഇപ്പോൾ ഒന്നു രണ്ടു സ്ഥലങ്ങളിൽ പോകാനുണ്ട്.’’ രാജേഷ് അവരോടു പറഞ്ഞു. മേയ്ദിന സ്മാരകവും ഹേ മാർക്കറ്റും ആദ്യത്തെ ദിവസം തന്നെ കാണുക, അതായിരുന്നു ഉദ്ദേശ്യം. പക്ഷേ, അവിടേക്കുള്ള വഴി കണ്ടു പിടിക്കാൻ അൽപ്പം കഷ്ടപ്പെടേണ്ടി വന്നു. ആ അനുഭവം രാജേഷ് പറയട്ടെ...
‘മേയ്ദിന സ്മാരകം ചോദിച്ചപ്പോൾ അവിടെയാർക്കും വലിയ പിടിയില്ല. ഹേ മാർക്കറ്റിന്റെ പരിസരത്തെവിടെയോ ആണെന്നു ഗൂഗിൾ വഴി കാണിച്ചു. ആ റോഡിലൂടെ അര മണിക്കൂർ യാത്രയ്ക്കൊടുവിൽ ഞങ്ങൾ ഒരു സ്മാരകത്തിനു മുന്നിലെത്തി.
സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ചൊല്ലിക്കേട്ടിട്ടുള്ള പേരാണ് ‘ഹേ മാർക്കറ്റ്’. ഞങ്ങൾ ചെന്നെത്തിയ സ്ഥലവും ചിത്രങ്ങളിൽ കണ്ടിട്ടുള്ളതും തമ്മിൽ യാതൊരു സാമ്യവുമില്ല. ആരോടെങ്കിലും സംശയം ചോദിക്കാമെന്നു കരുതി. പക്ഷേ, പ്രദേശത്തെവിടെയും ഒരു മനുഷ്യക്കുട്ടിയെപ്പോലും കണ്ടില്ല. വല്ലാത്ത നിരാശയോടെ ചുറ്റിത്തിരിയുന്നതിനിടെ ചുമരിൽ പതിച്ച ഒരു ഫലകം ശ്രദ്ധയിൽപ്പെട്ടു. ‘സമാധാനം പുലരട്ടെ’ എന്നാണ് ആ ബോർഡിൽ കുറിച്ചിട്ടുള്ളത്. ഇതു മേയ്ദിന സ്മാരകമല്ല, എന്റെ മനസ്സു പറഞ്ഞു.
മേയ്ദിനത്തിനു കാരണമായ വെടിവയ്പ്പിൽ നിരവധിയാളുകൾ കൊല്ലപ്പെട്ടിരുന്നു. ആ സംഭവം കഴിഞ്ഞ് നാലഞ്ചു ദിവസത്തിനു ശേഷം തൊഴിലാളികൾ നടത്തിയ പ്രകടനത്തിനിടെ കുറച്ചു പോലീസുകാർ കൊല്ലപ്പെട്ടു. അന്നു കൊല്ലപ്പെട്ട പോലീസുകാർക്കുള്ള സ്മൃതിമണ്ഡപത്തിനു മുന്നിലാണ് മേയ്ദിന സ്മാരകമെന്നു തെറ്റിദ്ധരിച്ച് ഞ ങ്ങൾ എത്തിയിട്ടുള്ളത്. ഇക്കാര്യം ഞാൻ കൂടെയുണ്ടായിരുന്നവ രെ പറഞ്ഞു ബോധ്യപ്പെടുത്തി. അതിനു മുൻപ് കേരളത്തിൽ നിന്നു വന്ന പലരും മേയ്ദിന സ്മാരകമാണെന്നു കരുതി ഈ സ്ഥലം സന്ദർശിച്ചു മടങ്ങിയെന്ന് അവർ എന്നോടു പറഞ്ഞു.
കാലത്തിന്റെ ചരിത്രത്തിനു സാക്ഷിയായ സ്മാരകം കാണാതെ ഇത്തവണയും നാട്ടിലേക്കു മടങ്ങേണ്ടി വരുമെന്നാണു കരുതിയത്. പക്ഷേ, പിറ്റേന്നു രാവിലെ എന്നെ കാണാനെത്തിയ സജി മാടപ്പള്ളി എന്ന കോട്ടയംകാരൻ പ്രതീക്ഷ നൽകി. ഗൂഗിളിൽ സെർച്ച് ചെയ്ത് അദ്ദേഹം ‘ഫോറസ്റ്റ് ഹോം സെമിത്തേരി’ ചൂണ്ടിക്കാട്ടി. അങ്ങനെ ഒടുവിൽ, മേയ്ദിന സ്മാരകത്തിലേക്കു വഴി തെളിഞ്ഞു. സമ്മേളനത്തിനെത്തിയ കൃഷി മന്ത്രി സുനിൽകുമാറും എന്നോടൊപ്പം ചേർന്നു. സുനിലും ഞാനും എത്രയോ വർഷങ്ങളായി സുഹൃത്തുക്കളാണ്. അദ്ദേഹത്തെ കൂടെ കിട്ടിയതോടെ യാത്രയ്ക്ക് ഹരമേറി.
ശ്മശാന മൂകതയുടെ കൽപ്പാതയിലേക്ക് ഞങ്ങൾ ഇറങ്ങിച്ചെന്നു. ഉദിച്ചു പൊങ്ങിയ സൂര്യന്റെ പ്രകാശ രേഖകൾ കുഴിമാടങ്ങളിലേക്കു നീണ്ടു കിടന്നു. പ്രശസ്തരും അപ്രശസ്തരുമായി ഷിക്കാഗോയിൽ ജീവിച്ചു മരിച്ച ആയിരക്കണക്കിനാളുകൾ അവിടെ അന്ത്യ വിശ്രമം കൊള്ളുന്നുണ്ട്. അതിനിടയിലൊരിടത്ത് മേയ്ദിന സ്മാരകം കണ്ടെത്തി. വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ പേരുകൾ അവിടെ വെണ്ണക്കല്ലിൽ ആലേഖനം ചെയ്തു വച്ചിട്ടുണ്ട്. അര മണിക്കൂർ നേരം ഞാനും സുനിലും അവിടെ നിന്നു.
പിന്നീട് ഞങ്ങൾ ഹേ മാർക്കറ്റിൽ പോയി. നീണ്ട കെട്ടിടങ്ങളും നിറയെ തണൽ മരങ്ങളുമുള്ള തെരുവാണ് ഹേ മാർക്കറ്റ്. ഞാനും സുനിലും ആ വീഥിയിലൂടെ കുറേ ദൂരം നടന്നു. മേയ്ദിനത്തിനു കാരണമായ വെടിവയ്പ്പുണ്ടായ സ്ഥലം അതാണെന്നും മുൻപ് അവിടെയൊരു സ്മാരകം ഉണ്ടായിരുന്നെന്നും ഞങ്ങൾ പലരോടായി ചോദിച്ചുറപ്പിച്ചു. സ്മൃതികുടീരം പിൽക്കാലത്ത് സമീപത്തുള്ള സെമിത്തേരിയിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ചരിത്ര സംഭവങ്ങൾക്ക് അമേരിക്കയിലൊക്കെ ഇത്രയും വൈകാരികതയേ ഉള്ളൂ, ഞാൻ മനസ്സിലാക്കി. സാധാരണ യാത്രികരെ സംബന്ധിച്ചിടത്തോളം ഹേ മാർക്കറ്റിന് പ്രത്യേകതകളൊന്നും ഇല്ലായിരിക്കാം. പക്ഷേ, ചരിത്ര വഴികൾക്കു പ്രാധാന്യം കൽപ്പിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഹേമാർക്കറ്റ് സുപ്രധാന സന്ദർശന സ്ഥലമാണ്.
സുനിലിന്റെ ജന്മദേശം തൃശൂർ ജില്ലയിലെ അന്തിക്കാടാണ്. ചെത്തു തൊഴിലാളികളുടെ നാടാണ് അന്തിക്കാട്. കേരള രാഷ്ട്രീയത്തിന്റെ ഏടുകളിൽ സിന്ദൂരം ചാർത്തിയ പല കമ്യൂണിസ്റ്റ് നേതാക്കളുടെയും സാമീപ്യംകൊണ്ടു പ്രശസ്തമായ ചളവറയാണ് എന്റെ ജന്മദേശം. മേയ്ദിനത്തിന്റെ ചൂടുള്ള പാതകളിൽ ഒരുമിച്ചു നടക്കുമ്പോൾ പലതവണ ദീർഘനിശ്വാസം വിട്ടതല്ലാതെ ഞാ നും സുനിലും പരസ്പരം ഒന്നും മിണ്ടിയില്ല, ഞാനോർക്കുന്നു.
ഹേ മാർക്കറ്റിൽ നിറഞ്ഞൊഴുകുന്ന ജനത്തിരക്കിനിടയിൽ ജീവിതത്തിന്റെ പല മുഖങ്ങൾ തെളിഞ്ഞു. പട്ടിണിപ്പാവങ്ങളും ഭിക്ഷക്കാരും വഴിയരികിലിരുന്നു കൈനീട്ടി. ഹോം ലെസ്, ജോബ് ലെസ് എന്നൊക്കെ എഴുതിയ കടലാസുമായി ഇരിക്കുന്ന ചെറുപ്പക്കാരെയും വയോധികരെയും അവിടെ കണ്ടു. ലോകത്ത് എല്ലായിടത്തും നഗരത്തിന്റെ ബഹുവർണ ചിത്രങ്ങളുടെ പിന്നാമ്പുറത്ത് ഇത്തരം ജീവിത യാഥാർഥ്യങ്ങൾ കാണാം; കണ്ണു തുറന്നു നടക്കണമെന്നു മാത്രം.
ഷിക്കാഗോ ആർട് ഇൻസ്റ്റിറ്റ്യൂട്ട്
ലോകത്തിനു മുന്നിൽ ഇന്ത്യയുടെ ശബ്ദത്തി ൽ ഉറക്കെ സംസാരിച്ച സ്വാമി വിവേകാനന്ദൻ ഷിക്കാഗോ പ്രസംഗം നടത്തിയ വേദിയിലേക്കായിരുന്നു അടുത്ത യാത്ര. വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗത്തിന്റെ നൂറ്റി ഇരുപത്തഞ്ചാം വാർഷികത്തിൽ അവിടെ എത്തിച്ചേർന്നത് മ റ്റൊരു യാദൃശ്ചികതയായി ഞാൻ കണക്കു കൂട്ടുന്നു.
ഏക്കറുകളോളം പരന്നു കിടക്കുന്ന ഷിക്കാഗോ ആർട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗമാണ് ഓഡിറ്റോറിയം. വൃത്തിയും വെടിപ്പുമുള്ള പ്രസംഗഹാൾ മനോഹരമായി, പഴമ ചോരാതെ പരിപാലിച്ചു പോരുന്നു.
പ്രശസ്തരായ ചിത്രകാരന്മാരുടെ സൃഷ്ടികൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ശിൽപ്പങ്ങളാണ് മറ്റൊരു വിഭാഗം. വിശാലമായ മന്ദിരത്തിന്റെ എല്ലാ ഭാഗങ്ങളും നടന്നു കാണാനുള്ള സമയമില്ലാത്തതുകൊണ്ട് ഒരു മണിക്കൂർ ഓട്ടപ്രദക്ഷിണം നടത്തിയ ശേഷം ഞങ്ങൾ മടങ്ങി.
എല്ലാ നഗരങ്ങൾക്കും കാഴ്ചയിൽ ഒരേ ഭാവമാണെന്ന് എനിക്കു തോന്നുന്നു. വലിയ കെട്ടിടങ്ങൾ. വിശാലമായ റോഡുകൾ. ഇടതൂർന്നു നിൽക്കുന്ന കച്ചവട സ്ഥാപനങ്ങൾ. തിരക്കിട്ടോടുന്ന ജനം. ഈ വർണക്കാഴ്ചകളുടെ പിന്നാമ്പുറങ്ങളിലെ ദാരിദ്ര്യം, കഷ്ടപ്പാടുകൾ... ഷിക്കാഗോ നഗരവും ഇതുപോലൊക്കെത്തന്നെ. വലിയ കെട്ടിടങ്ങളും ആഡംബര മന്ദിരങ്ങളുമുണ്ട്. അതിനപ്പുറത്ത് മയക്കു മരുന്നിന് അടിമകളായ ചെറുപ്പക്കാരും ഒന്നു പറഞ്ഞ് രണ്ടാമത്തെ ചോദ്യത്തിനു തോക്കെടുക്കുന്ന ആളുകളും ജീവിക്കുന്നു. രണ്ടു മാസത്തിനിടെ എഴുനൂറു പേർ അവിടെ കൊല്ലപ്പെട്ടു എന്ന വാർത്ത ആ സമൂഹത്തിന്റെ അവസ്ഥ വ്യക്തമാക്കുന്നു.
ഷിക്കാഗോ നഗരം അതിന്റെ പച്ചപ്പും പ്രകൃതി ഭംഗിയും നന്നായി പരിപാലിക്കുന്നു. തണൽ മരങ്ങളും കാടുകളും സ്വാഭാവികതയോടെ അവിടത്തുകാർ സംരക്ഷിച്ചിട്ടുണ്ട്.
എന്നെ സംബന്ധിച്ചിടത്തോളം, അമേരിക്കയ്ക്ക് എടുത്തു പറയത്തക്ക ആകർഷണങ്ങളൊന്നും തോന്നിയിട്ടില്ല. കഴിഞ്ഞ തവണത്തെ സന്ദർശനത്തിൽ അമേരിക്കയുടെ ഭരണ സിരാകേന്ദ്രമെന്നു വിശേഷിപ്പിക്കപ്പെടുന്ന വാഷിങ്ടണിൽ പോയിരുന്നു. പെരുമഴയത്താണ് അവിടെ ചെന്നിറങ്ങിയത്. നഗരം ചുറ്റിക്കാണാനായി യാത്ര നടത്തി. പെന്റഗണിലെ എയർ ആൻഡ് സ്പേസ് മ്യൂസിയം അമേരിക്കയുടെ ഗവേഷണ ചരിത്രം വ്യക്തമാക്കുന്നു. സ്പേസ് ഷട്ടിലുകൾ നിർമിക്കുന്നത് അവിടെയാണ്. അമേരിക്കയുടെ തുടക്കകാലം മുതലുള്ള വിമാനങ്ങൾ അവിടെ സംരക്ഷിച്ചു പ്രദർശിപ്പിച്ചിട്ടുണ്ട്. നമ്മൾ ഇക്കാര്യത്തിൽ എത്രമാത്രം പിന്നിലാണെന്ന കാര്യം അവിടം സന്ദർശിച്ചപ്പോൾ തിരിച്ചറിഞ്ഞു. ഞാൻ ഏഴു വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. നിയമം അനുസരിച്ചു ജീവിക്കാൻ ശ്രമിക്കുന്നവരാണ് വിദേശികൾ; നമ്മുടെ നാട്ടിലുള്ളവർ നേരേ മറിച്ചും.
ബീഫ് സ്റ്റീക്, പോർക്ക്
വാഷിങ്ടണിൽ മേരിലാൻഡിലെ ഗുഹയാണ് ഓർമയിൽ നിൽക്കുന്ന മറ്റൊരു കാഴ്ച. ഭൂപ്രതലത്തിൽ നിന്ന് 246 അടി താഴ്ചയിൽ 64 ഏക്കർ സ്ഥലം മനോഹരമായ സന്ദർശന കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. മണ്ണുരുകി രൂപപ്പെട്ട ശിൽപ്പരൂപികളായ ദൃശ്യങ്ങളാണ് ഭൂമിക്കടിയിലെ കൗതുകം. പാറക്കഷണങ്ങൾ ഉരുകിയുറച്ച് മേൽക്കൂരയിൽ തൂങ്ങി നിൽക്കുന്നതു കണ്ടാൽ മീൻ മാർക്കറ്റാണെന്നു തോന്നും. ഭൂമിക്കടിയിൽ സ്വാഭാവികമായി രൂപപ്പെട്ട കലാരൂപങ്ങളാണ് മേരിലാൻഡ് എന്ന ഗുഹാ മന്ദിരത്തിലേക്ക് ആ ളുകളെ ആകർഷിക്കുന്നത്. ഫ്ളോറിഡയും ന്യൂജഴ്സിയുമെല്ലാം നഗരങ്ങളുടെ വിവിധ വെർഷനുകളായി നിലനിൽക്കുന്നു.
ഏതു നാട്ടിൽ പോയാലും അവിടുത്തെ ഭക്ഷണ സാധനങ്ങളുടെ പ്രത്യേകത മനസ്സിലാക്കാൻ ശ്രമിക്കുന്നയാളാണ് ഞാൻ. പക്ഷേ, പലപ്പോഴും ആതിഥ്യ മര്യാദയ്ക്കു മുന്നിൽ അതു സാധിക്കാതെ പോകാറുണ്ട്. ചോറും കറിയും ഉപ്പേരിയും സാമ്പാറുമായി മലയാളികൾ സദ്യയൊരുക്കി ഊണു കഴിക്കാൻ ക്ഷണിക്കും. വേണ്ടെന്നു പറയുന്നതെങ്ങനെ? എന്നാലും മറുനാടിന്റെ രുചികൾ അറിയാൻ ശ്രമിക്കാറുണ്ട്.
ഷിക്കാഗോയിൽ സ്വാദ് തോന്നിയതു ബീ ഫും പോർക്കുമാണ്. ഇറച്ചിയിലെ കൊഴുപ്പു നീക്കിയാണ് പാചകം. മുളകും മസാലയും ചേർത്തു ഭക്ഷണം കഴിച്ചു ശീലിച്ചവർക്ക് ഈ വിഭവം ഇഷ്ടപ്പെടണമെന്നില്ല. ഫ്ളോറിഡയിൽ പോയപ്പോഴാണ് ബീഫ് സ്റ്റീക് കഴിച്ചത്. മെക്സിക്കൻ വിഭവമാണ് സ്റ്റീക്. അവിടത്തുകാർ അങ്ങനത്തെ നാലും അഞ്ചും കഷണങ്ങൾ കഴിക്കും. ബാൾട്ടിമോറിൽ ഒരു റസ്റ്ററന്റിൽ കയറിയ സമയത്ത് രണ്ടു തടിയന്മാർ ഭക്ഷണം കഴിക്കുന്നതു കണ്ട് ഞാൻ അന്തംവിട്ടു.
ആഫ്രോ–അമേരിക്കൻ മ്യൂസിയം
ന്യൂജഴ്സിയിൽ പോയപ്പോഴുണ്ടായ ഒരു അനുഭവം കൂടി പറയാം. ഒബാമ അധികാരം ഒഴിയുന്നതിനു തൊട്ടു മുൻപാണ് ആഫ്രിക്കൻ – അമേരിക്കൻ ഹെറിറ്റേജ് മ്യൂസിയം ഉദ്ഘാടനം ചെയ്തത്. ഞങ്ങൾ അവിടെ എത്തിയപ്പോഴേക്കും സന്ദർശകർക്കുള്ള പാസ് കൊടുക്കുന്ന സമയം കഴിഞ്ഞിരുന്നു. ഉള്ളിലേക്ക് കടത്തി വിടില്ലെന്ന് ആജാനബാഹുവായ കാവൽക്കാരൻ പറഞ്ഞു. ലോക്സഭാംഗമാണെന്ന് എംബസി മുഖേന അറിയിച്ചിരുന്നെങ്കിൽ പ്രവേശനം എളുപ്പമാകുമായിരുന്നു. പക്ഷേ, ഔദ്യോഗികമായ ചിഹ്നങ്ങളില്ലാതെ യാത്ര ചെയ്യാനാണ് ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്നത്. അവിടം വരെ ചെന്നിട്ട് ആ സ്ഥലം കാണാൻ കഴിയാതെ മടങ്ങേണ്ടി വരുമല്ലോ എന്ന ചിന്ത എന്റെ മുഖത്ത് വൈകാരിക മാറ്റങ്ങളുണ്ടാക്കി. അൽപ്പം വിഷമത്തോടെ ആ സങ്കടം ഞാൻ കൂടെയുള്ളവരുമായി പങ്കുവച്ചു.
അതെല്ലാം നോക്കി നിന്ന കാവൽക്കാരൻ രണ്ടു ടിക്കറ്റുകൾ വ ച്ചു നീട്ടി. മറ്റാർക്കോ വേണ്ടി അയാൾ മുൻകൂട്ടി വാങ്ങി വച്ച ടിക്കറ്റായിരുന്നു അത്. യാതൊരു പരിചയവുമില്ലാത്ത ആ മനുഷ്യൻ ഞങ്ങളോടു പ്രകടിപ്പിച്ച സ്നേഹത്തിനു ഞാൻ നന്ദി പറഞ്ഞു...’
യാത്രയിലെ അമേരിക്കൻ അധ്യായം എം.ബി. രാജേഷ് ഈ സംഭവത്തിലൂടെ പറഞ്ഞവസാനിപ്പിച്ചു. ക്യൂബയിലെ ബീച്ചുകളും ആഫ്രിക്കയിലെ മസായ്മാരയും ഉൾപ്പെടെ രാജേഷിന്റെ ജീവിതത്തിൽ യാത്രാനുഭവങ്ങൾ വേറെയുമുണ്ട്. അടുക്കും ചിട്ടയുമുള്ള തോരണങ്ങളണിയിച്ച് അതെല്ലാം ഓർമച്ചെപ്പിൽ സൂക്ഷിച്ചു വച്ചിരിക്കുകയാണ്...
അമ്മ പറഞ്ഞയച്ചതാണെന്നു പറഞ്ഞു, സ്കൂളിൽ കയറി കുട്ടിയുടെ സ്വർണ്ണ കമ്മൽ ഊരി വാങ്ങി അജ്ഞാത സ്ത്രീ!
കല്യാണം ഏറെക്കുറേ സെറ്റായി! ബിനോയുടെ ‘വൈറൽ’ വിവാഹ പരസ്യത്തിന് സിനിമയിൽ ചാൻസ് മുതൽ തെറിവിളി വരെ
ഇത് കാക്കയാണോ പൂച്ചയാണോ? സോഷ്യൽ മീഡിയയെ കുഴക്കിയ ആ ചിത്രത്തിനു പുറകിലെ യാഥാർഥ്യം