Thursday 31 December 2020 11:03 AM IST

സ്വർണം ചേർത്ത ബർഗർ രുചിയിൽ ഹാപ്പി ന്യൂ ഇയർ: 24 കാരറ്റ് ബർഗറിന് നാലായിരം രൂപ

Baiju Govind

Sub Editor Manorama Traveller

gold-burger-1

സ്വർണക്കരണ്ടിയുമായി ജനിച്ച കോടീശ്വരന്മാർ ചിത്രകഥകളിൽ താരങ്ങളാണ്. വിശക്കുമ്പോൾ തങ്കഭസ്മം ഭക്ഷിച്ചു ജീവിക്കുന്നവരും നാടോടിക്കഥകളിലുണ്ട്. അതെല്ലാം വെറും കഥകളാക്കി തള്ളിക്കളയേണ്ടെന്നു തെളിയിക്കുന്നു ഒരു പാചകവിദഗ്ധ. സ്വർണം ചേർത്തു തയാറാക്കിയ ബർഗർ അവതരിപ്പിച്ച് കോവിഡ് വ്യാപനത്തിലെ വ്യാപാര തകർച്ച മറികടന്നതു മരിയ പൗല എന്ന ഷെഫാണ്. കട്‌ലെറ്റ്, ഇറച്ചി, ചീസ് എന്നിവയ്ക്കു മുകളിൽ ‘ഗോൾഡ് ഫോയിൽ പ്ലേറ്റിങ്’ ചെയ്തു മരിയ തയാറാക്കുന്ന ബർഗർ ‘വൈറലായി’. പുതുവത്സരാഘോഷത്തിനു കൊളംബിയയിൽ എത്തിയവർ വിഡിയോ കണ്ടു ടൊറോ മകോയ് റസ്റ്ററന്റിലേക്ക് ഇരച്ചു കയറുകയാണ്.

ഒറിജിനൽ സ്വർണം ചേർത്ത ബർഗറിന്റെ പേര് ഒറോ മകോയ്. പാചകത്തിലെ ‘കയ്യൊതുക്കമാണ്’ ബർഗർ തയാറാക്കുന്നതിന്റെ രഹസ്യമെന്നു മരിയ പറയുന്നു. പുതുവർഷാഘോഷത്തിലെ താരമാണു സ്വർണം കലർത്തിയ ബർഗർ. കാരമലൈസ്ഡ് ബേക്കൺ, സാധാരണ ബർഗറിലേതിനെക്കാൾ ഇറച്ചി, ചീസ്, എന്നിവ ഉപയോഗിച്ചു തയാറാക്കിയ ബർഗറിനു മുകളിൽ 24 കാരറ്റ് ‘സ്വർണക്കടലാസ്’ ചൂടാക്കി ചുറ്റുന്നു. ബർഗറിനു മുകളിൽ വിരിക്കുന്ന സ്വർണം ഉരുകിയൊലിക്കുമ്പോൾ ബർഗർ തിളങ്ങും. ‘ഗോൾഡ് ഫോയിൽ’ ചുറ്റുന്നതിലുള്ള വൈദഗ്ധ്യമാണു ബർഗറിന്റെ ഭംഗിയും രുചിയും നിശ്ചയിക്കുന്നത്. ‘സ്വർണം കയ്യിൽ ഒട്ടിയാൽ ബർഗറിന്റെ ഭംഗി നഷ്ടപ്പെടും’ – മരിയ പറയുന്നു.

gold-burger4455

പതിനഞ്ചു ലക്ഷം പേർക്കു കോവിഡ് ബാധിച്ച രാജ്യമാണു കൊളംബിയ. വൈറസ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്നു ബിസിനസ് മേഖല തകർന്നു. പ്രതിസന്ധിയിൽ നിന്നു കരകയറാനായി വ്യാപാര സ്ഥാപനങ്ങൾ പുതിയ വിപണന തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്. അതിലൊന്നാണു മരിയ പൗല തയാറാക്കിയ സ്വർണം പതിച്ച ബർഗർ. അൻപത്തൊൻപതു ഡോളറാണു വില. ഇന്ത്യൻ രൂപ നാലായിരം.

Tags:
  • Manorama Traveller